6 Friday
December 2024
2024 December 6
1446 Joumada II 4

മണ്‍മറഞ്ഞ മാമൂലുകള്‍ – മൊയ്തു അഴിയൂര്‍

അരനൂറ്റാണ്ട് മുമ്പുവരെ മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിത പരിസരങ്ങളില്‍ സജീവമായി നിലനിന്നിരുന്ന ഒട്ടനേകം ആചാരങ്ങളും മാമൂലുകളും ഇന്ന് നിലനില്‍ക്കുന്നില്ല. ഇതില്‍ പ്രഥമ ഗണനീയം വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലും ആചാരങ്ങളിലും ചടങ്ങുകളിലും സംഭവിച്ച സമൂലമായ പരിവര്‍ത്തനങ്ങള്‍ തന്നെയാണ്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പു വരെ മലബാറിലെ മുസ്‌ലിം വിവാഹങ്ങളെല്ലാം വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാവുകളിലായിരുന്നു. ചൊവ്വ, ശനി, ഞായര്‍ പോലുള്ള ദിവസങ്ങള്‍ അചിന്തനീയമായിരുന്നു. പകല്‍വെളിച്ചത്തിലെ വിവാഹങ്ങളും പതിവില്ലായിരുന്നു. ഹിജ്‌റ വര്‍ഷ മാസമനുസരിച്ചാണ് കല്യാണ ദിവസങ്ങള്‍ നിശ്ചയിച്ചിരുന്നത്.  അത് ഒറ്റയിലവസാനിക്കുന്ന തീയതികളിലായാല്‍ ബഹുകേമമായി. മഹല്ല് ഭരണാധികാരികളുടെ സാന്നിധ്യം ഇന്നത്തെപ്പോലെ അന്നും ‘നാള് കുറിക്കുന്നതിന് നിര്‍ബന്ധമായിരുന്നു.
പന്തലിടുന്നതും സദ്യയൊരുക്കുന്നതുമെല്ലാം അയല്‍ക്കാരുടെയും ബന്ധുക്കളുടെയും ബാധ്യതയായിരുന്നു. ചിലപ്പോള്‍ സാമ്പത്തിക പ്രയാസങ്ങളുള്ളവരെ സഹായിക്കാന്‍“തളിക വെക്കുക” എന്നൊരു ഏര്‍പ്പാടുമുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹം സമുദായത്തിന്റെ പൊതു ഉത്തരവാദിത്വമായിട്ടാണ് അന്നുള്ളവര്‍ കരുതിയിരുന്നത്.
പെട്രോമാക്‌സ് വിളക്കുകള്‍ പോലുള്ള അപൂര്‍വം ചില വസ്തുക്കളല്ലാതെ പന്തലും പാത്രങ്ങളുമൊന്നും വാടകക്കില്ലായിരുന്നു. വിവാഹാഘോഷങ്ങളുടെ അന്നത്തെ ഉജ്ജ്വലമായ വര്‍ണ്ണപ്പൊലിമ വെളിച്ചമായിരുന്നു. മുട്ടവിളക്കിന്റെയും ചുകന്നരണ്ട ചിമ്മിണി വെട്ടത്ത് നിന്ന് നാടും വീടും കാന്തവിളക്കിന്റെ അഭൂതപൂര്‍വ്വമായ പ്രഭാപൂരത്തിലേക്ക് ജ്വലിച്ചുയരുന്ന അസുലഭ വേള. പോയകാലത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മൃതിയായി യു എ ഖാദറിന്റെയും എന്‍ പി മുഹമ്മദിന്റെയുമൊക്കെ സാഹിത്യകൃതികളില്‍ ആ കാലത്തെ അടയാളപ്പെടുത്തുന്ന കഥാപാത്രമായിരുന്നു പെട്രോമാക്‌സ് വിളക്കുകള്‍.
നിശയുടെ നിതാന്ത നിശ്ശബ്ദത. കെസ്സ്പാട്ടിന്റെ ശബ്ദമധുരിമ. ശുഭ്രസുന്ദരമായ ഉടുപുടവകളണിഞ്ഞ മണവാളന്‍. ചുറ്റും ചങ്ങാതിമാര്‍. തുറന്നുപിടിച്ച ശീലക്കുടക്കീഴിലൂടെ, കാന്തവിളക്കിന്റെ വെള്ളിവെളിച്ചത്തില്‍ കഴുത്ത് നിറയെ കസവിന്റെ മാലയുമിട്ട് തലയില്‍ കറുത്ത തൊപ്പിയുമണിഞ്ഞ് മന്ദം മന്ദം നടന്നുനീങ്ങുന്ന പുതിയാപ്പിള. ആ കാലത്തിന്റെ അതീവ ഹൃദ്യമായ ദൃശ്യചാരുതകളിലൊന്നായിരുന്നു ഇത്.
