10 Tuesday
December 2024
2024 December 10
1446 Joumada II 8

പൗരോഹിത്യത്തിന്റെ അടയാളങ്ങള്‍- സി മുഹമ്മദ് സലീം സുല്ലമി

പൗരോഹിത്യം എന്നതിന് അറബിയില്‍ ഉപയോഗിക്കുന്ന പദം ‘റഹ്ബാനിയ്യത്ത്’ എന്നാണ്. പ്രവാചക തിരുമേനിയുടെ ആഗമന സമയത്ത് നിലനിന്നിരുന്ന പൗരോഹിത്യ സമൂഹമായിരുന്നു ജൂത – ക്രൈസ്തവ വിഭാഗങ്ങള്‍. ഇവരുടെ പൗരോഹിത്യ സമ്പ്രദായങ്ങളെക്കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ബഹുദൈവാരാധകരായിരുന്ന മക്കാമുശ്‌രിക്കുകള്‍ക്കിടയില്‍ ഈ അര്‍ഥത്തിലുള്ള പൗരോഹിത്യം നിലനിന്നിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. ശുദ്ധ ബഹുദൈവാരാധനയും വിഗ്രഹപൂജയും അനുബന്ധ കര്‍മങ്ങളും നിലനിന്നിരുന്നുവെങ്കിലും ഒരു പൗരോഹിത്യ നേതൃത്വം അവര്‍ക്കുണ്ടായിരുന്നതായി അറിയാന്‍ കഴിയുന്നില്ല. എന്നാല്‍ ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ പൗരോഹിത്യ മതത്തിന്റെ ആളുകളായിരുന്നു.
മറ്റെല്ലാ പ്രവാചകന്മാരെയും പോലെ, ക്രൈസ്തവര്‍ക്ക് ലഭിച്ച ദൈവീക സന്ദേശവും ശുദ്ധവും മനുഷ്യപ്രകൃതിക്കിണങ്ങിയതും തന്നെയായിരുന്നു. എന്നാല്‍ പൗരോഹിത്യം സ്വയംവരിച്ചുകൊണ്ട് ക്രൈസ്തവ മതം സന്യാസ പുരോഹിത മതത്തിന്റെ മേലങ്കിയണിയുകയായി. വിശുദ്ധ ഖുര്‍ആന്‍ ഇതിനെക്കുറിച്ചു പറയുന്നതിങ്ങനെ: ‘സന്യാസ ജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിനു (അവരതു ചെയ്തു) എന്നല്ലാതെ നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അവരത് പാലിക്കേണ്ട മുറ പ്രകാരം പാലിച്ചതുമില്ല.” (വി.ഖു 57:27). സന്യാസ ജീവിതം കൂടുതല്‍ പരിശുദ്ധിയാര്‍ജിക്കുവാനും ദൈവസാമീപ്യം സിദ്ധിക്കുവാനുമുള്ള മാര്‍ഗമായി കടന്നുവന്നതാണ്. എന്നാല്‍  അതിന്റെ തനിമ കാത്തുസൂക്ഷിക്കുവാനോ കൂടുതല്‍ വിശുദ്ധി കൈവരിക്കുവാനോ അതിന്റെ പ്രയോക്താക്കള്‍ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, തികച്ചും വിപരീത ദിശയിലേക്ക് അത് ചലിക്കുകയും