23 Monday
December 2024
2024 December 23
1446 Joumada II 21

മതത്തിനകത്തെ പുതു നിര്‍മിതികള്‍ – പി മുസ്തഫ നിലമ്പൂര്‍

ലോകത്ത് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരും പ്രബോധനം ചെയ്തത് ദൈവിക മതമായ ഇസ്‌ലാമാണ്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ)യിലൂടെ ഈ മതത്തിന്റെ പൂര്‍ത്തീകരണം നിര്‍വഹിച്ചു. ഇതര മതത്തെ സ്വീകരിക്കാനോ സ്വന്തം വകയായി മാറ്റം വരുത്താനോ നബി(സ)ക്ക് പോലും അല്ലാഹു അനുവാദം നല്‍കിയിട്ടില്ല. ഇസ്‌ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.” (വി.ഖു 3:85)
”അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്കു നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെപ്പറ്റിയുള്ള കല്പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധി കല്പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്കു തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട് (വി.ഖു 42:21)
ഇസ്‌ലാമല്ലാത്ത മതം അസ്വീകാര്യവും പരലോകത്ത് നഷ്ടത്തിന് കാരണവുമാകുന്നതുമാണ്. അല്ലാഹു അനുവദിക്കാത്ത വല്ലതും ഇസ്‌ലാമില്‍ വര്‍ധിപ്പിക്കുന്ന അക്രമകാരികളെ ഉടന്‍ തന്നെ ശിക്ഷിക്കാതിരിക്കുന്നത് അന്ത്യസമയത്തിലേക്ക് വേണ്ടിയാണെന്നും മേല്‍ വചനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. പ്രവാചകന്മാര്‍ പോലും ദൈവിക സന്ദേശം പിന്തുടരുകയും അതു പ്രകാരം പ്രബോധനം ചെയ്യുകയും ചെയ്തവര്‍ മാത്രമായിരുന്നു. അവരാരും സ്വന്തം ഇഷ്ടപ്രകാരം നല്ലതാണെന്ന് ദര്‍ശിച്ച് മതത്തില്‍ വര്‍ധനവ് വരുത്തിയിട്ടില്ല.
പ്രവാചകന്മാരെ പരാമര്‍ശിക്കുന്നതിനിടെ അല്ലാഹു പറഞ്ഞു: ”അവരെ നാം നമ്മുടെ കല്പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്.” (വി.ഖു 21:73)
അല്ലാഹുവിന്റെ കല്പന പ്രകാരം മാര്‍ഗദര്‍ശനം നടത്തുകയായിരുന്നു പ്രവാചകന്മാര്‍. അവര്‍ക്ക് നന്നായി തോന്നിയിട്ടുപോലും സ്വന്തം നിലയില്‍ അത് സ്ഥാപിച്ചിട്ടില്ല. ബൈതുല്‍ മുഖദസിലേക്ക് തിരിഞ്ഞു നമസ്‌കരിച്ചിരുന്ന ഘട്ടത്തില്‍, ഖിബ്‌ലയായി മസ്ജിദുല്‍ ഹറമിനെ ലഭ്യമാവാന്‍ ആഗ്രഹിക്കുകയും അതില്‍ നന്മ ദര്‍ശിക്കുകയും ചെയ്തിട്ടും അല്ലാഹുവിന്റെ വഹ്‌യ് വരുന്നത് വരെ നബി(സ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നത് അതുകൊണ്ടാണ്. പ്രവാചക ശ്രേഷ്ഠരുടെ അവസ്ഥ തന്നെ ഇതാണെങ്കില്‍ മറ്റുള്ളവര്‍ക്കാര്‍ക്കും നന്മ ദര്‍ശിച്ചു മതകാര്യം നടപ്പിലാക്കാന്‍ അനുവാദമുണ്ടാകില്ല. തീര്‍ച്ച.
