13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

മനുഷ്യരുടെ മരണാനന്തര കഴിവുകള്‍!

പി കെ മൊയ്തീന്‍ സുല്ലമി


അന്‍ബിയാക്കളും ഔലിയാക്കളും മറ്റു മനുഷ്യരെ പോലെ ജനനത്തിലും മരണത്തിലും തുല്യരാണ്. എല്ലാവര്‍ക്കും മനുഷ്യര്‍ എന്ന പരിഗണന മാത്രമേയുള്ളൂ. ”തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്തു വെച്ചു” (മുഅ്മിനൂന്‍ 12, 13). കളിമണ്ണ് സത്തില്‍ നിന്നു അല്ലാഹു സൃഷ്ടിച്ചത് ആദമിനെ(അ) മാത്രമാണ്. മറ്റുള്ള സകല മനുഷ്യരെയും അല്ലാഹു സൃഷ്ടിച്ചത് ഇന്ദ്രിയ ബീജത്തില്‍ നിന്നാണ്.
മനുഷ്യര്‍ക്ക് ഉണ്ടാകുന്ന വിഷമങ്ങളും കഷ്ടപ്പാടുകളും പരീക്ഷണങ്ങളും അന്‍ബിയാ-ഔലിയാക്കള്‍ക്കും ഉണ്ടാകാം. ‘നബിയേ പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു’ (അല്‍കഹ്ഫ് 110). എന്നാല്‍ ആത്മീയമായി നബി(സ)ക്ക് കുറേ പ്രത്യേകതകള്‍ ഉണ്ട്. അതില്‍ പെട്ടതാണ് നുബുവ്വത്ത്, വഹ്യ്, വേദഗ്രന്ഥം, മുഅ്ജിസത്തുകള്‍, ഇസ്മത്ത് എന്നിവയെല്ലാം. അന്‍ബിയാ-ഔലിയാക്കള്‍ മരണത്തിലും മറ്റുള്ള മനുഷ്യരെപ്പോലെത്തന്നെയാണ്. ”തീര്‍ച്ചയായും താങ്കള്‍ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു” (സുമര്‍ 30). ”പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് അന്ത്യദിനത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും എഴുന്നേല്‍പിക്കപ്പെടുന്നതാണ്” (മുഅ്മിനൂന്‍ 15,16).
ജീവിതം, മരണം എന്നീ നിലകളില്‍ എല്ലാവരും തുല്യരാണ്. എങ്കില്‍ പ്രതിഫലത്തിലും സ്ഥാനമാനങ്ങളിലും പരലോകത്ത് എല്ലാവരും തുല്യരല്ല. കുറേ ആളുകള്‍ ഖബ്‌റുകളില്‍ ജീവനോടെ കഴിച്ചുകൂട്ടുകയും മറ്റുള്ളവര്‍ മണ്ണോട് ചേരുകയും ചെയ്യുക എന്ന അവസ്ഥയില്ല. മരണാനന്തരം യഥാര്‍ഥ വിശ്വാസികളുടെ ആത്മാക്കള്‍ അല്ലാഹുവിന്റെ പക്കലാണ്, അവര്‍ക്ക് താത്കാലികമായ സ്വര്‍ഗീയ സുഖങ്ങള്‍ അല്ലാഹു തയ്യാറാക്കിവെച്ചിട്ടുണ്ട് എന്നത് ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. എല്ലാവരുടെയും ഭൗതികശരീരം മണ്ണില്‍ ലയിക്കുന്നു.
”ഭൂമിയില്‍ നിന്നാണ് നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്നുതന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടു വരികയും ചെയ്യുന്നു” (ത്വാഹാ 55). ”ഭൂമുഖത്തുള്ള എല്ലാവരും നശിച്ചുപോകുന്നവരാണ്. മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ റബ്ബിന്റെ മുഖം അവശേഷിക്കുന്നതാണ്” (റഹ്‌മാന്‍ 26, 27).
