1 Sunday
December 2024
2024 December 1
1446 Joumada I 29

ഫര്‍സാന മുതല്‍ ഫിറോസ് വരെ അന്ധവിശ്വാസക്കൊലപാതകം  അവസാനിക്കുന്നില്ല – പ്രഫ. ശംസുദ്ദീന്‍ പാലക്കോട്

മൂന്നു തരം കൊലപാതകങ്ങളാണ് സമകാലത്ത് നടന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കൊലപാതകങ്ങള്‍, അന്ധവിശ്വാസ കൊലപാതകങ്ങള്‍, ഗുണ്ടാവിളയാട്ട കൊലപാതകങ്ങള്‍. ഇതില്‍ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകരും സംവാദ വിദഗ്ദരും ചാനല്‍ മീഡിയക്കാരും സടകുടഞ്ഞെഴുന്നേറ്റ് ദിവസങ്ങളോളം ചര്‍ച്ച ചെയ്ത് സജീവമായി നിര്‍ത്തും. കള്ളന്മാരും കൊള്ളക്കാരും ഗുണ്ടാവിളയാട്ടക്കാരും നടത്തുന്ന കൊലപാതകത്തിലും സമൂഹം ഒന്നിച്ച് ഞെട്ടല്‍ പങ്കിടുന്നു. നിയമപാലകരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി സവിശേഷമായ അന്വേഷണവും സഗൗരവമായ ഇടപെടലും നടത്തുന്നു. ആരും പരാതി കൊടുത്തിട്ടില്ലെങ്കില്‍ പോലും പോലീസ് യഥാസമയം സ്ഥലത്തെത്തി സ്വമേധയാ കേസെടുക്കുന്ന അനുഭവവും ഉണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിലാണെങ്കില്‍ അരിയില്‍ ശുക്കൂര്‍ വധം, കൂത്തുപറമ്പിലെ ഷുഹൈബ് വധം, മഹാരാജാസ് കോളജിലെ അഭിമന്യു വധം, പെരിയയിലെ ഇരട്ടക്കൊലപാതകം തുടങ്ങിയ സമീപകാല കൊലപാതകങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും മാധ്യമങ്ങളുമെല്ലാം ഒറ്റക്കെട്ടായി ഇത്തരം കൊലപാതകങ്ങളെ അപലപിക്കുകയും കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന മുറവിളിയും സജീവമായി നടത്തുകയുണ്ടായി.
കൊലപാതകത്തിലെ ഇരട്ടത്താപ്പ്!
എന്നാല്‍ മതത്തിന്റെ മറവിലും മതത്തിന്റെ പേരിലും നടക്കുന്ന അന്ധവിശ്വാസ കൊലപാതകങ്ങളെയും വര്‍ഗീയ പ്രേരിത കൊലപാതകങ്ങളെയും മുകളില്‍ കണ്ടവിധം പൊതുസമൂഹവും മതസമൂഹവും ഭരണകൂടം തന്നെയും ഗൗരവമായി കാണുന്നുണ്ടോ എന്ന കാര്യം ഒരു ചോദ്യചിഹ്നമായിത്തന്നെ നില്‍ക്കുകയാണ്. മതത്തിന്റെ മറവില്‍ നടക്കുന്ന അന്ധവിശ്വാസ കൊലപാതകങ്ങളെയും വര്‍ഗീയഭ്രാന്തന്‍ കൊലപാതകങ്ങളെയും ‘തൊട്ടാല്‍ പൊള്ളുന്ന’ ഒരു വിഷയം എന്ന നിലയില്‍ ഒരു തരം നിസ്സംഗതയോടെയാണ് പൊതുസമൂഹം പൊതുവെയും മതസമൂഹം പ്രത്യേകിച്ചും നോക്കിക്കാണുന്നത്. മനുഷ്യജീവന്‍ കവര്‍ന്നെടുക്കുന്നതിനെ ഈ വിധം കള്ളിവരച്ച് ഗൗരവതരം, അത്രതന്നെ ഗൗരവമല്ലാത്തത് എന്നിങ്ങനെ വര്‍ഗീകരിച്ചുകാണുന്നത് വല്ലാത്തൊരു ദുരവസ്ഥ തന്നെയാണ്!
മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ അടുക്കളയില്‍ സൂക്ഷിച്ച മാംസം പശുവിന്റേതാണെന്ന് പറഞ്ഞ് വലിയൊരാള്‍ക്കൂട്ടം വന്ന് അദ്ദേഹത്തെ അടിച്ചു കൊന്നത് ഇപ്പോള്‍ നമുക്ക് ഓര്‍ത്തെടുക്കാനും പറഞ്ഞുകൊണ്ടിരിക്കാനും മാത്രമുള്ള ഒരു കഥ മാത്രമായി മാറിയിരിക്കുന്നു! അതിനുശേഷം എത്രയെത്ര അഖ്‌ലാഖുമാര്‍ ഈ വിധം നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടും അതൊന്നും സങ്കടം പങ്കുവെക്കേണ്ട ഒരു കൊലപാതകമായിപ്പോലും തോന്നാത്ത അവസ്ഥ സംജാതമാവുകയെന്നത് എത്ര വലിയ ഭീകരാവസ്ഥയാണ്!
വല്ലപ്പോഴും മാംസം വേവിച്ച് ഭക്ഷണം കഴിക്കുന്ന പാവപ്പെട്ട അഖ്‌ലാഖുമാര്‍ക്ക് മാത്രമല്ല ഈ ദുരവസ്ഥ എന്നതും നാം കാണാതിരുന്നുകൂടാ. വലിയ ചിന്തകളും വലിയ ആശയങ്ങളും മാനവികതയെ സംബന്ധിച്ച വലിയ കാഴ്ചപ്പാടും വെച്ചുപുലര്‍ത്തുന്നവര്‍, മതേതരത്വത്തെയും മാനവികതയെയും പറ്റി ധാരാളമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവര്‍, ഉദാഹരണമായി കല്‍ബുറഗി, ധബോല്‍ക്കര്‍, ഗൗരിലങ്കേഷ് തുടങ്ങിയവര്‍ ഈ വിധം ഒരു ഉയര്‍ന്ന ചിന്തയും മാനവികതയും മുറുകെപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ മാത്രമാണല്ലോ  മതവര്‍ഗീയ സങ്കുചിത അസഹിഷ്ണുതാ വക്താക്കളുടെ തോക്കിനിരയായി വീരമൃത്യു വരിക്കേണ്ടിവന്നത്. ഷുഹൈബ്, ശുക്കൂര്‍, അഭിമന്യു വധംപോലെ എന്തുകൊണ്ട് കല്‍ബുര്‍ഗീ, ധബോല്‍ക്കര്‍, ഗൗരിലങ്കേഷ് വധം സജീവ ചര്‍ച്ചയും തുടര്‍ ചര്‍ച്ചയുമായി നിലനില്‍ക്കുന്നില്ല എന്നത് ഞെട്ടലുണ്ടാക്കേണ്ടതും ഭീതിയുണ്ടാക്കേണ്ടതുമായ ചോദ്യം തന്നെയല്ലേ? അഥവാ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്ന് ഒരു യുവതിയെ തള്ളിയിട്ട് കൊല്ലുന്നത് ഗൗരവതരവും ഗൗരിലങ്കേഷിനെ അവര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീടിന്റെ പരിസരത്ത് പതുങ്ങിയിരുന്ന ചില വര്‍ഗീയവാദികള്‍ വെടിയുതിര്‍ത്ത് നിഷ്ഠൂരമായി കൊല ചെയ്യുന്നത് അത്രതന്നെ ഗൗരവതരമല്ലാത്തതുമാകുന്നതിലെ ലോജിക്ക് ഭീതിജനകം തന്നെയല്ലേ?
