23 Monday
December 2024
2024 December 23
1446 Joumada II 21

പൗരത്വ നിഷേധത്തിന്റെ ചരിത്രവായന ഖുര്‍ആന്‍ നല്‍കുന്ന സൂചനകള്‍ – ശംസുദ്ദീന്‍ പാലക്കോട്

അല്ലാഹു നല്‍കുന്ന അധികാരത്തെയും അനുഗ്രഹങ്ങളെയും മനുഷ്യസേവനത്തിനും ലോകനന്മക്കും വേണ്ടി ഉപയോഗിക്കുന്നവരെയും അനീതിയും അധര്‍മവിളയാട്ടവും നടത്താന്‍ ദുരുപയോഗം ചെയ്യുന്നവരെയും ചരിത്രത്തിലുടനീളം കാണാം. ഒന്നാമത് പറഞ്ഞ വിഭാഗം കാലമത്രെ കഴിഞ്ഞാലും സഹൃദയരായ എല്ലാ മനുഷ്യരുടെയും മനസ്സില്‍ സ്‌നേഹാദരവോടെ നിലനില്‍ക്കുമ്പോള്‍ രണ്ടാമത് പഞ്ഞ വിഭാഗം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുകയാണ് ചെയ്യുന്നത്.
അധികാരത്തെയും സംഘബലത്തെയും സത്യനിഷേധം വളര്‍ത്താനും സത്യത്തിന്റെ പ്രകാശത്തെ ഊതിക്കെടുത്താനും ദുരുപയോഗം ചെയ്ത ഭരണാധികാരികളെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. മനുഷ്യരെ ദൈവിക പ്രകാശത്തിലേക്ക് വഴികാണിക്കാന്‍ വന്ന പ്രവാചകന്മാരും അവരില്‍ വിശ്വസിച്ച് നന്മയുടെ ചെറുസംഘത്തില്‍ ചേര്‍ന്ന ന്യൂനപക്ഷങ്ങളെയും ഈ ഭരണാധികാരികള്‍ പല വിധത്തില്‍ ഭയപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പ്രവാചകന്മാരെയും സത്യവിശ്വാസികളെയും നിശ്ശബ്ദരാക്കാന്‍ അവര്‍ ഉപയോഗിച്ച ഈ ഭയപ്പെടുത്തല്‍ തന്ത്രമായിരുന്നു പൗരത്വ നിഷേധം. വിശുദ്ധ ഖുര്‍ആന്‍ ഇത്തരം സംഭവങ്ങള്‍ പില്‍ക്കാലക്കാര്‍ക്ക് ഒരു ഗുണകാംക്ഷ പോലെ വിവരിച്ചതായി കാണാം.
”സത്യനിഷേധികള്‍ അവരുടെ പ്രവാചകന്മാരോട് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ ഈ നാട്ടില്‍ നിന്നു പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ ഞങ്ങളുടെ മാര്‍ഗങ്ങളിലേക്ക് നിങ്ങളെ ഞങ്ങള്‍ മടക്കിക്കൊണ്ടു വരിക തന്നെ ചെയ്യും.” (വി.ഖു 14:13)
”അദ്ദേഹത്തിന്റെ (ശുഐബ് നബിയുടെ) ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, നിന്നെയും നിന്റെ കൂടെ വിശ്വസിച്ചവരെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങളെ ഞങ്ങളുടെ മാര്‍ഗത്തിലേക്ക് ഞങ്ങള്‍ തിരിച്ചുകൊണ്ടുവരിക തന്നെ ചെയ്യും.” (വി.ഖു 7:88)
”അവര്‍ നിന്റെ കാര്യത്തില്‍ (മുഹമ്മദ് നബിയുടെ കാര്യത്തില്‍) തന്ത്രം പ്രയോഗിക്കുന്നു. അഥവാ നിന്നെ തടവില്‍ പാര്‍പ്പിക്കണമെന്നോ അല്ലെങ്കില്‍ നിന്നെ കൊന്നുകളയണമെന്നോ അതുമല്ലെങ്കില്‍ നിന്നെ നാട്ടില്‍ നിന്നു പുറത്തുക്കുമെന്നോ ആണ് (അവര്‍ തീരുമാനിക്കുന്നത്!) എന്നാല്‍ അല്ലാഹു തന്ത്രം പ്രയോഗിക്കുന്നുണ്ട്. അല്ലാഹു ഏറ്റവും നല്ല തന്ത്രശാലിയത്രെ!” (വി.ഖു 8:30)

