30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

മതേതര ഭീഷണിക്കെതിരെ ബഹുജന കൂട്ടായ്മ രൂപപ്പെടണം -ഇസ്‌ലാഹി സെന്റര്‍ സംഗമം

കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി കമാല്‍ പാഷ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത്: ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് കളമൊരുക്കാനുള്ള ശ്രമങ്ങളെ മതേതര ബോധമുള്ളവരുടെ ജനകീയ കൂട്ടായ്മയിലൂടെ ചെറുക്കണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിച്ച ബഹുജന സംഗമം ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ, മതനിരപേക്ഷ തത്വങ്ങളും ആസൂത്രിതമായി കളങ്കപ്പെടുത്തുകയാണ് സംഘപരിവാര്‍ ശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. റഫാല്‍ വിമാന ഇടപാടില്‍ രാജ്യത്തിന്റെ പ്രതിരോധ ഖജനാവ് കൊള്ളയടിക്കാന്‍ അംബാനിക്ക് വഴിതുറന്നു കൊടുക്കുകയും നോട്ട് നിരോധനത്തിലൂടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ് രാജ്യത്തെ ജനങ്ങളെ പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് ഐ ഐ സി സംഗമം സൂചിപ്പിച്ചു.
വര്‍ഗീയ അധികാര രാഷ്ട്രീയം രാജ്യത്തിന്റെ ഭരണത്തെ സ്വാധീനക്കുന്നതാണ് സമകാല മതേതരഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയെന്ന് ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി കമാല്‍ പാഷ വ്യക്തമാക്കി. ജാതിയെയും മതത്തെയും ദേശീയതക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത ശക്തമാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏതു മത ആദര്‍ശ ജീവിതത്തിനും ഭരണ ഘടനാനുസൃതമായ അവകാശമുണ്ടെന്നിരിക്കെ പൗരന്മാരുടെ ആശയ വ്യക്തിത്വത്തെ അപരവല്‍കരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഐഡന്റിറ്റി വാറാണ് ഫാസിസത്തിന്റെ തന്ത്രങ്ങളെന്ന് മതേതര പൊതുബോധം തിരിച്ചറിയണമെന്ന് ബി കമാല്‍ പാഷ സൂചിപ്പിച്ചു
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അത്യധ്വാനം ചെയ്ത ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യ ദ്രോഹികളായി മുദ്രകുത്തി അകാരണമായി വേട്ടയാടുന്നത് അരക്ഷിതാവസ്ഥ മാത്രമാണ് സമ്മാനിക്കുകയെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച ഐ എസ് എം സംസ്ഥാന  പ്രസിഡന്റ്  ഡോ. ജാബിര്‍ അമാനി പറഞ്ഞു. ഇന്ത്യയില്‍ സമകാലത്ത് പ്രകടമായികൊണ്ടിരിക്കുന്ന അതിര് കവിഞ്ഞ ജുഡീഷ്യല്‍ ആക്ടിവിസം മതേതരത്വത്തിന് ഭീഷണിയാണ്. തുല്യനീതി നടപ്പിലാക്കുന്നുവെന്ന വ്യാജേന ജനങ്ങളുടെ സൈ്വര്യ, ധാര്‍മ്മിക ജീവിതത്തെയും ഭരണഘടനാ മൂല്യങ്ങളെപ്പോലും വെല്ലുവിളിക്കും വിധമുള്ള ജുഡീഷ്യറിയുടെ അമിതമായ ഇടപ്പെടലുകള്‍ ഇന്ത്യയുടെ സാംസ്‌കാരിക ഔന്നിത്യത്തെ ചോദ്യം ചെയ്യുന്നതും മനുഷ്യത്വത്തിന് വെല്ലുവിളിയുമാണെന്ന് ജാബിര്‍ അമാനി വിശദീകരിച്ചു.
സംഗമത്തില്‍ ഐ ഐ സി ചെയര്‍മാന്‍ വി എ മൊയ്തുണ്ണി കടവല്ലൂര്‍ അധ്യക്ഷത വഹിച്ചു. സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ (കെ ഐ ജി), ഇബ്‌റാഹിം കുന്നില്‍ (കെ കെ എം എ),  ടി വി ഹിക്മത്ത് (കല), ഹമീദ് കേളോത്ത് (ഒ ഐ സി സി), ചെസില്‍ ചെറിയാന്‍ രാമപുരം (ജി പി സി സി), അബ്ദുറഹിമാന്‍ തങ്ങള്‍ (ഐ ഐ സി), ഫസീഉല്ല (ഫ്രൈഡേ ഫോറം), സത്താര്‍ കുന്നില്‍ (ഐ എം സി സി), സലാം വളാഞ്ചേരി ചര്‍ച്ചയില്‍ പങ്കെടുത്തു. ഹംസ പയ്യനൂര്‍, മുസ്തഫ കാരി, നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, കുഞ്ഞഹമ്മദ് പേരാമ്പ്ര, എസ് എ ലബ്ബ, എന്‍ കെ മുഹമ്മദ്, സിദ്ദീഖ് മദനി, വൈസ് പ്രസിഡന്റ് മുഹമ്മദ് അരിപ്ര, എന്‍ജി. അന്‍വര്‍ സാദത്ത്, ഹാഷില്‍ യൂനുസ് സലീം പ്രസംഗിച്ചു.
Back to Top