29 Friday
November 2024
2024 November 29
1446 Joumada I 27

പ്രാര്‍ഥനക്ക് ഇടയാളന്മാര്‍ വേണ്ട

മുഹമ്മദ് വാളറ


മുസ്‌ലിംകളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ് പ്രാര്‍ഥന. ആരാധനയുടെ മജ്ജയാണ് പ്രാര്‍ഥന എന്ന് റസൂല്‍(സ) പഠിപ്പിച്ചിരിക്കുന്നു. രോഗശമനത്തിനും മാനസിക സംഘര്‍ഷം ഇല്ലാതാക്കാനും കഷ്ടപ്പാടുകള്‍ മാറ്റിക്കിട്ടാനും പരലോക വിജയത്തിനും സത്യവിശ്വാസികള്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥന നടത്തുന്നു. പുണ്യപുരുഷന്മാരോടോ അന്‍ബിയാ-ഔലിയാക്കന്മാരോടോ സൃഷ്ടികളോടോ പ്രാര്‍ഥന നടത്താന്‍ പാടില്ല. ഇടയാള പ്രാര്‍ഥന ഇസ്‌ലാമിന് അന്യമാണ്.
ഖുര്‍ആന്‍ പരിഭാഷ എഴുതിയ പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും ദുആക്ക് പ്രാര്‍ഥന എന്നു പറയാതെ ആരാധന എന്നര്‍ഥം നല്‍കിയിരിക്കുകയാണ്. 104 സ്ഥലങ്ങളിലാണ് ദുആ എന്ന പദം ഖുര്‍ആനില്‍ വന്നത്. ഇതില്‍ 48 സ്ഥലങ്ങളില്‍ മാത്രം സമസ്ത പണ്ഡിതന്മാര്‍ പ്രാര്‍ഥന എന്ന് അര്‍ഥം നല്‍കിയിരിക്കുന്നു. മുജാഹിദ് പണ്ഡിതര്‍ 104 സ്ഥലങ്ങളിലും പ്രാര്‍ഥന എന്ന് അര്‍ഥം നല്‍കിയിരിക്കുന്നു. ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി മുജാഹിദ് ശൈലിയില്‍ പ്രാര്‍ഥന എന്ന് അര്‍ഥം നല്‍കി. ‘പ്രാര്‍ഥനകള്‍: താരതമ്യ പഠനം’ എന്ന ഗ്രന്ഥം ഇത്തരം പരിഭാഷകളിലെ ദുര്‍വ്യാഖ്യാനങ്ങളെ തുറന്നുകാണിക്കുന്നു.
മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു പദങ്ങളാണ് ദുആ, ഇബാദത്ത് എന്നിവ. ഇവ രണ്ടും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന്റെ മൂലക്കല്ലായ ഏകദൈവ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് അതിന്റെ ആശയം. മലയാളത്തിലെ പത്തു ഖുര്‍ആന്‍ പരിഭാഷകളെ അനുവാചക ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവായ മൊയ്തീന്‍ പിള്ള സുല്ലമി. ദുആ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നും അല്ലാഹുവല്ലാത്തവരോട് ദുആ ചെയ്താല്‍ തൗഹീദില്‍ നിന്നു വ്യതിചലിച്ചുപോകുമെന്നും അദ്ദേഹം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിക്കുന്നു. ദുആക്ക് പ്രാര്‍ഥന എന്നര്‍ഥമില്ലെന്നു പറയുന്ന യാഥാസ്ഥിതിക വാദികള്‍ പ്രാര്‍ഥന ഇബാദത്തിന്റെ പരിധിയില്‍ വരില്ലെന്നു പ്രഖ്യാപിക്കുന്നു. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കാലികപ്രസക്തമല്ലെന്നും ഇത്തരം ശാഖാപരമായ വിഷയങ്ങളില്‍ കെട്ടിത്തൂങ്ങുന്നത് ഉല്‍പതിഷ്ണുക്കള്‍ക്ക് ചേര്‍ന്നതല്ലെന്നും, ദഅ്‌വത്തിന്റെ മാര്‍ഗങ്ങള്‍ വിശാലമാണെന്നും വാദിക്കുന്നവര്‍ക്കുള്ള ഉചിതമായ മറുപടിയാണ് ഈ കൃതി.
ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തമായ ‘ലാഇലാഹ ഇല്ലല്ലാഹ്’ അല്ലാഹുവിലുള്ള പരമമായ സമര്‍പ്പണമാണ്. എല്ലാ പ്രാര്‍ഥനകളും സര്‍വ തേട്ടങ്ങളും കേള്‍ക്കുന്നവനും അതിന് ഉത്തരം നല്‍കുന്നവനും അല്ലാഹു മാത്രമാണ് എന്നതാണ് ഇസ്‌ലാമിക വിശ്വാസത്തിലെ മൂലക്കല്ല്. അല്ലാഹുവിന്റെ പ്രിയപ്പെട്ട മഹത്തുക്കളോട് പ്രാര്‍ഥിക്കാമെന്ന വാദവുമായി മുന്‍കഴിഞ്ഞ കാലത്തും ആധുനിക കാലത്തും പണ്ഡിതരെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കുന്ന പരിഭാഷകളെ ഗ്രന്ഥകാരന്‍ കൃത്യമായും കണിശമായും തിരുത്തുന്നുണ്ട്. സമസ്ത-മുജാഹിദ് പണ്ഡിതന്മാരുടെ മുഖാമുഖം പരിപാടിയിലെ വ്യാഖ്യാന വിശദീകരണങ്ങള്‍ വായനക്കാരുടെ മുമ്പില്‍ സസൂക്ഷ്മം അവതരിപ്പിക്കുന്നു. സംവാദവേദികളില്‍ സുന്നി പണ്ഡിതര്‍ വിളിച്ചു, ക്ഷണിച്ചു, അപേക്ഷിച്ചു എന്നിങ്ങനെയാണ് ‘ദുആ’ എന്ന പദത്തിന് അര്‍ഥം നല്‍കുന്നത്. ഈ പൊള്ളത്തരം തുറന്നു കാണിക്കുന്നതില്‍ ഗ്രന്ഥം വിജയിച്ചിട്ടുണ്ട്. ദുആ എന്ന പദം അപൂര്‍വം സ്ഥലങ്ങളിലേ പ്രാര്‍ഥന എന്ന അര്‍ഥത്തില്‍ വന്നിട്ടുള്ളൂ എന്ന സമസ്തക്കാരുടെ അഴകൊഴമ്പന്‍ വാദങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയാണ് വായനക്കാര്‍ക്ക് ലഭിക്കുന്നത്.
ഇന്നു പ്രചാരത്തിലുള്ള നിഘണ്ടുകളും ഇന്റര്‍നെറ്റ് കുറിപ്പുകളും സാഹിത്യപ്രയോഗങ്ങളും നിരീക്ഷണപാടവത്തോടെ ഉപയോഗപ്പെടുത്തി യാഥാസ്ഥിതിക വാദങ്ങളുടെ മുനയൊടിക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിട്ടുണ്ട്. ‘പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം’ എന്നത് പിശാചിന്റെ വാദമാണെന്ന് പ്രചരിപ്പിക്കപ്പെട്ടത് തിരുത്തിക്കുറിക്കാന്‍ ഉര്‍വ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം സഹായകമാണ്.

Back to Top