ബ്രിട്ടീഷുകാരെ വിറപ്പിച്ച നേതാവ്
ഹാറൂന്‍ കക്കാട്
വിട്ടുവീഴ്ചയില്ലാത്ത ബ്രിട്ടീഷ്‌വിരുദ്ധ വികാരം നെഞ്ചേറ്റിയ ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ തുടിപ്പുകള്‍ വായിച്ചെടുത്ത പണ്ഡിതനായിരുന്നു ആലി മുസ്ലിയാര്‍. അനുഭവസമ്പത്തും വിജ്ഞാനവും സാമൂഹിക ബന്ധങ്ങളും ഉപയോഗപ്പെടുത്തി 1921 ലെ മലബാര്‍ സമരത്തിന് ജനകീയത ഉണ്ടാക്കിയ ഉജ്വല തേരാളി. പണ്ഡിതന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, ഖിലാഫത്ത് നേതാവ് തുടങ്ങി വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ. ഏറനാട് താലൂക്കിലെ മഞ്ചേരിക്കടുത്ത നെല്ലിക്കുത്ത് എരിക്കുന്നത്ത് പാലത്തുമൂലയില്‍ കുഞ്ഞിപോക്കരുടെയും പൊന്നാനി മഖ്ദൂം കുടുംബത്തിലെ ഒറ്റകത്ത് മമ്മദ്കുട്ടി മുസ്ലിയാരുടെ മകള്‍ ആമിനയുടെയും മകനായി 1854-ലാണ് ജനനം. നന്നേ ചെറിയ പ്രായത്തില്‍ തന്നെ ധീരനും കുശാഗ്ര ബുദ്ധിയും സല്‍സ്വഭാവിയുമായിരുന്നു.
വള്ളുവനാട് കാരക്കാടന്‍ കുന്നുമ്മല്‍ കുഞ്ഞിക്കമ്മു മൊല്ല, മാതുലനായ നൂറുദ്ദീന്‍ മുസ്ലിയാര്‍ എന്നിവരില്‍ നിന്ന് ഖുര്‍ആന്‍, പ്രാഥമിക മതഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ചു. ശേഷം പൊന്നാനി ജുമാ മസ്ജിദില്‍ 10 വര്‍ഷം മതപഠനം നടത്തി. പിന്നീട് മക്കയിലെ ഹറം ശരീഫില്‍ ഏഴു വര്‍ഷം പഠനം നടത്തി. ഇതിനിടയില്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കുകയും ചെയ്തു.
മക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ആലി മുസ്‌ലിയാര്‍ അധ്യാപനരംഗത്ത് സജീവമായി. ലക്ഷദ്വീപിലെ കവരത്തിയിലാണ് ആദ്യമായി മുഴുസമയ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചത്. 1891 ല്‍ മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കലാപത്തില്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ മമ്മദ്കുട്ടി മുസ്‌ലിയാരും മറ്റു ചില ബന്ധുക്കളും ബ്രിട്ടീഷുകാരാല്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ അതീവ ദുഃഖിതനായ അദ്ദേഹം അനിയന്‍ അഹമ്മദ്കുട്ടി മുസ്ലിയാരെ കവരത്തിയിലെ ജോലിയില്‍ പകരം നിര്‍ത്തി സ്വദേശത്തേക്ക് മടങ്ങി. പിന്നീട് വണ്ടൂര്‍ തൊടികപ്പുലം, മലപ്പുറം മേല്‍മുറി, പൊടിയാട്, ആലത്തൂര്‍പടി, സ്വദേശമായ നെല്ലിക്കുത്ത് എന്നിവിടങ്ങളില്‍ ദര്‍സുകള്‍ നടത്തി.
ആലി മുസ്ലിയാര്‍ 1906-ലാണ് തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ സേവനം തുടങ്ങിയത്. മൊയ്ല്യാരുപ്പാപ്പ എന്ന ബഹുമാനപ്പേരിലാണ് തിരൂരങ്ങാടിക്കാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ആലി മുസ്‌ലിയാര്‍ തങ്ങള്‍ എന്നായിരുന്നു പ്രധാന ശിഷ്യനും നവോത്ഥാന നായകനുമായ കെ എം മൗലവി അദ്ദേഹത്തെ വിളിച്ചിരുന്നത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് വിശദീകരിക്കാനും ഫണ്ട് ശേഖരിക്കാനുമായി ഭാരതപര്യടനം നടത്തിയ മഹാത്മാ ഗാന്ധിക്കും മൗലാനാ ഷൗക്കത്തലിക്കും 1920 ആഗസ്റ്റ് 18നു കോഴിക്കോട്ട് സ്വീകരണം നല്‍കിയിരുന്നു. ആ യോഗത്തില്‍ സംബന്ധിക്കുന്നതിനും ഏറനാട്ടിലെ സംഭവങ്ങള്‍ വിവരിക്കുന്നതിനും കോഴിക്കോട്ടെത്തിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം പ്രത്യേക ക്ഷണിതാവായി ആലി മുസ്ലിയാരും ഉണ്ടായിരുന്നു.