ചെയ്തു. ജീവിത വിരക്തി ദൈവസാമീപ്യത്തിനുള്ള ഉപാധിയായി തെറ്റിദ്ധരിച്ചവര്‍, മനുഷ്യപ്രകൃതിയോടായിരുന്നു ഏറ്റുമുട്ടിയത്. ഫലമോ, പരിത്യാഗത്തിന്റെ വേഷഭൂഷകളും ഹാവഭാവങ്ങളും കൃത്രിമ ഭക്തിപ്രകടനങ്ങളുമല്ലാതെ മനസ്സിന്റെ വിമലീകരണത്തിന് പര്യാപ്തമായ ഒന്നും സംഭവിക്കുകയുണ്ടായില്ല. ജീവിതത്തില്‍ അനുഷ്ഠിക്കാനാവാത്ത മുറകളും കൊണ്ടുവന്നതിന്റെ ഫലമായി തത്വത്തില്‍ അത് തകരുകയും ചെയ്തു. വി.ഖുര്‍ആന്‍ ഇതിനെ ഏറ്റവും ലളിതമായി വിലയിരുത്തുന്നതിങ്ങനെ: ‘അവരത് പാലിക്കേണ്ട മുറ പ്രകാരം പാലിച്ചതുമില്ല’.(വി.ഖു 57:27)
പൗരോഹിത്യത്തിന്റെ തുടക്കമെന്ന നിലക്ക് ജീവിതവിരക്തിയുടെ ഭാഗമായി വൈവാഹിക ജീവിതവും കുടുംബ ജീവിതവും ഒഴിവാക്കിയും അന്ന – പാനങ്ങളില്‍ വിരക്തി പ്രകടിപ്പിച്ചും പൊതുജന സമ്പര്‍ക്കം പരമാവധി കൈയൊഴിച്ചും ജീവിതം വളരെ കുടുസ്സായ ഒരു ഭാഗത്തേക്ക് ചുരുക്കുകയുണ്ടായി. എന്നാല്‍, പിന്നീട് ഈ സന്യാസ ജീവിതം പുരോഹിത മതത്തിന്റെ മേലങ്കിയണിഞ്ഞു രംഗത്തു വരികയാണുണ്ടായത്. ഇതിന്റെ ഫലമായി സംഭവിച്ച ചില കാര്യങ്ങളാണ് വി.ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത്.
ഇതില്‍ പ്രധാനമാണ്, ഹലാല്‍/ഹറാം നിശ്ചയിക്കാനുള്ള അധികാരം ദൈവത്തില്‍ നിന്ന് മാറി ഈ പുരോഹിതന്മാരുടെ കൈകളിലേക്ക് നീങ്ങിയെന്നത്. ജൂത-ക്രൈസ്തവ വിഭാഗങ്ങളിലും ഇത് നിലനില്ക്കുന്നുണ്ട്. സന്യാസ – വിരക്ത ജീവിതത്തിലൂടെ ദൈവീക സാമീപ്യം നേടുന്ന പുരോഹിതന്‍ ദൈവീക നിയമങ്ങളില്‍ ഇടപെടാനോ, ദൈവീകമായ ഉള്‍പ്രേരണ ലഭിച്ചുകൊണ്ട് ദൈവീക സന്ദേശം പറയാനോ അവകാശപ്പെട്ടവനായി മാറുന്നു. അങ്ങനെ, ജൂത-ക്രൈസ്തവ മതവിഭാഗങ്ങള്‍ക്ക് പുരോഹിതന്മാര്‍ പറയുന്നത് ദൈവീക നിയമമായി കലാശിച്ചു. വി.ഖുര്‍ആന്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത് നോക്കുക: ”അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിനു പുറമെ അവര്‍ റബ്ബുകള്‍ (രക്ഷിതാക്കള്‍) ആയി സ്വീകരിച്ചു.
എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്പിക്കപ്പെട്ടിരുന്നത് (വി.ഖു 9:30). ഈ സൂക്തത്തില്‍ ഉപയോഗിച്ച ‘അഹ്ബാര്‍’ എന്നത് ജൂത വേദ പണ്ഡിതന്മാരും ‘റുഹ്ബാന്‍’ എന്നത് ക്രിസ്തു മതത്തിലെ സന്യാസിമാരും പുരോഹിതന്മാരുമാണ്. ഇവരെ റബ്ബുകളാക്കി എന്ന് വിശുദ്ധ ഖുര്‍ആന്‍ വിമര്‍ശിക്കുന്നത്, ഇവര്‍ക്ക് മത നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം വകവെച്ചു കൊടുത്തതിനെക്കുറിച്ചാണ്. മത നിയമം നിശ്ചയിക്കാനുള്ള അധികാരം ദൈവത്തില്‍ മാത്രം നിക്ഷിപ്തമാണ്. അത് മലക്കുകള്‍ക്കോ മനുഷ്യര്‍ക്കോ അവകാശപ്പെട്ടതല്ല. ഈ അവകാശം മനുഷ്യരില്‍ ചുമത്തുന്നത് അവരെ ദൈവ തുല്യരായ ‘റബ്ബ്’കളാക്കലും ദൈവത്തില്‍ പങ്കു ചേര്‍ക്കലുമാണ്.
അതുകൊണ്ടാണ് അല്ലാഹു ഇങ്ങനെ ചോദിക്കുന്നത്: ”അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെപ്പറ്റിയുള്ള കല്പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധി കല്പിക്കപ്പെടുമായിരുന്നു”(വി.ഖു 42:2). മേല്‍ സൂക്തത്തിലെ റബ്ബുകളാക്കി എന്നതിന്റെ താല്പര്യത്തില്‍ സംശയമുന്നയിച്ച ക്രിസ്തുമത വിശ്വാസിയായിരുന്ന അദിയ്യ് ബിന്‍ ഹാത്വിബിന് തിരുനബി നല്കിയ വിശദീകരണം,അവര്‍ ഹലാല്‍, ഹറാമുകള്‍ നിശ്ചയിക്കുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് (അഹ്മദ്). അപ്പോള്‍ പൗരോഹിത്യം ചെയ്യുന്ന ഏറ്റവും വലിയ അക്രമം ദൈവത്തിന്റെ സ്ഥാനത്തു നിന്ന് മതനിയമങ്ങള്‍ ചമയ്ക്കുന്നു എന്നതു തന്നെ!
ഇന്നും ജൂത-ക്രൈസ്തവ മത മേലധ്യക്ഷന്മാര്‍ ഈ അധികാരം കയ്യാളുന്നവരാണ്. വ്യക്തികളായും സഭകളായും ഇത് ചെയ്തുവരുന്നു. സുനഹദോസച്ഛ കൂടി കാലാകാലങ്ങളില്‍ മതനിയമങ്ങള്‍ ഭേദഗതി വരുത്തുകയും അനുയായികള്‍  അവ ദൈവ പ്രോക്തമാണ് എന്ന വിശ്വാസത്തോടെ അംഗീകരിക്കുകയും ചെയ്യുന്നത് ക്രിസ്തു വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെട്ട കാര്യമാണ്. പോപ്, മെത്രാന്‍, മതമേലധ്യക്ഷന്‍ തുടങ്ങിയ തസ്തികകള്‍ ക്രിസ്തു മത വിശ്വാസികളെ സംബന്ധിച്ച് കേവലമായ ഒരു പദവിയല്ല. പ്രത്യുത, ദൈവികമായ സന്ദേശങ്ങള്‍ വെളിപാടായി ലഭിക്കാനും അത് ജനങ്ങളെ അറിയിക്കാനുമുള്ള പദവികളാണ്.
