3 Tuesday
December 2024
2024 December 3
1446 Joumada II 1

ബഹുമത സമൂഹത്തിലെ ഇസ്ലാമിക ജീവിതം

ഖലീലുറഹ്മാന്‍ മുട്ടില്‍


ലോക ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം പിന്തുടരുന്ന ഇസ്ലാംമതം ലോകത്തിലെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം മതത്തിന്റെ വിശ്വാസാചാര സംഹിതകള്‍ കര്‍ശനമായി പാലിക്കുവാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്. ഈ കര്‍ശന സമീപനത്തിലുള്‍പ്പെട്ടതാണ് ഇതര മതസമൂഹങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്ന പെരുമാറ്റ ചട്ടങ്ങളും. ബഹുമത സമൂഹത്തില്‍ കഴിയുന്ന ന്യൂനപക്ഷ മുസ്ലിം സമൂഹത്തിനും അമുസ്ലിംകള്‍ ന്യൂനപക്ഷമായി കഴിയുന്ന ഭൂരിപക്ഷ മുസ്ലിം സമൂഹത്തിലും ഒരു മുസല്‍മാന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് വരച്ചുവച്ച സചിത്ര പുസ്തകമാണ് പ്രവാചക ജീവിതം. അദ്ദേഹത്തിന്റെ മക്ക, മദീന ജീവിത കാലഘട്ടങ്ങളില്‍ നിന്നു നമുക്കത് മനസ്സിലാക്കാം. മതാടിസ്ഥാനത്തില്‍ ഭിന്നമാണെങ്കിലും ബഹുമത സമൂഹമായി ജീവിക്കുമ്പോള്‍ മാനുഷിക ബന്ധങ്ങള്‍ക്കും പരസ്പരമുള്ള ബാധ്യതാ നിര്‍വഹണത്തിനും വീഴ്ച ഉണ്ടാവരുതെന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്.
എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നത് കാണാന്‍ കഴിയും. അന്യമതസ്ഥരായിപ്പോയി എന്നതുകൊണ്ടു മാത്രം ഇതര മതസ്ഥരുമായുള്ള മാനുഷിക ബന്ധങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നിലനിര്‍ത്താത്തതു കൊണ്ടും മന:പ്പൂര്‍വം മതവിഭാഗങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളില്‍ അകപ്പെടുന്നത് കൊണ്ടുമാണിത് സംഭവിക്കുന്നത്.
ഏതാനും ദൈവശാസ്ത്ര നിയമങ്ങളാണ് സാധാരണ ജനത്തെ അടക്കി ഭരിക്കുന്നത്. അതാണ് അവര്‍ക്ക് മതം. മതത്തിന്റെ മൗലികത ചോര്‍ന്നുപോയ വൈകാരിക തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഈ മതത്തെ ദുരുപയോഗപ്പെടുത്തുകയാണ് ഓരോ മതവിഭാഗത്തിനകത്തെയും പുറത്തെയും അസഹിഷ്ണുക്കളായവര്‍ ചെയ്യുന്നത്. മനുഷ്യസമൂഹം പരസ്പരാശ്രിതവും പരസ്പരബന്ധിതവുമായതിനാല്‍ ലോകത്തെ ഒരു രാഷ്ട്രത്തിനോ ഒരു ജനതയ്‌ക്കോ ഒറ്റപ്പെട്ട് ജീവിക്കാന്‍ കഴിയില്ലെന്നും മാനുഷിക ബന്ധങ്ങള്‍ ശാക്തീകരിക്കുന്നതിന് സമാധാനപരമായ സംവാദങ്ങള്‍ അനിവാര്യമാണെന്നും ഇസ്ലാം നിര്‍േദശിക്കുന്നുണ്ട് .
മനുഷ്യന്‍
ആദരണീയന്‍