മദീനയില്‍ അഭയാര്‍ഥികളായെത്തിയ പ്രവാചകനെയും സത്യവിശ്വാസികളുടെ സംഘത്തെയും മദീനയിലെ ജൂതന്മാര്‍ ആദ്യഘട്ടത്തില്‍ അംഗീകരിച്ചിരുന്നു. മുസ്‌ലിംകളുമായി മദീനയിലെ പ്രമുഖ ജൂതഗോത്രങ്ങളെല്ലാം സമാധാനസൗഹൃദ കരാറിലേര്‍പ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് ജൂതന്മാര്‍ കരാര്‍ ലംഘിക്കുകയും മുസ്‌ലിംകള്‍ക്കെതിരെ പല വിധ ചതിപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. പ്രവാചകന്റെ കൂടെ കപടവിശ്വാസികളായി ഒന്നിച്ചുകൂടി മുസ്‌ലിംകള്‍ക്കെതിരെ കരുക്കള്‍ നീക്കാന്‍ വരെ അവര്‍ ധൃഷ്ടരായി! പ്രവാചകന്റെ യുദ്ധസംഘത്തില്‍ വരെ ഈ കപടവിശ്വാസികള്‍ കൂടെകൂടി. എന്നാല്‍ അവരുടെ ഉള്ളിലിരിപ്പ് അല്ലാഹു ലോകത്തെ അറിയിക്കുക തന്നെ ചെയ്തു. അതിപ്രകാരം: ”അവര്‍ പറയുകയാണ്: ഞങ്ങള്‍ (ഈ യുദ്ധ യാത്ര കഴിഞ്ഞ്) മദീനയില്‍ മടങ്ങിയെത്തിയാല്‍ അവിടെയുള്ള പ്രതാപവാന്മാര്‍ നിന്ദ്യന്മാരെ മദീനയില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും!” (വി.ഖു 63:8)

അധികാരവും സ്വാധീനവുമുള്ള ദുഷ്ട മനസ്‌കരായ സംഘങ്ങളും ഭരണാധികാരികളും വിവിധ കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്ന തരുപ്പുശീട്ടായിരുന്നു നിങ്ങളെ ഞങ്ങള്‍ പുറത്താക്കുമെന്നത്. ചിലര്‍ നേര്‍ക്കുനേരെ അധികാരം ദുരുപയോഗം ചെയ്ത് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുകയും പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റു ചിലര്‍ സൗഹൃദ-സമാധാന കരാറുളുണ്ടാക്കി നിഷ്‌ക്കരുണം അത് ലംഘിച്ചുകൊണ്ട് ഒന്നിച്ചു കഴിഞ്ഞവരെ, ഇനിയും അങ്ങനെ കഴിയേണ്ടവരെ കരാര്‍ ലംഘിച്ച് പീഡിപ്പിക്കുകയും ചതിപ്രയോഗം നടത്തുകയും ചെയ്തു (മദീനയിലെ ജൂതന്മാര്‍ അതാണ് ചെയ്തത്). മേല്‍ സൂചനകളെ ആധുനിക കാലത്തെ ചില പ്രവണതകളുമായി ചേര്‍ത്തുവെച്ച് വായിച്ചാല്‍ സംഭവ ലോകത്ത് തന്നെ വ്യക്തമായ ഉദാഹരണങ്ങള്‍ കാണാം.
വിശ്വാസികളുടെ  നിലപാടും നിര്‍ഭയത്വവും