അന്‍ബിയാ-ഔലിയാക്കള്‍ ഖബ്‌റില്‍ ജീവനോടെ വിശ്രമിക്കുകയാണെന്ന റിപോര്‍ട്ടുകള്‍ സ്വഹീഹല്ല എന്ന് നാം മുമ്പ് സലക്ഷ്യം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ സമസ്തയിലെ ചില പണ്ഡിതന്മാര്‍ അന്‍ബിയാ-ഔലിയാക്കള്‍ക്ക് മരണമില്ല, അഥവാ അവരുടെ ജീവിതവും മരണവും തുല്യമാകുന്നു എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഖുര്‍ആനിലെ ചില വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. അതില്‍ പെട്ടതാണ് സൂറതു ജാസിയയിലെ 21ാം വചനം. ”തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിക്കുന്നുവോ, അവരെ നാം വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ അഥവാ അവരുടെ രണ്ടു കൂട്ടരുടെയും (പരലോക ജീവിതം) തുല്യമായ നിലയില്‍ ആക്കുമെന്ന്? അവര്‍ വിധി കല്‍പിക്കുന്നത് വളരെ മോശം തന്നെ.”
ഈ വചനത്തിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും ഉദ്ധരിക്കാതെ അവരുടെ ജീവിതവും മരണവും തുല്യമാണ്, അഥവാ അന്‍ബിയാ-ഔലിയാക്കളുടെ ജീവിതവും മരണവും തുല്യമാണ് എന്ന നിലയിലാണ് അവര്‍ വ്യാഖ്യാനിക്കാറുള്ളത്. യഥാര്‍ഥത്തില്‍ ഇത് അല്ലാഹു നിഷേധികളോട് ഉന്നയിക്കുന്ന ചോദ്യമാണ്. അഥവാ ദുന്‍യാവിലെ സുഖം പരലോകത്തും ലഭിക്കുമെന്നാണോ അവര്‍ വിചാരിക്കുന്നത്? അങ്ങനെ അവര്‍ വിചാരിക്കുന്നുവെങ്കില്‍ ആ വിചാരം മോശം തന്നെയാണ് എന്നാണ് അല്ലാഹു പറയുന്നത്. ഇമാം ഇബ്‌നു കസീറിന്റെ വ്യാഖ്യാനം ശ്രദ്ധിക്കുക: ”അല്ലാഹു (വിശുദ്ധ ഖുര്‍ആനില്‍) നരകക്കാരും സ്വര്‍ഗക്കാരും തുല്യരല്ല എന്ന് അരുളിയതുപോലെ സത്യവിശ്വാസികളും സത്യനിഷേധികളും തുല്യരല്ല, അവരുടെ ജീവിതവും മരണവും തുല്യമാണ് എന്നതിന്റെ താല്‍പര്യം അഥവാ അവരെ നാം ഇഹത്തിലും പരത്തിലും തുല്യമാക്കും എന്നാണോ അവര്‍ വിചാരിക്കുന്നത് എന്നാണ്” (4: 150)
ജലാലൈനി തഫ്സീറില്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”സത്യനിഷേധികള്‍ വിചാരിക്കുന്നുവോ അവരുടെ പരലോക ജീവിതവും സത്യവിശ്വാസികളെപ്പോലെ നന്മയില്‍ ആക്കുമെന്ന്” (ജലാലൈനി 2:567). മരണപ്പെട്ടവര്‍ കേള്‍ക്കും എന്നതിന് അവര്‍ ഉദ്ധരിക്കാറുള്ള മറ്റൊരു തെളിവ് ‘അവരുടെ ചെരുപ്പിന്റെ ശബ്ദം വരെ അവര്‍ കേള്‍ക്കും’ (ബുഖാരി) എന്ന ഹദീസാണ്. ഈ കേള്‍വി സ്ഥിരമായി ഉള്ളതല്ല. മറിച്ച് മലക്കുകള്‍ക്ക് ചോദ്യം ചെയ്യാന്‍ റൂഹ് ശരീരത്തിലേക്ക് മടക്കുമ്പോള്‍ മാത്രമുള്ള കേള്‍വിയാണ്. അത് ഹദീസുകള്‍ കൊണ്ട് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
മരണപ്പെട്ടുപോയ അമ്പിയാ-ഔലിയാക്കളില്‍ ആരും തന്നെ ഈ ലോകത്ത് നടക്കുന്ന യാതൊരു സംഭവവും അറിയുന്നില്ല എന്നത് നിരവധി ഖുര്‍ആന്‍ വചനം കൊണ്ട് തെളിയിക്കപ്പെട്ടതാണ്. ഉദാഹരണത്തിന് താഴെ വരുന്ന വചനങ്ങള്‍ ശ്രദ്ധിക്കുക: ”അല്ലാഹുവിനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടതുമാണ്. അവര്‍ മരിച്ചവരാണ്, ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല’ (നഹ്ല്‍ 20, 21).
