ബഹുദൈവാരാധനയിലേക്ക് നയിക്കുന്ന ഇടയാള സങ്കല്‍പം
ഖലീലുറഹ്മാന്‍ മുട്ടില്‍
ലോക മതങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ സവിശേഷമാക്കുന്ന അതിപ്രധാനമായ മൗലിക ഘടകമാണ് ഏകദൈവാരാധന. ബഹുദൈവാരാധനയുടെ നേരിയ കലര്‍പ്പു പോലും ബാധിച്ചിട്ടില്ലാത്ത സ്ഫടികസമാനമായ ഏകദൈവാരാധനയാണ് ഇസ്‌ലാം ലോകത്തിനു സമര്‍പ്പിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന അടിസ്ഥാന സിദ്ധാന്തത്തില്‍ കാര്‍ക്കശ്യം കാണിക്കുന്നതുകൊണ്ടാണ് ഇസ്‌ലാമിലെ ആരാധനകളില്‍ ബഹുദൈവാരാധന കടന്നുവരാത്തതെന്ന് കണ്ടെത്താന്‍ കഴിയും. പ്രാര്‍ഥനയാണ് ആരാധനയെന്ന ഇസ്‌ലാമിലെ മൗലിക പാഠവും ഏകദൈവാരാധനയുടെ തനിമ നിലനിര്‍ത്തുന്നുണ്ട്. ദൈവമെന്ന പരമമായ യാഥാര്‍ഥ്യത്തില്‍ മനുഷ്യന്‍ അഭയം തേടുന്നതുതന്നെ അവന്റെ മനസ്സില്‍ നിന്നു നിര്‍ഗളിക്കുന്ന പ്രാര്‍ഥനയെന്ന അതിമനോഹരമായ വൈകാരികതയുടെ ഫലമായിട്ടാണ്. ഏതു മനുഷ്യന്റെയും സാധാരണ ജീവിതത്തില്‍ ദൈവമേ എന്നു വിളിക്കുന്ന നിമിഷങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ഇത് ബോധ്യമാവും. ജീവിതത്തിന്റെ ഐശ്വര്യവേളകളില്‍ ദൈവത്തെ ഓര്‍ക്കാത്തവര്‍ പോലും പ്രതിസന്ധി ഘട്ടത്തില്‍ അഭയം തേടുന്നത് ദൈവത്തിലാണ്. എത്ര ദൈവനിഷേധിയാണെങ്കിലും ജീവന്‍ അപകടത്തിലാകുന്ന വേളയില്‍ ദൈവത്തില്‍ അഭയം തേടുകയെന്നത് മനുഷ്യപ്രകൃതമാണ്. ഫിര്‍ഔനിന്റെ മരണവേള ഖുര്‍ആന്‍ എടുത്തുപറഞ്ഞത് ഈ യാഥാര്‍ഥ്യം വിളിച്ചുപറയാന്‍ വേണ്ടിയാണ് (10:90).
പ്രാര്‍ഥന
അല്ലാഹുവിനോട്
മാത്രം
പ്രാര്‍ഥനയ്ക്ക് ഖുര്‍ആന്‍ ഉപയോഗിച്ച സാങ്കേതിക പദം ദുആ എന്നാണ്. ദുആ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കരുതെന്നും അത് ഒരിക്കലും പൊറുക്കാത്ത വന്‍പാതകങ്ങളില്‍ പ്രഥമ ഗണനീയമാണെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ അടിക്കടി ഉണര്‍ത്തുന്നുണ്ട്. പ്രാര്‍ഥന ദൈവേതരരിലേക്ക് നീങ്ങാതിരിക്കാന്‍ ഖുര്‍ആന്‍ കര്‍ശനമായി ഇടപെടുന്നത് കാണാം. സമൂഹത്തില്‍ ദൈവത്തിനു പുറമെയുള്ളവരെ പ്രാര്‍ഥനയ്ക്കു വേണ്ടി അവലംബിക്കുന്ന മനുഷ്യര്‍ പ്രധാനമായും രണ്ടു തരമാണ്. ഒന്ന്: ദൈവത്തോട് പ്രാര്‍ഥിക്കാതെ ദൈവേതരരോട് പ്രാര്‍ഥിക്കുന്നവര്‍.
