1 Friday
March 2024
2024 March 1
1445 Chabân 20

മനുഷ്യവധം മഹാപാപം പി മുസ്തഫ നിലമ്പൂര്‍

 

ജീവന്‍ അമൂല്യമാണ്. സ്രഷ്ടാവാണ് അതിന്റെ ഉടമ. അവന്‍ നല്‍കിയ ജീവനെ തിരിച്ചെടുക്കാന്‍ അവന് മാത്രമേ അധികാരമുള്ളൂ. അവന്റെ അധികാരത്തില്‍ കൈകടത്തുന്നത് അതിക്രമമാണ്. ഒരാള്‍ക്ക് സ്വന്തം ജീവന്‍ പോലും ഹനിക്കാന്‍ അവകാശമില്ല. എങ്കില്‍ പിന്നെ മറ്റൊരാളുടെ ജീവന്‍ അപഹരിക്കുന്നതിന്റെ ഗൗരവം കടുത്തതാണ്. അതുകൊണ്ടാണ് വന്‍പാപങ്ങളുടെ കൂട്ടത്തില്‍ അതിനെ എണ്ണിയത്.
മനുഷ്യന്‍ സൃഷ്ടികളില്‍ ആദരണീയനാണ്. പവിത്രവും ആദരണീയവുമായ അവന്റെ അവകാശങ്ങളെ ധ്വംസിക്കാന്‍ പാടുള്ളതല്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാമവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്കു നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.” (ഇസ്‌റാഅ് 70)
അല്ലാഹു സവിശേഷ ശ്രേഷ്ഠതകള്‍ നല്‍കി ആദരിച്ച മനുഷ്യനെ അനാദരിക്കാന്‍ നമുക്ക് അവകാശമില്ല. എന്നിട്ടല്ലേ വധിച്ചു കളയുന്നത്. ഹജ്ജതുല്‍ വദാഇല്‍ നബി(സ) പറഞ്ഞു: ”നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസത്തിന്റെ ഈ രാജ്യത്തിന്റെ ഈ മാസത്തിന്റെ പവിത്രത പോലെ നിങ്ങള്‍ക്ക് പവിത്രമാണ്. സമീപ ഭാവിയില്‍ നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ അഭിമുഖീകരിക്കുന്നതാണ്. നിങ്ങളുടെ കര്‍മ്മങ്ങളെ കുറിച്ച് അവന്‍ നിങ്ങളെ ചോദ്യം ചെയ്യും. അറിയുക എനിക്കു ശേഷം നിങ്ങള്‍ പരസ്പരം കഴുത്തുവെട്ടുന്ന നിഷേധികളായി മാറരുത്.” (ബുഖാരി 3197, മുസ്‌ലിം 1679)
അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: ”നബി(സ) കഅ്ബ ത്വവാഫ് ചെയ്യവെ പറഞ്ഞു: കഅ്ബാ, നിനക്കെന്തൊരു സൗരഭ്യമാണ്. നിന്റെ ഗന്ധവും സൗരഭ്യം തന്നെ, നീ എത്ര മഹോന്നതമാണ്. നിന്റെ പവിത്രതയും എത്ര മഹോന്നതം. മുഹമ്മദിന്റെ ശരീരം ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. അല്ലാഹുവിന്റെയടുത്ത് മുഅ്മിനിന്റെ പവിത്രത നിന്റെ പവിത്രതയേക്കാള്‍ മഹോന്നതമാണ്. അവന്റെ സ്വത്തും രക്തവും പവിത്രമാണ്. അവനെപ്പറ്റി നന്മയല്ലാത്തത് ചിന്തിക്കല്‍ നിഷിദ്ധമാണ്.” (സുനനു ഇബനുമാജ 3932)
കഅ്ബയെക്കാള്‍ ആദരിക്കപ്പെടേണ്ടവനാണ് മുഅ്മിന്‍ എന്നാണ് മേല്‍ വചനത്തില്‍ ഉള്ളത്. ജനങ്ങള്‍ക്ക് സുരക്ഷിതത്വം തന്നില്‍നിന്ന് ലഭിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ വിശ്വസിയായിത്തീരുന്നത്. ഫളാലത്ബ്‌നു ഉബൈദ്(റ) പറയുന്നു: ”നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് അവരുടെ സ്വത്തിനും ശരീരത്തിനും സുരക്ഷ നല്‍കുന്നവനാകുന്നു വിശ്വാസി” (സുനനു ഇബ്‌നുമാജ 3934)