ഈസാ നബി(അ) ഉലുല്‍ അസ്മില്‍പെട്ട പ്രവാചകനാണ്. അദ്ദേഹം മരണപ്പെട്ടിട്ടില്ല. മറിച്ച് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നും ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടു എന്നും വിശ്വസിക്കുന്ന മഹാനാണ്. അദ്ദേഹം പോലും ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയുന്നില്ല. ക്രിസ്ത്യാനികള്‍ ഇന്ന് ഈസാ(അ)യെയും അവരുടെ മാതാവ് മര്‍യ(അ)മിനെയും വിളിച്ച് പ്രാര്‍ഥിക്കുന്നു. മഹ്ശറയില്‍ അല്ലാഹു അക്കാര്യം ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധിക്കുക: ”അല്ലാഹു പറയുന്ന സന്ദര്‍ഭവും ഓര്‍ക്കുക. മര്‍യമിന്റെ പുത്രന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറഞ്ഞു: നീയെത്രെ പരിശുദ്ധന്‍! എനിക്ക് പറയാന്‍ യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റേയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാന്‍ അവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ (പ്രവര്‍ത്തനത്തിന്) സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി എടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു” (മാഇദ 116, 117).
നബി(സ)യെ നാം വിളിക്കുന്നത് അശ്‌റഫുല്‍ ഖല്‍ഖ് (സൃഷ്ടികളില്‍ വെച്ചേറ്റവും ശ്രേഷ്ഠന്‍) എന്നാണ്. അദ്ദേഹം പോലും ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയുന്നില്ല എന്നതാണ് വസ്തുത. ഒരു സംഭവം ശ്രദ്ധിക്കുക: നബി(സ) പറഞ്ഞു: ”നിങ്ങള്‍ അറിയണം: നിശ്ചയം ഒരു വിഭാഗം ആളുകളെ അല്ലാഹു ഇടതു ഭാഗത്ത് (നരകഭാഗത്ത്) നിര്‍ത്തും. അപ്പോള്‍ നബി(സ) പറയും: ‘ഇവരൊക്കെ എന്റെ കൂട്ടുകാരാണ്.’ അപ്പോള്‍ പറയപ്പെടും (അല്ലാഹു പറയും): ‘താങ്കളുടെ (മരണ)ശേഷം അവര്‍ ദീനില്‍ ഉണ്ടാക്കിയ അനാചാരങ്ങളെക്കുറിച്ച് താങ്കള്‍ അറിവുള്ളവനല്ല.’ അപ്പോള്‍ സദ്‌വൃത്തനായ അടിമ (ഈസ) പറഞ്ഞതുപോലെ, ‘ഞാന്‍ അവരില്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന കാലത്ത് ഞാന്‍ അവരുടെ പ്രവര്‍ത്തനത്തിന് സാക്ഷിയായിരുന്നു’ എന്ന മറുപടി ഞാനും പറയും. അപ്പോള്‍ എന്നോട് പറയപ്പെടും: ‘നീ അവരില്‍ നിന്നു വേര്‍പിരിഞ്ഞതു മുതല്‍ അവര്‍ ദീനില്‍ നിന്നു പിറകോട്ട് മടങ്ങുന്നവരായിരുന്നു” (ബുഖാരി, മുസ്‌ലിം).
