13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

പ്രവാചക പ്രശംസയും അസഹിഷ്ണുതയും ഇംഗ്ലീഷ് സാഹിത്യത്തില്‍

ടി പി എം റാഫി


ഇംഗ്ലണ്ടില്‍ ആംഗ്ലോ-സാക്‌സണ്‍ ഭരണത്തിനുശേഷമുള്ള നോര്‍മാന്‍ കാലഘട്ടത്തിലാണ് (1066-1350 സിഇ) മുഹമ്മദ് നബി(സ)യെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചുമുള്ള കല്പിത കഥകള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇടംപിടിച്ചു തുടങ്ങുന്നത്. പോപ്പ് അര്‍ബന്‍ രണ്ടാമന്റെ മുസ്ലിംകളോട് കുരിശുയുദ്ധത്തിനു പ്രേരിപ്പിച്ചുകൊണ്ടുള്ള പ്രകോപനപരമായ പ്രസംഗങ്ങള്‍ ക്രിസ്ത്യാനികളെ മാത്രമല്ല, ഇംഗ്ലീഷ് എഴുത്തുകാരെയും മുസ്ലിംകളുടെ ശത്രുക്കളാക്കി എന്നത് ചരിത്രപരമായ സത്യമാണ്. അക്കാലത്തെ ഒട്ടേറെ കഥകളിലും കവിതകളിലും മുഹമ്മദ് നബി(സ)യെ പരിഹാസപാത്രമായി ചിത്രീകരിച്ചതിനു പിറകിലും ഈ പ്രസംഗങ്ങള്‍ക്കു പങ്കുണ്ട്. കവി വില്ല്യം ലാങ്‌ലാന്‍ഡിന്റെ The Piers Plowman എന്ന കവിതയില്‍, പരോക്ഷമായി പ്രവാചകനെ ദുഷ്ടതയുടെയും കാപട്യത്തിന്റെയും പ്രതീകമായി അവതരിപ്പിക്കുന്നുണ്ട്.
Mahomet, the heathen priest, full many a man deceivth എന്നാണ് അദ്ദേഹം നബിയെക്കുറിച്ച് ആരോപിക്കുന്നത്. ‘ഒട്ടേറെ മനുഷ്യരെ വഞ്ചിച്ച കപട പുരോഹിതനാണ് മഹോമറ്റ്’ എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. പ്രവാചകന്റെ ശരീഅത്ത് എന്നത് അബദ്ധജടിലമായ കെട്ടുകഥകള്‍ മാത്രമാണെന്നും അദ്ദേഹം കവിതയില്‍ കുറ്റപ്പെടുത്തുന്നു. ഈ കാല്പനിക കവിതയില്‍ ഒരു വിനീത ഉഴുവുകാരന്റെയും കഠിനാധ്വാനിയായ കര്‍ഷകന്റെയും പ്രതീകാത്മകതയിലാണ് യേശു കടന്നുവരുന്നത്. ദാനശീലം, സത്യസന്ധത, സൗമ്യത, സ്‌നേഹം എന്നീ ‘ക്രിസ്തീയ’ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണ് ഇതിലെ കര്‍ഷകന്‍. കവിതയില്‍ നോര്‍മാന്‍ ഇംഗ്ലീഷ് കാലഘട്ടത്തിലെ ക്രിസ്ത്യന്‍ എഴുത്തുകാരുടെ അസഹിഷ്ണുതയും പകയും സംഘര്‍ഷവും നിറഞ്ഞ മനസ്സ് വായിച്ചെടുക്കാനാവുന്നു.
മധ്യകാലഘട്ടത്തില്‍ (1350-1530), ആംഗലേയ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജിയോഫ്രി ചോസറിന്റെ കവിതയിലാണ് പ്രവാചകന്‍ വീണ്ടും കഥാപാത്രമായി വരുന്നത്. Canterbury Tales എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ The Summoner’s Tale പ്രവാചകനെയും ഇസ്‌ലാമിക നിയമസംഹിതയെയും അവജ്ഞയോടും വെറുപ്പോടും കൂടിയാണ് കാണുന്നത്. For he was a wily fox, and a thief, And the devil was ally. He is a true Mahound, A heathen, a vile, and a treacherous thief. ‘അവന്‍ ഒരു കൗശലക്കാരനായ കുറുക്കനും തസ്‌കരനുമാണ്; പിശാച് അവന്റെ മിത്രവും. സാക്ഷാല്‍ മഹൗണ്ട്, നീചന്‍, വഞ്ചകന്‍, വിജാതീയന്‍’-ചോസറിന്റെ വിഷം വമിക്കുന്ന വരികള്‍ ഇങ്ങനെ പോകുന്നു.
