19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

മഴ-ജലം ഖുര്‍ആനിലെ  ആശയാവിഷ്‌ക്കാരങ്ങള്‍ – 4 കരിഞ്ഞുണങ്ങിയ കൃഷിയിടം പോലെ – ഡോ. ജാബിര്‍ അമാനി

വിശ്വാസം, അവിശ്വാസം, കപട വിശ്വാസം എന്നീ മൂന്ന് തലങ്ങളെ സാഹിത്യ സൗന്ദര്യവും ആശയ വൈപുല്യവുമുള്ള ഉപമകളിലൂടെ ഉദാഹരിക്കുന്ന ശൈലി ഖുര്‍ആനിന്റെ ഉള്ളടക്കങ്ങളില്‍ ഒന്നാണ്. സരളവും സുഗ്രാഹ്യവുമായി വസ്തുതകളെ വിശകലന വിധേയമാക്കുകയാണ് അതുവഴി ലക്ഷ്യമിടുന്നത്. ലോകത്ത് മഴയും അനുബന്ധ പ്രതിഭാസങ്ങളും പ്രകൃതി സംവിധാനങ്ങളും ഏകരൂപം പാലിക്കുന്നതിനാല്‍ മാനവ സമൂഹത്തിന് ഇത്തരം ഉപമാപ്രയോഗങ്ങളിലെ കാലാതിവര്‍ത്തിത്വം വഴി സന്ദേശങ്ങള്‍ പെട്ടെന്ന് ബോധ്യപ്പെടാന്‍ കഴിയുന്നു. ഖുര്‍ആനിന്റെ ഒരു സവിശേഷത കൂടിയാണ് അത്. കപടത, ദ്വിമുഖ സ്വഭാവം, സാമൂഹിക ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാണ്. വിശ്വാസ വഞ്ചനയുടെ മൂര്‍ത്ത രൂപമാണ് കാപട്യം. ഒരാള്‍ ഒരു പ്രവര്‍ത്തിയും ചെയ്യാതെ നിര്‍ജീവത കാണിക്കുന്നതിനേക്കാള്‍ പ്രത്യക്ഷ വിശകലനങ്ങളിലും കപട കര്‍മങ്ങള്‍ പകിട്ടും ഗുണഫലവുമൊക്കെ പ്രകടമാക്കിയേക്കാം. എന്നാല്‍ ആത്യന്തിക ഫലപ്രാപ്തി ശൂന്യമായിരിക്കുമെന്നതാണ് യാഥാര്‍ഥ്യം.
അവിശ്വാസത്തിന്റെ കര്‍മമേഖലകളും ഏറ്റുമുട്ടലുകളും നേര്‍ക്കുനേരെയാണ്. പരസ്യമാണ്. ശത്രുതാ പ്രഖ്യാപനങ്ങളും പോര്‍വിളികളും മറച്ചുവെക്കലുകളില്ലാതെയാണ്. അതുകൊണ്ടു തന്നെ സാമൂഹിക കല്പനകളില്‍ കാപട്യം, കപട വിശ്വാസങ്ങള്‍ അപകടകാരിയും ഭയാനകവുമാണ്.
നിഫാഖിന്റെ (കപടത) ക്രിയാപദം നഫഖ എന്നാണ്. കടന്നുപോവുക എന്നാണ് പദത്തിന്റെ അര്‍ഥം. തുരങ്കങ്ങള്‍, രണ്ടു ദ്വാരമുള്ള കുഴലുകള്‍ എന്നിവയ്ക്ക് നഖഫ് എന്നും ഉപയോഗിക്കും. അകത്ത് കടക്കുന്നതും പുറത്തിറങ്ങുന്നതും രണ്ടു മാര്‍ഗമോ വിവിധ വഴികളോ ഉള്ള, ജീവികളുടെ മാളത്തിന് (എലിപ്പൊത്തുപോലെ) നാഫിഖാഅ് എന്ന് ഉപയോഗിക്കാറുണ്ട്. അകവും പുറവും വ്യത്യസ്തവും വൈരുധ്യവുമായ നിലപാടുകളെടുക്കുന്ന കപട സമീപനത്തെ കണിശമായ വിശകലനത്തിനും വിമര്‍ശനങ്ങള്‍ക്കും ഇസ്‌ലാം വിധേയമാക്കിയിട്ടുണ്ട്. (48 ഫതഹ് 11, 22:11, 4:141, 2:13, 3:120, 4:81, 24:48,49, 74:31)
സാമൂഹിക സുരക്ഷിതത്വവും പ്രബോധന ജീവിതത്തിന്റെ ഭദ്രതയും അതീവ പ്രാധാന്യമുള്ളതിനാല്‍ കപട വിശ്വാസികളുടെ കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. മദീന ജീവിതകാലത്തും, മദീനയിലേക്കുള്ള ഹിജ്‌റയുടെ സന്ദര്‍ഭങ്ങളിലും കപട വിശ്വാസികളുടെ സമീപനരീതികളെയും ആശയ നിലപാടുകളെയും സംബന്ധിച്ച സുവ്യക്തമായ അറിവുകള്‍ ഖുര്‍ആന്‍ പകര്‍ന്നുനല്‍കിയത് കാണാവുന്നതാണ്.
