ബന്ദിമോചനം: യുദ്ധം അവസാനിപ്പിക്കാന്‍ തയാറല്ലെങ്കില്‍ കരാറില്ലെന്ന് ഹമാസ്
ഗസ്സയില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിച്ച് സൈന്യത്തെ ഇസ്രായേല്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സമ്മതിക്കാതെ ഒരു കരാറിലും തങ്ങള്‍ ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഹമാസ്. ബന്ദിമോചനവും വെടിനിര്‍ത്തലും സംബന്ധിച്ച് ദോഹയില്‍ നടന്ന ദ്വിദിന ചര്‍ച്ച അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. ‘ചര്‍ച്ച തടസ്സപ്പെടുത്തുകയും നിബന്ധനകളില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഇസ്രായേലാണ്. തുടര്‍ച്ചയായി ചര്‍ച്ചകള്‍ പൊളിയാന്‍ കാരണവും അവരാണ്. മേയ് അവസാനം യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച കരാറിന്റെ രൂപരേഖയോട് ജൂലൈ 2 ന് തന്നെ ഞങ്ങള്‍ പ്രതികരിച്ചിരുന്നു. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള കരാറിന് മാത്രമേ ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളൂ’ -ഹമാസ് വ്യക്തമാക്കി. ബൈഡന്‍ മുന്നോട്ടുവെച്ച കരട് കരാറില്‍ ഇസ്രായേല്‍ നിബന്ധനകളും വ്യവസ്ഥകളും ചേര്‍ക്കുന്നത് തുടരുകയാണ്. യുദ്ധം അവസാനിപ്പിച്ച് ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ തങ്ങള്‍ കരാറിന് സമ്മതിക്കില്ലെന്നും ഹമാസ് അധികൃതര്‍ അറിയിച്ചു.