ഫത്‌വ നല്‍കാന്‍ എ ഐ ടൂളുകള്‍ക്ക് സാധിക്കുമോ?
ടി ടി എ റസാഖ്
ഏതെങ്കിലും വിധത്തില്‍ എഐ ഒരുകാലത്ത് മനുഷ്യനെ പുറന്തള്ളുമോ എന്ന ചോദ്യം തികച്ചും സാങ്കല്‍പികം മാത്രമാണ് എന്നാണ് പണ്ഡിതമതം. ഉദാഹരണമായി, മനുഷ്യന്റെ അനുഭവ പാഠങ്ങളില്‍ നിന്നു പകര്‍ത്തപ്പെടുന്ന ഒരു സര്‍ഗാത്മക കൃതിക്ക് പകരം വെക്കാന്‍ എഐ പകര്‍പ്പുകള്‍ക്ക് ഒരിക്കലും കഴിയുകയില്ല. ആല്‍ഫാ സീറോ, ഡീപ് ബ്ലൂ പോലുള്ള ചെസ് കളിക്കുന്ന എഐ സോഫ്റ്റ്‌വെയറുകള്‍ ധാരാളം ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് താല്‍പര്യം മനുഷ്യര്‍ തമ്മില്‍ നടക്കുന്ന മല്‍സരങ്ങളാണല്ലോ. അഥവാ മനുഷ്യന്റെ സര്‍ഗാത്മകതയും അവബോധവും എപ്പോഴും നിര്‍ണായകവും നിത്യപ്രസക്തവുമാണ് എന്നാണിത് അര്‍ഥമാക്കുന്നത്. മനുഷ്യനെപ്പോലെ ഒരു ധര്‍മാധര്‍മ വിവേചനബുദ്ധി എന്ന ഗുണം യന്ത്രവ്യവസ്ഥയുടെ സങ്കല്‍പത്തിനുമപ്പുറമാണ്. ചുരുക്കത്തില്‍, മനുഷ്യന്റെ പദവി പ്രത്യേക മേഖലകളില്‍ എക്കാലത്തും നിരന്തരപ്രസക്തമാണ് എന്നുതന്നെയാണ് എഐ ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാവുന്നത്. മനുഷ്യന്റെ ഭാവനാപരമായ ബുദ്ധിയും സങ്കീര്‍ണമായ വികാരങ്ങളും സാമൂഹിക ഇടപെടലുകളും ഒരു നിര്‍മിത സംവിധാനത്തിനും എത്തിപ്പെടാന്‍ പറ്റാത്തത്ര നിലവാരത്തിലാണ്. ടീമുകളെ നയിക്കുന്നതിനും ധാര്‍മിക തീരുമാനങ്ങള്‍ എടുക്കുന്നതിനും സങ്കീര്‍ണമായ സാമൂഹിക ഗതിവിഗതികളെ നേരിടുന്നതിനും മനുഷ്യ നേതൃത്വ ഗുണങ്ങള്‍ എപ്പോഴും അനിവാര്യമാണ്.