മതത്തിന്റെ പേരില്‍, വര്‍ഗീയതയുടെ പേരില്‍, മതാന്ധതയുടെ പേരില്‍ ചിലര്‍ക്ക് ചിലരെ കൊല്ലാം എന്നുവരുന്നത് ഏത് മത തത്വശാസ്ത്ര പ്രമാണ വചനത്തിന്റെ അടിസ്ഥാനത്തിലാണ്? മതത്തെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തി മതവൈര്യവും അസഹിഷ്ണുതയും വളര്‍ത്തുന്നത് ഏത് മതതത്വശാസ്ത്ര ദര്‍ശനമാണ്? കൊടിഞ്ഞിയിലെ ഫൈസലും കാസര്‍കോഡ് പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയും കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിനും നിയമപാലകര്‍ക്കും കഴിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് എന്ന ഈ ചോദ്യത്തിനെ അവഗണിച്ചു തള്ളാവുന്നതേയുള്ളൂ എന്ന പൊതുബോധം സൃഷ്ടിക്കപ്പെടുകയും വളര്‍ത്തപ്പെടുകയും ചെയ്യുന്നത് ഒരു നാഗരിക സമൂഹത്തിന്റെ വളര്‍ച്ചയല്ല നാശത്തിന്റെ തുടക്കമാണ് എന്നെങ്കിലും നാം തിരിച്ചറിയുക!
ആദ്യത്തെ കൊലപാതകം
ഭൂമിയില്‍ നടന്ന ആദ്യത്തെ കൊലപാതകം വിശകലനം ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അടിവരയിട്ടു സൂചിപ്പിക്കുന്ന കാര്യം കൊലപാതക വിരുദ്ധമായ പൊതുബോധം വളര്‍ത്തുക എന്നതാണ്. ജ്യേഷ്ഠനായ ഖാബീല്‍ അനുജനായ ഹാബീലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ എങ്കില്‍ ഞാന്‍ നിന്നെയും കൊല്ലും എന്ന ശൈലിയില്‍ സമകാലീന‘’കൊലക്ക് കൊല’ എന്ന സമവാക്യ മറുപടിയല്ല ഹാബീല്‍ പറഞ്ഞത്. ”എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈ നീട്ടുകയില്ല. ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു” (ഖുര്‍ആന്‍ 5:28) എന്നാണ് ആ മറുപടി. ഈ മറുപടിയെയാണ് ഖുര്‍ആന്‍  മാനവരാശിയുടെ മുമ്പില്‍ ആദര്‍ശതത്വമായി ഉയര്‍ത്തിക്കാട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ കേരളത്തില്‍ ഇടക്കിടെ ഉണ്ടാകുന്നതും പതിറ്റാണ്ടുകളായി തുടരുന്നതുമായ കൊലപാതക പരമ്പര അവസാനിപ്പിക്കാന്‍ മനശ്ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും മുന്നോട്ടുവെക്കുന്ന പരിഹാര മാര്‍ഗം ഏതെങ്കിലും ഒരു കൂട്ടര്‍ പിന്‍വാങ്ങുക എന്ന ഖുര്‍ആനിക സന്ദേശത്തിന്റെ അകംപൊരുളിലേക്കാണ് എത്തിനില്‍ക്കുന്നത്. മനുഷ്യചരിത്രത്തിലെ ആദ്യത്തെ കൊലപാതകമായി ഖുര്‍ആന്‍ സൂചിപ്പിച്ച ഹാബീലിന്റെ കൊലപാതക ചരിത്രവും ഇതിലെ ആദര്‍ശതത്വങ്ങളും സൂചിപ്പിച്ച ശേഷം ഖുര്‍ആന്‍ മനുഷ്യന്റെ ജീവന്‍ എത്രമാത്രം വിലപ്പെട്ടതാണെന്നും കൊലപാതകം എത്ര വലിയ പാതകമാണെന്നും മാനവരാശിയെ ശക്തമായി ഉണര്‍ത്തുന്നതു കാണാം. വേദഗ്രന്ഥത്തില്‍ നമുക്കത് ഇപ്രകാരം വായിക്കാം: ”ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുകയോ മറ്റൊരാളെ വധിക്കുകയോ ചെയ്തതിന്റെ പേരിലല്ലാതെ ഏതൊരാള്‍ ഒരു മനുഷ്യജീവന്‍ ഹനിക്കുന്നുവോ അവന്‍ മാനവരാശിയെ മുഴുവന്‍ കൊന്നവനെപ്പോലെയാണ്. ഇനി ഒരു മനുഷ്യ ജീവന്‍ ഒരാള്‍ രക്ഷിച്ചാല്‍ മാനവരാശിയെ മുഴുവന്‍ രക്ഷിച്ചവനെപ്പോലെയുമാണ്”. (ഖുര്‍ആന്‍ 5:32)
