26 Friday
July 2024
2024 July 26
1446 Mouharrem 19

പൗരോഹിത്യം വിചാരണ ചെയ്യപ്പെടുന്നു – ഡോ. പി അബ്ദു സലഫി

മനുഷ്യന് ശാന്തിയും സമാധാനവും നല്‍കാനുള്ളതാണ് മതങ്ങള്‍. ഇന്ന് ഏതാണ്ടെല്ലാ മതങ്ങളും പൗരോഹിത്യത്താല്‍ നിയന്ത്രിക്കപ്പെടുന്നവയായി മാറിയിരിക്കുന്നു. മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ‘ഇടനിലക്കാരന്‍’ ആയും ദൈവഹിതം മനുഷ്യനെ അറിയിക്കുന്ന ഇടത്തട്ടുകാരനായുമൊക്കെ പൗരോഹിത്യം നിലകൊള്ളുന്നു.
സാധാരണക്കാര്‍ക്ക് നേരിട്ട് ദൈവത്തെ സമീപിക്കാനാവില്ലെന്നോ അറിയില്ലെന്നോ പുരോഹിതന്മാര്‍ തീരുമാനിക്കുന്നു. തങ്ങളിലൂടെ മാത്രമേ മനുഷ്യന് ദൈവസാമീപ്യം നേടാന്‍ കഴിയൂ. അതിനാല്‍ പുരോഹിതക്കൂട്ടങ്ങളെ സാധാരണക്കാര്‍ ഭയക്കുകയും ആദരിക്കുകയും അവര്‍ക്ക് പണവും പാരിതോഷികങ്ങളും നല്‍കി സംതൃപ്തരാക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ ശാപവും കോപവും ഭയന്നുകൊണ്ടാണ് പലരും ജീവിക്കുന്നത്.
സത്യത്തില്‍ എല്ലാ മതങ്ങളിലും പൗരോഹിത്യം പല രൂപത്തില്‍ നിലനില്‍ക്കുന്നു. ഇതില്‍ ഏറ്റവും സംഘടിതവും വ്യവസ്ഥാപിതവുമാണ് ക്രൈസ്തവ മതത്തിലേത്. പുരോഹിത വേഷവും കന്യാസ്ത്രീ പട്ടവുമൊക്കെ ഇതര മതവിഭാഗങ്ങളെക്കാള്‍ ശക്തമാണ് ക്രിസ്തുമതത്തില്‍.
ഹിന്ദുമതത്തിലെ പൗരോഹിത്യം, മഹാഭൂരിപക്ഷം വരുന്ന ശൂദ്രര്‍ക്ക് ക്ഷേത്രാരാധന പോലും നിഷേധിക്കുകയായിരുന്നു. വേദപഠനവും ക്ഷേത്ര പ്രവേശവും പൂജയും ബ്രാഹ്‌മണ കുത്തകയാക്കി. ഇതര ജാതിക്കാര്‍ വേദം പഠിക്കുന്നതും തപസ്സ് ചെയ്യുന്നതും കുറ്റകരമാക്കി. ബ്രാഹ്‌മണ ശാപം ഭയന്ന് രാജാക്കന്മാര്‍ പോലും അവര്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. താഴ്ന്ന ജാതിക്കാര്‍ ബ്രാഹ്‌മണ പുരോഹിതന്മാര്‍ക്ക് വിവിധങ്ങളായ ദാനങ്ങള്‍ നല്‍കാനും കടപ്പെട്ടവരായിരുന്നു. വസ്ത്രദാനം, സ്വര്‍ണദാനം, ഭൂദാനം, ഗോദാനം, കന്യകാദാനം തുടങ്ങിയവ ചെയ്തില്ലെങ്കില്‍ ബ്രാഹ്‌മണ കോപമുണ്ടാവുമെന്ന വിശ്വാസവും ഈ പുരോഹിതന്മാര്‍ അവര്‍ക്കിടയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ശൂദ്രര്‍ വേദം പഠിച്ചാല്‍ തങ്ങളുടെ സമ്പാദ്യത്തിനും പൂജ്യതക്കും കുറവ് വരുമെന്ന ചിന്തയായിരുന്നു, വേദപഠനത്തെ തങ്ങളുടെ കുത്തകയായി നിലനിര്‍ത്താന്‍ ബ്രാഹ്്മണ പൗരോഹിത്യത്തെ പ്രേരിപ്പിച്ചത്. പില്‍ക്കാലത്ത് ഇത്തരം നികൃഷ്ട സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോഴാണ് ഈ അവസ്ഥക്ക് മാറ്റമുണ്ടായത്.
