26 Thursday
December 2024
2024 December 26
1446 Joumada II 24

ബംഗ്ലാദേശിലെ ഭരണമാറ്റവും സംവരണ വിഷയത്തിലെ കോടതി വിധിയും

ഡോ. സുബൈര്‍ വാഴമ്പുറം


സാമൂഹിക-സാമ്പത്തിക മേഖലയിലെ സംഭാവനക്ക് നൊബേല്‍ സമ്മാനം നേടിയ ഡോ. മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്റെ ഔദ്യോഗിക വസതിയിലായിരുന്നു ചടങ്ങ്. ശൈഖ് ഹസീനയുടെ ഭരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി സംഘടനാ നേതാക്കളായ ധാക്ക സര്‍വകലാശാലയിലെ സോഷ്യോളജി വിദ്യാര്‍ഥി നഹീദ് ഇസ്‌ലാം, മനുഷ്യാവകാശ സംരക്ഷകനും ധാക്ക സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം വിദ്യാര്‍ഥിയുമായ ആസിഫ് മഹ്മൂദ് അടക്കം 14 അംഗ ഉപദേശക സമിതിക്കാണ് പുതിയ സര്‍ക്കാര്‍ നേതൃത്വം നല്‍കുക. പുതിയ സര്‍ക്കാരില്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗില്‍ നിന്ന് ആര്‍ക്കും പ്രാതിനിധ്യമില്ല.
1971-ല്‍ പാകിസ്താനില്‍ നിന്നു സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് എന്ന രാജ്യം പിറവിയെടുത്തു. ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റും പിന്നീട് ആദ്യ പ്രധാനമന്ത്രിയുമായിരുന്നു ശൈഖ് മുജീബ് റഹ്മാന്‍. 1920 മാര്‍ച്ച് 17ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയുടെ കിഴക്കന്‍ ഭാഗത്തുള്ള ഫരീദ്പൂര്‍ ജില്ലയിലെ ഗോപാല്‍ഗഞ്ച് സബ്ഡിവിഷനിലെ തുന്‍കിപാറ ഗ്രാമത്തിലാണ് മുജീബ്‌റഹ്മാന്റെ ജനനം. 1973-ല്‍ ബംഗ്ലാദേശിന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ അവാമി ലീഗ് വന്‍ വിജയം നേടി.
കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ബംഗ്ലാദേശിനെ അദ്ദേഹം ലോകത്ത് അറിയപ്പെടുന്ന രാജ്യമാക്കി മാറ്റി. ഇതു വഴി ഐക്യരാഷ്ട്രസഭയിലേക്കും ചേരിചേരാ പ്രസ്ഥാനത്തിലേക്കും തന്റെ രാജ്യത്തിന്റെ പ്രവേശനം ശൈഖ് മുജീബ് റഹ്മാന്‍ സുഗമമാക്കി. പക്ഷെ അദ്ദേഹത്തിന് അധികനാള്‍ ആ സ്ഥാനത്ത് തുടരാന്‍ സാധിച്ചില്ല. 1975-ല്‍ അദ്ദേഹം കൊല്ലപ്പെട്ടു.
1991-ലെ തിരഞ്ഞെടുപ്പില്‍ മുജീബ് റഹ്മാന്റെ മകളായ ശൈഖ് ഹസീനയെ പരാജയപ്പെടുത്തി ബംഗ്ലാദേശിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി ഖാലിദ സിയ സത്യപ്രതിജ്ഞ ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധവും സൗജന്യവും ആക്കിയതടക്കം മികച്ച ഭരണമാണ് അവര്‍ കാഴ്ചവെച്ചത്. പ്രസിഡന്‍ഷ്യല്‍ ഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് ബംഗ്ലാദേശിനെ നയിച്ചത് അവരുടെ മികച്ച ഭരണ നേട്ടമായി കണക്കാക്കപ്പെടുന്നു.
1996-ലെ പൊതുതിരഞ്ഞെടുപ്പില്‍ ശൈഖ് ഹസീനയോട് അവര്‍ പരാജയപ്പെട്ടു. 2001-ല്‍ ഖാലിദ സിയ വീണ്ടും അധികാരത്തില്‍ വന്നെങ്കിലും അഴിമതിയാരോപണങ്ങളും കലാപങ്ങളും അവരെ തളര്‍ത്തി. അങ്ങനെ 2006-ല്‍ അവര്‍ അധികാരം വിട്ടൊഴിഞ്ഞു. അഴിമതി കേസുകള്‍ ചുമത്തി ശൈഖ് ഹസീന അവരെ ജയിലിലടച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2020-ല്‍ അവര്‍ ജയില്‍ മോചിതയായി വീട്ടുതടങ്കലിലായി. ഹസീനയുടെ രാജിയെ തുടര്‍ന്ന് ഖാലിദ സിയയെ ബംഗ്ലാദേശ് രാഷ്ട്രപതി വീട്ടുതടങ്കലില്‍ നിന്ന് മോചിതയാക്കി.

