മദ്‌റസാ അധ്യാപകരെക്കുറിച്ചും ചിന്ത വേണം – കെ പി അബൂബക്കര്‍, മുത്തനൂര്‍
രാജ്യത്ത് ആരുടെയും ശ്രദ്ധ പതിയാത്ത കാരണത്താല്‍ വേദന തിന്ന് കഴിയുന്ന ഒരു വിഭാഗം തൊഴിലാളികളാണ് മദ്‌റസ അധ്യാപകര്‍. വേദനിക്കുന്ന വേതനം പറ്റി കഴിഞ്ഞുകൂടുന്ന ഈ വിഭാഗം വാര്‍ധക്യത്തിലെത്തിയാല്‍ പിന്നെ അവരുടെ സാമ്പത്തിക ഞെരുക്കം വിവരണാതീതമാണ്.
അവശതയനുഭവിക്കുന്ന പലരുടെയും നേരേ ശ്രദ്ധ തിരിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ മദ്‌റസ അധ്യാപകരുടെ നേരെയും കണ്ണു തുറക്കുകയുണ്ടായി. ഏറെ കാലമായി അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പില്‍ വരുത്തിക്കൊണ്ടായിരുന്നു അത്. 22500 പേര്‍ ഇന്ന് ഇതിന്റെ ഗുണഭോക്താക്കളാണ്. ആയിരം രൂപയെന്ന തുച്ഛ സംഖ്യയായിരുന്നു ഇവരുടെ പെന്‍ഷന്‍.
കോഴിക്കോട് വെച്ച് നടന്ന പെന്‍ഷന്‍ വിതരണോദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് മന്ത്രി കെ ടി ജലീല്‍ ധീരമായ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തുമെന്നും പെന്‍ഷന്‍ പ്രായം 65 ല്‍ നിന്ന് 60 ആയി കുറയ്ക്കുമെന്നുമായിരുന്നു ആ പ്രഖ്യാപനം. സ്വാഗതാര്‍ഹമായ പ്രഖ്യാപനമാണ് ഇതെന്നതില്‍ രണ്ടഭിപ്രായമില്ല.
ഗവണ്‍മെന്റിന്റെ സത്വര ശ്രദ്ധ പതിയേണ്ടുന്ന ഒരു കാര്യം കൂടിയുണ്ട്. സംസ്ഥാനത്ത് 21683 മദ്‌റസകളിലായി 2,04,683 അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 22500 പേര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. അവശേഷിക്കുന്നവര്‍ ചില തെറ്റിദ്ധാരണകളുടെ പേരില്‍ ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നില്ല. തെറ്റിദ്ധാരണ നീക്കി അവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്ന് ഗവണ്‍മെന്റിനോടഭ്യര്‍ഥിക്കുന്നു.