3 Friday
January 2025
2025 January 3
1446 Rajab 3

പൗരത്വസമരം മുസ്‌ലിം സമരമല്ലാതാവേണ്ടത് എന്തുകൊണ്ട്? കെ പി ഖാലിദ്

പാകിസ്താന്റെ രാഷ്ട്ര പിതാവായ മുഹമ്മദലി ജിന്നയുടെ അവസാന നാളുകളെക്കുറിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടറായിരുന്ന ഇലാഹി ബക്ഷ് എഴുതിയ ഒരു പുസ്തകമുണ്ട്. With Qaide Azam during his last daysഎന്നാണതിന്റെ പേര്. ഇന്ത്യ- പാകിസ്താന്‍ വിഭജനത്തിന്റെ പേ രില്‍ ആക്ഷേപിക്കപ്പെടുന്നവരില്‍ ഒരാളായ ജിന്നയെ അദ്ദേഹത്തിന്റെ അവസാന കാലത്ത് ചികിത്സിക്കാനായി പാകിസ്്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സൈനിക ഡോക്ടറായിരുന്നു കേണല്‍ ഇലാഹി ബക്ഷ്. 1976 വരെ ഈ പുസ്തകം പാകിസ്താനില്‍ നിരോധിച്ചിരുന്നു.
രോഗബാധിതനായി സ്വന്തം വസതിയില്‍ കഴിയുന്ന അവസാന നാളുകളിലൊന്നില്‍ അദ്ദേഹത്തെ കാണാന്‍ അന്നത്തെ പാക്ക് പ്രധാനമന്ത്രി ലിയാഖത്തലി ഖാനെത്തി. ജിന്നയും ലിയാഖത്തും തമ്മിലുള്ള ബന്ധം അക്കാലത്ത് കീരിയും പാമ്പും പോലെയായി മാറിയിരുന്നു! ജിന്നയുടെ ശബ്ദം കേട്ട് കേണല്‍ ബക്ഷ് മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. ലിയാഖത്തലിയോട് കഠിനമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ജിന്ന, രോഗിയായി കിടന്ന അവസ്ഥയില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ലിയാഖത്തലിയോട് ഇങ്ങനെ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടപ്പോള്‍, ലിയാഖത്ത് ക്ഷുഭിതനായി പുറത്തേക്കു നടന്നുവത്രെ. കിടക്കയില്‍ കിടന്നുകൊണ്ട് വിറയാര്‍ന്നതും എന്നാല്‍ കാഠിന്യം നഷ്ടപ്പെട്ടിട്ടില്ലാത്തതുമായ ശബ്ദത്തില്‍ ജിന്ന പറഞ്ഞുവത്രെ. ”എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം ഈ പാകിസ്താന്‍ ഉണ്ടാക്കിയതാണ്.” പരിഹാസച്ചിരിയോടെ തിരിഞ്ഞു നിന്നുകൊണ്ട് ലിയാഖത്തലി മറുപടി പറഞ്ഞു: ”ഈ വയസ്സന് ഇപ്പോഴാണോ ഇതു മനസ്സിലായത്?”
വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായിരുന്ന സിന്ധിനും പഞ്ചാബിനും കാശ്മീരിനുമൊക്കെ കുറുകെ വിഭജനത്തിന്റെ വരയിട്ടുകൊടുത്ത് ജനലക്ഷങ്ങളെ പലായനത്തിന്റെ കാളരാത്രികളിലേക്ക് തള്ളിയിട്ടത് വിരലിലെണ്ണാവുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ‘ഈഗോ’ ക്ലാസുകളാണെന്ന് പിന്നീട് പുറത്തുവന്ന സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകവും പറയുന്നുണ്ട്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ജൈനനുമൊക്കെ ഇടപഴകി ജീവിക്കുന്ന ഏവര്‍ക്കും സുഖമായി സ്വന്തം വിശ്വാസത്തെ സംരക്ഷിച്ചു ജീവിച്ചുപോകാവുന്ന ഒരു ജീവിത വ്യവസ്ഥിതിക്കു മേല്‍ മതത്തെ വര്‍ണമായി കണ്ട് ചില രാഷ്ട്രീയ നേതാക്കള്‍ അതിനെ രാജ്യത്തിന്റെ ഭൂപടത്തിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ‘പാകിസ്താന്‍’ എന്ന മുസ്‌ലിം രാജ്യമുണ്ടായി. എന്നാല്‍ ഇതേ ദശാസന്ധിയില്‍ വച്ച് ജിന്നയുടെ ഇസ്‌ലാമും മൗലാനാ അബുല്‍കലാം ആസാദിന്റെ ഇസ്‌ലാമും വഴിപിരിയുകയും ചെയ്തു
ജിന്നയില്‍ നിന്ന് അബുല്‍കലാം ആസാദിന്റെ ഇസ്‌ലാമിലേക്കുള്ള ദൂരമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശീതളിമയിലേക്ക് പാകിസ്താനിലെ പട്ടാളാധിപത്യത്തില്‍ നിന്നുള്ള ദൂരമെന്ന് പറയുന്നത്. മഹാത്മാ ഗാന്ധിയുടെ ഹിന്ദുമതത്തിന് മൗലാനാ ആസാദിന്റെ ഇസ്‌ലാമിനോട് ചേര്‍ന്നു നിന്നുകൊണ്ടൊരു ത്രിവര്‍ണ പതാകയാവാന്‍ വലിയ പ്രയാസമുണ്ടായില്ല. എന്നാല്‍ ഗോള്‍വാക്കറിന്റെയും നാഥുറാം ഗോഡ്‌സെയുടെയും ‘ഭഗവധ്വജ’ത്തിന് (കാവിപതാക) ജിന്നയുടെ ഹരിത പതാകയുമായി ഒരിക്കലും ചേരാനുമായില്ല. ഇന്ത്യന്‍ ദേശീയ പതാകയിലെ കുങ്കുമവും പച്ചയും എന്നും ഒന്നിച്ചു ചേര്‍ന്നു നില്‍ക്കുകയും ചെയ്തു.

പാകിസ്താന്റെ ഹരിത പതാക ഏകാധിപത്യത്തിലേക്ക് നടന്നുകയറുമ്പോഴും അടിയന്തിരാവസ്ഥയിലൊഴികെ, മൂവര്‍ണ പതാക നല്‍കിയ ശക്തിയില്‍ ഇന്ത്യ ഐക്യത്തോടെ ജനാധിപത്യത്തില്‍ നിലകൊണ്ടു. എന്നാല്‍ ഗാന്ധിയും നെഹ്‌റുവും പണിത ജനാധിപത്യത്തിന്റെ ശിലകള്‍ക്കു മേല്‍ ഒരിക്കല്‍ കൂടി വര്‍ഗ വിദ്വേഷത്തിന്റെ കോടാലികള്‍ ഇന്ന് നിരന്തരം പതിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്കുള്ള നടന്നുകയറ്റമാണ് സി എ എയും എന്‍ ആര്‍ സിയുമെന്ന് വിഭജനത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് വായിക്കുമ്പോഴാണ് നാം തിരിച്ചറിയുന്നത്!
കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നിന്നും മഹാത്മാ ഗാന്ധി മാഞ്ഞുതുടങ്ങിയിരുന്നു. ഗാന്ധിയുടെ ശ്രീരാമന്‍ ഗോഡ്‌സേയുടെ ശ്രീരാമനിലേക്ക് സാവധാനം അപരവല്‍ക്കരിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഈ അപരവത്കരണത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ് മൂന്നു നാലു പതിറ്റാണ്ടുകള്‍കൊണ്ട് സംഘപരിവാര്‍ ശക്തികള്‍ മോദിയെയും അമിത്ഷായെയും ചുട്ടെടുത്തത്! ഇന്ന് ഒരു ജനതയുടെ പലായനമല്ല സംഘ് പരിവാറിന്റെ ഉദ്ദേശം. മറിച്ച് ണല ീൃ ീൗൃ ചമശേീിവീീറ റലളശിലറ എന്ന പുസ്തകത്തില്‍ ഗോള്‍വാക്കര്‍ പറയുന്ന ‘അവകാശങ്ങളില്ലാത്ത രണ്ടാം പൗരന്‍’മാരിലേക്കാണ് മുസ്‌ലിംകളെ ആട്ടിത്തെളിക്കാന്‍ അവരുദ്ദേശിക്കുന്നത്! ‘ഒരവകാശവുമില്ലാതെ ഹിന്ദു ദേശീയതയില്‍ ഇവരെ വിലയിപ്പിക്കുക തന്നെ വേണം (ഗോള്‍വാക്കര്‍). ഇതാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് പണിയാനാവശ്യപ്പെട്ടിട്ടുള്ള ‘ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍.’ ഈ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ ഇന്ത്യയിലെ ഒരു വിഭാഗം എത്തപ്പെടുമ്പോള്‍ ഗോള്‍വാക്കറിന്റെ ‘ദേശീയത’ സാര്‍ഥകമാവുന്നു.
പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇന്ത്യക്കാര്‍ നടത്തുന്ന ഒരു സമരത്തില്‍ ഗാന്ധിയുടെയും അംബേദ്കറിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കാണുന്നത്. ദേശീയ പൗരത്വ നിയമങ്ങള്‍ക്കെതിരെ ജന്തര്‍മന്ദിര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇടങ്ങളില്‍ ഹിന്ദുവും മുസ്‌ലിമും മറ്റുള്ളവരും ഈ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കണ്ടു! മോദിയെയും അമിത്ഷായെയും ഭയത്തിന്റെ തടവറയിലേക്ക് നയിക്കുക, പച്ചക്കൊടികളും വെള്ളത്തലക്കെട്ടുകളുമല്ല, പകരം ഗാന്ധിയുടെ ചിത്രങ്ങളും ദേശീയ പതാകകളുമാണ്! പാകിസ്താന്റെ ജിന്നയില്‍ നിന്നും ഇന്ത്യയുടെ അബുല്‍കലാം ആസാദിലേക്ക് നടന്നു കയറിയവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍! കേവലം മതരാഷ്ട്രമെന്ന സങ്കല്പത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ വിശാലതയിലേക്കാണ് ഈ നടന്നുകയറ്റം സംഭവിച്ചിട്ടുള്ളത്.
ജിന്നയുടെ അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ നിരാശ, മതത്തിന് ഒന്നും ചെയ്യാനില്ലാത്ത ഒരു ജനാധിപത്യ രാജ്യമുണ്ടാക്കിയിട്ട് അതിന് മതത്തിന്റെ ലേബലുകള്‍ ചാര്‍ത്തിയതിലുള്ള പരാജയ ബോധത്തില്‍ നിന്നാണുണ്ടായിട്ടുള്ളത്. ഇത് കൃത്യമായി തിരിച്ചറിയാന്‍ ഒരു ഓക്‌സ്‌ഫോര്‍ഡ് ബിരുദ ധാരിയായിരുന്ന ലിയാഖത്തലി ഖാന് ഇത്തിരി നേരത്തെ തന്നെ സാധിച്ചിരുന്നുവെന്നു വേണം കരുതാന്‍! ജിന്ന തട്ടിക്കൂട്ടിയ ജനാധിപത്യം വളരെ വേഗത്തില്‍ സൈന്യാധിപത്യത്തിനു വഴി മാറിക്കൊടുക്കുന്നതും ചരിത്രം കണ്ടു!

മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ പൗരത്വ സമരത്തിനു പകര്‍ന്നിട്ടുള്ള ഊര്‍ജം ചെറുതല്ല. മോദിയുടെ ഹിന്ദുത്വയില്‍ നിന്നും ഗാന്ധിയുടെ സഹിഷ്ണുതയിലാണ് വൈവിധ്യമാര്‍ന്ന ഭാരതം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് ഈ ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. വിഭജനത്തിന്റെ വെറുപ്പിനെ സഹിഷ്ണുതയുടെ സ്‌നേഹം കൊണ്ട് നേരിട്ട വലിയ മനുഷ്യരുടെ പിന്‍തലമുറക്കാരാണ് തങ്ങളെന്ന വിളംബരം കൂടിയാണിത്.