ജയിംസ് വില്‍സനും പോള്‍ ആര്‍ ഡോഗര്‍ട്ടിയും ചേര്‍ന്നെഴുതിയ ‘മനുഷ്യന്‍ + മെഷീന്‍: എഐ യുഗത്തില്‍ തൊഴിലിന്റെ പുനര്‍ഭാവന’ എന്ന കൃതിയില്‍ എഐയെ മനുഷ്യ കഴിവിന്റെ ഒരു വിപുലീകരണം എന്നാണ് വിശേഷിപ്പിക്കുന്നത്. മെഷീന്‍ മനുഷ്യനെ മറികടക്കുന്ന യുഗമല്ല, മെഷീനും മനുഷ്യനും തമ്മിലുള്ള സഹകരണത്തിന്റെ നിര്‍മിതബുദ്ധി യുഗമാണിനി വരാനുള്ളത് എന്നതാണ് ആ കൃതിയുടെ മുഖ്യപ്രമേയം. ബിഎംഡബ്ല്യൂവിന്റെ അസംബ്ലി പ്ലാന്റില്‍ ഒരു തൊഴിലാളി ഗിയര്‍ ബോക്‌സുകള്‍ പരിശോധിച്ചുവെക്കുമ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഒരു കൊച്ചു എഐ റോബോട്ട് അതതിന്റെ ബോക്‌സുകളില്‍ ഗിയറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരണങ്ങളോടെയാണ് ‘എഐ കാലത്തെ നമ്മുടെ പദവി എന്ത്’ എന്ന ആമുഖ അധ്യായം തുടങ്ങുന്നത്. യഥാര്‍ഥത്തില്‍ മനുഷ്യനും നിര്‍മിതബുദ്ധി യന്ത്രങ്ങളും സഹകരണ പങ്കാളികളായി ജീവിക്കുന്ന കാലഘട്ടത്തെ കുറിച്ചാണ് ഉത്തരവാദിത്ത മേഖലകളിലും എഐ സുരക്ഷാ സമ്മിറ്റുകളിലും നടക്കുന്ന ചര്‍ച്ചകള്‍ അധികവും സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ എഐ വികസന നയം അറിയപ്പെടുന്നതുതന്നെ ഉത്തരവാദിത്ത നിര്‍മിതബുദ്ധി (Responsible AI) എന്നാണ്.
എഐ, എജിഐ വികസനത്തെ നയിക്കുക, അതിന്റെ ഫലങ്ങള്‍ വ്യാഖ്യാനിക്കുക, അതിന്റെ ഉത്തരവാദിത്തപരവും ധാര്‍മികവുമായ പ്രയോഗം ഉറപ്പുവരുത്തുക തുടങ്ങിയ പദവികള്‍ ഏറ്റെടുക്കാന്‍ മനുഷ്യന്‍ മാത്രമാണ് യോഗ്യന്‍. എഐ കാലത്തെ അവന്റെ പുതിയ പദവികളിലൊന്നും അതായിരിക്കും. കാരണം, ഭൂമിയില്‍ മാത്രമല്ല ചന്ദ്രനിലോ ചൊവ്വയിലോ ആണെങ്കിലും സ്ഥലകാല മാറ്റങ്ങള്‍ക്കനുസരിച്ച് അവന്റെ മനുഷ്യ മസ്തിഷ്‌കം സ്വയം ക്രമീകരിക്കുകയും പഠിക്കുകയും ചേര്‍ച്ചപ്പെടുകയും അതിജീവനത്തിന്റെ പാത കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. കാരണം ദൈവികമായ ഒരു ജൈവിക അല്‍ഗോരിതമാണ് അതിന്റെ പ്രവര്‍ത്തനത്തിന് നിദാനം എന്നതുതന്നെ.