നബി(സ)യോട് അല്ലാഹു പറയുന്നു: ”നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (വി.ഖു 33:2). മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു: ”നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതു കൈകൊണ്ട് പിടികൂടുകയും, എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചു കളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല. (വി.ഖു 69:44-47)
മതത്തില്‍ വല്ലതും ചേര്‍ക്കാനോ കുറവു വരുത്താനോ പ്രവാചകര്‍ക്ക് പോലും അനുവാദമില്ലെന്നും അവര്‍ തന്നെ അങ്ങനെ ചെയ്താല്‍ കടുത്ത ശിക്ഷയില്‍ അല്ലാഹു അവരെ പിടികൂടുമെന്നും മേല്‍ വചനത്തില്‍ വ്യക്തമാണ്. ഇസ്‌ലാം പൂര്‍ത്തിയായിട്ടുണ്ട് എന്നതാണതിന് കാരണം. ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തി തന്നിരിക്കുന്നു (വി.ഖു 5:3)
ആ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഇമാം മാലിക്(റ) പറഞ്ഞതായി ഇമാം ശാത്വിബി(റ) രേഖപ്പെടുത്തുന്നു: ”വല്ലവനും ഇസ്‌ലാമില്‍ നല്ലതിന്റെ അടിസ്ഥാനത്തില്‍ പുതുനിര്‍മിതി കൊണ്ടുവന്നാല്‍ നിശ്ചയമായും മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തില്‍ വഞ്ചന നടത്തിയെന്ന് ജല്പിക്കുകയാണ് അവന്‍ ചെയ്യുന്നത് (അല്‍ ഇഅ്തിസ്വാം 1:28)
റസൂല്‍(സ) പറഞ്ഞു: നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) ഇല്ലാത്തത് ആരെങ്കിലും പുതുതായി നിര്‍മിച്ചാല്‍ അതു തള്ളപ്പെടേണ്ടതാണ്. (ബുഖാരി 2697)
അബീഅബ്ദില്ലാഹി ഉബൈദില്ലാഹില്‍ ബത്വ (ഹിജ്‌റ 304-387) ഇബ്‌നു ഉമറില്‍ നിന്ന് ഉദ്ധരിക്കുന്നു: ”എല്ലാ ബിദ്അത്തും വഴികേടാണ്. ജനങ്ങള്‍ അതിനെ നല്ലതായി ദര്‍ശിച്ചാലും. (അല്‍ഇബാന 1:339). ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നീ ദീനില്‍ നേരെ ചൊവ്വേ സുദൃഢമായി നിലകൊള്ളുക. പുതു നിര്‍മിതിയെ സൂക്ഷിക്കുക. (സുനനുദാരിമി 141)
ഹുദൈഫ തുല്‍യമന്‍(റ) പറയുന്നു: റസൂലിന്റെ(സ) സ്വഹാബത്ത് ആചരിക്കാത്ത ഒരാരാധനയും ആചരിക്കരുത്. മുന്‍കാലക്കാര്‍ പിന്‍കാലക്കാര്‍ക്ക് ഒരു വാക്കും ബാക്കി വെച്ചിട്ടില്ല. അതുകൊണ്ട് ഹേ പാരായണക്കാരെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് മുമ്പുള്ളവരില്‍ നിന്ന് (സ്ഥാപിതമായ) മാര്‍ഗത്തെ സ്വീകരിക്കുക. (അല്‍ഇബാന)
