26 Thursday
December 2024
2024 December 26
1446 Joumada II 24

മര്‍കസുദ്ദഅ്‌വയുടെ മുഖം

ഷബീര്‍ രാരങ്ങോത്ത്‌


മര്‍കസുദ്ദഅവയ്ക്ക് ഞാനറിയുന്ന കാലം തൊട്ട് മാഷിന്റെ മുഖമായിരുന്നു. ദഅ്‌വയിലെ ഏതൊന്നിനും മാഷായിരുന്നു അത്താണി. നേതാക്കള്‍ക്കും സ്റ്റാഫിനുമെല്ലാം അങ്ങനെ തന്നെ. ഒരു മാനേജര്‍ കീഴുദ്യോഗസ്ഥ ബന്ധമായിരുന്നില്ല മാഷും സ്റ്റാഫും തമ്മിലുണ്ടായിരുന്നത്. സ്റ്റാഫിന്റെ ഏതൊരു പ്രയാസവും മുന്‍കൂട്ടി മനസിലാക്കി ചിലതൊക്കെ മാനേജ്‌മെന്റിനെ അറിയിക്കാതെ നേരിട്ടു പരിഹരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ഒരു സ്റ്റാഫ് മീറ്റിംഗില്‍ നമുക്കൊരു സ്റ്റാഫ് ടൂര്‍ വേണ്ടേ എന്ന ചര്‍ച്ച വന്നു. ഞാനാണ് അന്ന് സ്റ്റാഫ് സെക്രട്ടറി. ചര്‍ച്ചകള്‍ക്കൊടുവില്‍ നമുക്ക് വണ്ടര്‍ലയില്‍ പോകാം എന്ന് തത്വത്തില്‍ തീരുമാനമായി. ഐ എസ് എം സാമ്പത്തികമായി അത്ര ബലത്തിലല്ല, അവരോട് ചോദിക്കാന്‍ വയ്യ. വലിയ ഒരു സംഖ്യ അവിടെ ടിക്കറ്റിനാകും. പോരാതെ ബസിനു വേറെയും വേണം. എന്തുചെയ്യുമെന്ന ചോദ്യമുയര്‍ന്നു. സ്റ്റാഫിന് എടുക്കാന്‍ പറ്റുന്ന സംഖ്യ തീരുമാനിച്ചുറപ്പിച്ചു. ബാക്കി ചിലവിന്റെ മുക്കാല്‍ ഭാഗവും മാഷ് ഏറ്റെടുക്കുകയായിരുന്നു. വണ്ടര്‍ലയിലെ റൈഡുകളൊന്നും മാഷിനു പറ്റിയതായിരുന്നില്ലെങ്കിലും സ്റ്റാഫിന് ഒരു നാഥനായി മാഷ് യാത്രയില്‍ മുന്‍ സീറ്റില്‍ തന്നെയുണ്ടായിരുന്നു.
പണമില്ലാത്തതിന്റെ പേരില്‍ ഒന്നും മുടങ്ങരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആര്‍ക്കു നേരെയും കൈയയച്ച് സഹായിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. സ്റ്റാഫുകളുടെ വിവാഹം, മറ്റ് പ്രത്യേകാവസരങ്ങള്‍ എന്നിവയിലൊക്കെ മാഷിന്റെ വകയൊരു സന്തോഷം ലഭിക്കാത്ത ഒരു സ്റ്റാഫുമുണ്ടാവില്ല. ഇടയ്ക്ക് അദ്ദേഹം സ്റ്റാഫിനെ അദ്ദേഹത്തിന്റെ കാബിനിലേക്ക് വിളിച്ചുകൂട്ടം. എന്തെങ്കിലും പലഹാരമൊരുക്കി വെച്ചിട്ടുണ്ടാവും അവിടെ. അത് ഒത്തുചേര്‍ന്ന് പങ്കിട്ടെടുക്കുന്നതിലും ആ കൂടിയിരിപ്പിലും അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു.
ജോലിക്കാര്യത്തില്‍ ചിട്ട കൈവിടാതിരിക്കുമ്പോഴും സ്റ്റാഫിനെ സമ്മര്‍ദത്തിലാക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു. ആകസ്മികമായി വന്നു ഭവിക്കുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ മാഷിന്റെ സഹായം സ്റ്റാഫിനെന്നുമുണ്ടായിരുന്നു. പട്ടാളക്യാമ്പല്ല ഇത്, ചെറിയ അഡ്ജസ്റ്റ്‌മെന്റൊക്കെ ആവാം എന്നതായിരുന്നു മാഷിന്റെ സമീപനം. അതുകൊണ്ടു തന്നെ അനിവാര്യമായ സാഹചര്യങ്ങളില്‍ മാഷെ വിളിച്ചറിയിച്ച് വൈകാനുള്ള സ്വാതന്ത്ര്യം സ്റ്റാഫിനുണ്ടായിരുന്നു. അതില്‍ യുക്തമായ തീരുമാനമെടുക്കുന്നതില്‍ നിന്ന് മാനേജ്‌മെന്റ് ഒരിക്കലും അദ്ദേഹത്തെ തടഞ്ഞിരുന്നുമില്ല. എല്ലാ റമദാനിലും മര്‍കസുദ്ദഅ്‌വ കെട്ടിടത്തിലുള്ള മുഴുവന്‍ പേരെയും, വാടകക്കാരടക്കം, ക്ഷണിച്ച് നോമ്പുതുറപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. എന്തു തിരക്കിലും ആ പതിവ് അദ്ദേഹം മുടക്കിയിരുന്നില്ല.
കോവിഡ് കാലത്ത് സ്വാഭാവികമായി വരാതാവുന്നതുവരെ മാഷിന്റെ വീട് മര്‍കസുദ്ദഅ്‌വയും വീട്ടുകാര്‍ ഞങ്ങളുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ആ തണലാണ് നഷ്ടമാക്കിയിരിക്കുന്നത്.

Back to Top