കൊടുംകാട്ടില്‍ കഴിയുന്ന കാടിന്റെ മക്കളും ആധുനിക ലോകത്തെ അതിബുദ്ധിമാനും മനുഷ്യനാണ്. മതമുള്ളവനെയും ഇല്ലാത്തവനെയും വെളുത്തവനെയും കറുത്തവനെയും ധനികനെയും ദരിദ്രനെയുമെല്ലാം ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷ വ്യത്യാസമില്ലാതെ സര്‍വരേയും സര്‍വശക്തനായ അല്ലാഹു ആദരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ആദമിന്റെ മക്കളെ നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും അവരെ നാം വഹിക്കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്നും നാം അവര്‍ക്കു ആഹാരം നല്‍കുകയും ചെയ്തു. നാം സൃഷ്ടിച്ചിട്ടുള്ളവയില്‍ മിക്കവയേക്കാളും ഒരു ശ്രേഷ്ഠത അവര്‍ക്ക് നാം നല്‍കുകയും ചെയ്തു’ (17:70). അല്ലാഹു ആദരിച്ച മനുഷ്യരെ ആദരവോടുകൂടി മാത്രമേ മുസ്ലിംകള്‍ കാണാന്‍ പാടുള്ളൂ എന്ന അല്ലാഹുവിന്റെ ആഹ്വാനം കൂടിയാണ് ഈ വിശുദ്ധ വചനം. അല്ലാഹു ആദരിച്ചവരെ എന്തുകൊണ്ട് നമുക്കും ആദരിച്ചു കൂടാ?
പ്രവാചകനും അനുയായികളും ഒരിടത്തിരിക്കുമ്പോള്‍ അവരുടെ അരികിലൂടെ ഒരു ശവമഞ്ചം കടന്നുപോയി. അതുകണ്ട് പ്രവാചകന്‍ എഴുന്നേറ്റുനിന്നു. അനുയായികള്‍ ചോദിച്ചു: ‘പ്രവാചകരേ, അതൊരു ജൂതന്റെ ശവമല്ലേ?’. അതൊരു മനുഷ്യന്റെ ശവമല്ലേ എന്ന തിരുത്തല്‍ ചോദ്യത്തിലൂടെയാണ് കാരുണ്യത്തിന്റെ പ്രവാചകന്‍(സ) അവരോട് പ്രതികരിച്ചത്. ജീവിച്ചിരിക്കുന്നവനാണെങ്കിലും മരിച്ചവനാണെങ്കിലും മറ്റു മനുഷ്യരെ ആദരിക്കേണ്ടവനാണ് മുസ്ലിമെന്ന ഇസ്ലാമിന്റെ പാഠം പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍(സ).
മനുഷ്യരെല്ലാം
തുല്യര്‍

ഇസ്ലാം മാത്രമാണ് അല്ലാഹു അംഗീകരിക്കുന്ന ഏകമതമെന്ന വസ്തുതയോടൊപ്പം മനുഷ്യന്‍ എന്ന നിലയില്‍ ഈ ഭൂമിയില്‍ എല്ലാവരും തുല്യരാണെന്നാകുന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മതം, നിറം, കുലം, ഗോത്രം, വംശം, ദേശീയത മുതലായ വൈവിധ്യങ്ങള്‍ മനുഷ്യരെ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ് അല്ലാഹു നിശ്ചയിച്ചതെന്നും അവര്‍ക്കിടയില്‍ വിഭാഗീയമായി പെരുമാറാന്‍ വേണ്ടിയുള്ളതല്ലെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്: ‘ജനങ്ങളേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ ജനതതികളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത് തിരിച്ചറിയുവാന്‍ വേണ്ടിയാകുന്നു. തീര്‍ച്ചയായും നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നല്ല ദൈവഭക്തിയുള്ളവനാകുന്നു’ (49:13).
അമുസ്ലിമായി പോയി എന്ന കാരണത്താല്‍ അവരോട് അനീതി കാണിക്കുന്നതിനെ ഇസ്ലാം കര്‍ശനമായി വിലക്കുന്നുമുണ്ട്. അത്തരം ചിന്തകള്‍ അനീതിക്കുള്ള പ്രേരണ പോലുമാവാന്‍ പാടില്ലെന്ന് മതത്തിന് നിര്‍ബന്ധമുണ്ട് : ‘ഹേ, വിശ്വസിച്ചവരേ, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരായി നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുവീന്‍. ഒരു ജനതയോടുള്ള വിദ്വേഷം നിങ്ങള്‍ നീതി പാലിക്കാതിരിക്കുവാന്‍ നിങ്ങളെ ഒരിക്കലും പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പാലിക്കണം, അതാണ് ഭയഭക്തിയോടു ഏറ്റവും കൂടുതല്‍ അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു. തീര്‍ച്ച.’ (5:9)
പ്രാപഞ്ചിക
വൈവിധ്യം