നിര്‍മിതബുദ്ധിയും
ഇസ്‌ലാമിക
വിജ്ഞാനീയങ്ങളും
മധ്യപൂര്‍വദേശത്തും വടക്കേ ആഫ്രിക്കയും ഉള്‍പ്പെടുന്ന ചില മുസ്‌ലിം രാജ്യങ്ങള്‍ 2017 മുതല്‍ തന്നെ കൃത്രിമബുദ്ധി വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പ്രസിദ്ധീകരിച്ചതായി കാണാം. കൃത്രിമബുദ്ധിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന വിവിധ നയങ്ങളും ധാര്‍മിക മാനദണ്ഡങ്ങളും പ്രാഥമിക ചര്‍ച്ചകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. യുഎഇയും (2017) സുഊദി അറേബ്യയും (2020) ഈജിപ്തും (2021) നിര്‍മിതബുദ്ധി സാങ്കേതികവിദ്യകളെ സ്വാഗതം ചെയ്യുന്നതിനായി നയപരവും നിയമനിര്‍മാണപരവുമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
ഇസ്‌ലാമിക മതവിദ്യാഭ്യാസരംഗത്തും എഐ സാങ്കേതികവിദ്യകള്‍ വളരെ പതുക്കെയാണെങ്കിലും കടന്നുവന്നുകൊണ്ടിരിക്കുന്നു. ഹോങ്കോങിലെ ഇസ്‌ലാമിക് ധര്‍വുഡ് പൗ മെമ്മോറിയല്‍ പ്രൈമറി സ്‌കൂള്‍ (IDPMPS), യുഎഇയിലെ അലിഫ് എജ്യൂക്കേഷന്‍, അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (MBZ UAI), യു എ ഐ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് സ്‌കൂള്‍ ജപ്പാന്‍, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് സ്‌കൂള്‍ ടോക്കിയോ, ഷിറാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജപ്പാന്‍, സ്യാഫാന ഇസ്‌ലാമിക് സ്‌കൂള്‍ ഇന്തോനേഷ്യ മതകാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്തോനേഷ്യയിലെ മദ്റസകള്‍, മലേഷ്യയിലെ കഠമാെശസ പ്ലാറ്റ്‌ഫോം എന്നിങ്ങനെ ചില സ്ഥാപനങ്ങളില്‍ എഐ ടൈപ് 1, 2 പോലെ ചില പ്രാഥമിക എഐ പഠനപദ്ധതികള്‍ നടക്കുന്നതായി ലിസ്റ്റ് ചെയ്യപ്പെട്ടുകാണാം. വ്യക്തിഗത പഠനം, ഭാഷാ പഠനം, ഖുര്‍ആന്‍ മനഃപാഠം, റോബോട്ടിക്‌സ്, കോഡിങ്, ഗവേഷണം, ഡാറ്റാ വിശകലനം എന്നിങ്ങനെയുള്ള ചില പഠനമേഖലകളിലാണ് ഈ പഠനരീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടാതെ എഐ സാങ്കേതിക ശക്തി ഉപയോഗിക്കുന്ന ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്ര പഠനരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സോഫ്റ്റ്‌വെയറുകളും ഓണ്‍ലൈന്‍ സേവനങ്ങളും വേണ്ടത്ര വര്‍ധിച്ചുവരുന്നു എന്നതും ശ്രദ്ധയര്‍ഹിക്കുന്നു. സമഗ്രമായ ഖുര്‍ആന്‍ പഠനത്തിനായി ബയാന്‍, ഖുര്‍ആന്‍ പാരായണ പഠനത്തിനു സഹായിക്കുന്ന റിസൈറ്റ് നൗ (Recite Now), ഹദീസ് പഠനത്തിനുള്ള ഒരു ഡാറ്റാബേസ് ഹുര്‍റിയ, ഹദീസ് ഗവേഷണത്തിന് സഹായിക്കുന്ന ഖലം എഐ (Qalam AI), ഇസ്‌ലാമിക കര്‍മശാസ്ത്ര നിയമങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന വിവിധ ഉപാധികള്‍ ഉള്‍ക്കൊള്ളുന്ന ‘മിംബര്‍ എഐ’, ഇസ്‌ലാമിക നിയമവിധികളുടെ പഠന ഗവേഷണത്തിന് സഹായിക്കുന്ന ഇര്‍സിയദ് (Isryad) തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.