വിശ്വാസ, കര്‍മ, ധര്‍മ കാപട്യങ്ങള്‍ ഉള്ള ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഖുര്‍ആനിന്റെ ഉപമ ശ്രദ്ധേയമാണ്: നിങ്ങളില്‍ ഒരാള്‍ക്ക് ഈത്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന് കരുതുക. അവയുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം കായ്കനികളും അയാള്‍ക്കതില്‍ ഉണ്ട്. അയാള്‍ക്കാവട്ടെ വാര്‍ധക്യം ബാധിച്ചിരിക്കയാണ്. അയാള്‍ക്ക് ദുര്‍ബലരായ കുറേ സന്താനങ്ങളും ഉണ്ട്. അപ്പോഴതാ തീയോട് കൂടിയ ഒരു ചുഴലിക്കാറ്റ് അതിന് ബാധിച്ച് അത് കരിഞ്ഞുപോകുന്നു. ഇത്തരം ഒരു സ്ഥിതിയിലാകാന്‍ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ? നിങ്ങള്‍ ചിന്തിക്കുന്നതിന് വേണ്ടി ഇപ്രകാരം അല്ലാഹു തെളിവുകള്‍ വിവരിച്ചു തരുന്നു. (2:266)
ലോകത്ത് എല്ലാ കാലത്തും സ്ഥലങ്ങളിലും സുപരിചിതമാണല്ലോ കൃഷി. മഴയെ മുഖ്യമായും ആശ്രയിച്ചാണ് കൃഷിയുടെ വളര്‍ച്ചയും തളര്‍ച്ചയും. ഫലസമൃദ്ധമായ കൃഷികളും തോട്ടവും പൊടുന്നനെയുള്ള അതിന്റെ നാശവും നാശകാരണവും നൂറ്റാണ്ടുകള്‍ മാറി മാറി വന്നിട്ടും പൊതുവില്‍ വ്യത്യാസങ്ങളില്ലാതെ തുടരുന്നു. കൃഷിക്കും തോട്ടനിര്‍മാണങ്ങള്‍ക്കുമുപയോഗിക്കുന്ന സാങ്കേിതക മാര്‍ഗങ്ങളില്‍ കാലങ്ങളുടെ സ്വാധീനമുണ്ടാവക സ്വാഭാവികമാണ്. കൃഷി, തോട്ടങ്ങള്‍ എന്നിവയുടെ ഫലസമൃദ്ധി ഒരു കര്‍ഷകനില്‍ ഉണര്‍ത്തുന്ന ആത്മനിര്‍വൃതി ചെറുതല്ല. അതിന്റെ നൈരന്തര്യമാണ് ജീവിതാവസാനം വരെ അവര്‍ ആഗ്രഹിക്കുന്നതും. പെട്ടെന്ന് സംഭവിക്കുന്ന കൃഷിയുടെ നാശങ്ങളും ദുരന്തങ്ങളും കര്‍ഷകരില്‍ പറഞ്ഞറിയിക്കാനാവാതെ ദു:ഖവും ക്ലേശവും പ്രദാനം ചെയ്യും. കപട വിശ്വാസികളുടെ കര്‍മങ്ങളുടെ നിരര്‍ഥകത സമൃദ്ധമായ തോട്ടത്തിലേക്കും പൊടുന്നനെയുള്ള അതിന്റെ സമ്പൂര്‍ണ നാശത്തിലേക്കും ഉപമിച്ച ഖുര്‍ആനിന്റെ പ്രയോഗങ്ങള്‍  ആശയ സാഹിത്യ രംഗങ്ങളില്‍ കാലാതിവര്‍ത്തിയാകുന്നത് ഇവിടെയാണ്.
