18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

പ്രാര്‍ഥനയുടെ രൂപം


ഇസ്‌ലാമില്‍ പ്രാര്‍ഥനക്ക് വിവിധ രൂപങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളുടെ ആത്മാവ് പ്രാര്‍ഥനയാണ്. പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നതിന് ചില നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ, ചില സമയങ്ങളിലെ പ്രാര്‍ഥനക്ക് പ്രത്യേകമായ പുണ്യവും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പ്രാര്‍ഥനകളെല്ലാം അല്ലാഹുവിനോട് മാത്രമേ നിര്‍വഹിക്കാവൂ. അവന്റെ കൂടെ യാതൊന്നിനെയും പങ്കുചേര്‍ക്കാന്‍ പാടില്ല. പ്രത്യേകമായ പുണ്യം വാഗ്ദാനം ചെയ്യപ്പെട്ട പ്രാര്‍ഥനകളിലൊന്നാണ് ഹജ്ജ് വേളയിലുള്ളത്. മക്ക പ്രവാചകന്‍ ജനിച്ച് വളര്‍ന്ന സ്ഥലമാണ് എന്നത് കൊണ്ട്, മക്കയിലെത്തുമ്പോള്‍ പ്രവാചകനോട് പ്രാര്‍ഥിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അത് മതവിരുദ്ധമാണ്. ഇതുപോലെ വിവിധ സന്ദര്‍ഭങ്ങളും സ്ഥലങ്ങളും നിശ്ചയിച്ചു തന്നിട്ടുണ്ടെങ്കിലും അത്തരം മേഖലയിലെല്ലാം പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവിനോട് മാത്രമാണ്. അതിനിടയില്‍ ആരെയെങ്കിലും ശുപാര്‍ശകരോ മധ്യവര്‍ത്തികളോ ആക്കാന്‍ പാടുള്ളതല്ല.
മഹാന്മാരുടെ ഹഖ്, ജാഹ്, ബര്‍ക്കത്ത് കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം എന്ന് കരുതുന്നവര്‍ കേരള മുസ്‌ലിംകള്‍ക്കിടയിലുണ്ട്. ഈ വാദം വ്യാപകമായിരുന്ന ഒരു കാലത്ത് അതിനെതിരെ പ്രമാണങ്ങള്‍ ഉദ്ധരിച്ച് പ്രബോധനം നടത്തുകയാണ് തൗഹീദിന്റെ വക്താക്കള്‍ ചെയ്തത്. ഇടയാളന്മാരെ സങ്കല്‍പ്പിക്കുന്നതിന് തെളിവായി കൂട്ടുപിടിക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമായ തവസ്സുലിനെയാണ്. ദുര്‍വ്യാഖ്യാനവും തെറ്റിദ്ധരിപ്പിക്കലുമാണ് അതുവഴിയുണ്ടാകുന്നത്. ഇസ്‌ലാമിലെ തവസ്സുല്‍ എന്ന് പറഞ്ഞാല്‍ അത് ഇടയാളന്മാരെയോ മധ്യവര്‍ത്തികളെയോ പുരോഹിതന്മാരെയോ അവരോധിക്കുന്ന സാഹചര്യമല്ല. മറിച്ച്, ഓരോരുത്തരുടെയും സത്കര്‍മങ്ങള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി അവരവര്‍ നടത്തുന്ന പ്രാര്‍ഥനയുടെ വിനയാന്വിത രൂപമാണത്. അപരന് വേണ്ടി അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥനയും ഇതുപോലെ തന്നെ. ഈ അനുവദനീയമായ തവസ്സുല്‍ അഥവാ മാര്‍ഗം സ്വീകരിക്കല്‍ എന്നത് അല്ലാഹുവിനോട് നേരിട്ടുള്ള പ്രാര്‍ഥനയാണ്. അതിനിടയില്‍ മധ്യവര്‍ത്തികളാരും ഇല്ല.
