7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

ഫെമിനിസം അനാവരണം ചെയ്യപ്പെടുന്നു ഹിജാബ് അനുയോജ്യമാകുന്നതെവിടെ? – ഹിബ ബേഗ്

സംസ്‌കാരങ്ങള്‍ യഥാര്‍ഥ ജീവിതത്തിന്റെ സങ്കീര്‍ണതകളോടും ചായ്‌വുകളോടും ചിലപ്പോഴൊക്കെ നിയമത്തോടും പൊരുത്തപ്പെട്ടുകൊണ്ട് ജനങ്ങളിലൂടെ പുതിയ, വിഭിന്ന രൂപങ്ങളിലേക്ക് സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്നു. സംസ്‌കാര സമ്പന്നമായ ഒരാധുനിക സമൂഹത്തിനുവേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം മാറ്റങ്ങള്‍ക്കുള്ള ഭാഗികമായ കാരണം. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ചില അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കും ജീവിത നിലവാരത്തിനും വേണ്ടി നിലകൊള്ളുന്ന ലോകം. പെരുമാറ്റം, ആശയ വിനിമയം, ബിസിനസ്സുകള്‍, വസ്ത്രധാരണം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ശരി-തെറ്റുകള്‍ ഉള്‍ക്കൊള്ളുന്നു. ആരാണ് ഈ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത് എന്നതാണ് ഏക ചോദ്യം. എന്തിന്റെ അടിസ്ഥാനത്തില്‍?
ഇസ്‌ലാം മത വിശ്വാസിനികള്‍ ധരിക്കുന്ന ഹിജാബ് ചൂടന്‍ ചര്‍ച്ചയുടെ വിഷയമാണിത്. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന കാര്യത്തില്‍ നിങ്ങള്‍ക്കൊരിക്കലും അഭിപ്രായങ്ങള്‍ ഇല്ലാതാകുന്നില്ല. ലോകജനതയില്‍ പകുതിയോളം സ്ത്രീകളാണെന്നതുകൊണ്ട് തന്നെ അത്തരം ചര്‍ച്ചകള്‍ സ്വാഭാവികമാണ്. ഇരുപക്ഷവും ശ്രവിക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം. ഒരു വശത്ത് സ്ത്രീ വിമോചകര്‍ പുരുഷാധിപത്യം അടിച്ചേല്പിക്കുന്നതിന്റെ അടയാളമായി കണ്ടുകൊണ്ട് പല യൂറോപ്യന്‍ രാജ്യങ്ങളും ഹിജാബ് / നിഖാബ് നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊ ണ്ടിരിക്കുന്നു. ചിലര്‍ സുരക്ഷിതത്വ പ്രശ്‌നം ഉയര്‍ത്തുന്നു. മുഖം മറച്ച ആളെ തിരിച്ചറിയാനാവില്ല എന്നത് തീര്‍ച്ചയായും അത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സ്വയം പ്രകടിപ്പിക്കാനനുവദിക്കാതെ മൂടുപടം അണിയാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു എന്ന് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ മതപരമായ അവകാശമാണതെന്ന് മറുപക്ഷം പറയുന്നു. നിരന്തരം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് ഇസ്‌ലാമിക സംസ്‌കാരത്തെ തുടച്ചുനീക്കാനുള്ള വഴിയാണ് ഇസ്‌ലാം പേടിയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെന്നതാണ് അവരുടെ നിലപാട്.
ഫെമിനിസം ചില വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നില്ലേ? ജീവിതത്തിന്റെയും പുരോഗതിയുടെയും ഏക മാനദണ്ഡമായി നാം യഥാര്‍ഥത്തില്‍ വെള്ളക്കാരന്റെ സംസ്‌കാരത്തെ സ്വീകരിച്ചുവോ? ഹിജാബ് അടിച്ചമര്‍ത്തുന്ന വസ്ത്രധാരണമാണോ എന്നത് തീരുമാനമാകാത്ത ചര്‍ച്ചയാണ്. എന്നിരുന്നാലും ഒരു സമുദായത്തിനു മേല്‍ മൊത്തമായി നമ്മുടെ മൂല്യങ്ങള്‍ അടിച്ചേല്പിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് ഏതാനും ഘടകങ്ങള്‍ പരഗണിക്കേണ്ടതുണ്ട്. സ്ത്രീകള്‍ സ്വയം കാര്യങ്ങള്‍ ചെയ്തും സ്വയം പര്യാപ്തത നേടിയും സ്വയം പ്രതിനിധികരീച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്ത് അവര്‍ക്ക് പറയാനുള്ള കാര്യങ്ങളും നാം വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. മീടു പോലുള്ള മൂവ്‌മെന്റുകള്‍ ജനങ്ങളുടെ ചിന്താരീതിയെ മാറ്റിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള സ്ത്രീകളുടെ കഴിവിനെ അവഗണിക്കാതിരിക്കുക എന്നത് പ്രധാനമാണ്.