പൗരോഹിത്യത്തിന്റെ പ്രയോക്താക്കളൊരിക്കലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുകളും ന്യായീകരണങ്ങളുമായി പ്രതിരോധിക്കാതിരിക്കില്ലല്ലോ. പഴയ നിയമവും പുതിയ നിയമവും നിലവില്‍ വന്നതു മുതല്‍ തന്നെ പൗരോഹിത്യവും നിലനില്‍ക്കുന്നുവെന്നാണ് ആധുനിക ക്രൈസ്തവ പുരോഹിതന്മാര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ദൈവിക സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രവാചകന്മാരോട് നിര്‍ദേശിച്ചതും പ്രവാചകന്മാര്‍ തങ്ങളുടെ അടുത്ത അനുയായികളെ ആ ചുമതല ഏല്‍പിച്ചതും ഒരു സത്യമാണ്. എന്നാല്‍ അത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാണ്; ജനങ്ങളെ ഭയപ്പെടുത്തി, ചൂഷണം ചെയ്യാനല്ല.
വേദപുസ്തകത്തില്‍ ഇങ്ങനെ കാണാം: ”കര്‍ത്താവ് മോശയോട് കല്‍പിച്ചതെന്തെന്നാല്‍: നീ ഇറങ്ങിച്ചെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക. അല്ലെങ്കില്‍ അവരില്‍ അനേകം പേര്‍ കര്‍ത്താവിനെ കാണുന്നതിന് അതിര്‍ത്തി ലംഘിച്ച് അടുത്ത് വരികയും തല്‍ഫലമായി മരിക്കുകയും ചെയ്യും. കര്‍ത്താവിനെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ ശുദ്ധീകരിക്കട്ടെ. അല്ലെങ്കില്‍ കര്‍ത്താവിന്റെ കോപം അവരുടെ മേല്‍ പതിക്കും.” (പുറപ്പാട് 19:21,22) ഉപദേശികള്‍ ഉപദേശം സ്വയം ഉള്‍ക്കൊണ്ടിരിക്കണമെന്ന തത്വം ഇവിടെ ഊന്നിപ്പറയുന്നുണ്ട്.
ക്രൈസ്തവ സമൂഹത്തില്‍ പൗരോഹിത്യം ഏറെ പിടിമുറുക്കിയിട്ടുണ്ട്. മതചടങ്ങുകളില്‍ പുരോഹിതന്മാര്‍ ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവര്‍ത്തിയാണ്. ദൈവത്തോട് പറയാനുള്ളതും ദൈവം പരിഹരിക്കേണ്ടതും പാതിരിയോട് പറഞ്ഞാല്‍ മതി. ദൈവത്തിന്റെ പ്രതിപുരുഷനായതിനാല്‍ പാപം പൊറുക്കാനും മാപ്പ് നല്‍കാനും പാതിരി തന്നെ മതി. സ്ഥാനവസ്ത്രം പൗരോഹിത്യത്തിന്റെ ഒരു മുദ്രയാണ്. മരിച്ചവരെ വിശുദ്ധരായും വാഴ്ത്തപ്പെട്ടവരായും പ്രഖ്യാപിക്കാന്‍ പോലും പോപ്പിന് അധികാരമുണ്ട്. പോപ്പിന്റെ തീരുമാനങ്ങള്‍ ദൈവനിയമങ്ങള്‍ക്ക് തുല്യമാണ്. അതിനെ ധിക്കരിക്കാനോ ചോദ്യം ചെയ്യാനോ അവകാശമില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്യുന്നത് പാപം കൂടിയാണ്. പുരോഹിതന്മാരുടെ കാര്‍മികത്വമില്ലാതെ വിവാഹ കര്‍മങ്ങളോ മരണാനന്തര ചടങ്ങുകളോ സാധുവാകുകയില്ല. പ്രത്യേക പുരോഹിത പട്ടം ലഭിച്ചവര്‍ തന്നെ വേണം ഖുര്‍ബാനകള്‍ക്കും മറ്റു ആരാധനാ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കാന്‍.