പുരോഹിതന്മാര്‍ ചെയ്ത മറ്റൊരു കാര്യം വിശുദ്ധ ഖുര്‍ആന്‍ ഉന്നയിക്കുന്നത്, വേദഗ്രന്ഥങ്ങളില്‍ കൈകടത്തലുകള്‍ നടത്തുന്നതിനെയാണ്. വേദഗ്രന്ഥങ്ങള്‍ ദൈവവാക്യങ്ങളാണ്. അത് മനുഷ്യന്റെ കൈകടത്തലുകളില്‍ നിന്ന് മുക്തമായിരിക്കണം. അതിന്റെ വിശുദ്ധിയും നിര്‍മലതയും എന്നും സൂക്ഷിക്കാന്‍ പറ്റണം. അതിന് ദൈവികമായ അപ്രമാദിത്വം നിലനില്ക്കുന്നു. എന്നാല്‍ ജൂത-ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് അവര്‍ സ്വന്തം കൈകള്‍ എഴുതിയുണ്ടാക്കുന്ന വരികള്‍ ദൈവികമാണെന്ന് അവകാശപ്പെടുന്നുവെന്നാണ്. ഇത് അതീവ ഗുരുതരമായ വിഷയമാണ്. ”എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാണത് (അവരത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്കുനാശം” (വി.ഖു 2:77)
ജൂത-ക്രൈസ്തവ പുരോഹിതന്മാര്‍ ഒരുപോലെ ഈ കുറ്റകൃത്യം ചെയ്തവരാണ്. നിവലില്‍ അവരുടെ വേദഗ്രന്ഥത്തിന്റെ സ്ഥാനത്ത് ലഭിക്കുന്ന ബൈബിള്‍ പഴയനിയമവും പുതിയ നിയമവും യഥാര്‍ഥ വേദഗ്രന്ഥമായ തൗറാത്ത് (തോറ), ഇന്‍ജീല്‍(സുവിശേഷം) എന്നീ ഗ്രന്ഥങ്ങളുടെ ഭേദഗതി ചെയ്യപ്പെട്ട പതിപ്പു പോലുമല്ല. അവ രണ്ടിനും പകരമായി പില്ക്കാലത്ത് എഴുതപ്പെട്ട സ്വത ന്ത്ര പുസ്തകങ്ങളാണ്. അവയൊന്നും തന്നെ ദൈവിക വാക്യങ്ങളുടെ വിശുദ്ധി അര്‍ഹിക്കുന്നില്ല. ബൈബിള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകുന്ന കാര്യം അതില്‍ മൂന്നുതരം വാക്യങ്ങള്‍ കാണാമെന്നതാണ്. ഒന്ന് ഇടയ്ക്കിടക്ക് ഉദ്ധരണികള്‍ പോലെ കടന്നു വരുന്ന ദൈവിക വചനങ്ങള്‍. രണ്ട്, ഇതുപോലെത്തനെ ഇടയ്ക്ക് കയറിവരുന്ന പ്രവാചക വചനങ്ങള്‍. മൂന്ന് ലേഖനം തയ്യാറാക്കിയ വ്യക്തിയുടെ അഭിപ്രായങ്ങള്‍. ഇവ മൂന്നും ചേര്‍ന്ന ഒരു പുസ്തകം ഒരിക്കലും ദൈവികത എന്നവകാശപ്പെട്ടു കൂടാത്തതാണ്.
ഇതിനെല്ലാം പുറമെ പുരോഹിത സഭകള്‍ ഇടക്കിടെ ഇതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുകയും ചെയ്യുന്നു. ക്രിസ്തു മത വിശ്വാസത്തിന്റെ അടിസ്ഥാനമായി കരുതപ്പെടുന്ന ത്രിത്വ സിദ്ധാന്തത്തെക്കുറിക്കുന്ന വരികള്‍ ബൈബിളില്‍ എവിടെയും കാണപ്പെടാത്തതിന്റെ പേരില്‍ പില്‍ക്കാലത്ത് അവ എഴുതിച്ചേര്‍ക്കുകയും പിന്നീട് ഏറെ കാലങ്ങള്‍ക്കു ശേഷം അവര്‍ തന്നെ അതൊഴിവാക്കുകയുമുണ്ടായി. വ്യത്യസ്ത സഭകള്‍ പ്രസിദ്ധീകരിക്കുന്ന ബൈബിള്‍ പതിപ്പുകള്‍ പരിശോധിച്ചാലും ഈ കാര്യം ബോധ്യമാകുന്നതാണ്. അവയെല്ലാം പരസ്പരം വ്യത്യാസപ്പെട്ടു കിടക്കുന്നതു കാണാം. പുറമെ ചില സഭകളുടെ ബൈബിളില്‍, അപ്പോക്രിഫകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതും കാണാം  (ബൈബിള്‍ പതിപ്പുകള്‍ തയ്യാറാക്കിയപ്പോള്‍ ഒഴിവാക്കിയ ഭാഗങ്ങളാണ് അപ്പോക്രിഫകള്‍). ഇത്തരം വേദഗ്രന്ഥത്തില്‍ തന്നിഷ്ടമനുസരിച്ച് കൃത്രിമങ്ങള്‍ കാണിക്കുന്നതാണ് പൗരോഹിത്യത്തിന്റെ നീചകൃത്യങ്ങളില്‍ ഒന്ന്.