സ്ത്രീകള്‍ക്ക് അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്നറിയും എന്നത് ദീര്‍ഘനാളുകളായുള്ള വാദമാണ്. സ്വാതന്ത്ര്യം എന്ന ആശയം തന്നെ തികച്ചും ആത്മനിഷ്ഠമാണ് എന്നതാണ് യാഥാര്‍ഥ്യം. ഒരാള്‍ക്ക് സ്വാതന്ത്ര്യമെന്നത് മറ്റൊരാള്‍ക്ക് അടിമത്തമാകാം. അത്തരം വ്യക്തിസവിശേഷത സമുദായങ്ങള്‍ക്കകത്തുമുണ്ട്. ഒരുപക്ഷെ നമ്മുടെ ലോകത്തെ ഏറ്റവും മാനുഷികമായ യാഥാര്‍ഥ്യമാണിത്. നാമെല്ലാം സമാനരാണ്. എന്നിരുന്നാലും നാമൊരാളും മറ്റൊരാളെപ്പോലെയല്ല. അപ്പോളെങ്ങനെയാണ് നാം ‘മോചിപ്പിക്കാന്‍’ ശ്രമിക്കുന്ന അതേ ആളുകളുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാനും അവഗണിക്കാനും നമുക്കാവുക? ഹിജാബില്‍ നിന്ന് സ്ത്രീകളെ സ്വതന്ത്രരാക്കുന്നത് ഏതാണ്ട് അമേരിക്ക ജനാധിപത്യം കൊണ്ടുവരാനായി രാജ്യങ്ങളെ ‘സ്വതന്ത്രരാക്കുന്നത്’ പോലെയാണ്. അതെങ്ങനെയാണ് നടന്നതെന്ന് നമുക്കെല്ലാമറിയാം.
ഭീഷണിയായി തോന്നുന്നത് അങ്ങനെയാ വണമെന്നില്ല. അതിര്‍ത്തികള്‍ മാറുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കുള്ള നിയമങ്ങളും മാറുന്നു എന്നതാണ് മറ്റൊരു പ്രധാന വസ്തുത. വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത നിയമങ്ങളാണ് സ്ത്രീശരീരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ നിഖാബ് ധരിക്കാന്‍ നിര്‍ബന്ധിതരാണ്. മറ്റു പല രാജ്യങ്ങളിലും ഇസ്‌ലാമിക വസ്ത്രധാരണം ചെയ്ത സ്ത്രീകള്‍ക്കെതിരായ അക്രമണം പതിവാണ്. ശരീരത്തിന്റെ എത്രശതമാനം വസ്ത്രം ധരിക്കണം എന്ന് നിര്‍വചിക്കുന്നതിലൂടെ സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ ഹനിച്ചുകൊണ്ട് അവരെ അടിച്ചമര്‍ത്തുന്നതിന് കൂട്ടുനില്ക്കുകയാണ് നിങ്ങള്‍ എന്നവര്‍ ആരോപിക്കുന്നു.
ഒരു കര്‍ദാഷിയാനെ അനുകരിച്ചുകൊണ്ട് എനിക്ക് ജീന്‍സ് ധരിക്കാമെങ്കില്‍ ഖുര്‍ആനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പെണ്‍കുട്ടിക്ക് എന്തുകൊണ്ട് അവളുടെ തല മറച്ചുകൂടാ? സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശം തടയുന്നതിലൂടെ മനുഷ്യരെന്ന നിലയില്‍ മാനവരെ ചെറുതായിക്കാണുകയും അവരെ നിശ്ശബ്ദരാക്കുകയുമാണ് ചെയ്യുന്നത്. തെറ്റിദ്ധരിക്കപ്പെട്ട സമുദായത്തെ കൂടുതല്‍ അരികുവല്‍ക്കരിക്കുകയും ‘ഇതര’രാണെന്ന് തോന്നാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. പലപ്പോഴും നമ്മുടെ സാംസ്‌കാരികമായ അജ്ഞതയാണ് അപരന്‍ സ്വയം തെറ്റായത് തെരഞ്ഞെടുത്തു എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. നാം ഉയര്‍ന്നവരാണെന്ന ഭാവത്തില്‍ നിന്നല്ലേ അത്തരം ചിന്തകളുണ്ടാവുന്നത്. ഹൂമ ഹൂദ്ഫര്‍ എന്ന കനേഡിയന്‍ പണ്ഡിത ഇറാനിലെ സ്ത്രീകള്‍ ഇസ്‌ലാമിക വിപ്ലവത്തിനുമുമ്പ് എങ്ങനെയാണ് ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടിരുന്നതെന്ന് എഴുതിയിട്ടുണ്ട്. ഇത് സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും സ്വഭവനങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്തു.