സമൃദ്ധമായി വളരുന്നുവെന്ന് കരുതുന്ന കര്‍മങ്ങളും ഫലങ്ങളും പെട്ടെന്ന് തകര്‍ന്ന് നിഷ്ഫലമാവുന്ന ദുരന്തമാണ് കപടവിശ്വാസി നേരിടുക. മാത്രമല്ല പ്രസ്തുത നാശത്തില്‍ നിന്ന് രക്ഷനേടാനുള്ള ചെറിയ മാര്‍ഗങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമാവുകയും ഇല്ല. പ്രത്യക്ഷ കാഴ്ചയിലും വിശകലനത്തിലും ‘നന്മ’ വിലയിരുത്താമെങ്കിലും കപട കര്‍മങ്ങള്‍ ഞൊടിയിടയില്‍ കരിഞ്ഞുണങ്ങി നിഷ്ഫലമായിത്തീരുന്നതാണെന്ന് അനേകം വചനത്തിലും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രസ്തുത വചനങ്ങളില്‍ പലതും മഴ, വെള്ളം, കൃഷി തുടങ്ങിയ മേഖലകളിലെ ആശയാവിഷ്‌ക്കാരമാണ് നിര്‍വഹിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു: ”സത്യവിശ്വാസികളേ, എടുത്തുപറഞ്ഞുകൊണ്ടും ഉപദ്രവങ്ങള്‍ ഉണ്ടാക്കിയും നിങ്ങള്‍ (നല്‍കിയ) നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാവരുത്. അവനെ ഉപമിക്കാവുന്നത്, മുകളില്‍ അല്പം മണ്ണ് മാത്രമുള്ള മിനുസമായ ഒരു പാറയോടാവുന്നു. ആ പാറയുടെ മേല്‍ കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്കു കഴിയുകയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല” (2:264)
മുകളിലെ ഖുര്‍ആന്‍ വാക്യത്തില്‍ ‘മഴ’ക്ക് ഉപയോഗിച്ചിട്ടുള്ള പദം വാബില്‍ എന്നാണ്. പൊതുവായി മഴക്ക് മത്വര്‍, ഗൈസ് എന്നീ പദങ്ങളാണ് ഉപയോഗിക്കുക. എന്നാല്‍ പ്രസ്തുത രണ്ട് പദങ്ങളും ചെറിയ ചാറ്റല്‍ മഴക്കു കൂടി ഉപയോഗിക്കാവുന്നതാണ്. അതിനാല്‍ പ്രസ്തുത പദം ഉപയോഗിച്ചാല്‍ ആശയവ്യക്തത ഉണ്ടാവുകയില്ല. മത്വര്‍ എന്ന പദം ശിക്ഷയുടെ മഴക്ക് ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, ശക്തമായ ‘കുത്തൊഴുക്കുള്ളത്’ എന്ന ആശയം പദഘടനയില്‍ ഉള്‍ച്ചേര്‍ന്നിട്ടില്ല. വാബില്‍ എന്ന പദം ശക്തമായ കുത്തൊഴുക്കുള്ള പേമാരി വര്‍ഷത്തിനു മാത്രമാണ് ഭാഷയില്‍ ഉപയോഗിക്കുക.പദം തിരെഞ്ഞെടുക്കുന്നതില്‍ പോലും കാണുന്ന അമാനുഷികത നമ്മെ വിസ്മയിപ്പിക്കുന്നതാണ് ‘മഴ’ യെ കൃഷിക്കുപയോഗിക്കാന്‍ ഫലഭൂയിഷ്ഠമായ മണ്ണ് വേണം. ഉള്ള മണ്ണുപോലും ഒഴുക്കിക്കളയുന്ന വിധമാണ് മഴയുടെ ശക്തിയെങ്കില്‍ ‘വെള്ളവും മണ്ണും’ കൃഷിക്കാരന് ഒട്ടും പ്രയോജനം ചെയ്യുകയില്ല. കപട വിശ്വാസിയുടെ കര്‍മവും അപ്രകാരം തന്നെ (സയ്യിദ് ഖുതുബ് – അത്ത്വസ്‌വീറുല്‍ ഫന്നിഫില്‍ ഖുര്‍ആന്‍, പേജ് 39, ബൈളാവി; അന്‍വാറുത്തന്‍സീല്‍ വഅസ്‌റാറു ത്തഅ്‌വീല്‍ 1:138, ശൗഖാനി: ഫതുഹുല്‍ഖദീര്‍ 1:358).