പൗരത്വ ഭേദഗതി നിയമത്തി നെതിരെയുള്ള പോരാട്ടം ഒരു ‘മുസ്‌ലിം’ പോരാട്ടമായി മാറാതിരിക്കുമ്പോള്‍ മാത്രമേ മോദി- ഷാ കൂട്ടുകെട്ടുകള്‍ക്ക് അത് ഉറക്കം നഷ്ടമാവുന്ന രാത്രികള്‍ സമ്മാനിക്കുകയുള്ളൂ. ജാമിഅ മില്ലിയ മുതല്‍ ചെന്നൈ യൂണിവേഴ്‌സിറ്റി വരെ പടര്‍ന്ന വിദ്യാര്‍ഥി പോരാട്ടങ്ങളില്‍ മുഴച്ചുനിന്നത് ‘മുസ്‌ലിം’ എന്ന വികാരമല്ല ‘ഇന്ത്യ’ എന്ന വിവേകമാണ്! അവിടെ വേഷം കൊണ്ട് തിരിച്ചറിയണമെന്ന മോദിയുടെ കൗടില്യത്തെ ‘വേഷമാറ്റ’ മെന്ന മറുപടിയിലൂടെ നേരിട്ട പ്രബുദ്ധതയുടെ കൗശലമാണ് നമുക്ക് കാണാന്‍ സാധിച്ചത്! എന്നാലത് ജുമാമസ്ജിദിന്റെ അങ്കണത്തിലെത്തിയപ്പോള്‍ മുസ്‌ലിം പ്രശ്‌നമായി പരിണമിക്കാനിടം നല്‍കുന്ന അപായങ്ങള്‍ അതില്‍ കണ്ടു തുടങ്ങി എന്നതാണ് വാസ്തവം.
വിഭജനത്തിന്റെ വിദ്വേഷത്തിലേക്ക് മാറുംവരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് മതത്തിന്റെ നിറമുണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ മോചനത്തിലേക്കുള്ള സ്വതന്ത്രശ്വാസത്തിലേക്ക് നടന്നുകയറാമെന്ന് ആഗ്രഹിച്ചുകൊണ്ടാണ് ഇന്ത്യന്‍ ജനത സാമ്രാജ്യത്തിന്റെ തോക്കുകള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്നത്.
പൗരത്വഭേദഗതിയിലൂടെ ഇന്ത്യക്കു നഷ്ടമാവുന്നത് അതിന്റെ ആത്മാവിനെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ബാക്കി നില്‍ക്കണമെന്ന് കൊതിക്കുന്ന ഏതൊരു പൗരന്റെയും കടമയാണ് സമാധാനപരമായി സമരമുഖത്തേക്ക്് തങ്ങളെ അവരോധിക്കുക എന്നത്! ഇന്ത്യയിലെ മുസ്‌ലിം പൗരനല്ലാതാവുന്നു എന്നതു മാത്രമല്ല ഈ നിയമത്തിന്റെ പ്രശ്‌നം. ഇന്ത്യയിലെ മനുഷ്യരുടെ ശരീരങ്ങളില്‍ വര്‍ഗീയതയുടെ ചാപ്പ കുത്താന്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നതാണ് അപകടം. ഇനി ഇന്ത്യയിലെ നിയമത്തിനു മുന്നില്‍ പൗരനല്ല. ഹിന്ദുവും ക്രിസ്ത്യനും സിക്കുമൊക്കെയാണ് ഉണ്ടാവുക. അതിലപ്പുറം സവര്‍ണനും അവര്‍ണനുമായതു മാറും. തലച്ചോറിനകത്ത് വര്‍ണവെറിയും പേറി നടക്കുന്ന ഭരണാധികാരികളെ ഭരിക്കാനേല്പിച്ചാല്‍ എന്തു സംഭവിക്കുമെന്നതിന് ഹിറ്റ്‌ലര്‍ മുതല്‍ മുസ്സോളിനി വരെ ചരിത്രത്തില്‍ നമുക്ക് ഉദാഹരണങ്ങളുണ്ട്.