പ്രതിക്രിയ എന്ന നിലയിലോ നാടിനെ ഫിത്‌നയില്‍ നിന്ന് സംരക്ഷിക്കാനോ വേണ്ടി ഒരാളെ വധിക്കാന്‍ സ്രഷ്ടാവ് അനുവാദം നല്‍കിയത് ഭരണാധികാരിക്ക് മാത്രമാണ്. കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്ക് പോലും നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. നാട്ടില്‍ അക്രമവും അരാജകത്വവും വ്യാപിക്കാതിരിക്കാന്‍ വേണ്ടിയാണിത്. ഉമറിന്റെ(റ) കൊലയാളിയായ അബൂ ലുഅ്‌ലുഅത്ത് എന്നയാളെ, അതിന് പ്രേരണ നല്‍കിയ ഹുര്‍മുസാനെ ഉമറിന്റെ(റ) മകന്‍ ഉബൈദില്ല(റ) വധിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ ഖലീഫ ഉസ്മാന്‍(റ) കൊലപാതകത്തിനുള്ള ശിക്ഷ നടപ്പിലാക്കാന്‍ വിധിച്ചതും, പിന്നീട് പരേതന്റെ ബന്ധുക്കള്‍ മാപ്പു നല്‍കിയതിനാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും അതുകൊണ്ടാണ്. ന്യായമായ കാരണമില്ലാതെയുള്ള വധം അല്ലാഹുവിന്റെ അധികാരത്തില്‍ കൈ കടത്തലാണ്. അതുകൊണ്ടാണ് ശിര്‍ക്കിനോട് ചേര്‍ത്തു മനുഷ്യവധത്തെ എണ്ണിയത്.
പരമകാരുണികന്റെ ദാസന്മാരെ സംബന്ധിച്ച് പരാമര്‍ശിക്കവെ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ അവനും ശിക്ഷ ഇരട്ടിയാക്കപ്പെടുകയും നിന്ദ്യനായികൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചു കൂട്ടുകയും ചെയ്യും.” (ഫുര്‍ഖാന്‍ 68, 69)
പരസ്പരം യുദ്ധം ചെയ്തും കഴുത്തറുത്തും പ്രൗഢി കാട്ടിയിരുന്ന സമൂഹത്തെ സ്‌നേഹത്തിന്റെ മാതൃകകളാക്കി മാറ്റുകയാണ് ഇസ്‌ലാം ചെയ്തത്. സ്വന്തം പെണ്‍കുഞ്ഞിന് പോലും ജീവിക്കാന്‍ അനുവാദം നല്‍കാത്ത ആ സമൂഹത്തെ ഇസ്‌ലാമിന്റെ സമാധാന സന്ദേശങ്ങള്‍ കൊണ്ട് പരിവര്‍ത്തിച്ചെടുക്കുകയായിരുന്നു. സഹോദരനെ കൊല്ലല്‍ മാത്രമല്ല കൊല്ലാന്‍ കരുതുന്നത് പോലും ശിക്ഷാര്‍ഹമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അബുബക്കര്‍(റ) പറയുന്നു: ”നബി(സ) പറഞ്ഞു: രണ്ട് മുസ്‌ലിംകള്‍ വാളെടുത്ത് ശണ്ഠ കൂടിയാല്‍ അവരില്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഘാതകന്റെ കാര്യം ശരി. എന്നാല്‍ കൊല്ലപ്പെട്ടവന്റെ അവസ്ഥയോ? നബി(സ) പറഞ്ഞു: അവന്‍ തന്റെ സഹോദരനെ വധിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചവനാണ്.” (ബുഖാരി 31 മുസ്‌ലിം 2888)
