25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

പൗരന്‍മാരുടെ സ്വകാര്യതയിലേക്ക്  കടന്നുകയറുന്ന ഐ ടി ഉത്തരവ് പിന്‍വലിക്കണം – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അരാജകത്വം സൃഷ്ടിക്കുന്ന ഇലക്ട്രോണിക് ആശയ വിനിമയ നിരീക്ഷണ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളം ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാരെ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഭരണകൂട ഭീകരതക്കും സംഘപരിവാര്‍ ഫാസിസത്തിനുമെതിരില്‍ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള മോദി സര്‍ക്കാറിന്റെ ഗൂഢ പദ്ധതിയെ ചെറുത്തു തോല്‍പ്പിക്കണം. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച ഭീകരതാണ്ഡവമാടുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് ഭരണകൂടം തന്നെ കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ മതേതര കക്ഷികളുടെ കുറ്റകരമായ നിസ്സംഗത രാജ്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുമെന്ന് കെ എന്‍ എം മുന്നറിയിപ്പു നല്‍കി.
പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അവഗണിച്ച് ജീര്‍ണമായ യാഥാസ്ഥിതികതക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ആദര്‍ശത്തിലധിഷ്ഠിതമായ ഐക്യത്തിന് ഇസ്്‌ലാഹീ പ്രവര്‍ത്തകരുടെ യോഗം ആഹ്വാനം ചെയ്തു. പ്രമാണങ്ങളുടെ അക്ഷര വായനയിലൂടെ അനുഷ്ഠാന- ആത്മീയ തീവ്രവാദം ഇറക്കുമതി ചെയ്ത് ഇസ്‌ലാഹീ നവോത്ഥാന മുന്നേറ്റത്തെ പിറകോട്ടടിക്കാനുള്ള നവയാഥാസ്ഥിതിക സമീപനങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയും സഹവര്‍ത്തിത്വത്തിലധിഷ്ഠിതമായ ബഹുസ്വരതയും അംഗീകരിച്ചുകൊണ്ട് സര്‍ഗാത്മകമായ ആശയ വിനിമയങ്ങളിലൂടെ ഇസ്‌ലാമിക നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിന് മുജാഹിദ് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യണം. നേതൃമഹിമയോ ആള്‍ക്കൂട്ടമോ അല്ല. നിലപാടുകളും ആദര്‍ശവുമാണ് നവോത്ഥാന മുന്നേറ്റത്തിന്റെ അടിത്തറയെന്ന തിരിച്ചറിവിലൂടെ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പൈതൃകം മുറുകെ പിടിച്ച് മുന്നേറാന്‍ കെ എന്‍ എം ആഹ്വാനം ചെയ്തു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എ അബ്ദുല്‍ഹമീദ് മദീനി, അബ്ദുല്‍അലി മദനി, പ്രൊഫ. കെ പി സകരിയ്യ, ഡോ. ഐ പി അബ്ദുസ്സലാം, സല്‍മ അന്‍വാരിയ്യ, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, ഹാസില്‍ മുട്ടില്‍, മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. കെ അബ്ദുറഹ്്മാന്‍, പി പി ഖാലിദ് പ്രസംഗിച്ചു.
Back to Top