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ മറ്റൊരു ഭയനകമായ അപകട സാധ്യത ഇന്ത്യന്‍ പൊതുസമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല! എന്‍ ആര്‍ സിയിലേക്ക് രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്ന പൗരന്റെ അപേക്ഷകള്‍ നിരാകരിക്കപ്പെടുകയോ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പൗരത്വം നിഷേധിക്കപ്പെട്ട് ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്ക് മാറുമ്പോള്‍ മറ്റു മതസ്ഥര്‍ക്ക് ഇപ്പോള്‍ പാസായ പൗരത്വ ഭേദഗതി നിയമത്തിന്റെ സഹായം വേണ്ടിവരും. അങ്ങനെ വരുമ്പോള്‍ പാകിസ്താനില്‍ നിന്നു കുടിയേറിയ ഒരു ‘വരത്തനാണ്’ താനെന്നു അവന്‍ സ്വയം സമ്മതിച്ച് അവനൊരു ‘രണ്ടാം പൗരനായി’ മാറുമ്പോള്‍ മുസ്‌ലിമല്ലാത്തവനും നഷ്ടപ്പെടുക അവന്റെ അസ്തിത്വമാണ്! ഈ നാട്ടിലെ അവന്റെ പൗരത്വം തികച്ചും അപരവത്കരണത്തിനു വിജയകരമാവുക തന്നെ ചെയ്യും.
ഇനി ഒരു നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്ത്, അതുവരെ ജോലിയും ‘കൂലിയും’ ഉണ്ടായിരുന്ന ലക്ഷക്കണക്കാനാളുകള്‍ ‘തുറന്ന ജയിലുകളി’ലേക്ക് മാറ്റപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന ‘സാമ്പത്തിക ശൂന്യത’ അതിഭീതിതമായിരിക്കുമെന്നുറപ്പാണ്. ഇങ്ങനെ മാറ്റപ്പെടുന്നവരുടെ ചെലവ് (ഭക്ഷണം, വസ്ത്രം, ചികിത്സ) സര്‍ക്കാറല്ലാതെ മറ്റാരാണ് വഹിക്കുക? ഒരൊറ്റ നേരം മാത്രം ഭക്ഷണം കൊടുത്തുകൊണ്ട് കോടിക്കണക്കിനാളുകളെ ‘ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍’ താമസിപ്പിക്കാമെന്ന് കരുതുന്നത് ‘തലക്കു വെളിവ്’ നഷ്ടപ്പെട്ടുപോയ ആളുകളുടെ ലക്ഷണമാണ്. ഇന്ത്യന്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് ‘പണിയെടുത്തിരുന്ന’ കോടിക്കണക്കിന് ജനങ്ങളുടെ അസാന്നിധ്യം മൂലം കൂപ്പുകുത്തുക മാത്രമല്ല, ശിലായുഗത്തിലേക്കുള്ള മടങ്ങിപ്പോക്കാകും അത്!
ഇതുകൊണ്ടൊക്കെത്തന്നെയാണ് പറയുന്നത്, അമിത് ഷാ പാസാക്കിയിട്ടുള്ള ഈ നിയമം ഒരു മുസ്‌ലിം പ്രശ്‌നമല്ല. ഇന്ത്യ നിലനില്‍ക്കണോ എന്ന ചോദ്യത്തിന് ‘വേണം’ എന്നുത്തരം പറയുന്ന ഓരോ ഇന്ത്യക്കാരന്റെയും പ്രശ്‌നമാണ്. അതുകൊണ്ടു തന്നെയാണ് സമരങ്ങളിലുയരുന്ന ത്രിവര്‍ണ പതാകയുടെ പ്രസക്തി നാം കുറേയുറക്കെ വിളിച്ചു പറയുന്നതും.

Back to Top