1920 നവംബര്‍ 20ന് രൂപീകരിച്ച തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടുമാരായി ആലി മുസ്ലിയാരും കെ എം മൗലവിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മിറ്റിക്ക് മേല്‍നോട്ടം വഹിച്ചതും ആലി മുസ്ലിയാരായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സജീവ സാരഥിയായ അദ്ദേഹത്തിന്റെ വിപുലമായ ബന്ധങ്ങളും വലിയ അംഗീകാരങ്ങളും സംഘടനാ പ്രവര്‍ത്തനം മറ്റു പ്രദേശങ്ങളില്‍ വ്യാപകമാകുന്നതിന് നിമിത്തമായി.
ആലി മുസ്ലിയാര്‍ക്ക് മലബാറില്‍ പൊതുവെയും തിരൂരങ്ങാടിയില്‍ പ്രത്യേകിച്ചുമുള്ള അംഗീകാരം കാരണം അദ്ദേഹം ബ്രിട്ടീഷ് അധികാരികളുടെ കണ്ണിലെ കരടായി മാറി. അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞകളും ഭീഷണികളും പീഡനങ്ങളും നിത്യസംഭവങ്ങളായി. ആലി മുസ്ലിയാര്‍ക്കെതിരെ പല കുറ്റങ്ങളും ചാര്‍ത്തി. അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും എതിരെ ഭീകരമായ മര്‍ദനമുറകള്‍ ആവര്‍ത്തിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മനോധൈര്യത്തിന് മുമ്പില്‍ കുറച്ചുകാലത്തേക്കെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് തിരൂരങ്ങാടിയില്‍ കനത്ത തിരിച്ചടി നേരിട്ടു.
ബ്രിട്ടീഷ് അംശം കോല്‍ക്കാരന്‍ പോലും അവശേഷിക്കാത്ത നിലയില്‍ അധികാരികള്‍ക്കും സൈന്യത്തിനും പൂര്‍ണമായും പിന്മാറേണ്ടി വന്നു. അങ്ങനെ ആലി മുസ്ലിയാര്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് ഭരണകൂടം സ്ഥാപിച്ചു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ലക്നൗ റസിഡന്‍സിയും ഡല്‍ഹിയിലെ ചെങ്കോട്ടയും താല്‍ക്കാലികമായി ബ്രിട്ടീഷുകാര്‍ക്ക് നഷ്ടപ്പെട്ടതിനുശേഷം സമാനമായ ജനകീയ പോരാട്ടത്തില്‍ ഒരു പ്രദേശത്തിന്റെ അധികാരം ബ്രിട്ടീഷുകാര്‍ക്ക് നഷ്ടപ്പെട്ടത് തിരൂരങ്ങാടിയില്‍ ആയിരുന്നു. പള്ളി കേന്ദ്രീകരിച്ചാണ് ആലി മുസ്ലിയാര്‍ ഭരണം നടത്തിയത്. ബ്രിട്ടീഷ് രാജാവിന്റെ അനീതികള്‍ക്കെതിരെ പൊരുതാന്‍ എല്ലാവരും പള്ളിയില്‍ സമ്മേളിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കടത്തുകരങ്ങളും നികുതികളും ഇനി മുതല്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കരുതെന്നും യാതൊരുവിധ അക്രമപ്രവര്‍ത്തനങ്ങളിലും യാതൊരു കാരണവശാലും ആരും ഏര്‍പ്പെടരുതെന്നും അദ്ദേഹം ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടിയില്‍ ഏറ്റ പ്രഹരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കടുത്തതായിരുന്നു. കൂടുതല്‍ പ്രകോപിതരായ ബ്രിട്ടീഷ് സൈന്യം 1921 ആഗസ്റ്റ് 30ന് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയും കിഴക്കേ പള്ളിയും