അമ്മായി ചുട്ട അപ്പത്തരങ്ങളുടെ” വര്‍ണ്ണനകളിലെന്ന പോലെ സന്ദര്‍ഭങ്ങള്‍ക്കൊത്ത് ഈണത്തിലും വരികളിലും വൈവിധ്യമുള്ള മാപ്പിളപ്പാട്ടുകളുമുണ്ട്, ഈ കല്ല്യാണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍. ഉദാഹരണമായി“പുയ്യാപ്പഌയും കൂടെയുള്ള“പാലോര്‍ക്കമ്മാരും”വധൂഗൃഹത്തിലേക്ക് പോകുമ്പോഴുള്ള പാട്ട് അറിയപ്പെട്ടിരുന്നത് വയിനീളം എന്ന പേരിലായിരുന്നു.“
പുയ്യാപ്ലാ!
പുതു പുതുമാരന്‍
ഇതയിദ പുറപ്പെടുന്നേ
എന്നതാണ് മാര്‍ച്ചിങ്ങ് സോങ്ങ് പോലുള്ള അതിന്റെ ചരണത്തിലെ വരികള്‍.  പുതിയാപ്പിളയും പരിവാരങ്ങളും മണിയറ പൂകിയാലാണ് അമ്മായിപ്പാട്ടിന്റെ ആരംഭം. പാട്ടിനൊപ്പിച്ചുള്ള പ്രത്യേക താളത്തിലെ കൈമുട്ട് അതീവ ഹൃദ്യമാണ്.  പാട്ട് നിര്‍ത്തണമെങ്കില്‍ അമ്മായി അടുക്കുകളായി പാട്ടുകാര്‍ക്ക് വെറ്റില വെക്കണം.
പ്രാമാണികമായി നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട നിക്കാഹുകള്‍ പോലും നാട്ടാചാരങ്ങളുടെയും മാമൂലുകളുടെയും നൂലാമാലകളില്‍ നിന്ന് വിമുക്തമായിരുന്നില്ല. മറ്റു മതങ്ങളിലെന്ന പോലെ പൗരോഹിത്യത്തിന്ന് വലിയ റോളൊന്നുമില്ല ഇസ്‌ലാമിലെ വൈവാഹിക കര്‍മ്മങ്ങളില്‍. ലളിതവും സുതാര്യവുമാണത്. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ വരനും വധൂപിതാവും തമ്മിലുണ്ടാക്കുന്ന ഒരു കരാര്‍. വരന്‍ വധുവിന്ന് വിവാഹമൂല്യം (മഹര്‍) നല്‍കണമെന്നതാണ് മുഖ്യ ഉപാധി.“അത് ഒരു കൂമ്പാരം സ്വര്‍ണമോ ഒരു വെള്ളി മോതിരമോ അങ്ങനെ ഉഭയകക്ഷി സമ്മതപ്രകാരം എന്തുമാവാം എന്നാണ് പ്രവാചക വചനം.
എന്നാല്‍ ആ കാലത്ത് നിക്കാഹിന്റെ പ്രതിജ്ഞാവചനങ്ങളില്‍ പോലും മഹറിന്ന് വലിയ പ്രസക്തിയോ, പ്രാധാന്യമോ നല്‍കിയിരുന്നില്ല. അര്‍ത്ഥവും അളവുമറിയാതെ ഖാസി ചൊല്ലിക്കൊടുക്കുന്ന വിരസമായ ആവര്‍ത്തന വാക്യങ്ങള്‍ വരനും വധൂപിതാവും അര്‍ഥമറിയാതെ യാന്ത്രികമായി ഏറ്റ് ചൊല്ലുമെന്ന് മാത്രം. തുരുമ്പെടുത്ത ചരിത്രത്തിന്റെ അവശിഷ്ടമായി മിസ്‌രി മിസ്‌കാല്‍ ദഹബ് (ഈജിപ്തിലെ സ്വര്‍ണ്ണത്തിന്റെ തൂക്കം) എന്ന അറബി വാക്കുകള്‍ കുടുംബ മഹിമയ്ക്കനുസരിച്ച് ഏറ്റക്കുറച്ചിലോടെ ഖാസി വെറുതെ ഉരുവിടുന്നു എന്നല്ലാതെ അതിന്റെ പ്രാധാന്യവും മതവിധിയും പാലിച്ച് മഹര്‍ ഇന്നത്തെപ്പോലെ നിശ്ചിത അളവില്‍ ഒരിക്കലും നല്‍കിയിരുന്നില്ല. നാട്ടുമൊഴിയില്‍ അന്ന് മഹറിന്റെ പേരു തന്നെ ‘തൊട്ടപൊന്ന്’ എന്നായിരുന്നുവെന്നാണോര്‍മ്മ.
