ബ്രെക്‌സിറ്റില്‍ ഇരുട്ട്
ബ്രിട്ടന് ഉടനൊന്നും യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരാനാകില്ല. യൂറോപ്യന്‍ യൂനിയനുമായി സമവായത്തിലെത്തിയ പുതിയ ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമന്റെ് പിന്തുണക്കില്ല. പകരം യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍വാങ്ങല്‍ വൈകിപ്പിക്കണമെന്ന് എം പിമാര്‍ ആവശ്യപ്പെട്ടു. പുതിയ ബ്രെക്‌സിറ്റ് കരാറിന്‍മേല്‍ വോട്ടെടുപ്പിനായി പാര്‍ലമെന്റ് സമ്മേളിച്ചപ്പോഴായിരുന്നു ഈ ആവശ്യം.
പുതിയ കരാര്‍ പിന്തുണക്കാനില്ലെന്ന് ഭൂരിഭാഗം എം.പിമാരും വ്യക്തമാക്കി. ഇതുസംബന്ധിച്ച സ്വതന്ത്ര എം.പിയായ ഒലിവര്‍ ലെറ്റ്‌വിന്റെ നേതൃത്വത്തില്‍ ഇരുകക്ഷികളിലെയും അംഗങ്ങള്‍ യോജിച്ച് ബദല്‍ ഭേദഗതി അവതരിപ്പിക്കുകയും ചെയ്തു. 306നെതിരെ 322 വോട്ടുകള്‍ക്ക് ഭേദഗതി പാസാക്കുകയും ചെയ്തു. കരാര്‍ നടപ്പാക്കാനാവശ്യമായ എല്ലാ നിയമങ്ങളും പാസാകും വരെ കരാറിന് അംഗീകാരം നല്‍കുന്നത് തടയാനുദ്ദേശിച്ചുള്ളതാണ് നിര്‍ദിഷ്ട ഭേദഗതി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നയങ്ങളില്‍ പ്രതിഷേധിച്ചതു മൂലം കഴിഞ്ഞ സെപ്റ്റംബറില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണ് ലെറ്റ്‌വിനെ.
എന്നാല്‍, ഒരുതരത്തിലും ബ്രെക്‌സിറ്റ് വൈകിപ്പിക്കില്ലെന്നും പറഞ്ഞതുപോലെ ഒക്‌ടോബര്‍ 31നകം ബ്രിട്ടന്‍ ഇ.യു വിടുമെന്ന വാശിയിലാണ് ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചക്കില്ലെന്നും അടുത്തയാഴ്ച വിടുതല്‍ ബില്‍ പാര്‍ലമന്റെില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പുതിയ കരാറിന് പിന്തുണയില്ലാത്ത സാഹചര്യത്തില്‍, ബ്രിട്ടന്റെ ബ്രെക്‌സിറ്റ് പദ്ധതിയെ കുറിച്ച് എത്രയും വേഗം വിശദീകരണം നല്‍കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു.
ബ്രിട്ടനില്‍ ഉടന്‍ തന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാലും ബ്രെക്‌സിറ്റെന്ന കീറാമുട്ടിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയുമില്ല. പകരം ബ്രെക്‌സിറ്റിനു മേല്‍ രണ്ടാം ഹിതപരിശോധന നടന്നേക്കും