മനുഷ്യജീവിതം ദുസ്സഹമാക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെയും നിയമം കൈയ്യിലെടുത്ത് കൊലപാതകം നടത്തുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. അവര്‍ അത് നിര്‍വഹിക്കുകയും അത്തരം കുറ്റവാളികള്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷ നല്‍കുകയും ചെയ്യേണ്ടത് ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്റെ ബാധ്യതയാണ്. അല്ലെങ്കില്‍ ഓരോ വ്യക്തിയും നിയമം കൈയ്യിലെടുക്കുകയും കുറ്റവാളികള്‍ അഴിഞ്ഞാടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും.
അന്ധവിശ്വസ കൊലപാതകങ്ങള്‍
അന്ധവിശ്വാസത്തിന്റെ പേരില്‍ സമീപകാലത്ത് നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളെപ്പോലെയോ ഗുണ്ടാവിളയാട്ട കൊലപാതകങ്ങള്‍ പോലെയോ തുടര്‍ ചര്‍ച്ചയാകുന്നില്ല എന്നതും ഇത്തരം കൊലപാതകങ്ങള്‍ കാര്യമായ തുടരന്വേഷണ നടപടികളിലെത്തുന്നില്ല എന്നതും സമകാലിന സമൂഹം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ്. പ്രേതബാധ, കൂടോത്രബാധ, പിശാചുബാധ, ജിന്നുബാധ തുടങ്ങിയ മിഥ്യാബാധകളുടെ മറവിലാണ് അന്ധവിശ്വാസ കൊലപാതകം ചൂഷണവീരന്മാരായ സിദ്ധ-ദിവ്യ-ജിന്നു-മന്ത്രവാദ സ്‌പെഷലിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ചൂഷക വര്‍ഗങ്ങളുടെ കാര്‍മികത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്. മതചിഹ്നങ്ങളണിഞ്ഞ് നെറ്റിയില്‍ പൊട്ടുതൊട്ടും തലയില്‍ തൊപ്പിയിട്ടും താടി നീട്ടി വളര്‍ത്തിയും പര്‍ദ്ദ ധരിച്ചും പച്ച ഷാള്‍ കഴുത്തില്‍ ചുറ്റിയും പലവിധ വേഷഭൂഷകളണിഞ്ഞും ഈ ബാധയൊഴിപ്പിക്കല്‍ സ്‌പെഷലിസ്റ്റുകള്‍ ചൂഷണമേഖലയില്‍ വിലസി നടക്കുകയാണ്. 2014-ല്‍ പൊന്നാനിയിലെ ഫര്‍സാന, കരുനാഗപ്പള്ളിയിലെ ഹസീന, പുളിക്കലിലെ ശകുന്തള, 2017 ല്‍ നാദാപുരത്തെ ഷമീന എന്നിവരുടെ ജീവന്‍ ഹോമിക്കപ്പെട്ടത് ഇത്തരം ചൂഷണ വിഭാഗക്കാരുടെ ക്രൂരമായ വേലത്തരങ്ങള്‍ക്കിടയിലാണ് എന്നത് നാം എത്ര വേഗമാണ് മറന്നുപോകുന്നത്! അതുകൊണ്ടുതന്നെയാണ് ഇത്തരം ‘ബാധയിറക്കല്‍ വിദഗ്ധരായ’ ചൂഷണപ്പരിഷകള്‍ മതാവബോധം കുറഞ്ഞ മതവിശ്വാസികളെ ലക്ഷ്യമിട്ട് കഴുകക്കണ്ണുകളുമായി വട്ടമിട്ട് പറക്കുന്നത്.