അപ്പോള്‍ ഈസാ നബി(അ)യും നബി(സ)യും മരണാനന്തരം ഒന്നും അറിയുന്നില്ല എന്ന് വ്യക്തമായി. ഇനി മരണപ്പെട്ടുപോയ ഔലിയാക്കളുടെ കാര്യം പരിശോധിക്കാം. ഉസൈര്‍(അ) പ്രവാചകനാണെന്നും വലിയ്യാണെന്നും രണ്ടഭിപ്രായമുണ്ട്. അല്ലാഹു അദ്ദേഹത്തെ 100 വര്‍ഷം മരിപ്പിച്ച് ഹയാത്താക്കി (ജീവന്‍ നല്‍കി). ആ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നു: ”അല്ലെങ്കിലിതാ മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞു കിടക്കുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ (നാടിനെ) എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്? അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ 100 വര്‍ഷം മരിപ്പിക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്ര വര്‍ഷം മരണാവസ്ഥയില്‍ കഴിച്ചുകൂട്ടി? അദ്ദേഹം മറുപടി പറഞ്ഞു: ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പം ഭാഗമോ ആണ് ഞാന്‍ മരണാവസ്ഥയില്‍ കഴിച്ചുകൂട്ടിയത്. അല്ലാഹു പറഞ്ഞു: നീ മരണാവസ്ഥയില്‍ കഴിച്ചുകൂട്ടിയത് 100 വര്‍ഷമാണ്” (അല്‍ബഖറ 259).
അതുപോലെ അസ്ഹാബുല്‍ കഹ്ഫും (ഗുഹാവാസികള്‍) ഭക്തന്മാരായ ചെറുപ്പക്കാരായിരുന്നു. അവരെക്കുറിച്ച് അല്ലാഹു പറഞ്ഞു: ”തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്മാര്‍ഗം (ചിന്ത) വര്‍ധിപ്പിച്ചുകൊടുക്കുകയും ചെയ്തു” (അല്‍കഹ്്ഫ് 13). അന്നത്തെ ശിര്‍ക്കന്‍ രാജാവിന്റെ ശര്‍റില്‍ നിന്ന് അല്ലാഹു അവര്‍ക്ക് ഒരു ഗുഹയില്‍ അഭയം നല്‍കി. 300 വര്‍ഷം അല്ലാഹു അവരെ ഗുഹയില്‍ ഉറക്കി. അവര്‍ മരിച്ചിട്ടില്ലായിരുന്നു. പിന്നീട് അല്ലാഹു അവരെ ഉണര്‍ത്തി.
ശേഷമുള്ള സംഭവം ശ്രദ്ധിക്കുക: ”അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം ഗുഹയില്‍ കഴിച്ചുകൂട്ടി? അവര്‍ പറഞ്ഞു: ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പം ഭാഗമോ കഴിച്ചുകൂട്ടിയിരിക്കും” (അല്‍കഹ്ഫ് 19). ”അവര്‍ അവരുടെ ഗുഹയില്‍ 300 വര്‍ഷം താമസിച്ചു” (അല്‍കഹ്്ഫ് 25). ഉറങ്ങിക്കിടന്ന ഔലിയാക്കള്‍ക്കു പോലും എത്ര വര്‍ഷം ഗുഹയില്‍ കഴിച്ചുകൂട്ടി എന്നത് അറിയില്ല. പിന്നെ മരിച്ച ഔലിയാക്കള്‍ എങ്ങനെ അറിയും?