ബിദ്അത്തുകാരെ നാം അവഗണിക്കുക. അവരെ ആദരിക്കാനോ സഹായിക്കാനോ പാടില്ല. അത് മതത്തെ തകര്‍ക്കാന്‍ കൂട്ടു നില്‍ക്കലാണ്. ”ആരെങ്കിലും ബിദ്അത്തുകാരനെ ആദരിച്ചാല്‍ അവന്‍ ഇസ്‌ലാമിനെ പൊളിക്കാന്‍ സഹായിച്ചവനായി (ത്വബ്‌റാനി, മുസ്‌നദ് ശാമിയയ്ന്‍ 1:233, മുഅ്ജമുല്‍ കബീര്‍ 20:96)
നബി(സ)യുടെ ഖബ്ര്‍ ത്വവാഫ് ചെയ്യുന്നതിനെയും ഖബ്ര്‍ ഭിത്തികളില്‍ ശരീരം ചേര്‍ത്തുവെക്കുന്നതിനെയും വിമര്‍ശിച്ചുകൊണ്ട് ഇമാം നവവി(റ) പറയുന്നു: ”പൊതുജനങ്ങളും മറ്റും ആചരിക്കുന്ന പുതു നിര്‍മിതികളിലേക്കും വിഡ്ഢിത്തങ്ങളിലേക്കും നിങ്ങള്‍ ശ്രദ്ധിക്കുകയേ ചെയ്യരുത്. കാരണം ആഇശ(റ)യില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: നമ്മുടെ ദീനില്‍ വല്ലവനും പുതിയത് നിര്‍മിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്. മുസ്‌ലിമിന്റെ രിവായത്തില്‍ ആരെങ്കിലും നമ്മുടെ കല്പനയിലില്ലാത്തത് പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്.” (ശറഹുല്‍ മുഹദ്ദബ് 8:275)
ബിദ്അത്തിന്റെ ഗൗരവം
ബിദ്അത്തുകാരന്‍ അക്രമിയും ശിക്ഷകള്‍ക്ക് വിധേയനുമാണെന്നും ബിദ്അത്ത് ആചരിക്കുന്നതിലൂടെ നബി(സ)യുടെ രിസാലത്തില്‍ വഞ്ചന കാട്ടിയെന്ന് ജല്പിക്കുകയാണ് ചെയ്യുന്നത് എന്ന ഇമാം മാലികിന്റെ പ്രസ്താനവയും ബിദ്അത്തിന്റെ ഗൗരവം ബോധ്യമാക്കുന്നുണ്ട്. സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന മുഴുവന്‍ കാര്യങ്ങളും നബി(സ) നമ്മോട് കല്പിക്കുകയും നരകത്തിലേക്കടുപ്പിക്കുന്നവ നമ്മോട് വിരോധിക്കുകയും ചെയ്തിട്ടുണ്ട്.
പൂര്‍ണ മതമായി ഇസ്‌ലാമിനെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കെ അതില്‍ വര്‍ധനവ് വരുത്തുന്നത് അല്ലാഹുവിന്റെ കോപത്തിന് കാരണമാകും. മറ്റു തിന്മകളേക്കാള്‍ പിശാച് ഇഷ്ടപ്പെടുന്നത് ബിദ്അത്തിനെയാണ്. തൗബക്കുള്ള സാധ്യത ഇല്ലാത്തതിനാലാണത്. ബിദ്അത്തിന്റെ ഗൗരവത്തെ അറിയിക്കുന്ന ഒട്ടേറെ രിവായതുകള്‍ വിവിധ മാര്‍ഗങ്ങളിലൂടെ വന്നിട്ടുണ്ട്. അതില്‍ പെട്ട ചില വചനങ്ങളെ ഇപ്രകാരം സ്വാംശീകരിക്കാം. ”ജനങ്ങളില്‍ അല്ലാഹുവിന് ഏറെ വെറുപ്പുള്ള മൂന്നു പേരുണ്ട്. ഹറമില്‍ വെച്ച് അതിക്രമം പ്രവര്‍ത്തിക്കുന്നവന്‍, ഇസ്‌ലാമില്‍ ഇല്ലാത്ത അനാചാരങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍, അന്യായമായി മുസ്‌ലിമിന്റെ രക്തം ചിന്താന്‍ തുനിയുന്നവന്‍. (ബുഖാരി 6882)