എഐയുടെ ചാറ്റ് ജിപിടി പോലുള്ള ഭാഷാ മോഡലുകള്‍ക്ക് സമാനമായ രീതിയില്‍ ഖുര്‍ആന്‍, ഹദീസ്, അറബിഭാഷാ പഠനങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്വതന്ത്രമായ ഒരു ഇസ്‌ലാമിക് എഐ ഭാഷാ മോഡല്‍ വികസിച്ചുവരാന്‍ അധിക സമയം വേണ്ടിവരില്ല. കാരണം എഐ ഒരു വിവരവിജ്ഞാന വിസ്‌ഫോടനം എന്ന നിലയ്ക്ക് അറബി ഭാഷയടക്കം ഖുര്‍ആന്‍-ഹദീസ് വിജ്ഞാനീയങ്ങളെയും പണ്ഡിത ചര്‍ച്ചകളെയും ഇഴകീറി പരിശോധിക്കാനും പാറ്റേണുകള്‍ മനസ്സിലാക്കി കൂടുതല്‍ ആഴത്തില്‍ തിരഞ്ഞു പരിശോധിക്കാനും കൂടുതല്‍ കൃത്യമായ പരിഭാഷകള്‍ രചിക്കാനും ഹദീസുകളുടെ പഠനവും അതിന്റെ സങ്കീര്‍ണമായ നിദാനശാസ്ത്രവും വര്‍ഗീകരണ പഠനങ്ങളും എളുപ്പമാക്കാനും എഐ ഏറെ സഹായകമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
അതിനായി മുന്‍വിധികളെ ഓട്ടോമേറ്റ് ചെയ്യുന്ന മാതൃകകളല്ല നമുക്ക് ആവശ്യം. നിലവിലുള്ള പാശ്ചാത്യ എഐ മാതൃകകളെ മാത്രം ആശ്രയിക്കാതെ കുറ്റമറ്റ ഒരു എഐ മാതൃക ആഭ്യന്തരമായി വികസിപ്പിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിന് അഹ്‌ലുസ്സുന്നയുടെ പണ്ഡിതലോകവും സുഊദി പോലുള്ള ഭരണകൂടങ്ങളും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം യാഥാസ്ഥിതിക-ശീഈ കൂട്ടുകെട്ട് ഈ രംഗത്ത് ആധിപത്യം നേടിയേക്കാം. ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടും എഐ രംഗത്ത് വൈദഗ്ധ്യം നേടുക എന്നത് ഒരു മതസമൂഹമെന്ന നിലയ്ക്കും ഒരു വിശ്വാസി എന്ന നിലക്കും എത്രത്തോളം ആവശ്യമാണ് എന്ന തിരിച്ചറിവിലേക്ക് നാം വളരുകയാണ്.
എഐ മുഫ്തിയും
ഫത്‌വകളും സാധ്യമോ?
ഒരു എഐ ഇസ്‌ലാമിക മുഫ്തിയെന്ന നിലയില്‍ എഐ യുടെ സാധ്യതയും സാധുതയും സങ്കീര്‍ണവും രസകരവുമായ ചര്‍ച്ചയാണ്. അത്തരമൊരു സംവിധാനം സൃഷ്ടിക്കുന്നതിന്റെ സാങ്കേതിക വശങ്ങള്‍ സാധ്യതയുടെ പരിധിയിലാണെങ്കിലും, അതിന്റെ ധാര്‍മികവും മതപരവുമായ പ്രത്യാഘാതങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. എഐ സിസ്റ്റങ്ങളെ ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെയും വിധികളുടെയും പണ്ഡിത അഭിപ്രായങ്ങളുടെയും വന്‍ ഡാറ്റാസെറ്റുകളില്‍ പരിശീലിപ്പിക്കുകയും ആവശ്യമായ അല്‍ഗോരിതങ്ങള്‍ വികസിപ്പിക്കുകയും ചെയ്യാന്‍ ഇന്ന് പ്രയാസമില്ല. ഇത് ഏതൊരു മനുഷ്യ പണ്ഡിതനേക്കാളും കൂടുതല്‍ അളവിലും വേഗതയിലും വിജ്ഞാനശേഖരങ്ങളെ സമീപിക്കാനും വിശകലനം ചെയ്യാനും യന്ത്രബുദ്ധിയെ പ്രാപ്തമാക്കുന്നു.
