5 Thursday
March 2026
2026 March 5
1447 Ramadân 16

പൗരത്വ നിയമം: ആശങ്കയകറ്റാന്‍ ജുഡീഷ്യറിക്ക് ബാധ്യതയുണ്ട് – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന നേതൃസംഗമം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ആവശ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട താല്പര്യങ്ങളുടെ ചട്ടുകമായി വര്‍ത്തിക്കുകയാണെന്ന ആരോപണത്തെ ജനങ്ങള്‍ക്കിടയില്‍ രൂഢമൂലമാക്കിയിരിക്കുകയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കോടിക്കണക്കായ ജനങ്ങള്‍ ആശങ്കപ്പെട്ട് ജുഡീഷ്യറിയില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തുനില്‍ക്കെ അവരെ പാടെ അവഗണിച്ച് അറ്റോര്‍ണി ജനറലിന്റെ ആവശ്യങ്ങള്‍ക്ക് മാത്രം ചെവി കൊടുക്കുക വഴി ജുഡീഷ്യറിയിലുള്ള വിശ്വാസത്തെയാണ് അപകടപ്പെടുത്തിയിരിക്കുന്നത്.
അറ്റോര്‍ണി ജനറല്‍ ഉന്നയിക്കുന്ന ഭരണകൂട താല്പര്യങ്ങളുടെ സാങ്കേതികത്വങ്ങളെയല്ല രാജ്യത്തെ ജനങ്ങളുടെ ആകുലതകളെയാണ് ജുഡീഷ്യറി കണ്ണു തുറന്ന് കാണേണ്ടത്. രാജ്യം മുഴുവന്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും ഭരണകൂട ഭീകരതക്ക് അരു നില്‍ക്കുന്നത് ജനാധിപത്യ രാജ്യത്തെ ജുഡീഷ്യറിക്ക് ചേര്‍ന്നതല്ല. നിയമ പരിരക്ഷ നല്‍കുന്നത് ഒട്ടും നീതികരിക്കാനാവില്ല. ജനകീയ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ പൗരന്മാരെ വിചാരണ കൂടാതെ ജയിലിലടയ്ക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്ക് ജുഡീഷ്യറി ഒരു നിലക്കും അംഗീകാരം നല്കാവതല്ല.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, അഡ്വ. പി മുഹമ്മദ് ഹനീഫ, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, എം അഹമ്മദ് കുട്ടി മദനി, പി പി ഖാലിദ്, എം എം ബശീര്‍ മദനി, ഡോ. ഫുഖാര്‍ അലി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍, ശഹീര്‍ വെട്ടം, ഡോ. മുഹമ്മദ് സാബിത്, ഇസ്മായില്‍ കരിയാട്, യൂനുസ് നരിക്കുനി, സുബൈര്‍ ആലപ്പുഴ, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്‍ ജലീല്‍ മദനി, വി സി മറിയക്കുട്ടി സുല്ലമിയ്യ, സജ്‌ന പട്ടേല്‍ത്താഴം പ്രസംഗിച്ചു.`

Back to Top