23 Monday
December 2024
2024 December 23
1446 Joumada II 21

ബോട്ട് മുങ്ങി  159 അഭയാര്‍ഥികള്‍ മരിച്ചു

.
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 150 അഭയാ ര്‍ഥികള്‍ മരിച്ചതാണ് കഴിഞ്ഞയാഴ്ച ലോകത്തെ ഞെട്ടിച്ച ഒരു വാര്‍ത്ത. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്ക് 120 കിലോമീറ്റര്‍ അകലെ ഉള്‍ക്കടലില്‍ വെച്ചാണ് അപകടമുണ്ടായത്. അഭയാര്‍ഥികളും അവരുടെ പ്രശ്‌നങ്ങളും ഒരു മുഖ്യമായ പ്രശ്‌നമായി ഐക്യരാഷ്ട്ര സഭ പരിഗണിച്ചതിന് ശേഷവും ഇങ്ങനെയുള്ള അപകടങ്ങള്‍ പതിവാകുകയാണ്. രണ്ട് ബോട്ടുകളിലായി സഞ്ചരിച്ചിരുന്ന അഭയാര്‍ഥി ബോട്ടുകളില്‍ ഒന്ന് മുങ്ങിയാണ് അപകടമുണ്ടായിരിക്കുന്നത്. സുരക്ഷിതമായി ജീവിക്കാനുള്ള അഭിലാഷങ്ങള്‍ കൊണ്ടാണ് ഇത്രമേല്‍ അപകടം പിടിച്ച യാത്രകള്‍ക്ക് അഭയാര്‍ഥികള്‍ തയാറാകുന്നത്. ഒരു ജനത അനുഭവിക്കുന്ന കൊടിയ ദുരിതങ്ങളെയാണ് ഇത്തരം അരക്ഷിതമായ യാത്രകള്‍ ചൂണ്ടിക്കാട്ടുന്നതെന്നും പിഞ്ച് കുട്ടികളടക്കം ഇരകളാകുന്ന ഇത്തരം ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഐക്യരാഷ്ട്ര സഭ മുന്‍കൈയ്യെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് യു എന്‍ അഭയാര്‍ഥി പ്രശ്‌നത്തെ ഒരു അജണ്ടയായി സ്വീകരിച്ചത്. യു എന്നിന്റെ ഇടപെടലുകള്‍ ഒന്നും ഫലവത്താകുന്നില്ലെന്നും ഇപ്പോഴും അഭയാര്‍ഥി പ്രശ്‌നം ഗുരുതരമായിത്തന്നെ നിലനില്‍ക്കുന്നുവെന്നുമാണ് ഇത്തരം അപകട വാര്‍ത്തകള്‍ വിളിച്ച് പറയുന്നത്. അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. മുന്നൂറോളം ആളുകള്‍ മുങ്ങിപ്പോയിരുന്നെന്നും അതില്‍ പകുതിയോളം ആളുകളെ മാത്രമേ രക്ഷപ്പെടുത്താന്‍ സാധിച്ചുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എഴുന്നൂറോളം അഭയാര്‍ഥികളാണ് ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ മാത്രമായി മുങ്ങി മരിച്ചിട്ടുള്ളത്. ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Back to Top