മന്ത്രവാദികള്‍ക്ക് മൂക്കുകയര്‍ വേണം – മുഹമ്മദ് സി ആര്‍പൊയില്‍
മന്ത്രവാദികളുടെ വന്‍നിര ഒഴിയാബാധപോലെ നമ്മുടെ നാടിനെ വലിച്ചു മുറുക്കിക്കൊണ്ടിരിക്കുന്നു. പല ഭാഗങ്ങളിലും വ്യാജമന്ത്രവാദികള്‍ വിളയാടിക്കൊണ്ടിരിക്കുന്നു. മുമ്പും പല മന്ത്രവാദികളും പലതും പറഞ്ഞ് മനുഷ്യരെ പല രീതിയിലും ചൂഷണം ചെയ്യുക പതിവാണ്. അര്‍ധരാത്രി തടി വട്ടാക്കാറുമുണ്ട്. രോഗത്തിന് മരുന്നും ചികിത്സയും കിട്ടാതെ എത്രയെത്ര മനുഷ്യര്‍ക്കാണ് ഇതുമൂലം ജീവഹാനി സംഭവിച്ചത്. വലിയ വലിയ മോഹിപ്പിക്കലുകള്‍ നടത്തി (നിധിയുടെയും സാമ്പത്തിക നേട്ടത്തിന്റെയും) വഴികള്‍ പര്‍വതീകരിച്ചു സാധാരണക്കാരെ മോഹിപ്പിക്കുന്നതാണ് ഇവരുടെ തട്ടിപ്പിന്റെ ഒരു രീതി. സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും ചികിത്സകരുടെയും കെണിയില്‍ പെട്ട് സമ്പത്തും മാന്യതയും അവസാനം ജീവനും നഷ്ടപ്പെടുന്നത് നാം അറിയാറുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലാണ് ഇവര്‍ രംഗപ്രവേശം ചെയ്യാറുള്ളത്. ഇവര്‍ രക്ഷകാരിയായി പ്രത്യക്ഷപ്പെടുന്നതോടുകൂടി എല്ലാം പരിഹരിക്കപ്പെടുമെന്നാണ് എല്ലാ അന്ധവിശ്വാസികളും വിചാരിക്കുന്നത്. വഞ്ചിക്കപ്പെടുമ്പോള്‍ മാത്രമാണ് നാം ഈ പടുകുഴി മനസ്സിലാക്കുക. ദുരഭിമാനം വ്യാജന്മാരുടെ പേരില്‍ പരാതി കൊടുക്കുന്നതില്‍ നിന്ന് ഇരകളെ പിന്‍തിരിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നവകാശപ്പെടുന്നവര്‍ക്ക് ചേരാത്തവിധം മന്ത്രവാദ ചികിത്സകളും വ്യാജ ചികിത്സകളും നാട്ടില്‍ പെരുകുകയാണെന്ന യാഥാര്‍ഥ്യം നാം എല്ലാവരും മനസ്സിലാക്കി ഈ വിധ തട്ടിപ്പുകള്‍ക്ക് എതിരില്‍ നിലകൊള്ളേണ്ടതാണ്. ദുര്‍മന്ത്രം കൊണ്ട് ഉദ്ദേശ കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെങ്കില്‍ മറ്റു ഒരു സംവിധാനത്തിന്റെ ആവശ്യമില്ലല്ലോ. ഭയപ്പെടുത്തി മനുഷ്യരെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന രീതിയില്‍ എല്ലാവരും അകപ്പെട്ടുപോവുന്നത് സൂക്ഷിക്കുക.