സംവരണ പ്രശ്‌നം
ബംഗ്ലാദേശിലെ അശാസ്ത്രീയമായ സംവരണ നിയമമാണ് ശൈഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ചത്. 2009 മുതല്‍ 2024 ആഗസ്ത് 5 വരെ ശൈഖ് ഹസീനയായിരുന്നു ബംഗ്ലാദേശിലെ പ്രധാനമന്ത്രി. പല വര്‍ഷങ്ങളിലായി സംവരണ വിഷയത്തില്‍ സ്വീകരിച്ച നയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ അലോസരമുണ്ടാക്കി.
1972-ല്‍ പ്രധാനമന്ത്രിയായിരുന്ന മുജീബ് റഹ്മാന്‍ ഒരു സംവരണ നിയമം കൊണ്ടുവന്നു. ഈ നിയമപ്രകാരം, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത യോദ്ധാക്കള്‍ക്ക് രാജ്യത്തിന്റെ പൊതു തൊഴിലിടങ്ങളില്‍ 30% സംവരണവും യുദ്ധം ബാധിക്കപ്പെട്ട സ്ത്രീകള്‍ക്ക് 10% സംവരണവും ഏര്‍പ്പെടുത്തി. ഇതിനു പുറമെ പിന്നാക്കം നില്‍ക്കുന്ന ജില്ലകള്‍ക്ക് 40% സംവരണവും നല്‍കി. അങ്ങനെ ആകെയുള്ള തൊഴിലവസരങ്ങളില്‍ 80% സംവരണ സീറ്റായി മാറി. ബാക്കി 20% മാത്രമായിരുന്നു ജനറല്‍ മെറിറ്റ്. തുടക്കത്തില്‍ ഇതൊരു കാര്യമായ പ്രശ്‌നമായി ജനങ്ങള്‍ കണ്ടില്ല. 1976-ല്‍ സംവരണ വിഷയത്തില്‍ ഒരു ചെറിയ ഭേദഗതി കൊണ്ടുവന്നു. ജില്ലകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 40% സംവരണം 20% ആക്കി കുറച്ചു. അങ്ങനെ ഓപ്പണ്‍ മെറിറ്റ് 40% ആയും സംവരണം 60%വുമായി. 1985-ലെ സംവരണ ഭേദഗതിയില്‍ യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്ക് 10% ഏര്‍പ്പെടുത്തിയ സംവരണം എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കി. പുതിയതായി 1% സംവരണം ഭിന്നശേഷിക്കാര്‍ക്ക് ഏര്‍പ്പെടുത്തി. 1997-ല്‍ വീണ്ടുമൊരു സംവരണ ഭേദഗതി കൊണ്ടുവന്നു. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള 30% സംവരണം അവരുടെ മക്കള്‍ക്കും പേരമക്കള്‍ക്കും ഏര്‍പ്പെടുത്തി. ഈ ഭേദഗതി യുവാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കി. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള സംവരണവിഹിതത്തില്‍ നിയമിക്കപ്പെടാന്‍ വേണ്ടത്ര ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ബാക്കിവരുന്ന സീറ്റ് താല്‍ക്കാലികമായി ജനറലായി കണക്കാക്കി അതില്‍ നിയമനം നടത്തിയിരുന്നു. 2010-ല്‍ കൊണ്ടുവന്ന സംവരണ ഭേദഗതി പരിപൂര്‍ണമായും ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കി. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള 30% സംവരണം മക്കള്‍ക്കും പേരമക്കള്‍ക്കും നല്‍കുന്നതോടൊപ്പം ഒഴിവ് വരുന്ന ബാക്കി സീറ്റുകളിലേക്ക് ജനറല്‍ കാറ്റഗറി പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു പുതിയ ഭേദഗതി. ഇതിനെതിരെ വിദ്യാര്‍ഥി സമൂഹം ഒറ്റക്കെട്ടായി.
ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംവരണം മാത്രം നിലനിര്‍ത്തി ബാക്കി സര്‍ക്കാര്‍ ജോലികള്‍ ജനറല്‍ കാറ്റഗറിയാക്കി മാറ്റണമെന്ന ആശയം അവര്‍ മുന്നോട്ടു വെച്ചു. 17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ സൈനികരുടെ ആശ്രിതരായി വെറും രണ്ടു ലക്ഷം പേര്‍ മാത്രമാണുള്ളത്. അപ്പോള്‍ മൊത്തം ജനസംഖ്യയുടെ 1.5% ന് 30% സംവരണം കൊടുക്കുക എന്നത് അനീതിയാണെന്ന് വിദ്യാര്‍ഥികള്‍ കോടതിയെ ബോധിപ്പിച്ചു. ഈ കഴിഞ്ഞ ജൂലൈ 21-ന് വന്ന സുപ്രിം കോടതി വിധിയില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും മക്കള്‍ക്കും പേരമക്കള്‍ക്കുമുള്ള സംവരണം 30%ല്‍ നിന്ന് 5% ആക്കി കുറക്കണമെന്ന് നിര്‍ദേശിച്ചു. ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംവരണം 1% മായി തുടരാം. മൊത്തം സംവരണം 7% മാത്രമായിരിക്കണം. ബാക്കിവരുന്ന 93% ഒഴിവുകളില്‍ എല്ലാവര്‍ക്കും മത്സരിക്കാവുന്ന വിധത്തില്‍ നിയമനം നടത്തണം എന്നതായിരുന്നു വിധി. കോടതി ഉത്തരവ് ഇറങ്ങിയതോടെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അത് ശൈഖ് ഹസീനയുടെ ഭരണത്തിനെതിരായ ബഹുജനപ്രക്ഷോഭമായി ആളിപ്പടര്‍ന്നു. ഈ പ്രക്ഷോഭത്തിന്റെ കൂടെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നു. അങ്ങനെ ഈ കലാപം ശൈഖ് ഹസീനയുടെ രാജിയിലേക്കെത്തിച്ചു.

Back to Top