എന്നാല്‍ പരസ്പരം പോരാടാതെ, സഹോദരനെ വധിക്കാനും അക്രമിക്കാനും വിചാരമില്ലാതെ ഏകപക്ഷീയമായി കൊല ചെയ്യപ്പെട്ടാല്‍ അവന് ശിക്ഷയില്ല. നബി(സ) യില്‍ നിന്ന് ഇബ്‌നുഉമര്‍(റ) പറയുന്നു: വധ ലക്ഷ്യവുമായി എന്റെ സമുദായത്തില്‍ ഒരാള്‍ അപരനെ സമീപിച്ചാല്‍ അവന്‍ ഇപ്രകാരം പറയട്ടെ: കൊന്നവന്‍ നരകത്തിലും കൊലചെയ്യപ്പെട്ടവന്‍ സ്വര്‍ഗത്തിലുമാണ്.” (അബൂദാവൂദ് 4262)
ആദം സന്തതികളിലെ ഒന്നാമത്തെ കൊലപാതക പശ്ചാത്തലം ഖുര്‍ആന്‍ പറയുന്നുണ്ട്: ”എന്നെ കൊല്ലാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈ നീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ യും നിന്റെയും കുറ്റം ഏറ്റെടുത്ത് നീ നരകാവകാശികളുടെ കൂട്ടത്തിലാകാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം.” (മാഈദ 28,29)
അബദ്ധത്തില്‍ പോലും ജീവഹാനി സംഭവിക്കാന്‍ പാടില്ലായെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. ആയുധവുമായി പോകുന്നവന്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് നബി(സ) ഉപദേശിച്ചു. നബി(സ) പറയുന്നു: ”നിങ്ങളിലൊരാളും തന്റെ സഹോദരന് നേരെ ആയുധം ചൂണ്ടരുത്. കാരണം. പിശാച് അവന്റെ കയ്യില്‍ എപ്പോഴാണ് ഇറങ്ങുക എന്ന് അവന്‍ അറിയില്ല. അപ്രകാരം സംഭവിച്ചാല്‍ അവന്‍ നരകത്തില്‍ ആപതിക്കും.” (ബുഖാരി 7072, മുസ്‌ലിം 6834)
അപകട സാധ്യതയില്ലെങ്കിലും ആയുധം ചൂണ്ടുന്നതും ഭീഷണിപ്പെടുത്തുന്നതും ശാപ ഹേതുവാണ്. ”ആരെങ്കിലും തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടിയാല്‍ മലക്കുകള്‍ അവനെ ശപിച്ചുകൊണ്ടിരിക്കും.” (മുസ്‌ലിം 6832)
മനുഷ്യരെല്ലാം സഹോദരങ്ങളാണ്. ഒരാളിലുണ്ടാകുന്ന പ്രയാസം എല്ലാവരുടേതുമാണ്. ഒരാളെ വധിക്കുന്നത് എല്ലാവരെയും വധിക്കുന്നതിന് തുല്യമാണ്. ആദം സന്തതികളിലെ ആദ്യ വധത്തെ പരാമര്‍ശിച്ചു കൊണ്ട് അല്ലാഹു പറയുന്നു: ”അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.” (മാഇദ 32)
അബ്ദുല്ല(റ) പറയുന്നു: ”അല്ലാഹു തന്റെ അടിമകള്‍ക്കിടയില്‍ (പരലോകത്ത്) ആദ്യമായി വിധി കല്‍പിക്കുന്നത് രക്തത്തിന്റെ കാര്യത്തിലായിരിക്കും.” (സുനനു തിര്‍മിദി 1396, 1397)
പവിത്രമായ മനുഷ്യജീവന്‍ അപഹരിക്കുന്നത് കൊടും ക്രൂരതയാണ്. ധര്‍മ്മ ബോധത്തിന്റെ പ്രകാശകിരണങ്ങള്‍ പ്ര സരിക്കുന്ന വിശ്വാസിയെ വധിക്കല്‍ അതിനെക്കാള്‍ കൊടും ക്രൂരതയാണ്. നാട്ടില്‍ നന്മ വ്യാപനത്തിന് തടസ്സമാകുന്നതോടെ സ്രഷ്ടാവിനെ വാഴ്ത്തുന്നവനെ വധിച്ചതിന്റെ പാതകവും ഏറ്റുവാങ്ങേണ്ടിവരും.
