ഫലസ്ത്വീനെ ഇന്ത്യ കൈവിടുന്നു?
ചരിത്രത്തില്‍ ആദ്യമായി ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിനെ അനുകൂലിച്ചും ഫലസ്തീനിന്റെ മനുഷ്യാവകാശങ്ങളെ എതിര്‍ത്തും ഇന്ത്യ നിലപാട് സ്വീകരിച്ചതാണ് കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്രാ വാര്‍ത്തകളിലൊന്ന്. ഇസ്രായേല്‍ രൂപീകരണത്തിനുശേഷം ഇന്ത്യ എക്കാലത്തും ഫലസ്തീന് അനുകൂലമായ നിലപാടാണ് അന്താരാഷ്ട്രാ വേദികളില്‍ സ്വീകരിച്ചിട്ടുള്ളത്. ഫലസ്തീനെ ഇന്ത്യയുടെ നല്ല സുഹ്യത്തായാണ് എപ്പോഴും പരിഗണിക്കപ്പെട്ടിരുന്നത്. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മാനുഷിക വിരുദ്ധമായ നിലപാടുകളെ പരസ്യമായി വിമര്‍ശിക്കാനും ഇ ന്ത്യ മടിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന യു എന്‍ യോഗത്തില്‍ ഫലസ്തീനെതിരേ വോട്ട് രേഖപ്പെടുത്തിയതിലൂടെ ഇന്ത്യ തങ്ങളുടെ നിലപാടുകള്‍ മാറ്റുകയാണെന്നും തങ്ങള്‍ ഇസ്രായേല്‍ പക്ഷത്തേക്ക് കൂറ് മാറുകയാണെന്ന് വ്യക്തമാക്കുകയാണെന്നുമാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫലസ്തീനികള്‍ക്കും സ്വതന്ത്ര്യ രാഷ്ട്രം വേണമെന്നായിരുന്നു ഇതുവരെ ഇന്ത്യ കൈക്കൊണ്ട നിലപാട്. ഇതിനായി ദ്വിരാഷ്ട്ര ഫോര്‍മുല എന്ന പദ്ധതിയെ ഇന്ത്യ പിന്താങ്ങുകയും ചെയ്തിരുന്നു. യു എന്‍ ഒയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ നടത്തിയ വോട്ടെടുപ്പില്‍ ഫലസ്ത്വീനിന്റെ നിരീക്ഷക പദവി ശഹീദെന്ന പേരില്‍ നല്‍കുന്നതിനെ ഇന്ത്യ നിഷേധിക്കുകയും ചെയ്തു. യു എസ്, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ജപ്പാന്‍, യു കെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാഷ്ട്രങ്ങള്‍ ഇസ്രയേലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ചൈന, റഷ്യ, സഊദി അറേബ്യ, പാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഫലസ്തീനിനെ അനുകൂലിച്ചും വോട്ട് രേഖപ്പെടുത്തി.