ഇവിടെ, മെഷീനുകളെ എഐ സാങ്കേതികവിദ്യകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള തനത് യുക്തിയും യന്ത്രബുദ്ധിയും ഉപയോഗിച്ച്, നിര്‍ദിഷ്ട സാഹചര്യങ്ങളെ മനസ്സിലാക്കി ഇസ്‌ലാമിക തത്വങ്ങള്‍ പ്രയോഗിക്കാനും വ്യവസ്ഥാപിതമായ നിയമ ചട്ടക്കൂടുകളെ അടിസ്ഥാനമാക്കി വിധികള്‍ സൃഷ്ടിക്കാനും പ്രോഗ്രാം ചെയ്യുക എന്നത് തീര്‍ച്ചയായും ശ്രമകരമായ ഒരു ജോലിയായിരിക്കും. കൂടാതെ, ഈ വിഷയത്തില്‍ ധാരാളം ചോദ്യങ്ങളും ഉയര്‍ന്നുവരാവുന്നതാണ്.
ഇത്തരമൊരു എഐ സംവിധാനം എത്ര വിപുലമായ യാന്ത്രിക വിജ്ഞാനവും നിര്‍മിത ബുദ്ധിയും സന്നിവേശിപ്പിക്കപ്പെട്ടതാണെങ്കിലും മനുഷ്യ പണ്ഡിതന്റെ സ്ഥാനത്ത് പരിഗണിക്കപ്പെടാവുന്നതാണോ? ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെ കാര്യത്തില്‍ സ്വീകരിക്കേണ്ട സൂക്ഷ്മതയും സാഹചര്യങ്ങളുടെ സങ്കീര്‍ണതയും മനസ്സിലാക്കാനും കണ്ടെത്താനും ഒരു മനുഷ്യ പണ്ഡിതന്റെ സാന്നിധ്യം അനിവാര്യമല്ലേ?
ഒരു എഐ മെഷീനിനെ സംബന്ധിച്ചിടത്തോളം അതിന് നൈതികതയും വിശ്വാസവും അന്യമാണല്ലോ. അവയ്ക്ക് പഠിപ്പിക്കപ്പെട്ട ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലങ്ങള്‍ പ്രായോഗികമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി നൈതികമായ തീരുമാനങ്ങളിലെത്താന്‍ മെഷീനുകള്‍ പര്യാപ്തമാണോ? അതിനാല്‍ എഐ മുഫ്തിമാരെ മനുഷ്യ പണ്ഡിതരുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നതാണ് ഈ രംഗത്തു കാണപ്പെടുന്ന ഏറ്റവും സ്വീകാര്യമായ വീക്ഷണം.
ഇസ്‌ലാമിക വിധികളില്‍ പലപ്പോഴും സാഹചര്യം, ഉദ്ദേശ്യം, വ്യക്തിപരിസരം തുടങ്ങിയ സങ്കീര്‍ണമായ പരിഗണനകള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ സൂക്ഷ്മതകള്‍ പിടിച്ചെടുക്കാനും മനുഷ്യ മുഫ്തികളെപ്പോലെ സൂക്ഷ്മവും ആഴത്തിലുള്ളതുമായ നിഗമനങ്ങളിലെത്താനും എഐ സിസ്റ്റങ്ങള്‍ പര്യാപ്തമല്ല എന്നതാണ് കാരണമായി പറയപ്പെടുന്നത്. ഇസ്‌ലാമില്‍ ഒരു മുഫ്തിയുടെ അധികാരം എന്നത് ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ ആഴത്തിലുള്ള അറിവില്‍ നിന്നു മാത്രമല്ല, പ്രബോധിത സമൂഹത്തിന്റെ വിശ്വാസവും ആദരവും നേടാനുള്ള അവരുടെ യോഗ്യതയില്‍ നിന്നും ഉദ്ഭവിക്കുന്നതാണ്, അതൊരു കേവല ബുദ്ധിവ്യായാമമല്ല.