”അവസാന കാലത്ത് ചില വ്യാജ വാദികള്‍ വരും. നിങ്ങളോ നിങ്ങളുടെ പഠിതാക്കളോ കേട്ടിട്ടില്ലാത്ത ചില വാര്‍ത്തകളുമായി അവര്‍ നിങ്ങളില്‍ വരും. അതിനാല്‍ നിങ്ങള്‍ അവരെ സൂക്ഷിക്കുക. അവര്‍ നിങ്ങളെ തെറ്റിക്കാതിരിക്കാനും നിങ്ങളെ കുഴപ്പകത്തിലകപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക.” (മുസ്‌ലിം 16). ”കാര്യങ്ങളില്‍ വെച്ച് ഏറ്റവും നികൃഷ്ടമായത് ദീനില്‍ പുതുതായി ഉണ്ടാക്കുന്നവയാണ്. എല്ലാ പുതു നിര്‍മിതിയും വഴികേടിലാണ് (മുസ്‌ലിം). എല്ലാ വഴികേടും നരകത്തിലാണ് (സുനനു നസാഈ 1578). ബിദ്അത്തുകാരന്‍ മരിച്ചാല്‍ ഇസ്‌ലാമിന് മഹത്തായ വിജയം സിദ്ധിച്ചു (ദൈലമി – ഖത്വീബ്, ഫൈളുല്‍ ക്വദീര്‍ 853)
”എന്റെ സമുദായത്തെ വല്ലവനും വഞ്ചിച്ചാല്‍ അവന് അല്ലാഹുവിന്റെയും മലക്കുകളുടെയും സര്‍വ മനുഷ്യരുടെയും ശാപമുണ്ടായിരിക്കും. സ്വഹാബികള്‍ ചോദിച്ചു. പ്രവാചകരേ എന്താണ് വഞ്ചന? നബി(സ) പറഞ്ഞു. അവന്‍ ആളുകള്‍ക്ക് ബിദ്അത്ത് ഉണ്ടാക്കുകയും അവരത് പ്രവര്‍ത്തിക്കുകയും ചെയ്യുക. (ജംഉല്‍ ജവാമിഅ് 5761)
”ഞാന്‍ ഹൗളിങ്കല്‍ (ഹൗളുല്‍ കൗസര്‍) നിങ്ങള്‍ക്ക് മുമ്പേ എത്തുന്നതാണ്. എന്റെ അരികിലൂടെ വരുന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍ നിന്ന് കുടിച്ചവര്‍ക്കാര്‍ക്കും പിന്നെ ഒരിക്കലും ദാഹിക്കില്ല. ചിലയാളുകള്‍ എന്റടുത്തേക്ക് വരും. ഞാന്‍ അവരെയും അവര്‍ എന്നെയും അറിയും. പിന്നെ എനിക്കും അവര്‍ക്കും ഇടയില്‍ മറയിടപ്പെടും. അപ്പോള്‍ ഞാന്‍ പറയും. അവര്‍ എന്റെ ഉമ്മത്തുകളാണ്. അന്നേരം പറയപ്പെടും. താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതു നിര്‍മിച്ചതിനെക്കുറിച്ച് താങ്കളറിയില്ല. അപ്പോള്‍ ഞാന്‍ പറയും. എന്റെ ശേഷം മതത്തില്‍ മാറ്റം വരുത്തിയവന്‍ ദൂരെ പോകട്ടെ. (ബുഖാരി 6212, മുസ്‌ലിം 2290)
ബിദ്അത്തുകാരന്റെ പുണ്യകര്‍മങ്ങളോ തൗബയോ സ്വീകരിക്കുകയില്ല. (ഇബ്‌നുമാജ 50, ഫൈളുല്‍ ഖദീര്‍ 40). ബിദ്അത്തുകാര്‍ നീചരും നരകത്തിലെ പട്ടികളും സുന്നത്തിനെ നിരോധിച്ച് ബിദ്അത്തിനെ ജീവിപ്പിക്കുന്നവരുമാണെന്നും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.
മതത്തില്‍ ഭിന്നതയുണ്ടാക്കുന്നവരുമായി നബിയെ, താങ്കള്‍ക്ക് ഒരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലാണ് എന്ന (വി.ഖു 6:159) ന്റെ വ്യാഖ്യാനത്തില്‍ നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. ”തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നവരും ബിദ്അത്തുകാരുമാണവര്‍. അവര്‍ക്ക് തൗബയില്ല. ഞാന്‍ അവരില്‍ നിന്നും അവര്‍ എന്നില്‍ നിന്നും ഒഴിവായവരാണ്. (കന്‍സുല്‍ ഉമ്മാല്‍ 2:406).

Back to Top