പുരോഹിതന്മാരും മത മേലധ്യക്ഷന്‍മാരും ചെയ്യുന്ന മറ്റൊരു കാര്യം വി.ഖുര്‍ആന്‍ പറയുന്നത് ജനങ്ങളുടെ സമ്പത്ത് അന്യായമായി കൈക്കലാക്കുകയും ശരിയായ മതത്തില്‍ നിന്നും ദൈവത്തില്‍ നിന്നും ജനങ്ങളെ തടയുന്നു എന്നുള്ളതുമാണ്. വി.ഖുര്‍ആന്‍ വാക്യം ശ്രദ്ധിക്കുക: ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്തയറിയിക്കുക”(വി.ഖു 9:34)
ജനങ്ങളെ ശരിയായ മാര്‍ഗത്തിലേക്ക് നയിക്കുക എന്നതാണ് മനുഷ്യത്വത്തിന്റെ ബാധ്യത. അതിനുതകുന്ന കാര്യങ്ങള്‍ക്കാണ് അവര്‍ നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ ജനങ്ങളെ സാക്ഷാല്‍ ദൈവത്തിന്റെ അടുക്കലേക്ക് അടുപ്പിക്കുന്നതിനുള്ള വഴിയൊരുക്കുന്നതിനു പകരം അതിനു തടസ്സമായി വര്‍ത്തിക്കുകയാണ് എല്ലാ പുരോഹിത വിഭാഗവും പൗരോഹിത്യ സഭകളും ചെയ്യുന്നത്. ജനങ്ങളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുക എന്നതില്‍ ഏറ്റവും പ്രധാനമാണ് നേരിട്ട് ദൈവത്തോട് പ്രാര്‍ഥിക്കാനും കാര്യങ്ങള്‍ പറയാനുമുള്ള അവകാശവും സ്വാതന്ത്ര്യവും. എന്നാല്‍ പുരോഹിത മതത്തില്‍ ഇത് രണ്ടും തടയപ്പെടുന്നു. ദൈവത്തിന്റെ പ്രതിനിധികളായി ചമയുകയും പാപഭാരം ഇവര്‍ ഏറ്റെടുക്കുകയും കുമ്പസാരം സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മറയായി ഇവര്‍ വര്‍ത്തിക്കുന്നു.
ഇടയാളന്‍മാരായി വര്‍ത്തിക്കുന്ന ഇത്തരം വ്യക്തികളും സഭകളും ദൈവാരാധനയുടെ പേരില്‍ ദ്രവ്യങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. സന്യാസവും പൗരോഹിത്യവും ലൗകിക വിരക്തിയുടെ ചിഹ്നങ്ങളായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഇവര്‍ വലിയ സമ്പന്നരും സുഖലോലുപരും ആര്‍ഭാട ജീവിതം നയിക്കുന്നവരുമായി മാറുന്നു. ഭക്തജനങ്ങളുടെ കൈകളില്‍ നിന്ന് കൈപ്പറ്റുന്ന അവിഹിതമായ സമ്പത്താണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ജയിലുകളില്‍ അയയ്ക്കപ്പെട്ട പല സന്യാസിമാരുടെയും ആസ്തി എത്രയാണെന്ന് ‘മീഡിയ’കള്‍ പുറത്തുകൊണ്ടു വരികയുണ്ടായി. ശതകോടീശ്വരന്മാരായ ഇവര്‍ ശൂന്യമായ കൈകളുമായിട്ടാണ് സന്യാസവും പൗരോഹിത്യവുമെല്ലാം സ്വീകരിക്കുന്നത്.
