30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

മതത്തെ തീവ്രമാക്കരുത്

എം ടി അബ്ദുല്‍ഗഫൂര്‍

”അബൂഹുറയ്‌റ(റ) പറയുന്നു: നബി
(സ) പറഞ്ഞിരിക്കുന്നു: തീര്‍ച്ചയായും മതം എളുപ്പമാണ്. മതത്തെ ആരെങ്കിലും കടുപ്പമുള്ളതാക്കിയാല്‍ അവനെ അത് പരാജയപ്പെടുത്താതിരിക്കില്ല. അതിനാല്‍ നിങ്ങള്‍ നേരെ ചൊവ്വെ നില്‍ക്കുക, ദൈവസാമീപ്യം തേടുക, സന്തോഷവാര്‍ത്ത നല്‍കുക, രാവിലെയും വൈകുന്നേരവും രാത്രിയുടെ അന്ത്യായമങ്ങളിലും (അല്ലാഹുവിനോ ട്) സഹായം തേടുകയും ചെയ്യുക.” (ബുഖാരി)

മതം എളുപ്പമാണ്. വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും നയനിലപാടുകളിലും മധ്യമനിലപാടാണ് മതത്തിനുള്ളത്. ഒരാള്‍ക്കും അനുഷ്ഠിക്കാന്‍ കഴിയാത്ത ആരാധനകള്‍ മതം നിര്‍ദേശിക്കുന്നില്ല. നമസ്‌കാരത്തിന്റെ സമയനിര്‍ണയത്തില്‍ തന്നെ ഈ എളുപ്പം ബോധ്യപ്പെടുന്നുണ്ട്. ജീവിതസന്ധാരണത്തിനുള്ള മാര്‍ഗം തേടുന്നവര്‍ക്ക് നമസ്‌കാരം ഒരിക്കലും തടസ്സമാകുന്നില്ല. ആവശ്യാനുസരണം സ്വീകരിക്കാവുന്ന ഒട്ടേറെ ഇളവുകളും നല്‍കപ്പെട്ടിരിക്കുന്നു.
നോമ്പിന്റെ വിഷയത്തിലും ഈ മിതത്വവും ലഘുത്വവും കാണാം. നിര്‍ബന്ധിത നോമ്പ് വര്‍ഷത്തില്‍ ഒരു മാസം മാത്രമേയുള്ളൂ. അതുതന്നെ ശാരീരികവും മാനസികവുമായ ഫിറ്റ്‌നസ് ഉള്ളവന് മാത്രം. ഐഛിക വ്രതാനുഷ്ഠാനത്തിലും ഈ മിതത്വമുണ്ട്. മാസത്തില്‍ മൂന്ന് ദിവസം, ആഴ്ചയില്‍ രണ്ട് ദിവസം, എന്നൊക്കെ അതിനെ പരിമിതപ്പെടുത്തിയത് ഇസ്‌ലാമിന്റെ മിതത്വത്തിന് ഉദാഹരണമത്രെ. സകാത്തിന്റെയും ഹജ്ജിന്റെയും മറ്റ് ആരാധനാ കാര്യങ്ങളുടെയും അവസ്ഥ ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല.
എന്നിരിക്കെ അതിരുകവിയലോ കഠിനമാക്കലോ മതം താല്പര്യപ്പെടുന്നില്ല എന്നാണ് ഈ നബിവചനം നല്‍കുന്ന പാഠം. നബി(സ)യെക്കാള്‍ കൂടുതല്‍ ഭക്തരാവാന്‍ വേണ്ടി ആരാധനകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തവരോട് പ്രവാചകന്റെ പ്രതികരണം മതപരമായ കാര്യത്തിലെ അതിരുകവിയലിനെതിരെയുള്ള ശക്തമായ താക്കീതാണ്.
പ്രവാചക നിര്‍ദേശത്തിനോ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ആശയത്തിനോ വിരുദ്ധമായി മതത്തെ ‘തീവ്ര’മാക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളിലും ജീവിതത്തിലും പരാജയമാണ് ഫലമായി ലഭിക്കുക എന്ന് ഹദീസ് വ്യക്തമാക്കുന്നു. മത നിര്‍ദേശങ്ങളെ യഥാവിധി സ്വീകരിച്ച് നേരെ ചൊവ്വെയുള്ള നിലപാട് സ്വീകരിക്കണമെന്ന് നബിതിരുമേനി ആവശ്യപ്പെടുന്നു.
മതനിര്‍ദേശങ്ങളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ദൈവസാമീപ്യം തേടുകയും പെരുമാറ്റത്തിലും വിശ്വാസ ആദര്‍ശത്തിലും നയനിലപാടുകളിലും മറ്റുള്ളവര്‍ക്ക് സന്തോഷം ജനിപ്പിക്കുന്ന തരത്തില്‍ ഇടപഴകുകയും ചെയ്യണമെന്നാണ് വിശ്വാസികള്‍ക്കുള്ള നിര്‍ദേശം. സാധ്യമാവുന്നത്ര അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട് (വി.ഖു 64:16) പ്രയാസരഹിതമായ മതത്തെ ജീവിതമാര്‍ഗമായി പുണര്‍ന്നുകൊണ്ട് സദാസമയവും പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി സാമീപ്യം തേടുന്നവനായിരിക്കണം വിശ്വാസി എന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x