വൈവിധ്യമാര്‍ന്ന പ്രപഞ്ചത്തിലെ മറ്റൊരു വൈവിധ്യമാണ് ബഹുമതസമൂഹങ്ങള്‍. മതസ്വാതന്ത്ര്യം എന്നത് ഈ ഭൂമിയിലെ ഓരോ മനുഷ്യനും അല്ലാഹു നല്‍കിയ ചിന്താ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. അല്ലാഹുവിന്റെ മതം നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ആരുംതന്നെ സ്വീകരിക്കേണ്ടതില്ലെന്ന് അവന് നിര്‍ബന്ധമുണ്ട്. ‘മതത്തില്‍ യാതൊരു ബലാല്‍ക്കാരവുമില്ല'(2:256).
അന്യമതാനുയായികള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനും ഇസ്ലാമിലേക്ക് ക്ഷണിക്കാനും മാത്രമാണ് മുസ്ലിമിനെ ഇസ്ലാം അനുവദിക്കുന്നത്. അവരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കാനോ മതം സ്വീകരിക്കാത്തതിന്റെ പേരില്‍ പ്രതികാരം തീര്‍ക്കാനോ മതം അനുവദിക്കുന്നില്ലെന്ന് മേല്‍ വചനത്തില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയും. മാന്യമായ രീതിയിലായിരിക്കണം മതപ്രബോധനമെന്നും ഇസ്ലാമിന് നിര്‍ബന്ധമുണ്ട്.
വൈകാരികമായി അവരെ പ്രകോപിപ്പിക്കുന്ന വാക്കുകള്‍ പോലും ഉപയോഗിക്കാതെ വൈചാരികമായി അവരെ ഉദ്ദീപിപ്പിക്കുന്ന സമീപനമാണ് പ്രബോധനത്തിന് സ്വീകരിക്കേണ്ടതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മൂസാ നബിയെയും ഹാറൂന്‍ നബിയെയും(അ) ഫിര്‍ഔനിന്റെ അടുത്തേക്ക് അയച്ചപ്പോള്‍ അല്ലാഹു നല്‍കിയ നിര്‍ദേശം, അദ്ദേഹത്തോട് നിങ്ങള്‍ മൃദുലമായ ഭാഷയില്‍ സംവദിക്കണമെന്നായിരുന്നു. (20:44) അല്ലാഹുവിനെ കൈവെടിഞ്ഞുകൊണ്ട് ബഹുദൈവങ്ങളെ ആരാധിക്കുന്ന അമുസ്ലിംകളുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കാന്‍ പാടില്ലെന്നും ഖുര്‍ആനിന് നിര്‍ബന്ധമുണ്ട്. ‘അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അപ്പോള്‍, അറിവില്ലായ്മ കൊണ്ട് അവര്‍ അല്ലാഹുവിനെ ശത്രുതാപരമായി ശകാരിച്ചേക്കും'(6:108). വ്യത്യസ്ത മതങ്ങള്‍ ഭൂമിയിലെ വൈവിധ്യങ്ങളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് ബഹുമത സമൂഹത്തിലെ ഇസ്ലാമിക ജീവിതം മതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മാനുഷിക
ബന്ധങ്ങള്‍

വിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലെ മാനുഷിക ബന്ധങ്ങള്‍ തകര്‍ക്കാന്‍ മതം അനുവദിക്കുന്നില്ല. പരമാവധി അത് ഊഷ്മളമായി നിലനിര്‍ത്തുവാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. മനുഷ്യ നന്മയ്ക്കാവശ്യമായ കൂട്ടായ്മകള്‍ മുസ്ലിംകളെയും അമുസ്ലിംകളെയും ഉള്‍പ്പെടുത്തി രൂപീകരിക്കുക എന്നത് ഖുര്‍ആനിന്റെ താല്‍പര്യമാണ്.
‘പുണ്യത്തിലും ഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുവീന്‍. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ സഹകരിക്കരുത്'(5:3). മുസ്ലിംകളോട് അക്രമം പാടില്ലാത്തതുപോലെ അമുസ്ലിമിനോടും അക്രമം പാടില്ല. ‘നിങ്ങള്‍ അക്രമം കാണിക്കരുത്. തീര്‍ച്ചയായും അല്ലാഹു അതിക്രമം കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല'(2:190). അയല്‍വാസികളായ അമുസ്ലിംകളോട് പ്രവാചകനും അനുയായികളും എത്ര മനോഹരമായാണ് ബന്ധങ്ങള്‍ നിലനിര്‍ത്തിയത്. അയല്‍വാസിയായ ജൂതന്റെ വീട് സന്ദര്‍ശിക്കുന്ന പ്രവാചകനെയും അവരുടെ വീട്ടിലെ രോഗികളെ സന്ദര്‍ശിക്കുകയും അവരുടെ അടുത്തിരുന്ന് രോഗശമനത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന പ്രവാചകനെയുമാണ് ചരിത്രത്തില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയുക. ജൂത ക്രിസ്തീയ വീടുകളില്‍ നിന്നു ഭക്ഷണം കഴിക്കലും അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ജൂത സ്ത്രീ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി പ്രവാചകനെ കൊല്ലാന്‍ ശ്രമിച്ചത് അറിയാവുന്നതാണല്ലോ.