മനഷ്യപ്രകൃതിയുടെ ഭാഗമാണ് ധനമോഹം, ഇത് പൂര്‍ണമായും വര്‍ജിക്കുക മനുഷ്യസാധ്യമല്ല. നിയന്ത്രിക്കുകയാണ് പ്രായോഗികവും പ്രകൃതിക്കിണങ്ങിയതും. ഇസ്‌ലാം കാണുന്ന കാഴ്ചപ്പാടും ഇതു തന്നെ. സത്യവിശ്വാസികളേ, എന്ന സംബോധനയില്‍ തുടങ്ങുന്ന മേല്‍ ഖുര്‍ആന്‍ വാക്യം വിശ്വാസികളെയാണ് ഈ കാര്യങ്ങളെല്ലാം ഓര്‍മിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജൂത-ക്രൈസ്തവ വിഭാഗങ്ങളുടെ ഇതേ ദുഷ്‌ചെയ്തികള്‍ ഇസ്‌ലാമിക സമൂഹത്തിലും കടന്നു വരുമെന്ന സൂചന ഇതിലടങ്ങിയതായി കാണാം. ഇസ്‌ലാമിക സമൂഹത്തിലെ പൗരോഹിത്യം സത്യമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുന്നു എന്ന കാര്യത്തിലും ദ്രവ്യ സമ്പാദ്യങ്ങളുടെ കാര്യത്തിലും അവരുമായി തുല്യത പുലര്‍ത്തുന്നു.
പുരോഹിത സഭകളും പണ്ഡിതന്മാരും വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നുവെന്നുള്ളത് മറ്റൊരു ദൈവാധികാരം കൈയിലെടുക്കലാണ്. തങ്ങളുടെ മനോഗതമനുസരിച്ച് വ്യക്തികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും അവര്‍ പിന്നീട് വിശ്വാസികളുടെ ദൈവത്തിലേക്കുള്ള ഇടയാളന്മാരായി മാറുകയും ചെയ്യുന്നു. അവരുടെ ഖബറുകളും പ്രതിമകളും ചിത്രങ്ങളുമെല്ലാം ആരാധ്യവസ്തുക്കളായി മാറുകയും ചെയ്യുന്നു. ഇസ്‌ലാമിക സമൂഹത്തിലെ ചില പണ്ഡിത-പുരോഹിതന്മാരും ഇതേ ജോലി ചെയ്യുന്നുണ്ട്. മനുഷ്യന്റെ വിശുദ്ധിയും വിശ്വാസവും ദൈവത്തിനു മാത്രം തീരുമാനിക്കാന്‍ കഴിയുന്ന കാര്യമാണ്. ഒരാളുടെ ജീവിതാന്ത്യം എങ്ങനെയായിരിക്കുമെന്നോ എങ്ങനെ ആയിരുന്നുവെന്നോ സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിര്‍ണയിക്കാന്‍ കഴിയില്ല. അപ്പോള്‍ ഇത്തരം നിര്‍ണയങ്ങള്‍ നടത്തുന്ന പുരോഹിതവിഭാഗം ദൈവത്തിന്റെ അധികാരവും സ്ഥാനവും സ്വയം കൈയേല്ക്കുകയാണ്. ആത്മീയനേതാവ് എന്ന പേരിലറിയപ്പെടുന്ന ചിലര്‍ സ്വയം വിശുദ്ധി അവകാശപ്പെടുകയും മറ്റു ചിലരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതെല്ലാം ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തം.