അതുകൊണ്ടുതന്നെ എഐ ഒരു സഹകരണ പങ്കാളിയായി വര്‍ത്തിക്കുക എന്നതാണ് സ്വീകരിക്കാവുന്ന ബദല്‍ മാതൃക. അഥവാ, എഐ സാങ്കേതികവിദ്യയെ മനുഷ്യ പണ്ഡിതരുടെയും വിധികര്‍ത്താക്കളുടെയും അറിവും അനുഭവവും വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി മാത്രം ഉപയോഗിക്കാം. എഐ വിവരങ്ങള്‍ ശേഖരിക്കാനും ക്രമീകരിക്കാനും സഹായിക്കുകയും സാധ്യതകള്‍ നിര്‍ദേശിക്കുകയും ചെയ്യുമ്പോള്‍, മനുഷ്യ പണ്ഡിതര്‍ അവസാന തീരുമാനങ്ങള്‍ എടുക്കുകയും വ്യാഖ്യാനങ്ങള്‍ നല്‍കുകയും സംശയങ്ങളും വിവാദങ്ങളും തീര്‍പ്പാക്കുകയും ചെയ്യും. വ്യത്യസ്ത മേഖലകളില്‍ വിവിധ എഐ മോഡലുകളെ ഇക്കാര്യത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്.
ഉദാഹരണത്തിന്, സാമ്പത്തിക ഇടപാടുകളുടെ നിയമപരമായ വിശദാംശങ്ങളെ കുറിച്ച് ഉപദേശം നല്‍കാന്‍ ഒരു എഐ ഇസ്‌ലാമിക് ഫൈനാന്‍സ് സിസ്റ്റം വികസിപ്പിക്കുന്നതുപോലെ വിവിധ തലങ്ങളില്‍ സ്‌പെഷ്യല്‍ നിര്‍മിതബുദ്ധി മോഡലുകള്‍ ഉപയോഗപ്പെടുത്താം. ഇസ്‌ലാമിക നിയമത്തില്‍ ഒരു ‘ഫത്‌വ എഐ’യുടെ ഉപയോഗം മേല്‍പറഞ്ഞ പ്രകാരമുള്ള ഒരു വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന വിഷയമാണ്. ചില പണ്ഡിതന്‍മാര്‍ അതിന്റെ നേട്ടങ്ങളെ കുറിച്ച് പറയുമ്പോള്‍, മറ്റു ചിലര്‍ അതിന്റെ പരിമിതികളെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഡോ. മുഹമ്മദ് അബ്ദുല്‍ മുനയീം പറയുന്നതനുസരിച്ച്, ഇസ്‌ലാമിക നിയമം മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും എഐ ഒരു ശക്തമായ സാങ്കേതികവിദ്യയാവാം. നമുക്ക് മറന്നുപോകാന്‍ സാധ്യതയുള്ള പാറ്റേണുകളും പ്രവണതകളും തിരിച്ചറിയാനും ഖുര്‍ആനും സുന്നയും അനുസരിച്ചുളള ശരിയായ കാഴ്ചപ്പാടുകള്‍ നല്‍കാനും അതിനു കഴിയും.
ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ പ്രസ്താവിക്കുന്നതുപോലെ, ശരിയായ ഇസ്‌ലാമിക തത്വങ്ങളും ധാരണകളും ഉപയോഗിച്ച് ഒരു എഐ മോഡലിനെ പ്രോഗ്രാം ചെയ്യാന്‍ കഴിയുന്നുവെങ്കില്‍, ചില കാര്യങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കുന്നതില്‍ അതിനൊരു പങ്ക് വഹിക്കാന്‍ കഴിയും. എന്നിരുന്നാലും, പ്രത്യേക സാഹചര്യങ്ങളില്‍ മതപരമായ അറിവും ന്യായവും പ്രയോഗിക്കാന്‍ കഴിയുന്ന മനുഷ്യ പണ്ഡിതരുടെ സ്ഥാനം എഐ ക്ക് നികത്താന്‍ കഴിയില്ല എന്നത് പ്രധാനമാണ്. ഇമാം ഹംസ യൂസുഫിന്റെ അഭിപ്രായത്തില്‍, ഒരു മുഫ്തിയുടെ പങ്ക് കേവലം വിധികള്‍ നല്‍കുന്നതില്‍ മാത്രമല്ല. ആത്മീയ മാര്‍ഗദര്‍ശനവും ഉപദേശവും പണ്ഡിതന്‍മാരുടെ ബാധ്യതയാണ്. ഇതിന് ദൈവഭയവും മനുഷ്യാവസ്ഥകളെ കുറിച്ച് ആഴത്തിലുള്ള ധാരണയും ആവശ്യമാണ്, യന്ത്രങ്ങള്‍ക്ക് പകര്‍ത്താന്‍ കഴിയാത്ത മാനുഷിക ഗുണങ്ങളാണിവ.
