ഭരണഘടനാ സംരക്ഷണം തന്നെയാണ് രാജ്യത്തിന്റെ അടിയന്തിര ചുമതല ഗുലാം ഗൗസ് സിദ്ദീഖി
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഇങ്ങനെയാണ്: ”നമ്മള്, ഭാരതത്തിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില് വെച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.” ഭരണഘടനയുടെ മുഖവുരയായ ഈ പ്രസ്താവന ഭരണഘടനയുടെ പരമപ്രധാനമായ തത്വങ്ങളെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
ഭരണഘടന പൗരന് നല്കുന്ന പ്രധാന അവകാശങ്ങള്‍ ഇവയാണ്: 1) സമത്വത്തിനുള്ള അവകാശം. ഇതില്‍ തന്നെ പ്രധാനമായും അഞ്ചു കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നു. (എ) നിയമത്തിന്റെ തുല്യപരിരക്ഷ. (ബി) സാമൂഹിക സമത്വം. (സി) തുല്യ അവസരം. (ഡി) തൊട്ടുകൂടായ്മ ഉന്മൂലനം ചെയ്യുക. (ഇ) പ്രത്യേക പേരിലുള്ള പദവികള്‍ ഇല്ലാതാക്കല്‍.
(2) സ്വാതന്ത്ര്യത്തിനുള്ള അവകാശം. അതായത് ആവിഷ്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, നിരായുധരായി സമാധാനത്തോടെ ഒത്തുകൂടാനുള്ള സ്വാതന്ത്ര്യം, സ്വതന്ത്രമായി സഞ്ചരിക്കാനും രാജ്യത്തിന്റെ ഏതു ഭാഗത്തും താമസിക്കാനുമുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും കച്ചവടം നടത്താനുമുള്ള സ്വാതന്ത്ര്യം എന്നിവ ഇതില്‍ പെടുന്നു. (3) ചൂഷണത്തിന് എതിരായുള്ള അവകാശം. (4) ഭരണഘടനപരമായി പരിഹാരങ്ങള്‍ കാണാനുള്ള അവകാശം.
‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന ആമുഖ പ്രസ്താവന എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്നതാണ്. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ജൂതന് സിഖ് തുടങ്ങിയ വിവിധ മത വിഭാഗങ്ങളും മതമില്ലാത്തവരും അതില്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടുതന്നെ മതം, ജാതി, സംസ്കാരം, വംശം എന്നിവ അടിസ്ഥാനമാക്കി യാതൊരു തരത്തിലുള്ള വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ല. എല്ലാ തലത്തിലുള്ള ജനങ്ങള്‍ക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അംഗീകൃത പ്രമാണമായി ഉറപ്പ് വരുത്തിയിരിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടാന്‍ കാരണം അത് ജനതയെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും സംസ്കാരത്തിലേക്ക് ബന്ധിപ്പിക്കുന്നു എന്നതിനാലാണ്. ഭരണഘടനയുടെ തത്വങ്ങളെയും ഉപവാക്യങ്ങളെയും പ്രാഥമികമായി വ്യാഖ്യാനിക്കാന്‍ ഇവരുടെ സിദ്ധാന്തങ്ങളെയാണ് നാം ആശ്രയിക്കുന്നത്.
ഓരോ ഇന്ത്യക്കാരന്റെയും മൗലികാവകാശങ്ങളില്‍പെട്ട വായിക്കാനും വിശകലനം ചെയ്യാനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം സധൈര്യം ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സി എ എ, എന്‍ ആര് സി നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നു. പൗരന്റെ ജീവിതത്തിനും അഭിമാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഈ നിയമങ്ങള്‍ക്കു ഒരു വിലയും കല്പിക്കില്ലെന്നു ജനങ്ങള്‍ ശബ്ദമുയര്‍ത്തുന്നു. ഈ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും അഭിഭാഷകരും ന്യായാധിപന്മാരും ചെറുപ്പക്കാരും പ്രായമായവരുമെല്ലാം പങ്കാളികളാകുന്നു. ജാതിമത വ്യത്യാസമില്ലാതെ സ്ത്രീകളും തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യവും സമഗ്രതയും സംരക്ഷിക്കാന്‍ റോഡുകളിലിറങ്ങി പ്രതിഷേധിക്കുന്നു; ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിച്ച അതേ മനോഭാവമാണ് ഈ സമരങ്ങളുടെ കാതല്‍.
ഗംഗ, യമുന സംസ്കാരത്തിന്റെ വൈവിധ്യങ്ങള്‍ വീഡിയോ സ്ക്രീനുകളിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ കാണണമെന്ന് നിരവധി ബുദ്ധിജീവികളും ചിന്തകരും പത്രപ്രവര്‍ത്തകരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അവരുടെ സ്വപ്നം സഫലമായിരിക്കുന്നു. വൈകാതെ തന്നെ ഗാലറിയില്‍ കളി കാണുന്നവരും വിദ്വേഷം, ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം, വിവേചനപരമായ ബില്ലുകള്‍ എന്നിവയില്‍ നിന്ന് ആസാദി പോലുള്ള മുദ്രാവാക്യങ്ങളെ പിന്തുണച്ചു സമാധാനപരമായി മുന്നിട്ടിറങ്ങുമെന്നു പ്രതീക്ഷിക്കാം.
