മന്ത്രിസഭയില്‍ പാതിയും സ്ത്രീകള്‍: ചരിത്രം സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക
സ്ത്രീ പുരുഷ അനുപാതം തുല്യമാക്കി ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭ. പ്രസിഡന്റ് സിറില്‍ റാമഫോസയുടെ നേതൃത്വത്തിലാണ് ലോകത്തെ അപൂര്‍വം ലിംഗസമത്വ മന്ത്രിസഭകളിലൊന്ന് പിറവിയെടുത്തത്. ഈ മാസം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ 57.7 ശതമാനം ഭൂരിപക്ഷത്തോടെയാണ് റാമഫോസയുടെ നേതൃത്വത്തിലെ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയത്. പാര്‍ട്ടിക്ക് അധികാരം ലഭിച്ചതു മുതലുള്ള ഏറ്റവും ചെറിയ മന്ത്രിസഭ കൂടിയാണിത്. നേരത്തേയുണ്ടായിരുന്ന 36 അംഗ മന്ത്രിസഭക്ക് പകരം 28 അംഗങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്.
മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ഇന്ത്യന്‍ വംശജരായ പ്രവീണ്‍ ഗോര്‍ധന്‍, ഇബ്രാഹീം പട്ടേല്‍ എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അഴിമതിയാരോപണങ്ങള്‍ നേരിട്ട ജേക്കബ് സുമ മന്ത്രിസഭയിലെ മിക്കവരെയും ഒഴിവാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഭരണനിര്‍വഹണ തലസ്ഥാനമായ പ്രിട്ടോറിയയിലെ സ്‌റ്റേഡിയത്തില്‍ നടന്ന റമഫോസയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 30,000ത്തിലധികം പേരാണ് പങ്കെടുത്തത്.