ശൈഖ് ഹംസ ഹിക്മത് പറയുന്നതുപോലെ, ഇസ്‌ലാമിക നിയമത്തിലെ അവസാനത്തെ അധികാരം അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കും മാത്രമാണ്. എഐക്ക് നമുക്ക് ചില ടൂളുകളും വിഭവങ്ങളും നല്‍കാന്‍ കഴിയുമെങ്കിലും, അതൊന്നും ദൈവിക വെളിപാടിനും മനുഷ്യന്റെ പാണ്ഡിത്യത്തിനും പകരക്കാരനാവില്ലെന്ന് ഓര്‍ക്കേണ്ടത് പ്രധാനമാണ്.
ഇസ്‌ലാമിക നിയമശാസ്ത്രത്തില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങളും ചിന്താഗതികളും നിലനില്‍ക്കുന്നുണ്ട്. പണ്ഡിതന്മാര്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നിയമഗ്രന്ഥങ്ങളില്‍ നിന്നും ലഭിച്ച ഗ്രാഹ്യത്തിനനുസരിച്ച് വ്യത്യസ്ത ഫത്‌വകള്‍ നല്‍കിയേക്കാം. ഈ സാഹചര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുകയും സിസ്റ്റത്തിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രതിഫലിക്കുകയും ചെയ്യുക എന്നത് ഒരു സങ്കീര്‍ണമായ ദൗത്യമാണ്.
ഒരു എഐ മുഫ്തിയുടെ കാര്യത്തില്‍, സാങ്കേതിക സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ഒരു ‘മുഫ്തി എഐ’ നേരിടുന്നത് കടുത്ത പ്രായോഗിക വെല്ലുവിളികളാണ് എന്നാണ് പണ്ഡിത ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാവുന്നത്. എങ്കിലും, മറ്റു രംഗങ്ങളിലെന്നപോലെ ഇവിടെയും എഐ മനുഷ്യ ബുദ്ധിയെ അതിജയിക്കുന്ന ഒരു പുതിയ ബുദ്ധിവ്യവസ്ഥയായല്ല, മറിച്ച്, പണ്ഡിതസമൂഹത്തിന്റെ സഹകരണ പങ്കാളിയായി നിലനില്‍ക്കുകയും വിവേചനബുദ്ധിയോടെ യോഗ്യരായ പണ്ഡിതരുടെ മേല്‍നോട്ടത്തിലും പരിശോധനയിലും മതവിധികള്‍ നല്‍കുകയും ചെയ്യുന്ന ഒരു മാതൃകയായി വര്‍ത്തിക്കുക എന്നതായിരിക്കും സൂക്ഷ്മതയും സ്വീകാര്യവുമായ വഴി.
ചുരുക്കത്തില്‍, നിര്‍മിതബുദ്ധി മനുഷ്യ കഴിവിനെ പല രംഗത്തും അതിജയിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലാത്തതുപോലെ, അവയ്ക്ക് മനുഷ്യബുദ്ധിയെ ഒരുകാലത്തും അതിജയിക്കാന്‍ കഴിയില്ല എന്നുതന്നെയാണ് ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ നിന്നും എല്ലാ ശാസ്ത്ര-സാങ്കേതിക മാതൃകകളില്‍ നിന്നും മനസ്സിലാവുന്ന വസ്തുത.