നിയമ നിര്‍മാണ സമിതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനു ശേഷവും നമ്മുടെ സമൂഹം ഇപ്പോഴും നീതിന്യായത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. എങ്കിലും സാധാരണക്കാരായ ഹിന്ദുക്കള്‍ വ്യാപകമായി ഈ പ്രതിഷേധത്തില്‍ ഭാഗമാകുന്നത് വരെ മോദി അമിത്ഷാ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനാകില്ല. ഈ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ബി ജെ പി സര്‍ക്കാരിനെ എതിര്‍ക്കുന്ന ഗ്രൂപ്പുകളില്‍ മാത്രമായി പരിമിതപ്പെട്ടു കൂടാ. മുസ്ലിംകളും ലിബറല്‍ മധ്യവര്‍ഗക്കാരുമാണ് ഇപ്പോള്‍ സമരം നടത്തുന്നവരില്‍ പ്രധാനം. പ്രഫഷണലുകള്‍, ഇടതു പക്ഷക്കാര്‍, ക്ഷുഭിതരായ വിദ്യാര്‍ഥികള്‍, അരാഷ്ട്രീയ വാദക്കാര്‍ എന്നിവരുടെ പങ്കാളിത്തം കൂടുതല്‍ അതിശയിപ്പിക്കുന്നു. അവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിശ്ശബ്ദരായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുകയും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇവരില്‍ തന്നെ വിരലില്‍ എണ്ണാവുന്നവരാണ് 2019 ബി ജെ പിക്ക് വോട്ട് ചെയ്തത്. പ്രതിഷേധം വിപുലീകരിക്കുന്നത് സി എ എ, എന്‍ ആര് സി, എന്‍ പി ആര് വിരുദ്ധ സമരങ്ങളുടെ പ്രതിഫലനത്തെ ആശ്രയിച്ചായിരിക്കും. ചില മുസ്ലിംകള് സ്വത്വ വാദത്തെ അടിസ്ഥാനപ്പെടുത്തി ഈ സമരത്തെ സമീപിക്കുന്നുണ്ട്. ജിഹാദി വ്യാഖ്യാനം നല്‍കാനാണവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത മുസ്ലിംകള് ആ രീതി തള്ളിക്കളഞ്ഞു. പകരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു ന്യൂനപക്ഷ ഭാഗമെന്ന നിലയില്‍ അവര്‍ സമാധാനപരമായി പ്രതിഷേധങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. അക്രമത്തിന്റെ പാത സ്വീകരിക്കുന്നില്ല. സമാധാനപരമായ വഴിയിലാണവരുടെ പ്രതിഷേധ സമരങ്ങള്‍.
മുസ്ലിംകള് ഭയപ്പെടുമെന്നു കരുതിയ ഇസ്ലാമിക വ്യക്തിനിയമങ്ങളുടെ ക്രിമിനല്‍വത്കരണം, ബാബരി മസ്ജിദ് പൊളിക്കല്‍ തുടങ്ങിയ സമീപകാല പ്രശ്നങ്ങളിലും അവര്‍ അവധാനത പാലിച്ചു. അവരുടെ സംയമനം സമാധാനം നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമാണ് ചെയ്തത്. തങ്ങളുടെ ഭരണഘടന അപകടത്തിലാണെന്ന് അവര്‍ ചിന്തിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടന മൂല്യങ്ങളും നൈതിക മൂല്യങ്ങളും പ്രഖ്യാപിക്കേണ്ട സമയം ഇതാണെന്നു അവര്‍ കരുതുന്നു. പ്രതിഷേധക്കാര്‍ അവരുടെ പ്രതിഷേധത്തെ മതപരം ആക്കുന്നതിനു പകരം മതപരമായ വാക്കുകള്‍ ഒഴിവാക്കി മതേതരത്വം നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്.
ഇന്ത്യന്‍ ഭരണഘടന ആത്മീയ പ്രാധാന്യം ഉള്ളതാണെന്നും രാജ്യത്ത് താമസിക്കുന്ന എല്ലാവര്ക്കും സുരക്ഷ, പൗരത്വം, അഭിമാനം, അന്തസ് എന്നിവ ഉറപ്പു നല്കുന്നു എന്നും മുസ്ലിംകള് വിശ്വസിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെ എന്ത് വില കൊടുത്തും മാനിക്കുമെന്നും അനുസരിക്കുമെന്നും അവര്‍ വാഗ്ദാനം നല്കുന്നു. തീര്‍ച്ചയായും അവരുടെ സമരം വിജയം കാണുമെന്ന് തന്നെ കരുതാം.
വിവ:
ഫാഇസ് അബ്ദുല്ല മുട്ടില്‍