ഫാസിസത്തിനെതിരെ കാമ്പസുകള്‍ പ്രതിരോധം തീര്‍ക്കണം: എം എസ് എം
പരപ്പനങ്ങാടി: മതനിരപേക്ഷ ജനാധിപത്യ സ്വാതന്ത്രം വീണ്ടെടുപ്പിന്റെ സമരകാലത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച യൂണിറ്റി സ്‌ക്വയര്‍ അഭിപ്രായപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്രത്തെ ഹനിക്കുകയും ദളിത് മുസ്‌ലിം സ്വത്വങ്ങളെ അപരത്വവത്കരിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് അജണ്ടകള്‍ ഒളിഞ്ഞും തെളിഞ്ഞും കാമ്പസുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ ചെറുക്കാന്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിരോധനിര രൂപപ്പെടണമെന്നും എം എസ് എം ആവശ്യപ്പെട്ടു.
‘നാം ഇന്ത്യയെ കണ്ടെത്തുന്നു’ എന്ന പ്രമേയത്തില്‍ നടന്ന എം എസ് എം യൂണിറ്റി സ്‌ക്വയര്‍ സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. വി ടി സയ്യിദ് ഉമര്‍ അധ്യക്ഷനായി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹക്കീം ചെറുമുക്ക്, സലീം വടക്കന്‍, ബാസിത് താനൂര്‍, വഫ പരപ്പനങ്ങാടി, ഷെറീഫ് കോട്ടക്കല്‍, ലത്തീഫ് പരപ്പനങ്ങാടി, എം എസ് എം ജില്ലാ സെക്രട്ടറി സഹീര്‍ വെട്ടം, ഹാഷിം അഫ്‌സല്‍ രണ്ടത്താണി പ്രസംഗിച്ചു.