ഭൗതികമായ അധികാര സംവിധാനങ്ങളോട് പല രൂപത്തില്‍ ശുപാര്‍ശ ചെയ്യുകയും സ്വാധീനമുള്ള വ്യക്തികളെ മധ്യവര്‍ത്തികളാക്കുകയും ചെയ്യാറുണ്ട്. ഒരു മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ നേരിട്ട് സമീപിക്കാതെ, അവരുമായി നേരിട്ട് ബന്ധമുള്ളവരെ സമീപിച്ച് കാര്യം നേടാറുണ്ട്. എന്നാല്‍, അല്ലാഹുവിനോടുള്ള പ്രാര്‍ഥനയിലും ആരാധനയിലും ഇതിനോട് തുലനം ചെയ്ത് മധ്യവര്‍ത്തികളെ സ്വീകരിക്കണം എന്ന് പറയുന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ്. ഞാന്‍ സമീപസ്ഥനാണ്, നിങ്ങള്‍ എന്നോട് ചോദിച്ചോളൂ എന്നാണ് അസന്നിഗ്ധമായി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് (2:186). ഇസ്‌ലാമിക പ്രമാണങ്ങള്‍ മുഴുവന്‍ പരിശോധിച്ചാലും പ്രവാചകന്മാരുടെ ചരിത്രം നോക്കിയാലും മഹാന്മാരുടെ ബര്‍ക്കത്തിനെ മധ്യവര്‍ത്തിയായി സ്വീകരിച്ച് പ്രാര്‍ഥിച്ചതിന് യാതൊരു തെളിവും കണ്ടെത്താന്‍ സാധിക്കില്ല. മറിച്ച്, പ്രാര്‍ഥന അല്ലാഹുവിനോട് നേരിട്ട് നിര്‍വഹിക്കണം എന്നാണ് എല്ലാ പ്രാമാണിക കല്‍പ്പനകളും പഠിപ്പിക്കുന്നത്.
ജീവിച്ചിരിക്കെ മറ്റൊരാളോട് തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറയുക എന്നത് സ്വാഭാവികമായ കാര്യമാണ്. സ്വന്തത്തിന് വേണ്ടിയല്ലാതെ അപരന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ഒക്കെ നാം പ്രാര്‍ഥിക്കാറുണ്ട്. ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള പ്രാര്‍ഥനാ രൂപങ്ങള്‍ പരിശോധിച്ചാല്‍, ഞങ്ങള്‍ക്ക് നല്‍കേണമേ എന്ന രൂപത്തിലുള്ള വാചക ഘടന കാണാനാവും. അതെല്ലാം തന്നെ അല്ലാഹുവിനോട് നേരിട്ടുള്ള പ്രാര്‍ഥനയാണ്. നാം സ്വന്തത്തിന് വേണ്ടി പ്രാര്‍ഥിക്കുന്ന വേളയില്‍ തന്നെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പരിചയമുള്ളവര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. അസാന്നിധ്യത്തില്‍ അപരന് വേണ്ടിയുള്ള പ്രാര്‍ഥന സ്വീകരിക്കപ്പെടാന്‍ സാധ്യത കൂടുതലുള്ള പ്രാര്‍ഥനയുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാം നമുക്ക് വേണ്ടിയും മറ്റൊരാള്‍ക്ക് വേണ്ടിയും അല്ലാഹുവിനോടാണ് പ്രാര്‍ഥിക്കുന്നത്. ആ പ്രാര്‍ഥനക്കിടയില്‍ ശുപാര്‍ശകരോ മധ്യവര്‍ത്തികളോ ഇടയാളന്മാരോ ഇല്ല. അല്ലാഹുവിനെ ഭൗതിക ലോകത്തെ അധികാര കേന്ദ്രത്തിന് സമാനമായി കാണുന്നത് കടുത്ത അപരാധമാണ്. അല്ലാഹുവിന്റെ വിശേഷണത്തില്‍ പങ്കുചേര്‍ക്കുന്നതിന് തുല്യമാണത്. എന്നോട് നേരിട്ട് പ്രാര്‍ഥിക്കൂ എന്നാണ് എല്ലാ പ്രാമാണിക വചനങ്ങളിലൂടെയും അല്ലാഹു ആവശ്യപ്പെടുന്നത്. അല്ലാഹുവിന്റെ ഏകത്വത്തിലും നാമവിശേഷണങ്ങളിലും അധികാരത്തിലും പങ്ക് ചേര്‍ക്കാതെ, അവന്റെ മഹത്വത്തിന് ഇടിവ് വരുത്തുന്ന സമീപനം സ്വീകരിക്കാതെ നിഷ്‌കളങ്കമായ പ്രാര്‍ഥനകളാണ് ഒരോ വിശ്വാസിയുടെ ജീവിതത്തിലും ഉണ്ടാവേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x