നബി(സ)യുടെ മരണ ശേഷം ബദ്‌റിലെ കിണറില്‍ വലിച്ചെറിയപ്പെട്ട മുശ്‌രിക്ക് നേതാക്കളുടെ മയ്യിത്തുകളോട് നബി(സ) സംസാരിച്ചതും ‘അവര്‍ കേള്‍ക്കുമോ’ എന്ന ചോദ്യത്തിന് ‘അവര്‍ നിങ്ങളെക്കാളും കേള്‍ക്കും’ എന്ന് നബി(സ) പറഞ്ഞതായി പത്‌നി ആയിശ(റ)യുടെ ശ്രദ്ധയില്‍ പെടുത്തി. ആയിശ(റ) അത് തിരുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘നബി(സ) അവര്‍ നിങ്ങളെക്കാളും കേള്‍ക്കും എന്നു പറഞ്ഞത് കേള്‍വിയെക്കുറിച്ചല്ല, മറിച്ച് നബി(സ) പറഞ്ഞ ശിക്ഷ അവര്‍ അനുഭവിക്കുന്നുണ്ടായിരിക്കും എന്നാണ്. പിന്നീട് അവര്‍ ഈ വചനം ഓതിക്കേള്‍പ്പിച്ചു: തീര്‍ച്ചയായും താങ്കള്‍ മരിച്ചവനെ കേള്‍പ്പിക്കുന്നവനല്ല’ (മുസ്‌ലിം). ഇവിടെ അവരുടെ വാദപ്രകാരം മരിച്ചവര്‍ കേള്‍ക്കുമെങ്കില്‍ മുശ്‌രിക്കുകളോട് പ്രാര്‍ഥിക്കാം എന്നാണ് വരിക. നബി(സ)ക്കു പോലും മരിച്ചവരെ കേള്‍പ്പിക്കാന്‍ സാധ്യമല്ല.
അല്ലാഹു അരുളി: ”അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു. താങ്കള്‍ മരിച്ചവരെ കേള്‍പ്പിക്കുന്നവല്ല” (ഫാത്വിര്‍ 22). അല്ലാഹുവിന്റെ മലക്കുകള്‍ക്ക് കേള്‍പ്പിക്കേണ്ടിവരും. മേല്‍ വചനത്തെ ഇമാം റാസി വിശദീകരിക്കുന്നു: ”നിശ്ചയം അല്ലാഹു മരിച്ചവരെ കേള്‍പ്പിക്കും. ഖബറടക്കം ചെയ്യപ്പെട്ടവരെയോ മരണപ്പെട്ടവരെയോ നബി(സ)ക്ക് കേള്‍പ്പിക്കാന്‍ സാധ്യമല്ല” (തഫ്സീറുല്‍ കബീര്‍ 8:40). താഴെ വരുന്ന വചനവും അക്കാര്യം സൂചിപ്പിക്കുന്നു:
”കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കുകയുള്ളൂ” (അന്‍ആം 36). അതുകൊണ്ടാണ് ഖുര്‍ആനിനെ സംബന്ധിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞത്: ”ഇത് ജീവനുള്ളവര്‍ക്ക്് താക്കീത് നല്‍കാന്‍ വേണ്ടിയുള്ളതാകുന്നു” (യാസീന്‍ 70). ഹദീസുകളും അപ്രകാരം തന്നെ. നബി(സ) പറഞ്ഞു: ”ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്റെ കര്‍മങ്ങള്‍ നിലച്ചുപോയി” (മുസ്‌ലിം). പിന്നീട് ബാക്കി വരുന്ന ഹദീസില്‍ വന്നത് അവന്റെ കര്‍മഫലങ്ങളാണ്. കേള്‍വി, കാഴ്ച, സംസാരം, നടത്തം, ഇരുത്തം, ചിന്ത എന്നിവയെല്ലാം അവസാനിച്ചു എന്നാണ് ഹദീസില്‍ പറഞ്ഞത്. എന്നാല്‍ സമസ്തക്കാര്‍ പറയുന്നത് മരണത്തോടെ ചിലരുടെ കഴിവ്കൂടും എന്നാണ്‌

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x