രണ്ട്: ദൈവത്തോടും മറ്റുള്ളവരോടും പ്രാര്‍ഥിക്കുന്നവര്‍. പ്രാര്‍ഥനയുടെ കാര്യത്തില്‍ ഈ രണ്ടു വിഭാഗമല്ലാതെ മൂന്നാമതൊരു വിഭാഗം മനുഷ്യര്‍ക്കിടയിലില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു വഴികളെയും കൊട്ടിയടക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. ദൈവത്തോട് പ്രാര്‍ഥിക്കാത്തവരോട് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ: ”അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്തവയോട് നീ പ്രാര്‍ഥിക്കരുത്” (10:106).
ദൈവത്തോടൊപ്പം മറ്റുള്ളവരോടും പ്രാര്‍ഥിക്കുന്നതിനെ ഖുര്‍ആന്‍ വിലക്കുന്നത് ഇങ്ങനെ: ”പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിനോടു കൂടെ നിങ്ങള്‍ ഒരാളെയും വിളിച്ചു പ്രാര്‍ഥിക്കരുത്” (72:18). ‘അല്ലാഹുവിന് പുറമെ’ () ‘അല്ലാഹുവിന്റെ കൂടെ’ () എന്നീ രണ്ടു പ്രയോഗങ്ങള്‍ നടത്തിക്കൊണ്ട് ഏകദൈവാരാധനയിലേക്ക് ബഹുദൈവാരാധനയുടെ പൊടിപടലങ്ങള്‍ കടന്നുവരുന്ന പഴുതുകളെല്ലാം ഭദ്രമായി കൊട്ടിയടക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. പ്രാര്‍ഥന അല്ലാഹുവിനു മാത്രമേ സമര്‍പ്പിക്കാന്‍ പറ്റുകയുള്ളൂ എന്നതിന് ഖുര്‍ആനിന്റെ ഈ പ്രയോഗം തന്നെ ധാരാളമാകുന്നു.
പുണ്യാത്മാക്കളോടുള്ള പ്രാര്‍ഥന
ഇസ്‌ലാമിലെ ഏകദൈവാരാധന അംഗീകരിക്കുന്ന മുസ്‌ലിംകളില്‍ പലരും ചെയ്യുന്ന മഹാ അപരാധങ്ങളിലൊന്നാണ് പുണ്യാത്മാക്കളോടുള്ള പ്രാര്‍ഥന. ഔലിയാക്കളോടും മഹത്തുക്കളോടും അവരുടെ മരണശേഷം സങ്കടങ്ങള്‍ കരഞ്ഞു പറയുകയും അവരുടെ സഹായം ലഭിക്കുന്നതിനു വേണ്ടി കേണപേക്ഷിക്കുകയും ചെയ്യുന്ന ആളുകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. മറഞ്ഞ വഴിക്ക് സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രാര്‍ഥന പുണ്യാത്മാക്കള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നതും അല്ലാഹുവിനോടൊപ്പം ഒരാളെയും നിങ്ങള്‍ പ്രാര്‍ഥിക്കരുത് എന്ന വിലക്കില്‍ ഉള്‍പ്പെട്ടതാകുന്നു. പ്രാര്‍ഥന മഹത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നവര്‍ക്കുള്ള ഏക പിടിവള്ളി അവരുടെ മനസ്സുകളില്‍ നിലനില്‍ക്കുന്ന തെറ്റായ ചില മുന്‍ധാരണകള്‍ മാത്രമാണ്. അവ രൂപം കൊള്ളുന്നത് അവര്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന് അവരുടെ ചിന്തയെ ചെറുപ്പം മുതല്‍ സ്വാധീനിച്ച ചില ഊഹങ്ങളില്‍ നിന്നാകുന്നു.