ഏറ്റവുമൊടുവില്‍ നിലമ്പൂരിലടുത്ത കരുളായിയിലെ ചെറുപ്പക്കാരനായ ഫിറോസിന്റെ മരണവും വിവാദച്ചുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. ലിവര്‍ സിറോസിസ് ബാധിച്ച് ആയുര്‍വേദ ചികിത്സയും മറ്റും ചെയ്ത് ആശ്വാസം കിട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ചെറുപ്പക്കാരനെ കുടുംബത്തിലെ ചില അന്ധവിശ്വാസികള്‍ പറഞ്ഞ് പ്രലോഭിപ്പിച്ച് മഞ്ചേരിയിലെ ചെരണിയിലെ ഒരു ജിന്ന് ചികിത്സാകേന്ദ്രത്തില്‍ എത്തിച്ച് പീഡിപ്പിച്ചത് എന്നും ഇത്തരം മര്‍ദ്ദന പീഡനങ്ങള്‍ 26 ദിവസം നീണ്ടുനിന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
എന്തുകൊണ്ട് ചൂഷണം?
മതത്തിന്റെ മറവില്‍ എന്തുകൊണ്ട് ഇത്തരം ചൂഷണം നടക്കുന്നു എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടത് മതവിശ്വാസികള്‍ തന്നെയാണ്. മതപുരോഹിതന്മാര്‍ പലപ്പോഴും മതവിശ്വാസികളെ വെളിച്ചത്തിലേക്കല്ല ഇരുട്ടിലേക്കാണ് നയിക്കുന്നത് എന്ന വസ്തുത അവര്‍ തിരിച്ചറിയണം. മതവിശ്വാസികളുടെ ദൗര്‍ബല്യത്തെയും അറിവില്ലായ്മയെയും ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ്സുകള്‍ മതപുരോഹിതന്മാരിലുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും ഖുര്‍ആന്‍ വ്യക്തമായ രൂപത്തില്‍ ഉണര്‍ത്തിയിട്ടുണ്ട്.   ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുന്നവരും ദൈവവഴിയില്‍ നിന്ന് വിശ്വാസികളെ തടയുന്നവരുമാകുന്നു” (ഖുര്‍ആന്‍: 9:34).
കൊലപാതകത്തില്‍ കലാശിക്കുന്നില്ലെങ്കിലും മുടിവെള്ളം, പൊടിവെള്ളം, മന്ത്രിച്ചൂതിയ കുപ്പിവെള്ളം, മതപ്രഭാഷണത്തിന്റെ മറവില്‍ മുട്ടലേലം, ദുആ മജ്‌ലിസ്, സ്വലാത്ത് മജ്‌ലിസ് തുടങ്ങിയവ വിശ്വാസികളെ ചൂഷണം ചെയ്യുന്ന സമകാലീന പുരോഹിത സംരംഭങ്ങളാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. യാഥാസ്ഥിതിക മതസമൂഹത്തിലെ വിവരദോഷികളെയാണ് ഈ പുരോഹിതന്മാര്‍ എപ്പോഴും വലവീശിപ്പിടിക്കുന്നത്.
ഇത്രയധികം അന്ധവിശ്വാസ കൊലപാതകങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നടന്നിട്ടും ഈ മുഖ്യധാരാ പുരോഹിത വര്‍ഗവും അവരുടെ സംഘടനാ സംരംഭങ്ങളും അതിനെതിരെ ഒരു പ്രതിഷേധ പ്രകടനം പോലും സംഘടിപ്പിച്ചില്ല എന്നത് മതസമൂഹം പൗരോഹിത്യ ദ്രംഷ്ടങ്ങളില്‍ ബന്ധിതമാണ് എന്നതിന്റെ ഭീതിജനകമായ ഒരു ചിത്രം തന്നെയല്ലേ?