ജനങ്ങള്‍ യഥാര്‍ഥത്തില്‍ അഭിവൃദ്ധി പ്രാപിക്കണമെങ്കില്‍ അവര്‍ക്ക് സ്വാതന്ത്ര്യം അനുഭവപ്പെടണം. അതെങ്ങനെയാവണമെന്നാണ് നാം നിര്‍വചിക്കുന്നത്? ഏത് സ്ത്രീകളാണ് അധികാരം അര്‍ഹിക്കുന്നതും ഏത് സ്ത്രീകള്‍ക്കാണ് സ്വന്തം കഥകള്‍ പറയാന്‍ അര്‍ഹതയുള്ളതെന്നും ഏത് സ്ത്രീകളെയാണ് വിശ്വസിക്കേണ്ടതെന്നതും നാമെങ്ങനെയാണ് തെരഞ്ഞെടുക്കുക. ഫെമിനിസം നിലകൊള്ളുന്നത് എന്തിനൊക്കെ വേണ്ടിയാണോ അതിനെല്ലം എതിരാണിത്. ജീവിതത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍ക്കൊള്ളാനല്ലെങ്കില്‍ പിന്നെ എന്ത് നന്മയ്ക്കുവേണ്ടിയാണ് ഫെമിനിസം.
അനാവശ്യമായി ഇസ്‌ലാമിക വ്യക്തിത്വം പ്രഖ്യാപിക്കുന്നതും മതേതരസാഹചര്യത്തിന് യോജിക്കാത്തതുമാണ് ഹിജാബ് എന്നതാണ് ഹിജാബിനെതിരായ മറ്റൊരു വാദം. സെക്യുലറിസത്തിന് മതരാഹിത്യമെന്ന് അര്‍ഥം വന്നത് എന്ന് മുതലാണ്. അതാണ് അര്‍ഥമെങ്കില്‍ കന്യാസ്ത്രീ അവരുടെ വേഷവും സിഖുകാര്‍ തലേക്കെട്ടും ജൂതന്‍ കിപ്പയും ഉപേക്ഷിക്കേണ്ടിവരും. മറ്റുള്ളവരെ സഹായിക്കുക എന്നത് പ്രധാനമാണ്.
പക്ഷേ, അവരെ ഭീഷണിപ്പെടുത്തിയും പരിഹസിച്ചും അത് ചെയ്യാനാവില്ല. സ്ത്രീകളെ അടിച്ചമര്‍ത്തുന്നവരെന്ന് പറഞ്ഞ് സമുദായങ്ങളെ ഒറ്റപ്പെടുത്തുമ്പോള്‍ നാം ചെയ്യുന്നത് തുടക്കത്തില്‍ വൈറ്റ് ഫെമിനിസം ചെയ്തതെന്താണോ – എല്ലാവരെയും പരിഗണിക്കാതിരിക്കുക – അതാണ്. സ്ത്രീകള്‍ക്ക് ശക്തി നല്‍കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം. അത് അവര്‍ തെരഞ്ഞെടുക്കുന്ന ഏത് മാര്‍ഗേണയും.
ആളുകളുടെ തൊണ്ടയിലേക്ക് ആശയങ്ങള്‍ തള്ളിക്കയറ്റുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാഭ്യാസത്തിലൂടെ ബാഹ്യലോകവുമായി ബന്ധപ്പെടാനും സ്വയം മനസ്സിലാക്കുവാനും നല്ലത് സ്വീകരിക്കുവാനുമുള്ള അവസരം സൃഷ്ടിക്കലുമാണ് സ്വാതന്ത്ര്യം. സ്ത്രീകളെ ആക്ഷേപിക്കുന്ന സെലക്ടീവ് ഫെമിനിസത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. അടുത്ത തവണ എ ആര്‍ റഹ്മാന്റെ മകള്‍ ധീരതയോടെ സ്റ്റേജില്‍ കയറുമ്പോള്‍, അവള്‍ക്കൊരു മൈക്ക് നല്‍കി അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അറിവുമാണ് നമുക്ക് തല മറച്ചവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കാനുള്ളത്. എല്ലാവരും അതര്‍ഹിക്കുന്നു.
(കടപ്പാട്: ദ ക്വിന്റ്,
വിവ: സിദ്ദീഖ് സി സൈനുദ്ദീന്‍)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x