മഹാന്മാര്‍ പ്രാര്‍ഥന കേള്‍ക്കുമെന്നും തങ്ങളെ സഹായിക്കുമെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്നും ചെറുപ്പം മുതല്‍ കേള്‍ക്കുകയും കേട്ടവര്‍ കേട്ടവര്‍ കൈമാറുകയും ചെയ്തതുകൊണ്ട് അവരുടെ മനസ്സുകളില്‍ അത് മുദ്രിതമായിക്കഴിഞ്ഞു. അബോധമനസ്സില്‍ അന്തര്‍ലീനമായ തെറ്റായ ചിന്തകളെ ന്യായീകരിക്കാന്‍ മനുഷ്യബുദ്ധി എപ്പോഴും പെടാപ്പാടു നടത്തും. മനസ്സിനകത്ത് ഒരു തീരുമാനമെടുത്ത ശേഷം ആ തീരുമാനത്തെ ന്യായീകരിക്കാന്‍ വേണ്ടി മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങളെ conformation bias എന്നാണ് മനഃശാസ്ത്രത്തില്‍ വിളിക്കുന്നത്.
അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവര്‍ ഈ മാനസികാവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍ അവരുടെ ജീവിതനേട്ടങ്ങള്‍ മുഴുവന്‍ അവരോടുള്ള പ്രാര്‍ഥനയുടെ ഫലമാണെന്ന് അവന്റെ ബുദ്ധി അവനോട് പറഞ്ഞുകൊണ്ടിരിക്കും. മഹാനവര്‍കളാണ് കുട്ടിയുടെ മാറാരോഗം മാറ്റിയത്. കളഞ്ഞുപോയ വസ്തു എവിടെയാണുള്ളതെന്ന് അറിയിച്ചതും മഹാനവര്‍കളാണ്. മഹാനവര്‍കള്‍ ഓടുന്ന ട്രെയിന്‍ തടഞ്ഞുനിര്‍ത്തി. പറക്കുന്ന വിമാനം അപകടം കൂടാതെ മലമുകളിലിറക്കി തുടങ്ങിയ വിടുവായത്തങ്ങള്‍ യാഥാര്‍ഥ്യമായി ഇത്തരം ആളുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. അതോടൊപ്പം മഹാന്മാരുടെ കുരുത്തക്കേട് തട്ടുമെന്നും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നുമുള്ള പൗരോഹിത്യത്തിന്റെ ഭീഷണിപ്പെടുത്തലും കൂടിയാവുമ്പോള്‍ മറിച്ച് ചിന്തിക്കാന്‍ മനുഷ്യന്‍ സന്നദ്ധനാവുകയില്ല. ഇങ്ങനെ ചിന്താ മുരടിപ്പിലൂടെയുണ്ടായ തെറ്റായ സങ്കല്പങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതല്ലാതെ, മറഞ്ഞ വഴിയിലൂടെ ജീവിച്ചിരിക്കുന്നവരോ മണ്‍മറഞ്ഞവരോ എന്നുവേണ്ട പ്രപഞ്ചത്തിലെ ഒരു വസ്തുവോ ശക്തിയോ മനുഷ്യന്റെ പ്രാര്‍ഥന കേള്‍ക്കുമെന്നതിന് പ്രപഞ്ചത്തില്‍ മറ്റൊരു തെളിവുമില്ല.
വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മറഞ്ഞ വഴിയിലൂടെ മഹാത്മാക്കള്‍ പ്രാര്‍ഥന കേള്‍ക്കുമെന്ന നിരര്‍ഥകമായ സങ്കല്‍പത്തില്‍ നിന്നു മനുഷ്യചിന്തയെ മോചിപ്പിച്ചെടുക്കാന്‍ വേണ്ടി ബുദ്ധിപരമായി സംവദിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ”അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്തവയോട് നീ പ്രാര്‍ഥിക്കരുത്. നീ അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും നീ അക്രമികളില്‍ പെട്ടവനായിരിക്കും” (യൂനുസ്: 106). ‘അല്ലാഹുവിനു പുറമേ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത’ എന്ന പരാമര്‍ശം ശ്രദ്ധേയമാണ്. ഈ ഗണത്തില്‍ പ്രപഞ്ചത്തിലെ സകല സൃഷ്ടികളും ഉള്‍പ്പെട്ടുകഴിഞ്ഞു. ബിംബങ്ങളും പ്രതിഷ്ഠകളും മാത്രമല്ല സൂര്യചന്ദ്രനക്ഷത്രാദികളും പുണ്യപുരുഷന്മാരും പുണ്യവൃക്ഷങ്ങളും പുണ്യപുഷ്പങ്ങളുമെല്ലാം ഈ ഗണത്തില്‍ വന്നു.
