24 Friday
May 2024
2024 May 24
1445 Dhoul-Qida 16

മയക്കമുണര്‍ത്താം നമ്മുടെ യുവതയെ  ജൗഹര്‍ കെ അരൂര്‍

സോഷ്യല്‍ മീഡിയ വഴി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുമുള്ള ലഹരി വില്പനയും അതിന്റെ ഉപഭോക്താക്കളുടെ പ്രായവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. സ്‌കൂളുകളുടെ സല്‍പ്പേര് അപകീര്‍ത്തി പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെല്ലാമെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട് എങ്കിലും ലഹരിയുടെ ഇരുണ്ട കൈകള്‍ സമൂഹത്തിന്റെ ഓരോ തലങ്ങളിലേക്കും ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നതിന് സംശയം വേണ്ട. പത്ര മാധ്യമങ്ങള്‍ വഴി പോലീസിന്റെ ലഹരി വേട്ടകള്‍ നാം വായിച്ചു മനസിലാക്കാറുള്ളതാണല്ലോ.
കള്ളും കഞ്ചാവുമെന്ന് പൊതുവേ നാം ലഹരിയെ ചുരുക്കി പറയുമെങ്കിലും അവയ്‌ക്കെല്ലാമപ്പുറം മാജിക് കൂണുകളും, അലോപ്പതി ഗുളികകളും മഷിയെഴുത്ത് മായ്ച്ചു കളയാന്‍ ഉപയോഗിക്കുന്ന വൈറ്റ്‌നര്‍ പോലും ലഹരിയായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും നമുക്ക് ചുറ്റിലുമുണ്ട് എന്ന സത്യം നാം തിരിച്ചറിയണം.
കോളേജ് ക്യാമ്പസുകളിലല്ലേ എന്ന് പറഞ്ഞു സമാധാനിക്കാമായിരുന്ന കാലമെല്ലാം കഴിഞ്ഞു പോയി. കോളേജുകളില്‍ നിന്ന് ഹയര്‍സെക്കന്ററികളും ഹൈസ്‌കൂളുമെല്ലാം താണ്ടി ഒറ്റപ്പെട്ടതെങ്കിലും ഡജ സ്‌കൂള്‍ വിദ്യാര്‍ഥികളിലേക്ക് വരെ വ്യാപിച്ചിരിക്കുന്നു ഈ ലഹരിയുടെ മയക്കം എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ.
ഏതൊരു സമൂഹത്തിന്റെയും വിധിയെ നിര്‍ണയിക്കേണ്ട വിദ്യാര്‍ത്ഥികളും യുവാക്കളുമെല്ലാം ഇങ്ങനെ മയങ്ങികിടക്കാന്‍ താല്പര്യപ്പെട്ടാല്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ. ലഹരിയുടെ മയക്കത്തില്‍ അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ പോകുന്ന അവസ്ഥകളെല്ലാം നാം സിനിമയിലെ കണ്ടിരുന്നുള്ളൂവെങ്കിലും അത് നമ്മില്‍ നിന്നധികം വിദൂരത്തല്ല എന്ന് ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്ന് നാം മനസിലാക്കിക്കഴിഞ്ഞു.
പ്രൊഫഷണല്‍ കോളേജുകളിലെല്ലാം മറ്റെല്ലാ കാര്യങ്ങളെയും പോലെ ഇതിലും ലിംഗഭേധമില്ല എന്ന് പല കുറി പലരും വ്യാകുലപ്പെടുന്നത് നേരില്‍ കണ്ടും കേട്ടുമിരിക്കുന്ന നമുക്ക് ഇതിനെന്തു പരിഹാരമാണ് നല്കാന്‍ സാധിക്കുക എന്നതാവണം ഇനി നമ്മുടെ അന്തിചര്‍ച്ചകള്‍. ഇനിയും രാഷ്ട്രീയ പാപത്തരങ്ങളും വിടുവായത്തങ്ങളും ഇഴകീറി പോസ്റ്റ് മോര്‍ട്ടം ചെയ്തു ഗവേഷിച്ചു നിന്നാല്‍ അനിയനെ വെട്ടി നുറുക്കുന്ന ജ്യേഷ്ഠനെയും ജ്യേഷ്ഠന്റെ തല വെട്ടുന്ന അനിയന്മാര്‍ക്കുമൊക്കെ വേണ്ടി പത്രത്താളുകളില്‍ ഒരു കോളം ഒഴിഞ്ഞു വെക്കേണ്ടി വരും. ലഹരി വിരുദ്ധ ദിനത്തിന് റോഡ് നീളെ ലഹരി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയത് കൊണ്ടോ കൊല്ലത്തില്‍ ഒരു ബോധവത്കരണ ക്ലാസ്സ് നടത്തിയത് കൊണ്ടോ ഇതിന് പരിഹാരമാകില്ല.
അക്കാദമിക് തലങ്ങളിലൂടെ ന്യൂ ജെന്‍ രീതിയില്‍ നിരന്തരമായി ബോധവത്കരണം നടത്തി ക്കൊണ്ട് ചെറു പ്രായം മുതല്‍ വിദ്യാര്‍ഥി സമൂഹത്തെ ലഹരി വിരുദ്ധരാക്കി  മാറ്റാന്‍ നമുക്ക് കഴിയണം. ഇതിന് വേണ്ടി സോഷ്യല്‍ മീഡിയകളും ഹാഷ് ടാഗ് ചലഞ്ചുകളുമെല്ലാം ടിക് ടോക്ക് ചലഞ്ചുകളുമെല്ലാം  ഉപയോഗപ്പെടുത്തിയാല്‍ കൂടുതല്‍ ഉപകാരപ്രദമാകും.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്പന തടയുന്നതിന് വേണ്ടി  ഓരോ സ്‌കൂളും കേന്ദ്രീകരിച്ചു കൊണ്ട് അദ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍,  പോലീസ്, ആ സ്‌കൂളുമായി ബന്ധം പുലര്‍ത്തുന്ന മറ്റു സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍.  തുടങ്ങിയവരെയെല്ലാം  ഉള്‍പെടുത്തി പ്രത്യേഗം സ്‌കോഡുകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഉണ്ടാക്കി നിരന്തര നിരീക്ഷണങ്ങള്‍ നടത്തേണ്ടതും അനിവാര്യം തന്നെ. പുതു തലമുറയെ ലഹരി വിഴുങ്ങും മുന്പ് നാം ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയില്ല എങ്കില്‍ വലിയ നഷ്ടങ്ങള്‍ നാം ഏറ്റു വാങ്ങേണ്ടി വരും തീര്‍ച്ച.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x