വളഞ്ഞു. ആലി മുസ്ലിയാരും നാലു ദര്‍സ് വിദ്യാര്‍ഥികളും അടക്കം 114 പേര്‍ ജുമുഅത്ത് പള്ളിയില്‍ ഉണ്ടായിരുന്നു. പള്ളിയുടെ മൂന്നു ഭാഗവും ശക്തമായ സൈനിക പോസ്റ്റുകള്‍ ഉണ്ടാക്കി പീരങ്കികള്‍ സ്ഥാപിച്ചു. എല്ലാവരും കീഴടങ്ങണമെന്ന് ബ്രിട്ടീഷുകാരുടെ ആഹ്വാനമുണ്ടായി. പട്ടാളം പള്ളിക്കുള്ളിലേക്ക് വെടിയുതിര്‍ത്തു. പള്ളിയിലുള്ളവര്‍ തിരിച്ചും വെടിവെച്ചു. ദീര്‍ഘനേരം വെടിവെപ്പ് തുടര്‍ന്നു. വെടിക്കോപ്പുകള്‍ തീര്‍ന്നതോടെ ആലി മുസ്ലിയാരും 37 അനുയായികളും ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങി. സംഘട്ടനത്തില്‍ 22 സമരക്കാരും 20 സൈനികരുമായി 42 പേരുടെ ജീവന്‍ നഷ്ടമായി.
ആലി മുസ്ലിയാരെയും സംഘത്തെയും കോഴിക്കോട് സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ വിചാരണ നടത്തി. ബ്രിട്ടീഷ് ചക്രവര്‍ത്തിക്കെതിരായി യുദ്ധം ചെയ്തു എന്നതായിരുന്നു കുറ്റം. 1921 നവംബര്‍ രണ്ടിന് കോടതി വിധി പ്രഖ്യാപിച്ചു. മുസ്ലിയാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് വധശിക്ഷയും 25 പേര്‍ക്ക് ആജീവനാന്ത നാടുകടത്തലും ആയിരുന്നു ശിക്ഷ. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും വിധിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും നാടുകടത്താന്‍ വിധിക്കപ്പെട്ടവരെ ബെല്ലാരി ജയിലിലേക്കും കൊണ്ടുപോയി.
ധീരനായ പരിഷ്‌കര്‍ത്താവായിരുന്ന ആലി മുസ്ലിയാരുടെ അന്ത്യത്തെക്കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1922 ഫെബ്രുവരി 17ന് അദ്ദേഹത്തെയും 12 പേരെയും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തൂക്കിലേറ്റി എന്നാണ് ഔദ്യോഗിക ഭാഷ്യം. 1921 ഡിസംബറിലോ 1922 ജനുവരി ആദ്യത്തിലോ തൂക്കിലേറ്റിയിരിക്കാമെന്നാണ് ന്യൂയോര്‍ക്കിലെ ഡെയിലി ന്യൂസ് 1922 ജനുവരി 19ന് റിപ്പോര്‍ട്ട് ചെയ്തത്. തൂക്കിലേറ്റും മുമ്പ് അദ്ദേഹം നമസ്‌കാരത്തിന് അംഗശുദ്ധി വരുത്താന്‍ വേണ്ടി വെള്ളം ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് നമസ്‌കാരത്തില്‍ സുജൂദ് നിര്‍വഹിച്ചുകൊണ്ടിരിക്കെ അദ്ദേഹം നിര്യാതനായെന്നും മൃതദേഹമെടുത്ത് ബ്രിട്ടീഷുകാര്‍ തൂക്കിയിട്ടതാണെന്നും സഹതടവുകാരിലൂടെ അറിഞ്ഞത് മുസ്ലിയാരുടെ പൗത്രന്‍ നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം നാട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ ഭരണകൂടം ധൈര്യപ്പെട്ടില്ല. മേട്ടുപ്പാളയത്തെ മുസ്ലിംകള്‍ കോയമ്പത്തൂര്‍ ഖാദിയായിരുന്ന മൗലാനാ അബ്ദുറസാഖ് ആലിം സാഹിബിന്റെ നേതൃത്വത്തില്‍ ജനാസ ഏറ്റുവാങ്ങി ശുക്‌റാന്‍ പേട്ട മുസ്ലിം ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.