‘സിദ്ധ’ന്മാരിലുള്ള വിശ്വാസമാണ് മറ്റൊരു കാരണം. അങ്ങനെയൊരു സിദ്ധസാന്നിധ്യമുണ്ടെങ്കില്‍ അദൃശ്യകാര്യം അറിയുന്ന ഏറ്റവും വലിയ ഒരു സിദ്ധനായി വേഷം കെട്ടേണ്ടിയിരുന്നത് പ്രവാചകനായ മുഹമ്മദ് (സ) ആണല്ലോ. അദ്ദേഹത്തെക്കൊണ്ട് അല്ലാഹു പറയിപ്പിക്കുന്നത് കാണുക: ”പറയുക എന്റെ അടുക്കല്‍ അല്ലാഹുവിന്റെ ഖജനാവുകള്‍ ഉണ്ടെന്ന് ഞാന്‍ പറയുന്നില്ല. എനിക്ക് അദൃശ്യകാര്യങ്ങള്‍ അറിയുകയുമില്ല” (ഖൂര്‍ആന്‍ 6:50). പ്രവാചകനില്ലാത്ത എന്ത് സിദ്ധിയാണ് ഇന്നത്തെ വ്യാജസിദ്ധന്മാര്‍ക്കുള്ളതെന്ന് ചോദിക്കാന്‍ മുന്നോട്ട് വരേണ്ടത് മതവിശ്വാസികള്‍ തന്നെയാണ്.
പ്രേത-ഭൂത-ജിന്ന് ബാധാവിശ്വാസമാണ് മറ്റൊരു കാരണമായി വിശകലനം ചെയ്യപ്പെടേണ്ടത്. പിശാച്, ജിന്ന് എന്നിവ ഉണ്ടെന്നും അവ പക്ഷെ മനുഷ്യമനസ്സില്‍ തിന്മയുടെ പ്രചോദനശക്തിയായി ദുര്‍ബോധനം (വസ്‌വാസ്) നടത്തുകയല്ലാതെ ശാരീരികമായി ഒന്നും ചെയ്യാന്‍ അവക്ക് കഴിയില്ലെന്നതുമാണ് പിശാച് തന്നെ പറയുന്നതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. അത്തരം ഒരധികാരവും ഈ പിശാചുക്കള്‍ക്കില്ല എന്ന് പിശാചിനെക്കൊണ്ട് തന്നെ പറയിപ്പിക്കുന്ന കാര്യം ഖുര്‍ആന്‍ 14:22 ല്‍ കാണാം.
എന്താണ് പരിഹാരം?
ദൈവവിശ്വാസത്തിലെ ശരിയായ മതകീയ വശം ഉള്‍ക്കൊള്ളുക, അല്ലാഹുവിന്റെ നിശ്ചയത്തിലുള്ള (ഖദ്ര്‍) വിശ്വാസം ഉള്‍ക്കൊള്ളുക, പുരോഹിതന്മാരെ വല്ലാതെ ആശ്രയിക്കാതിരിക്കുക, മതവിശ്വാസികള്‍ ദൈവപ്രോക്തമായ വേദപ്രമാണം പഠിക്കുക എന്നിവ മാത്രമാണ് വര്‍ധിച്ചുവരുന്ന മതചൂഷണങ്ങളും അന്ധവിശ്വാസ കൊലപാതകങ്ങളും സമ്പൂര്‍ണമായി ഇല്ലായ്മ ചെയ്യാനുള്ള ഏകപരിഹാര മാര്‍ഗം. മതസംഘടനകളും മതനേതാക്കളും കാലഘട്ടത്തിന്റെ അനിവാര്യതയായ ഈ ദൗത്യം ഏറ്റെടുക്കാന്‍ കൈകോര്‍ക്കുക എന്നതുമാത്രമാണ് അതിലേക്കുള്ള പ്രായോഗിക കര്‍മ മാര്‍ഗം.
Back to Top