പ്രവാചക തിരുമേനിയുടെ കാലത്തെ ഒരു സംഭവം സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. ഉസ്മാന്‍ബിന്‍ മദ്ഊന്‍ എന്ന പ്രവാചക ശിഷ്യന്‍ മൃതിയടഞ്ഞപ്പോള്‍ ഉമ്മുല്‍ അലാഅ് എന്ന പ്രവാചക ശിഷ്യന്‍ പറഞ്ഞു. അല്ലാഹുവിന്റെ കാരുണ്യം താങ്കള്‍ക്ക് മേല്‍ ഉണ്ടാകട്ടെ. താങ്കളെ അല്ലാഹു ആദരിച്ചിരിക്കുന്നുവെന്നതിന് എന്റെ സാക്ഷ്യം താങ്കള്‍ക്കുണ്ട്. ഇത് കേട്ട് പ്രവാചക തിരുമേനി ചോദിച്ചു: അല്ലാഹു അദ്ദേഹത്തെ ആദരിച്ചിരിക്കുന്നുവെന്ന് നിനക്ക് എങ്ങനെ മനസ്സിലായി? അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അപ്പോള്‍ അല്ലാഹു ആരെയാണ് ആദരിക്കുന്നത്? അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: അദ്ദേഹത്തിന് മരണം സംഭവിച്ചു. അദ്ദേഹം നന്മയിലാകട്ടെ. അപ്പോള്‍ ഉമ്മുല്‍ അലാഅ് പറഞ്ഞു: അതിനു ശേഷം ഞാന്‍ ആരെയും ഒരിക്കലും വിശുദ്ധനാണെന്ന്  തീരുമാനിച്ചിട്ടില്ല(ബുഖാരി). ഇതാണ് മനുഷ്യന്റെ ശരിയായ അവസ്ഥ. അപ്പോള്‍ പിന്നെ, ആരെയെങ്കിലും വിശുദ്ധരായി പ്രഖ്യാപിക്കുകയെന്നത് ഒരു പുരോഹിതനോ സഭക്കോ സാധ്യമായ കാര്യമല്ല തന്നെ. ബര്‍റ(പുണ്യവതി) എന്ന പേരുള്ള ഒരു സ്ത്രീയുടെ പേര്‍ നബി(സ) സൈനബ് എന്നാക്കി മാറ്റിയത് ശ്രദ്ധേയമാണ്.
ജൂത-ക്രൈസ്തവ വിഭാഗങ്ങളെപ്പോലെ മേല്‍പറഞ്ഞ പല കാര്യങ്ങളിലെല്ലാം ഇതര മതവിഭാഗങ്ങളിലെ മതനേതാക്കളും പണ്ഡിതന്മാരും തുല്യരാണ്. മുസ്‌ലിം സമൂഹത്തിലും ഇത്തരം പുരോഹിത സഭകളും വ്യക്തികളും അധികാരം വാഴുന്നുവെന്നുള്ളത് യാഥാര്‍ഥ്യമാണ് ‘ചാണിന് ചാണായും മുഴത്തിന് മുഴമായും’ അവരെ പിന്തുടരുകയാണ് മുസ്‌ലിം സമൂഹവും ചെയ്യുന്നത്. പൗരോഹിത്യത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും പേറുന്നതില്‍ എല്ലാവരും തുല്യര്‍ തന്നെ. മതനേതൃത്വം എന്ന നായകത്വ പദവിയില്‍ നിന്നു പൗരോഹിത്യം എന്ന അപ്രമാദിത്വ – പദവിയിലേക്ക് മാറുന്നതോടെയാണ് മേല്‍ ദൃശ്യങ്ങളെല്ലാം കടന്നുവരുന്നത്. നേതൃത്വത്തിനും അനുയായികള്‍ക്കുമെല്ലാം മതപരമായ ബാധ്യതയും ഉത്തരവാദിത്തങ്ങളും ഒരുപോലെയാണ് എന്ന ഇസ്‌ലാമിക കാഴ്ചപ്പാട്.
Back to Top