ഇവരാരും തന്നെ ഭൗതികമായോ പാരത്രികമായോ മറഞ്ഞ വഴിക്ക് ഒരു ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവരല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് അല്ലാഹുവാണ്. അല്ലാഹുവോ പ്രവാചകനോ ഒരിടത്തുപോലും മഹാന്മാര്‍ പ്രാര്‍ഥന കേള്‍ക്കുമെന്ന് പറഞ്ഞിട്ടില്ല തന്നെ. എന്നു മാത്രമല്ല, അവര്‍ പ്രാര്‍ഥന കേള്‍ക്കുകയോ ഉത്തരം നല്‍കുകയോ ചെയ്യില്ലെന്ന് ലളിതമായ ഭാഷയില്‍ ഏതു മനുഷ്യനും ബോധ്യമാകുന്ന തരത്തില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്: ”നിങ്ങള്‍ അവരോട് പ്രാര്‍ഥിച്ചാല്‍ നിങ്ങളുടെ പ്രാര്‍ഥന അവര്‍ കേള്‍ക്കുകയില്ല. അവര്‍ കേട്ടാല്‍ തന്നെ ഉത്തരം നല്‍കുകയുമില്ല” (35:14).
ഇടയാള സങ്കല്‍പം
പ്രാര്‍ഥന മഹത്തുക്കള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് അവരെ ആരാധിക്കുന്നവര്‍ക്കുള്ള പ്രധാന പ്രേരകം മഹാന്മാര്‍ അല്ലാഹുവിന്റെയും അവരുടെയും ഇടയിലുള്ള മധ്യവര്‍ത്തികളാണ് എന്ന വിശ്വാസമാണ്. പ്രവാചക കാലത്തെ ബഹുദൈവാരാധകരുടെ വാദമാണിതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ”അല്ലാഹുവിനു പുറമേ ഔലിയാക്കളെ സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നത് ഞങ്ങളെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടിയല്ലാതെ ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല എന്നാകുന്നു” (39:3). അല്ലാഹുവിനു മുമ്പില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ ഈ ഇടയാളന്മാര്‍ ഇടപെടുമെന്ന് അവര്‍ കരുതുന്നു.
എന്നാല്‍ ഖുര്‍ആന്‍ ഈ സങ്കല്‍പത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നത് ഇങ്ങനെ വായിക്കാം: ”പറയുക: അല്ലാഹുവിനു പുറമേ നിങ്ങള്‍ വാദിക്കുന്നവരോട് നിങ്ങള്‍ പ്രാര്‍ഥിച്ചുകൊള്ളുക. നിങ്ങളില്‍ നിന്ന് ഒരു ദുരിതവും തട്ടിമാറ്റാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനും അവര്‍ക്ക് കഴിയില്ല. ഇക്കൂട്ടര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരില്‍ അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവര്‍ പോലും അവരുടെ തമ്പുരാനിലേക്ക് സാമീപ്യം നേടാന്‍ വഴി തേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ അവന്റെ കാരുണ്യം കൊതിക്കുകയും അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. തീര്‍ച്ചയായും നിന്റെ നാഥന്റെ ശിക്ഷ ജാഗ്രതയോടെ കാണേണ്ടതാകുന്നു” (16:87).
ബഹുദൈവാരാധനയിലേക്ക് മനുഷ്യരെ നയിക്കുന്ന ഇടയാള സങ്കല്‍പം ഇസ്‌ലാമിന് അന്യമാണെന്ന തുറന്ന പ്രഖ്യാപനമാണ് വിശുദ്ധ വചനത്തില്‍ അടങ്ങിയിരിക്കുന്നത്. അല്ലാഹുവിലേക്ക് ഇടയാളന്മാരെ നിശ്ചയിക്കുന്നതിനെച്ചൊല്ലി കേരള രാഷ്ട്രീയത്തില്‍ വിവാദം നടക്കുകയാണ്. ഇസ്‌ലാമിക പക്ഷത്തു നിന്നുകൊണ്ടുതന്നെ വോട്ട് ബാങ്കിലെ ഒരു വിഭാഗം മഹത്തുക്കളെ അല്ലാഹുവിലേക്കുള്ള ഇടയാളന്മാരായി സ്വീകരിക്കുന്നതാണ് തങ്ങളുടെ നിലപാടെന്നും അതിനെ എതിര്‍ക്കാന്‍ ഒരു രാഷ്ട്രീയക്കാരനെയും അനുവദിക്കില്ലെന്നുമുള്ള സമരപ്രഖ്യാപനമാണ് മാധ്യമശ്രദ്ധയിലേക്ക് വിഷയം വലിച്ചിഴച്ചത്.