”ആരെങ്കിലും സത്യവിശ്വാസിയെ മനപ്പൂര്‍വം കൊലപ്പെടുത്തുന്ന പക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെനേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവനുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.” (നിസാഅ് 93)
അല്ലാഹുവിങ്കല്‍ മുസ്‌ലിമായ ഒരാളുടെ കൊലപാതകത്തെക്കാള്‍ നിസ്സാരമായതാണ് ദുനിയാവ് തന്നെ ഇല്ലാതെയാവുക എന്നത്. (സുനനു തിര്‍മിദി 1395)
ഇഹലോകം മുഴുക്കെ നശിപ്പിക്കുന്നതിനെക്കാള്‍ ഗുരുതരമാണ് വിശ്വാസിയെ വധിച്ചുകളയുന്നത് എന്നാണ് മേല്‍വചനം നമ്മെ പഠിപ്പിക്കുന്നത്. ഇബ്‌നുഉമര്‍(റ) പറയുന്നു: ”നബി(സ) പറഞ്ഞു: പവിത്രമായ രക്തം ഒഴുക്കാത്ത (കൊലപാതകിയല്ലാത്ത) കാലത്തോളം ഒരു സത്യവിശ്വാസിക്ക് തന്റെ മതത്തില്‍ വിശാലത ലഭിച്ചുകൊണ്ടിരിക്കും.” (ബുഖാരി 6862)
അബ്ദുല്ല (റ) പറയുന്നു: ഞാന്‍ നബി(സ)യോട് ചോദിച്ചു: ഏത് കുറ്റമാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്? നബി(സ) പറഞ്ഞു: നീ അല്ലാഹുവില്‍ സമന്മാരെ ചേര്‍ക്കലാണ്, അവന്‍ നിന്നെ സൃഷ്ടിച്ചിരിക്കെ. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി(സ) പറഞ്ഞു: നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നത് ഭയപ്പെട്ട് നിന്റെ സന്താനത്തെ വധിച്ചു കളയല്‍. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി(സ) പറഞ്ഞു: നിന്റെ അയല്‍വാസിയുടെ ഭാര്യയെ വ്യഭിചരിക്കല്‍.” (ബുഖാരി 6001)
മുസ്‌ലികളുമായി ഉടമ്പടിയിലുള്ളവനെ വധിച്ചുകളയല്‍ സ്വര്‍ഗ പരിമളം പോലും ലഭിക്കാത്ത കുറ്റമാണ്. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: നബി(സ) പറഞ്ഞു: മുസ്‌ലിംകളുമായി ഉടമ്പടി ബന്ധത്തിലുള്ളവനെ ആരെങ്കിലും വധിച്ചു കളഞ്ഞാല്‍ അവന് സ്വര്‍ഗത്തിന്റെ പരിമളംപോലും ലഭിക്കുകയില്ല. (ബുഖാരി 3166)
കൊലപാതകം കൊടും ക്രൂരതയാണ്. കടുത്ത നരക ശിക്ഷയാണ് അതിന്റെ ഫലം. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചാല്‍ ബന്ധുക്കള്‍ മാപ്പു നല്‍കുകയും തൗബ ചെയ്യുകയും പ്രായശ്ചിത്തം നല്‍കുകയും വേണം. ”എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ ഒരു വിശ്വസിയായ അടിമയെ മോചിപ്പിക്കുകയും അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്.” (നിസാഅ് 92)
കൊലപാതകം പോലെതന്നെ കുറ്റകരമാണ് ആത്മഹത്യയും. ജീവന്റെ ഉടമസ്ഥന്‍ നാം അല്ല. ആര് സ്വന്തം ശരീരത്തെ ആയുധം കൊണ്ട് വധിച്ചുവോ അവന്‍ നരകത്തില്‍ ശിക്ഷിക്കപ്പെടും. മുറിവ് ബാധിച്ച ഒരാളുണ്ടായിരുന്നു. അയാള്‍ സ്വയം തന്നെ വധിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ ധൃതികാട്ടി. അതുകൊണ്ട് ഞാന്‍ അവന് സ്വര്‍ഗം നിഷിദ്ധമാക്കി. (ബുഖാരി 1364). ആത്മഹത്യ ചെയ്തത് ഏത് വിധേനയാണോ അതേ പ്രവൃത്തി നരകത്തില്‍ ശാശ്വതമായി അവന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x