30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

പൗരത്വ ബില്‍ രാജ്യത്തെ വിഭജിക്കാനുള്ള ആര്‍ എസ് എസ് കുടിലതന്ത്രം: ഐ എസ് എം

കോഴിക്കോട് നടന്ന ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള ആര്‍ എസ് എസിന്റെ കുടിലതന്ത്രമാണ് പൗരത്വ ബില്ലെന്ന് ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ പരസ്യമായ ലംഘനമാണ് ഇത്. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, മതേതര വിശ്വാസികളും ഇതിന്നെതിരെ അണിനിരക്കണം. ഒരു സമയത്ത് ഒരു ശത്രുവിന് സൃഷ്ടിക്കുകയും അവരെ തുരത്തിയതിന് ശേഷം അടുത്തതിലേക്ക് തിരിയുകയും ചെയ്യുന്ന ഫാസിസ്റ്റ് തന്ത്രമാണ് ആര്‍ എസ് എസ് രാജ്യത്ത് പരീക്ഷിക്കുന്നത്. മുസ്‌ലിംകള്‍ക്ക് ശേഷം മറ്റു മതവിഭാഗങ്ങളിലേക്ക് കൂടി കടന്നുവരുമെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയെന്ന ആശയത്തെ നിലനിര്‍ത്താന്‍ എല്ലാവരും ഒന്നായി നില്‍ക്കണമെന്നും ഐ എസ് എം സംസ്ഥാന എക്‌സികൂട്ടീവ് ആവശ്യപ്പെട്ടു.ഈ ബില്‍ പ്രവാസികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. പൗരത്വ നിയമത്തിലെ മറ്റേതെങ്കിലും നിയമങ്ങളിലെയോ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി എ) കാര്‍ഡിന്റെ രജിസ്‌ട്രേഷന്‍ സര്‍ക്കാറിന് റദ്ദാക്കാമെന്ന് കരട് ബില്ലില്‍ പറയുന്നു. ഈ വിഭാഗത്തില്‍ പെടുന്ന പ്രവാസിക്ക് പരാതി ബോധിപ്പിക്കാനുള്ള അവസരമുണ്ടെങ്കിലും അത് ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. തുല്യതയുടെ ഭരണഘടന വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ് ബില്ലെന്നും മുസ്്‌ലിംവിരോധം പ്രതിഫലിക്കുന്ന പൗരത്വ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാകാതിരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.രാജ്യത്തെ ആവര്‍ത്തിച്ചുവരുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയായിരിക്കുകയാണ്. തെലങ്കാനയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കാനുള്ള അവകാശം നീതിപീഠത്തിനാണ്. ഇത്തരം നടപടികളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ജനസമൂഹം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം ഏറ്റുമുട്ടലുകള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി കെ പി സകരിയ എക്‌സിക്യുട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റെ് ഡോ. ഫുഖാറലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, ജലീല്‍ മദനി വയനാട്, മുഹ്‌സിന്‍ സി എ, ഷമീര്‍ ഫലാഹി, അഫ്താഷ് ചാലിയം, ഷാനവാസ് പറവന്നൂര്‍, ഡോ. പി ടി നൗഫല്‍, ഫിറോസ് കൊച്ചിന്‍ പ്രസംഗിച്ചു.ജൗഹര്‍ അയനിക്കോട്, ലത്തീഫ് മംഗലശ്ശേരി, യൂനുസ് മയ്യേരി, ടി കെ എന്‍ ഹാരിസ്, ഉസ്മാന്‍ മുഖദാര്‍, റഫീഖ് നല്ലളം, സഹല്‍ മുട്ടില്‍, ഹുസൈന്‍ എറിയാട്, കെ ഐ സിജാദ്, അയ്യൂബ് എടവനക്കാട്, അനീസ് ആലപ്പുഴ, മുജീബ് കല്ലരട്ടിക്കല്‍, നസീം മടവൂര്‍, സിദ്ദീഖ് തിരുവണ്ണൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top