ആഘോഷങ്ങള്‍
മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കുന്ന ശുഭമുഹൂര്‍ത്തങ്ങളാകുന്നു ആഘോഷങ്ങള്‍. ഓരോ മതത്തിനും പ്രത്യേകം ആഘോഷങ്ങളുണ്ട്. ഇസ്ലാമില്‍ രണ്ടു പെരുന്നാളുകള്‍ മാത്രമാണ് ആഘോഷങ്ങള്‍. ആഘോഷവേളകള്‍ പരസ്പരം സ്‌നേഹം കൈമാറുവാനുള്ളതാണല്ലോ.
അതുകൊണ്ടുതന്നെ സ്‌നേഹക്കൈമാറ്റത്തിന്റെ മാര്‍ഗങ്ങള്‍ പെരുന്നാള്‍ ദിനങ്ങളില്‍ പുതുക്കണമെന്ന് പ്രവാചകന്‍(സ) സ്വയം ചര്യയിലൂടെ പ്രഖ്യാപിച്ചു. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് അയല്‍വാസികളെയും കുടുംബക്കാരെയും സ്‌നേഹജനങ്ങളെയുമൊക്കെ അദ്ദേഹം സന്ദര്‍ശിക്കുമായിരുന്നു. ഇതര മതസമുദായാംഗങ്ങളുമായും അദ്ദേഹം പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹം പങ്കുവെച്ചിരുന്നു. മറ്റു മതവിശ്വാസികളുടെ ആഘോഷനാളുകളില്‍ അവരും സ്‌നേഹം പങ്കുവെക്കും. അവര്‍ വിശിഷ്ട ഭക്ഷണം ഒരുക്കുകയും മുസ്ലിം സുഹൃത്തുക്കളെ ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്യും. ഇസ്ലാം ഏകദൈവാരാധനയുടെ മാത്രം മതമാണ്.
ബഹുദൈവാരാധനയുമായി അതിന് ഒരു തരത്തിലും നീക്കുപോക്ക് നടത്തുവാന്‍ കഴിയുകയുമില്ല. ഇതര മതങ്ങളുടെ ആഘോഷങ്ങള്‍ ബഹുദൈവാരാധനയിലധിഷ്ഠിതമാണെങ്കിലും അവരുടെ ആഘോഷവേളകളില്‍ സൗഹാര്‍ദം നിലനിര്‍ത്തുന്നതിന് വേണ്ടി അവരുടെ ക്ഷണം സ്വീകരിക്കണമെന്നും അവരുടെ ഭക്ഷണം കഴിക്കണമെന്നുമാണ് പ്രാമാണികമായി മനസ്സിലാക്കാന്‍ കഴിയുക.
എന്നാല്‍ അവരുടെ ഭക്ഷണത്തില്‍ നിഷിദ്ധമായവയെല്ലാം മുസ്ലിം കഴിക്കാതിരിക്കുകയും വേണം. നിഷിദ്ധമായവ ആഘോഷങ്ങള്‍ക്കാണെങ്കിലും അല്ലെങ്കിലും മുസ്ലിമിന് നിഷിദ്ധം തന്നെയാവുന്നു. പ്രഗല്‍ഭ ഹദീസ് പണ്ഡിതയും പ്രവാചകനില്‍ നിന്നു ഇസ്ലാമിന്റെ മുഴുവന്‍ പാഠങ്ങളും നേരിട്ട് അനുഭവിച്ചു പഠിക്കുകയും ചെയ്ത പ്രവാചക പത്‌നി ആയിശയോട് ഒരിക്കല്‍ ഇതര മതസ്ഥര്‍ ആഘോഷവേളയില്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ പറ്റുമോ എന്ന ചോദ്യം ഉന്നയിക്കുകയുണ്ടായി. അതിനവര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘അന്നേക്കു വേണ്ടി അവര്‍ അറുത്തത് നിങ്ങള്‍ കഴിക്കരുത്. എന്നാല്‍ പച്ചക്കറികള്‍ നിങ്ങള്‍ കഴിച്ചു കൊള്ളൂ’ (മുസ്വന്നഫു അബീ ശൈബ). അലി(റ) ബഹുദൈവാരാധകര്‍ അവരുടെ ആഘോഷ ദിനങ്ങളില്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നുവെന്ന് ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ(റ) രേഖപ്പെടുത്തുന്നുണ്ട്.
ഇതില്‍നിന്നു ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷവേളകളില്‍ അവര്‍ നമ്മെ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുകയും ഹലാലായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുകയും ചെയ്യാവുന്നതാണ് എന്ന് മനസ്സിലാക്കാം. എന്നാല്‍ പൂജാ വസ്തുക്കളും മദ്യം, പന്നിമാംസം, അല്ലാഹുവല്ലാത്തവര്‍ക്ക് വേണ്ടി അറുക്കപ്പെട്ടത് തുടങ്ങിയ നിഷിദ്ധാഹാരങ്ങളെല്ലാം വര്‍ജിക്കുകയും വേണം.

Back to Top