മതപ്രമാണങ്ങളുടെയോ പ്രവാചകന്മാരുടെ ചരിത്രത്തിന്റെയോ പിന്തുണയില്ലാത്തതാണ് യഥാര്‍ഥത്തില്‍ ഈ പൗരോഹിത്യം. ഭൗതികസുഖങ്ങള്‍ ത്യജിച്ച് ധ്യാനത്തിലും ആരാധനകളിലും മുഴുകി മാത്രം ജീവിക്കാന്‍ ചിലര്‍ തെരഞ്ഞെടുത്തതാണീ വഴി. വിവാഹം, കുടുംബ ജീവിതം എന്നിവ ഒഴിവാക്കുക, ഭക്ഷണ പാനീയങ്ങളില്‍ കടുത്ത നിയന്ത്രണം പാലിക്കുക, ജനബഹളങ്ങളില്‍ നിന്നകന്ന് നില്‍ക്കുക, പ്രത്യേക വേഷവുമായി വിജന പ്രദേശത്ത്, ചെറ്റക്കുടിലുകളില്‍ തപസ്സിരിക്കുക, മൗന വ്രതമാചരിക്കുക തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ക്രമേണ ഇതിന്റെ ഭാഗമായി മാറി. ജൂതന്മാരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും ക്രിസ്ത്യാനികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോള്‍ ചില ശുദ്ധഗതിക്കാര്‍ കണ്ടെത്തിയതായിരുന്നു ഈ മാര്‍ഗം. പില്‍ക്കാലത്ത് ധാരാളം ഉപാധികള്‍ കൂട്ടിച്ചേര്‍ത്ത് അത് വളര്‍ന്നു. ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടില്‍, സഞ്ചാരിയായിരുന്ന പൗലോസ് രാജമര്‍ദനം ഭയന്ന് സന്യാസ ജീവിതം ആദ്യമായി തുടങ്ങി എന്ന് ശൈഖ് ത്വന്‍ത്വാവി തന്റെ തഫ്‌സീറുല്‍ ജവാഹിറില്‍ പറയുന്നുണ്ട്. 1883-ല്‍ ഈജിപ്തിലെ ഒരു ക്രിസ്തീയ പാതിരി രചിച്ച ചര്‍ച്ചിന്റെ ചരിത്രത്തില്‍ വിലയേറിയ ഒരു മുത്ത് എന്ന ഗ്രന്ഥത്തിലും പൗരോഹിത്യാചരണത്തിന്റെ തുടക്കവും ചരിത്രവും പറയുന്നുണ്ട്.
സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച സംവിധാനം യഥാവിധി നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഖുര്‍ആന്‍ അക്കാര്യം എടുത്ത് പറയുന്നുമുണ്ട്. ”സന്യാസജീവിതം (പൗരോഹിത്യം) അവര്‍ പുതുതായി ഉണ്ടാക്കിയതാണ്. അല്ലാഹുവിന്റെ പ്രീതി നേടാനാണവര്‍ അത് ചെയ്തത്. നാം അവരോട് അത് കല്‍പിച്ചിരുന്നില്ല. എന്നിട്ടോ അത് പാലിക്കേണ്ട മുറ പ്രകാരം അവര്‍ പാലിച്ചതുമില്ല.” (വി.ഖു 57:27)
ഏതൊരു ജീവിയുടെയും ജൈവികാവശ്യങ്ങള്‍ അടിച്ചമര്‍ത്തുന്നത് പ്രകൃതിവിരുദ്ധമാണ് മജ്ജയും മാംസവുമുള്ള മനുഷ്യന് ലൈംഗിക വികാരങ്ങള്‍ പ്രകൃതിപരമാണ്. ഇത് നിയമാനുസൃത വിവാഹ ജീവിതത്തിലൂടെ സാക്ഷാത്കരിക്കുക എന്നതാണ് പ്രകൃതി. ഇതിന് വിരുദ്ധമായ പൗരോഹിത്യ ജീവിതം പ്രായോഗിക തലത്തില്‍ പരാജയമാണെന്നാണ് സിസ്റ്റര്‍ അഭയ കൊലപാതകം, ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡനക്കേസ് തുടങ്ങി പുറത്തുവരുന്നതും വരാത്തതുമായ അനേകം സംഭവങ്ങള്‍ തെളിയിക്കുന്നത്. വിവാഹം അനുവദിക്കപ്പെട്ടിട്ടു പോലും ഇതര മതവിഭാഗങ്ങളിലെ പുരോഹിതന്മാരില്‍ നിന്നും ഒറ്റപ്പെട്ട കഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുമുണ്ട്.
ജൂത ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ”തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളാക്കി വെച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഒരൊറ്റ ദൈവത്തെ ആരാധിക്കാന്‍ മാത്രമേ അവരോട് നിര്‍ദേശിച്ചിരുന്നുള്ളൂ. അവനല്ലാതെ ഒരാരാധ്യനേ ഇല്ല. അവരുടെ പങ്കുകാരെക്കാള്‍ എത്രയോ പരിശുദ്ധനാണവന്‍.” (വി.ഖു 9:31)
ഈ വചനം കേട്ട, ക്രിസ്ത്യാനിയായിരുന്ന അദിയ്യിബ്‌നു ഹാതിം പ്രവാചകനോട് പറയുന്നുണ്ട്, ഞങ്ങള്‍ പുരോഹിതരെ റബ്ബുകളാക്കാറില്ലല്ലോ എന്ന്. നബി(സ) തിരിച്ചു ചോദിച്ചു: പുരോഹിതര്‍ ഒരു കാര്യം അനുവദിച്ചാല്‍ നിങ്ങളതിനെ ഹലാലായും വിരോധിച്ചാല്‍ നിങ്ങളതിനെ ഹറാമായും കാണാറില്ലേ. അദിയ്യ് പറഞ്ഞു: അതെ. നബി(സ) പറഞ്ഞു: അത് തന്നെയാണ് അവര്‍ക്കുള്ള ഇബാദത്തും അവരെ റബ്ബാക്കലും. യേശുവിനെയും പുരോഹിതരെയും ദൈവത്തിന്റെ പ്രതിപുരുഷന്‍, മകന്‍ എന്നെല്ലാം വിളിക്കുന്നതും ദൈവിക പദവിയിലേക്ക് ഉയര്‍ത്തുന്നതും ക്രൈസ്തവ മതത്തില്‍ സുപരിചിതമാണല്ലോ.