അധികാര മേലാളന്മാര്‍ വിവിധ കാലഘട്ടങ്ങളില്‍ സത്യവിശ്വാസികളെയും പ്രവാചകന്മാരെയും പൗരത്വം എടുത്തുമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ സത്യവിശ്വാസികള്‍ക്ക് തീരെ ഭയമുണ്ടായില്ല എന്ന് മാത്രമല്ല, ഭീഷണികളെ അവര്‍ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. ഉദാഹരണമായി ശുഐബ് നബിയുടെയും വിശ്വാസികളുടെയും കാര്യമെടുക്കാം. നിങ്ങളെ ഞങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കും എന്ന ഭീഷണി കേട്ടപ്പോള്‍ ആ ഭീഷണിക്കാരോട് അവര്‍ (പ്രവാചകനും വിശ്വാസികളും) തിരിച്ചു ചോദിച്ചതിപ്രകാരം: ”ഞങ്ങള്‍ അത് വെറുക്കുന്നവരാണെങ്കിലോ.” അഥവാ പുറത്ത് പോകാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെങ്കിലോ? ‘ജനിച്ചതീ മണ്ണിലെങ്കില്‍ മരണവുമീമണ്ണില്‍ തന്നെ’ എന്ന്  ഇന്ന് ചില പ്രതിഷേധങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യം ആദ്യമുയര്‍ത്തിയത് ‘ഞങ്ങള്‍ക്ക് മനസ്സില്ലെങ്കിലോ?’ എന്ന മറുവാക്ക് ഉന്നയിച്ച് കൊണ്ട് ശുഐബ് നബിയും ന്യൂനപക്ഷമായ സത്യവി്ശ്വാസികളുമാണെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. (അഅ്‌റാഫ് 88 കാണുക).

മദീനയിലെ ജൂതന്മാര്‍ അവിടെ അഭയാര്‍ഥികളായി എത്തിയ മക്കയില്‍ നിന്നും സത്യവിശ്വാസികളോടും സൂചനാ രൂപത്തില്‍ ‘പ്രതാപവാന്മാര്‍ നിന്ദ്യന്മാരെ പുറത്താക്കുക തന്നെ ചെയ്യും’ എന്ന് പറഞ്ഞപ്പോള്‍ നിന്ദ്യന്മാര്‍ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് മുസ്‌ലിംകളെയാണ്. ഈ ഭീഷണിയുണ്ടായപ്പോള്‍ പ്രവാചകന്‍ അല്ലാഹു ദിവ്യബോധനം നല്‍കി അറിയിച്ചത്: തീര്‍ച്ചയായും അല്ലാഹുവിനും പ്രവാചകനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം” എന്നാണ് (സൂചന ഖുര്‍ആന്‍ 63:8)

ചുരുക്കത്തില്‍ ഒരു നാടിന്റെ ബഹുസ്വരതയാണ് ആ നാടിന്റെ പ്രകൃതി പരത എന്ന് വിശുദ്ധ ഖുര്‍ആന്‍ ഒന്നലധികം സ്ഥലത്ത് വ്യക്തമായി സൂചിപ്പിക്കുന്നത് കാണാം. ആ ബഹുസ്വരതയെ നശിപ്പിച്ച് രാജ്യ നിവാസികളെ ഭിന്നിപ്പിച്ച് മതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പേരില്‍ ചില സമുദായങ്ങളെ വംശനശീകരണം വരുത്താനുദ്ദേശിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അവര്‍ സ്വന്തം നാശത്തിനുള്ള കുഴി തോണ്ടുകയാണ് ചെയ്യുന്നത് എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന.

ഒരു ദേശത്തെ പൗരന്മാരെന്ന നിലയില്‍ എല്ലാവരോടും പരിഗണനയും മാനവിക ബോധവും തുല്യനീതിയും പാലിക്കുക എന്നതാണ് ഖുര്‍ആന്‍ ലോകത്തിന് നല്‍കുന്ന സന്ദേശം. അതില്‍ മാത്രമേ ദൈവിക സഹായവും അന്തിമ വിജയവുമുണ്ടാവുകയുള്ളൂ എന്നു ഖുര്‍ആന്‍ ആവര്‍ത്തിച്ചുണര്‍ത്തുന്നു.

Back to Top