ഖുര്‍ആനിക വിരുദ്ധവും മക്കയിലെ ബഹുദൈവാരാധകരുടെ ആദര്‍ശവുമായ ഇടയാളന്മാരെ സ്വീകരിക്കുകയെന്ന ആശയത്തിലേക്ക് കേരള ജനതയെ നയിക്കുന്നതിലും മുസ്‌ലിം പൊതുജനത്തെക്കൊണ്ട് അല്ലാഹു വിലക്കിയ ഇടയാളന്മാരോടുള്ള തേട്ടം നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതിലും പണ്ഡിതന്മാര്‍ കാണിക്കുന്ന വീറും വാശിയും ലജ്ജാകരം തന്നെ.
ആരാധനയും
ആദരവും
പ്രാര്‍ഥന അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നത് കുറ്റകരമാണെന്നും അത് ആരാധന അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കല്‍ തന്നെയാണെന്നും മനസ്സിലാക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ കൊണ്ടുപിടിച്ചുള്ള ശ്രമം നടത്താറുണ്ട്. അതിലൊന്നാണ് ‘ഞങ്ങള്‍ മഹാന്മാരെ ആരാധിക്കുന്നില്ല, ആദരിക്കുകയാണ്’ എന്ന വാദം. മറമാടിയ ശൈഖുമാരുടെ ഖബറിടത്തില്‍ ചെന്ന് മാറത്തടിച്ചു കരഞ്ഞു നിലവിളിച്ചുകൊണ്ട് കേണപേക്ഷിക്കുന്നവരും ഖബറാളികള്‍ക്കു മുമ്പില്‍ സുജൂദ് ചെയ്തുകൊണ്ട് പ്രാര്‍ഥിക്കുന്നവരും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ വേണ്ടി ‘ആദരവ്’ വാദമാണ് ഉന്നയിക്കാറുള്ളത്. അവരോട് പ്രാര്‍ഥിച്ചുകൊണ്ട് അവരെ ആദരിച്ചിട്ടില്ലെങ്കില്‍ അവരുടെ കുരുത്തക്കേട് ഉണ്ടാകുമെന്ന് മാത്രമല്ല അവരുടെ ശഫാഅത്ത് നിഷേധം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ പരലോക ജീവിതത്തിലും അനുഭവിക്കേണ്ടിവരുമെന്ന് പ്രചണ്ഡമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഏകദൈവാരാധകരായ സമൂഹം പതിയെപ്പതിയെ ബഹുദൈവാരാധകരായി മാറിയ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മഹത്തുക്കളോടുള്ള ആദരവും ബഹുമാനവുമാണ് അതിനു നിമിത്തമായതെന്ന് ചരിത്രത്തില്‍ നിന്നു വായിക്കാന്‍ കഴിയും. ഒരു നാട്ടിലെ ഭക്തനായ മനുഷ്യന്‍ മരണമടഞ്ഞാല്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി സമകാലികര്‍ അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കും. പില്‍ക്കാലക്കാര്‍ അതിനെ കല്ലിലും മെഴുകിലുമൊക്കെയുള്ള പ്രതിമയാക്കും. തുടര്‍ന്നു വരുന്ന തലമുറ അതിനു മുമ്പില്‍ കൈകൂപ്പാനും വണങ്ങാനും തുടങ്ങും. ഇങ്ങനെയാണ് ഭക്തനായ ഒരു മനുഷ്യന്‍ ആരാധ്യവസ്തുവായ വിഗ്രഹമായി മാറുന്നത്.
അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവരുടെ ആദരവ് വാദത്തെ വിശകലനം ചെയ്തുകൊണ്ട് പ്രഗല്‍ഭ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്: ”പ്രവാചകന്റെ പ്രബോധിത സമൂഹം ബിംബങ്ങളെയും പ്രതിഷ്ഠകളെയും അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും പ്രതിച്ഛായയില്‍ നിര്‍മിച്ചിരുന്നു. ഈ പ്രതിരൂപങ്ങളെ ആരാധിക്കുമ്പോള്‍ ആ മഹത്തുക്കള്‍ അവര്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശക്കാരായിത്തീരുമെന്നാണ് അതിനവര്‍ പറഞ്ഞിരുന്ന ന്യായം. മഹാന്മാരുടെ ഖബറുകളെ ബഹുമാനിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ തങ്ങള്‍ക്ക് ശുപാര്‍ശക്കാരാവുമെന്ന വിശ്വാസം കാരണം അവരുടെ ഖബറുകളെ ആദരിക്കുന്നതില്‍ ഒട്ടേറെ ആളുകള്‍ വ്യാപൃതരായിരിക്കുന്നത് ഇക്കാലത്ത് അതിനു തുല്യമായ കാര്യമാകുന്നു” (തഫ്‌സീറു റാസി, യൂനുസ് 18). ബിംബാരാധനയ്ക്ക് പ്രേരകമായ ഇടയാള സങ്കല്‍പവും ആദരിക്കല്‍ വാദവും മഹാന്മാര്‍ക്ക് പ്രാര്‍ഥന അര്‍പ്പിക്കുന്നതിനും ഖബറിടങ്ങള്‍ തേടിയിറങ്ങുന്നതിനും നിമിത്തമായാല്‍ അതും ബഹുദൈവാരാധനയ്ക്ക് തുല്യമാണെന്നാണ് ഇമാം റാസി വ്യക്തമാക്കിയത്.
ആലോചിച്ചുനോക്കൂ. ജനങ്ങള്‍ പ്രാര്‍ഥന അര്‍പ്പിക്കുന്ന മഹാന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളമുണ്ട്. അവരോട് പ്രാര്‍ഥിക്കാതിരിക്കുകയും അവരെ തള്ളിപ്പറയുകയും ചെയ്യുന്ന ആളുകളും ഒട്ടേറെയുണ്ട്. മറ്റ് പ്രവാചകന്മാരെ പോലെ. അവരില്‍ പ്രമുഖനാണ് മുഹമ്മദ് നബി(സ)യും. ഈസാ നബി(അ)യോട് പ്രാര്‍ഥിച്ചിരുന്ന ക്രിസ്ത്യാനികളുടെ ചെയ്തിയെ മുഹമ്മദ് നബി(സ) തള്ളിപ്പറഞ്ഞു. ഇബ്റാഹീം(അ) നബിയോടും ഇസ്മാഈല്‍(അ) നബിയോടും പ്രാര്‍ഥിച്ചിരുന്ന മക്കാ മുശ്‌രിക്കുകളെയും പ്രവാചകന്‍ നഖശിഖാന്തം നേരിട്ടു. ഉസൈറിനോട് പ്രാര്‍ഥിച്ചിരുന്ന ജൂതരെയും പ്രവാചകന്‍(സ) തള്ളിപ്പറഞ്ഞു. തന്റെ പ്രബോധിത ജനത ആരോടൊക്കെ പ്രാര്‍ഥിച്ചിരുന്നുവോ അതെല്ലാം പ്രവാചകന്‍ എതിര്‍ത്തു.
എന്നാല്‍ ഈ മഹാന്മാരാരും തന്നെ മുഹമ്മദ് നബി(സ)ക്ക് എന്തെങ്കിലും ഉപദ്രവം ഉണ്ടാക്കിയതായി മഹാന്മാരുടെ കുരുത്തക്കേടിനെ കുറിച്ച് പേടിപ്പിക്കുന്നവര്‍ പോലും ഉദ്ധരിക്കുന്നില്ല. മഹാന്മാരോട് പ്രാര്‍ഥിക്കാത്തതിന്റെ പേരിലോ അവരോട് പ്രാര്‍ഥിക്കുന്നതിനെ എതിര്‍ത്തതിന്റെ പേരിലോ ഒരാളെയും ഉപദ്രവിക്കാന്‍ ഭൂലോകത്ത് കഴിഞ്ഞുപോയ ജാതിമതഭേദമെന്യേയുള്ള ഒരു മഹാനും കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല എന്നതാണ് ചരിത്രം.