പൗരോഹിത്യം ജനങ്ങളെ ചൂഷണം ചെയ്താണ് തടിച്ചുകൊഴുക്കുന്നത് എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ”ഹേ, വിശ്വസിച്ചവരേ, തീര്‍ച്ചയായും പുരോഹിതന്മാരില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നും വളരെയേറെപ്പേര്‍ ജനങ്ങളുടെ സ്വത്ത് അന്യായമായി തിന്നുന്നവരാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നവര്‍ ജനങ്ങളെ തടയുകയും ചെയ്യുന്നു.” (വി.ഖു 9:34)
വേദങ്ങള്‍ പഠിക്കാനും വ്യഖ്യാനിക്കാനും തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന് പറയുന്ന പുരോഹിതന്മാ രും മതചടങ്ങുകള്‍ സാധൂകരിക്കപ്പെടണമെങ്കില്‍ തങ്ങള്‍ നേതൃത്വം നല്‍കണമെന്ന് വാശിപിടിക്കുന്നവരും ചില സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ കാണുന്നവരാണ്. സാധാരണക്കാര്‍, വിവരമുള്ളവരായാല്‍ തങ്ങളുടെ മറ പൊളിയുമെന്ന ഭയം പുരോഹിതന്മാരെ നയിച്ചുകൊണ്ടിരിക്കുന്നു. അജ്ഞതയുടെ മറവിലാണ് തങ്ങളുടെ സാമ്രാജ്യം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുക. അതിനാല്‍ ജനങ്ങളെ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തളച്ചിടാനും അവരുടെ പോക്കറ്റ് കൊള്ളയടിക്കാനും എക്കാലത്തും പുരോഹിതവര്‍ഗം ശ്രമിച്ചുകൊണ്ടിരിക്കും.
‘ഇസ്‌ലാമില്‍ പൗരോഹിത്യമില്ല’ എന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ട്. അനുയായികളില്‍ നിന്ന് വ്യത്യസ്തമായ ഹാവ ഭാവങ്ങള്‍ പ്രവാചകന് ഉണ്ടായിരുന്നില്ല. വിദേശികള്‍ പ്രവാചക സദസ്സില്‍ വന്നാല്‍ ‘നിങ്ങളില്‍ ആരാണ് മുഹമ്മദ്?’ എന്ന് ചോദിക്കാറാണ് പതിവ്. ‘ഇതെന്തൊരു പ്രവാചകന്‍?! ഭക്ഷണം കഴിക്കുന്നു, അങ്ങാടിയിലൂടെ നടക്കുന്നു’ എന്നായിരുന്നു മുശ്‌രിക്കുകള്‍ പ്രവാചകനെക്കുറിച്ച് പറഞ്ഞിരുന്നത്. യാത്രാമധ്യേ ഭക്ഷണം പാകം ചെയ്യാന്‍ വിറക് ശേഖരിക്കുന്ന നബിയെയും കൂട്ടുകാരോടൊപ്പം വിശപ്പ് സഹിച്ച് കിടങ്ങ് കുഴിക്കുന്ന നബിയെയുമാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.
എന്നും രാത്രി നമസ്‌കരിക്കാനും മുഴുവന്‍ ദിനങ്ങളും നോമ്പനുഷ്ഠിക്കാനും വിവാഹം ഒഴിവാക്കി മുഴുസമയം ആരാധനകളില്‍ മുഴുകാനും തീരുമാനിച്ച തന്റെ ചില അനുചരന്മാരെ തിരുത്തുകയും ശാസിക്കുകയുമാണ് നബി(സ) ചെയ്തത്. തന്റെ അടുത്ത സുഹൃത്തുക്കളുടെ പോലും വിവാഹം നബി(സ) അറിയാതെ നടന്നിട്ടുണ്ട്. പള്ളി അടിച്ചുവാരിയിരുന്ന സ്ത്രീ മരണപ്പെട്ടതും ഖബറടക്കപ്പെട്ടതും പിന്നീടാണ് നബി(സ) അറിയുന്നത്. ചുരുക്കത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ പോലുള്ളവക്ക് കാര്‍മികത്വം വഹിക്കാന്‍ പുരോഹിതന്‍ തന്നെ വേണ്ടതില്ല എന്നര്‍ഥം.