വിവാഹാഘോഷങ്ങളോടനുബന്ധിച്ച് ഭക്ഷ്യവിഭവങ്ങളുടെ മഹാമേളയൊരുക്കുന്ന വര്‍ത്തമാനകാല സുഭിക്ഷതയില്‍ നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെയുള്ള വടക്കെ മലബാറിലെ മുസ്‌ലിം വിവാഹസദ്യകളെക്കുറിച്ചറിയുന്നത് കൗതുകകരമാണ്. മുറ്റത്ത് പായ വിരിച്ച് വൃത്തത്തിലുള്ള കൈതോല പായയുടെ സുപ്ര ഇടുന്നു. അതിന്ന് വട്ടം ചുറ്റി പ്രത്യേക സ്റ്റൈലില്‍ കാല് മടക്കിയാണ് ഇരിക്കുക. നെയ്‌ച്ചോറും മൂരിയിറച്ചിയുമാണ് ഏറ്റവും മുന്തിയ സദ്യ. ഒരേ തളികയില്‍ നിന്ന് ഒന്നായി കഴിക്കുന്ന അറേബ്യന്‍ രീതിയായിരുന്നു അന്ന്. പിന്നെയാണ് ഓരോരുത്തര്‍ക്കും വിളമ്പിയെടുക്കാന്‍ പ്രത്യേകം പ്രത്യേകം പ്ലെയിറ്റുകള്‍ വരുന്നത്. ബിരിയാണിയൊക്കെ സാര്‍വ്വത്രികമാവുന്നത് പിന്നെയും ഒരുപാട് കഴിഞ്ഞിട്ടാണ്.
അര്‍ധരാത്രിയിലാണ് കല്യാണ സദ്യകളധികവും. ഇന്നത്തെപ്പോലെ വലിയ ആഘോഷ മഹാമഹങ്ങളൊന്നുമില്ലെങ്കിലും അന്നും ‘മൈലാഞ്ചി രാവ്’ ഉണ്ടായിരുന്നു. ക്ഷണിതാക്കള്‍ ഏറ്റവുമടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം. വധുവിനെ മൈലാഞ്ചി അണിയിക്കുന്നതോടൊപ്പം അന്നാണ് പിണങ്ങി നില്‍ക്കുന്ന പുതിയാപ്പിളമാരെയും കുടുംബാംഗങ്ങളെയുമൊക്കെ പൗരമുഖ്യരുടെ ഇടപെടലുകളോടെ ഇണക്കിയെടുക്കുന്ന ദിവസം.
കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കെ മലബാറിലെ തീരപ്രദേശങ്ങളിലെ പുതിയാപ്പിള സമ്പ്രദായത്തില്‍ പെണ്‍വീട്ടുകാര്‍ വരനോടും കുടുംബത്തോടും എപ്പോഴും വല്ലാത്ത വിധേയത്വത്തോടെയും താഴ്മയോടെയും ബഹുമാന ആദരവുകളോടെയും ഇടപഴകാന്‍ ബാധ്യസ്ഥരാണ്. സാര്‍വാദരണീയനാണ് പുതിയാപ്പിള. തൊണ്ണൂറ് വയസ്സുള്ള കിഴവനാണെങ്കില്‍ പോലും വരനെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കണം. അതാണ് നാട്ട് ചട്ടം… ഭാര്യയുടെ കുടുംബത്തിലെ ആബാലവൃദ്ധം അദ്ദേഹത്തെ നിങ്ങളെന്നേ വിളിക്കാവൂ. ബഹുമാനാദരവുകളില്‍ ചെറിയൊരു പോരായ്മ മതി ബന്ധം വേര്‍പെടുത്താന്‍.
