14 Wednesday
January 2026
2026 January 14
1447 Rajab 25

മസ്‌ലിംകളുടെ പുരോഗതിക്ക്  തടസ്സം ആര്? – സയ്യിദ് അബ്ദുല്‍ കരീം, കുനിയില്‍

ആധുനിക മുസ്‌ലിം സമുദായം പ്രശ്‌നങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും മധ്യേയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക ഇറാക്കിനെ വിഴുങ്ങി, അഫ്ഗാനെ തകര്‍ത്ത് ഇറാനിലേക്ക് നീങ്ങുകയാണ്. വല്ലാത്തൊരു ദുരവസ്ഥയാണ് മുസ്‌ലിം ലോകത്തിന് വന്നുകൊണ്ടിരിക്കുന്നത്. ദുരവസ്ഥ എന്ന് പറഞ്ഞാല്‍ പോര, ദു:ഖപൂരിതവും സങ്കട ദുരിതവും വേദനാ നിര്‍ഭരവുമായ അവസ്ഥ. ആരായിരുന്നു നമ്മള്‍. ഒരു കാലത്ത് മാനവ ലോകത്തിനാകമാനം വെളിച്ചം വിതറിയവര്‍, ആശയും പ്രതീക്ഷയും നഷ്ടപ്പെട്ട യൂറോപ്പിനെ പ്രകാശത്തിലേക്ക് നയിക്കാന്‍ ചരിത്രത്തെ ഉള്‍പുളകമാക്കിയവര്‍, ചരിത്രത്തെ നിര്‍മിച്ചവര്‍, ചരിത്രത്തിന് അലകും, പിടിയും വച്ച് നല്‍കിയവര്‍. മാനവ കുലത്തിന്റെ അധ്യാപകര്‍, മാനവികതയും മനുഷ്യ നന്മയും പഠിപ്പിച്ചവര്‍, ഉലകത്തെ മാറ്റി മറിച്ചവര്‍. പടിഞ്ഞാറിന് പുതുവെളിച്ചം നല്‍കിയവര്‍. ഒരു പ്രഭയായിരുന്നു നാം. വെളിച്ചം വിതറിയ വാഹകര്‍. ഇപ്പോള്‍ നമുക്ക് മീതെ കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നു. റാഞ്ചാനൊരുങ്ങുന്നു, ഭയപ്പെടുത്തുന്നു.
എങ്ങനെയാണ് നമ്മള്‍ പ്രതാപത്തിലേക്ക് പ്രകാശത്തിലേക്ക് പ്രഭയിലേക്ക് നീങ്ങുക? നമ്മുടെ ഈമാനുകള്‍ ശോഷിച്ചിരിക്കുന്നു. അതിന്റെ മാര്‍ദവം കുറഞ്ഞിരിക്കുന്നു. അസ്തിത്വമുള്ളവര്‍, അഭിമാനമുള്ളവര്‍, അപഭ്രംശമില്ലാത്തവര്‍, അപകടത്തില്‍ ചാടാത്തവര്‍, അഭിമാനമുള്ളവര്‍ എവിടെയാണ് നമ്മുടെ മാനം  നഷ്ടപ്പെട്ടത് അവിടെ നിന്ന് നാം നമ്മുടെ അഭിമാനം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ശോഷിപ്പുകള്‍ ശേഷിപ്പായി മാറ്റിയെടുക്കുക. നമ്മുടെ പരാജയങ്ങള്‍ വിജയമാക്കുക നമ്മുടെ തകര്‍ച്ചകള്‍ പടുത്തു ജീവിതത്തിലേക്കു പാതയാക്കി മാറ്റുക. നമുക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. തിരിച്ചു പിടിക്കാന്‍ സമയമുണ്ട്. സര്‍ സയ്യിദും അല്ലാമാ ഇഖ്ബാലും ജനിച്ച മണ്ണാണിത്. മൗലാനാ മുഹമ്മദലിലും ശൗക്കത്തലിയും ജീവിച്ച നാടാണിട്. തുഫ്ഫത്തുല്‍ മുജാഹിദീന്‍ പിറവി കൊണ്ട മണ്ണാണിത്. ശക്തമായ നവോത്ഥാനത്തിന്റെ അലയൊലികള്‍ നടന്ന ഈ മണ്ണുകള്‍ കാലത്തിന്റെ ചുമരുകളില്‍ അടയാളങ്ങള്‍ പതിച്ചിട്ടുണ്ട്.  അഭിമാനകരമായ നിമിഷങ്ങള്‍. ആ നിമിഷങ്ങളിലേക്കാണ് നാം യാത്ര ചെയ്യേണ്ടത് ആ മുഖം ലഭിക്കാനാണ് നമ്മള്‍ കാല്‍പാടുകള്‍ ചലിപ്പിക്കേണ്ടത്. കാലം ആരെയും കാത്തുനില്‍ക്കില്ല. എന്നിട്ടും കുറേ കാലം നമ്മെ കാത്തു നിന്നിരുന്നു. യുഗാന്ത്യങ്ങള്‍ ക്ഷമയോടെ പ്രതീക്ഷിച്ചിരുന്നു. എത്ര രാജ്യങ്ഹള്‍ നമുക്ക് നഷ്ടമായി, എത്ര ഉമ്മമാരും മക്കളും അനാഥരായി നമ്മുടെ. നമ്മുടെ മുന്‍ഗാമികള്‍ എല്ലാറ്റിനും മാതൃകയായിരുന്നു. മാതൃകാ ജീവിതം നയിച്ചവരായിരുന്നു. തിന്മ ചെയ്യാത്തവരായിരുന്നു. അവരെക്കാളും നമ്മളെത്ര മാറിയിരിക്കുന്നു. നാം അധസ്ഥിതരാണ്. ഓരോ പാഠവും നമുക്ക് നല്‍കുന്നത് നാം ഉണര്‍ന്നെണീക്കാനുള്ള അല്ലാഹുവിന്റെ ഇടെപെടലുകളാണ്. ആ ഇടപെടലുകള്‍ ഒരു കല്പനയായി നാം കണക്കാക്കുമെങ്കില്‍ നമ്മള്‍ വിജയിച്ചു.
Back to Top