ഇതര മതങ്ങളെ അനുകരിച്ച്, ഇസ്‌ലാമിൽ കടന്നുകൂടിയ സൂഫിസം എന്ന സന്യാസ രീതിയാണ് ഇസ്‌ലാമിലേക്ക് പൗരോഹിത്യത്തെ കൊണ്ടുവന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. എന്നാല്‍ പൗരോഹിത്യത്തെ പിന്‍പറ്റാനല്ല, ബുദ്ധി ഉപയോഗിച്ച് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്തത്. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും തെളിവിന്റെ പിന്‍ബലത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനും അത് ആവശ്യപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: ”നബിയേ, പറയുക: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ അതിന് നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടുവരൂ എന്ന്.” (2:111)
പ്രബോധന പ്രവര്‍ത്തനങ്ങള്‍ പോലും പ്രതിഫലം കൈപ്പറ്റാതെ ആയിരിക്കണമെന്ന നിര്‍ദേശം പൗരോഹിത്യത്തിന്റെ സാമ്പത്തിക ചൂഷണങ്ങള്‍ക്ക് തടയിടാനാണ്. ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന പണ്ഡിത സമൂഹത്തെ ഇമാം ഗസ്സാലി തന്റെ ഇഹ്‌യാ ഉലൂമുദ്ദീനില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഉമര്‍(റ) പറയുന്നു: ഒരു പണ്ഡിതന്‍ ദുന്‍യാവിനോട് താല്‍പര്യം കാണിക്കുന്നത് കണ്ടാല്‍ നിങ്ങളവനെ സംശയിക്കുക. കാരണം ഓരോരുത്തരും തന്റെ മനസ്സിലുള്ളതിനോടാണ് താല്‍പര്യം കാണിക്കുക. പണ്ഡിതര്‍ തങ്ങളുടെ ദൗത്യം വിസ്മരിച്ച് ഭൗതിക താല്‍പര്യങ്ങളുടെ അടിമകളായാല്‍ അവരുടെ സ്ഥാനം ശപിക്കപ്പെട്ട പുരോഹിതന്മാര്‍ക്കിടയിലാവും. നബി(സ) പറഞ്ഞു: ”ദജ്ജാലിനെക്കാള്‍ ഞാന്‍ നിങ്ങളുടെ മേല്‍ ഭയപ്പെടുന്നത് വഴികേടിലാക്കുന്ന പണ്ഡിതന്മാരെയാണ്.” (ഇബ്‌നുഹിബ്ബാന്‍)
ഭൗതിക താല്‍പര്യങ്ങള്‍ക്ക് പരിഗണന നല്‍കാത്ത യഥാര്‍ഥ പണ്ഡിതന്മാരെയാണ് സമൂഹം തേടുന്നത്. ഖലീല്‍ ബിന്‍ അഹ്‌മദ്‌ പറഞ്ഞു: ആളുകള്‍ നാലു തരമുണ്ട്. ഒരാള്‍ക്ക് അറിവുണ്ട്. അറിവുണ്ടെന്ന് അവനറിയുകയും ചെയ്യാം. അതാണ് പണ്ഡിതന്‍. അവനെ നിങ്ങള്‍ പിന്‍പറ്റുക. മറ്റൊരാള്‍ക്ക് അറിവുണ്ട്. പക്ഷേ, ആ വിവരം അവനറിയില്ല. അവന്‍ ഉറങ്ങുന്നവനാണ്. അവനെ നീ ഉണര്‍ത്തുക. ഇനിയുമൊരാള്‍ക്ക് അറിവില്ല. എന്നാല്‍ തനിക്കറിവില്ലെന്ന് അയാള്‍ക്കറിയാം. അവന് നീ മാര്‍ഗ ദര്‍ശനം നല്‍കുക. നാലാമത്തെയാള്‍ അറിവില്ലാത്തവനാണ്. എന്നാല്‍ തനിക്ക് അറിവില്ലെന്ന് അവനറിയുകയുമില്ല. അവനാണ് വിഡ്ഢി. അവനെ നിങ്ങള്‍ ഒഴിവാക്കുക.” പൗരോഹിത്യം കൈവെടിഞ്ഞ് യഥാര്‍ഥ പണ്ഡിതന്മാരെ സ്വീകരിക്കുകയാണ് ഇന്ന് വേണ്ടത്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x