അമ്മോശന്റെ മയ്യത്ത് പുതിയാപഌയെ പരിഗണിക്കാതെ പള്ളിയിലെടുത്ത തെറ്റിന്ന് ഖബറിടത്തിന്നരികില്‍ വന്ന് കശപിശയുണ്ടാക്കിയ പുതിയാപഌയെ മെരുക്കിയെടുത്തൊരു കഥയുണ്ട് പ്രചാരത്തില്‍. കൂട്ടത്തില്‍ കായബലമുള്ള ഒരാള്‍ അരികില്‍ വിളിച്ചുനിര്‍ത്തി ചെവിയിലൊരു സ്വകാര്യമോതി. അത് കേള്‍ക്കേണ്ട താമസം അത്യാഹ്ലാദത്തോടെ ചിരിച്ചുകൊണ്ട് ‘എന്നാലിത് ഇങ്ങക്ക് കൊറച്ച് നേരത്തെ പറഞ്ഞൂടായിനോ’ എന്നു പറഞ്ഞ് അയാള്‍ അമ്മോശനെ ഖബറടക്കാന്‍ മറ്റുള്ളവരോടൊപ്പം ആവേശത്തോടെ മുന്നിലിറങ്ങി. പുതിയാപ്പിളക്ക് നല്‍കിയ ‘ചികിത്സ’യറിയാന്‍ ചുറ്റും കൂടിയവരോട് ചെറുപ്പക്കാരന്‍ പറഞ്ഞു:‘”ഞാനിതേ പറഞ്ഞുള്ളൂ: ഒറ്റയടിക്ക് ഇന്റെ പല്ല് മുപ്പത്തിരണ്ടും ഞാന്‍ തുപ്പിക്കും ഹമ്‌ക്കേ.”
ആ കാലത്ത് പള്ളി മുത്തവല്ലിമാരുടെയും, പൗരമുഖ്യരുടെയുമൊക്കെ സേവന പ്രവര്‍ത്തനങ്ങളില്‍ പ്രധാന ഇനങ്ങളിലൊന്ന് ‘ബയക്കായ പുയ്യാപ്പഌന എണക്ക’ലായിരുന്നു. പള്ളിക്കര വി പി മുഹമ്മദിന്റെ തേന്‍തുള്ളി വടക്കെ മലബാറിലെ അമ്പതാണ്ടുകള്‍ക്ക് മുമ്പുള്ള മുസ്‌ലിം സാമൂഹിക ജീവിത പശ്ചാത്തലത്തിന്റെ പരിച്ഛേദനമാണ്. ഈ നോവല്‍ സിനിമയാക്കിയപ്പോഴാണ്, വി ടി മുരളി പി ടി അബ്ദുറഹ്മാന്റെ ‘ഓത്തുപള്ളി’ ആദ്യമായി പാടിപ്പതിപ്പിച്ചത്.
നാല്‍പത് നാള്‍ കഴിയുന്നതുവരെ പുതിയാപ്പിളമാര്‍ക്ക് മാംസാഹാരമല്ലാതെ മത്സ്യം നല്‍കരുതെന്നാണ് നാട്ടുനടപ്പ്. ഇത് ലംഘിക്കുന്നു, ഉല്‍പതിഷ്ണുവായ നോവലിലെ നായകന്‍. ആഴ്ചയൊന്ന് തികയുന്നതിന് മുമ്പെ വലിയൊര് അയക്കൂറയുമായി പട്ടാപ്പകല്‍ ഭാര്യാവീട്ടില്‍ വരുന്ന ധൈര്യശാലി. യു എ ഖാദറിന്റെ ഖുറൈശിക്കൂട്ടത്തിലുമുണ്ടെന്ന് തോന്നുന്നു ഇതുപോലുള്ള കഥാപാത്രങ്ങള്‍. എന്നും ഒന്നും ഒരുപോലെയാവില്ലല്ലോ. എന്നെങ്കിലും എന്തെങ്കിലും സംഭവിച്ചല്ലേ തീരൂ! അതെ മാറ്റമില്ലാത്തത് മാറ്റം മാത്രം. ഇതാ! കാലത്തിന്റെ മഹാപ്രവാഹത്തില്‍ മെല്ലെ, മെല്ലെ പുരുഷമേധാവിത്വത്തിന്റെ കോട്ട കൊത്തളങ്ങളില്‍ വിള്ളലുകള്‍ വീഴുന്നു. സ്വന്തം പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ വരന്മാരുള്ള ഭവനങ്ങളുടെ പടിവാതിലുകളില്‍ യാചനാഭാവത്തില്‍ ഒതുങ്ങി നിന്നിരുന്ന, കടുത്ത സാമ്പത്തിക ബാധ്യതയില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന, ബാപ്പമാരിപ്പോള്‍ സമാശ്വാസത്തിന്റെ ആത്മാഭിമാനത്തിന്റെ, ധന്യതയുടെ സുഖശീതളിമയിലാണ്.
Back to Top