കപട വിശ്വാസി അഭിമുഖീകരിക്കുന്ന അവസ്ഥയെ വിശകലനം ചെയ്യുമ്പോഴും ഖുര്‍ആന്‍ മഴയും അനുബന്ധ സംഭവങ്ങളിലേക്കും ചേര്‍ത്തു തന്നെയാണ് ആശയങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. അന്ധകാരത്തിലകപ്പെട്ട ഒരാള്‍ക്ക് അനുഭവിക്കുന്ന സംഘര്‍ഷം ഭീതിതമായിരിക്കും (2:17). അതോടൊപ്പം തന്നെ ഇടിയും മിന്നലും പേമാരിയും കൂടിയാകുമ്പോള്‍ അത്യന്തം ഭയാനകമായ ഒരു പരിസരമായിരിക്കും അനുഭവപ്പെടുക. ഒരു മനുഷ്യന്‍ അനുഭവിക്കുന്ന ഭീതിജനകമായ അവസ്ഥയെ ഉപമിക്കാന്‍ പേമാരിയെയും ഇടിനാദങ്ങളേക്കാളും ഉചിതമായ മറ്റൊരു പ്രയോഗങ്ങള്‍ കുറവാണ്. മഴയോടനുബന്ധമായ പ്രകൃതി ദുരന്തങ്ങളില്‍ ഈ ഭീതിയുടെ നേര്‍ക്കാഴ്ചകള്‍ നമുക്ക് കാണാം. ആര്‍ത്തലച്ച് വരുന്ന പേമാരിവര്‍ഷവും ഇടിമുഴക്കങ്ങളും ചെറിയ വെള്ളക്കീറുപോലും കാണാത്ത വിധമുള്ള അന്ധകാരവും വഴി, മരണഭീതിയാല്‍ കണ്ണും കാതുമടച്ച് പേടിച്ചരണ്ടിരിക്കുന്ന മനുഷ്യരുടെ അവസ്ഥകള്‍ മിക്ക സാഹിത്യങ്ങളിലും ആവിഷ്‌ക്കരിക്കാറുണ്ട്. ഖുര്‍ആന്‍ സമാനതകളില്ലാത്ത സാഹിത്യാവിഷ്‌ക്കാരം ഈ രംഗത്ത് നേരത്തെ നിര്‍വഹിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ഒരേ സമയം സാഹിത്യ സമ്പുഷ്ടതയും ആശയമികവും അനുഭവപ്പെടുന്ന പ്രയോഗങ്ങള്‍.
”അല്ലെങ്കില്‍ അവരെ ഉപമിക്കാവുന്നത്, ആകാശത്തുനിന്ന് ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതിനോടൊപ്പം കൂരിരിട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്.”(2:19)
കപടവിശ്വാസിയുടെ ജീവിതവും കര്‍മവും അത്യന്തം ദുരിതപൂര്‍ണവും ഫലശൂന്യവുമാണെന്ന തിരിച്ചറിവ് നല്‍കുന്ന മിക്ക പ്രയോഗങ്ങളിലും ഉള്ള ‘മഴയുടെയും വെള്ളത്തിന്റെയും കൃഷിയുടെയും’ ആശയാവിഷ്‌ക്കാരങ്ങളുടെ കാലാതിവര്‍ത്തിത്വം ഒരു ദൈവീക ഗ്രന്ഥത്തിന്റെ അമാനുഷികതയെ ബോധ്യപ്പെടുത്തുന്നു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x