8 Friday
August 2025
2025 August 8
1447 Safar 13

ബാഗ്ദാദില്‍ ഉന്നത ഇറാന്‍ ജനറലിനെ യു എസ് വധിച്ചു

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടതാണ് കഴിഞ്ഞ ആഴ്‌യിലെ പ്രധാന വാത്തകളിലൊന്ന്. ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിന്റെ ഭാഗമായ ‘ഖുദ്‌സ് സേന’ മേധാവിയാണ് ഖാസിം സുലൈമാനി. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്ററായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരില്‍ പെടുന്നു.
വ്യോമാക്രമണം അമേരിക്ക സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് പെന്റെഗണ്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ, വിശദീകരണങ്ങളൊന്നുമില്ലാതെ യു.എസ് ദേശീയപതാക ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. വൈകാതെ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കി.
അര്‍ധരാത്രിയാണ് യു.എസ് സേന ആളില്ലാ വിമാനത്തില്‍ വ്യോമാക്രമണം നടത്തിയത്. ഉന്നതര്‍ സഞ്ചരിച്ച രണ്ടു വാഹനങ്ങള്‍ റോക്കറ്റ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സൈനിക വ്യൂഹത്തിന്റെ കാവലോടെയുള്ള യാത്രക്കിടെയാണ് സംഭവം. കടുത്ത പ്രതികാര നടപടികളാണ് കുറ്റവാളികളെ കാത്തിരിക്കുന്നതെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. കൊല്ലപ്പെട്ടവരെ അദ്ദേഹം രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിച്ചത്.
ഇറാന്‍ അനുകൂല സായുധ വിഭാഗമായ ഖാതൈബ് ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിലേക്ക് ഡിസംബര്‍ 29ന് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ബഗ്ദാദിലെ യു.എസ് സ്ഥാനപതി കാര്യാലയം നൂറുകണക്കിന് പ്രക്ഷോഭകര്‍ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. ഖാസിം സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ട ഖാതൈബ് ഹിസ്ബുല്ലയുടെ കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിന്റെ തുടര്‍ച്ചയായാണ് യു എസ് വ്യോമാക്രമണമെന്നാണ് റിപ്പോര്‍ട്ട്.
വധത്തിനു പിന്നാലെ പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി യുദ്ധഭീതി കനക്കുന്നു. പ്രതികാരത്തിന് പ്രതിജ്ഞയെടുത്ത് ഇറാന്‍ ചരിത്ര നഗരമായ ഖുമ്മിലെ ജംകറാന്‍ പള്ളിയില്‍ ചുവന്ന പതാക ഉയര്‍ന്നു. തൊട്ടുപിറകെ, യു.എസിനെതിരെ ആക്രമണമുണ്ടായാല്‍ ഇറാന്റെ 52 കേന്ദ്രങ്ങളില്‍ കനത്ത ആക്രമണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ലോക രാജ്യങ്ങള്‍ അനുനയ നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് യുദ്ധം ആസന്നമെന്ന ആശങ്ക ഉയര്‍ത്തി കടുത്ത നടപടികളുമായി ഇരുവിഭാഗവും മുന്നോട്ടുപോകുന്നത്.
ഖാസിം സുലൈമാനിയുടെ ദശലക്ഷങ്ങള്‍ പങ്കെടുത്ത വിലാപ യാത്ര ട്രംപിനെതിരായ യുദ്ധപ്രഖ്യാപനമായി മാറിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ചരിത്ര പ്രാധാന്യമുള്ള ജംകറാന്‍ ശിയ പള്ളിയില്‍ ‘ഹുസൈനുവേണ്ടി പ്രതികാരത്തിന് സമയമായി’ എന്ന് മുദ്രണം ചെയ്ത ചുവന്ന പതാക ഉയര്‍ത്തിയത്. ചടങ്ങ് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ ലൈവായി സംപ്രേഷണം ചെയ്തു. ശിയ ആചാരപ്രകാരം, അന്യായമായി ചിന്തിയ രക്തത്തിന്റെ പ്രതീകമാണ് ചുവന്ന പതാക. ഇതിന് പ്രതികാരം പൂര്‍ത്തിയാകും വരെ ഈ പതാക അഴിച്ചുവെക്കില്ല.

Back to Top