നവോത്ഥാനഘട്ടം
ഇംഗ്ലീഷ് സാഹിത്യത്തില്‍ നവോത്ഥാന കാലഘട്ടം (1530- 1625) എന്നറിയപ്പെടുന്നത് ഓട്ടോമന്‍ ഖിലാഫത്തിന്റെ പ്രാരംഭഘട്ടം തന്നെയാണ്. ഇംഗ്ലീഷ് എഴുത്തുകാരനായ സര്‍ ഫ്രാന്‍സിസ് ബീക്കന്റെ പ്രവാചകനെക്കുറിച്ചുള്ള വ്യാജകഥകള്‍ യൂറോപ്പില്‍ പ്രചുരപ്രചാരം നേടിയത് അക്കാലത്തായിരുന്നു. ബീക്കന്റെ രചനയിലെ ഒരു നുണക്കഥ ഇങ്ങനെയാണ്: ‘മുഹമ്മദ് മലയോട് തന്റെ അരികെ വരാന്‍ കല്പിച്ചു.
പക്ഷേ, മല അതനുസരിച്ചില്ല. അപ്പോള്‍ മുഹമ്മദ് മലയുടെ അടുത്തേക്ക് ചെന്നു. എന്നിട്ടു പറഞ്ഞു: മല മുഹമ്മിന്റെ അടുത്തുവന്നില്ലെങ്കിലും, മുഹമ്മദ് മലയുടെ അടുത്ത് പോയാലും മതിയല്ലോ’. ഈ പ്രയോഗം പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിലെന്നല്ല, മറ്റു ഭാഷകളിലും നര്‍മമായി ഇടംപിടിച്ചു. ജോര്‍ജ് സാന്റീസും തന്റെ രചനകളില്‍ പ്രവാചകനെ കടന്നാക്രമിക്കുന്നതുകാണാം. ‘വ്യാജ പ്രവാചകനും റോമന്‍ സാമ്രാജ്യത്തിന്റെ ശത്രുവും’ ആയാണ് അയാള്‍ നബി(സ)യെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. തോമസ് മൂറും നബിക്കെതിരെയുള്ള അപവാദ പ്രചാരണത്തില്‍ ഒട്ടും പിറകിലല്ല.
സര്‍ വാള്‍ട്ടര്‍ റാലിയുടെ The Life and Death of Mahomet എന്ന പുസ്തകത്തില്‍, ‘മഹോമത്…. വ്യാജ മതത്തിന്റെ സ്ഥാപകന്‍. വാളുകൊണ്ടും അനുയായികളുടെ തുല്യതയില്ലാത്ത ക്രൂരത കൊണ്ടും ലോകത്തേക്ക് ഒരു പുതിയ നുണ കൊണ്ടുവന്നു. സത്യമതത്തിന്റെ സുഗമമായ ഒഴുക്കിന് തടയിട്ടു’ എന്നെല്ലാം പറയുന്നുണ്ട്. മുഹമ്മദ് മദീനയിലേക്ക് ആക്രമിച്ചു കയറിയെന്നും പിന്നെ അവിടത്തെ സമാധാനപാലകനായി ചമഞ്ഞുവെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു.
പിന്നീട് നാടകത്തിന്റെ കാലഘട്ടത്തില്‍, മര്‍ലോവ്, ജോണ്‍സണ്‍, വില്ല്യം ഷേക്‌സ്പിയര്‍ പോലുള്ള വിഖ്യാതരായ നാടകകൃത്തുക്കളുടെ ഊഴം വന്നു. മര്‍ലോവിന്റെ Tamerline എന്ന നാടകം പ്രവാചകനെയും അനുയായികളെയും വിഡ്ഢികളായി ചിത്രീകരിക്കുന്നുണ്ട്.
ഷേക്‌സ്പിയറുടെ രചന എന്ന നിലയില്‍ നബിയുടെ പേരില്‍ ഒരു കെട്ടുകഥ പ്രചാരത്തിലുണ്ട്: ‘മുഹമ്മദ് തന്റെ ചെവിയില്‍ നിന്ന് ധാന്യമണികള്‍ കൊത്തിപ്പെറുക്കാന്‍ പ്രാവുകളെ പരിശീലിപ്പിച്ചു. അതു ചെവിയില്‍ നിന്നു കൊത്തിയെടുക്കുന്നതിനെ ‘വഹ്‌യ്’ ആയി വ്യാഖ്യാനിച്ചു. ഇതാണ് ദിവ്യബോധനത്തിന്റെ രഹസ്യം’. ഇതു ഷേക്‌സ്പിയര്‍ പറഞ്ഞതാണെന്നതിന് ആധികാരിക തെളിവൊന്നുമില്ല.
പതിനേഴാം നൂറ്റാണ്ടില്‍ (1625-1660) ഓട്ടോമന്‍ സാമ്രാജ്യം സുലൈമാന്‍ സുല്‍ത്താന്റെ ഭരണകാലത്ത് വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കി. അദ്ദേഹത്തിന്റെ മരണശേഷം സുല്‍ത്താന്മാര്‍ തമ്മിലുള്ള ഭിന്നത ആരംഭിച്ചു. ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാന്‍ തക്കംപാത്തു നില്‍ക്കുന്ന യൂറോപ്പിന് ഇത് അനുകൂല ഘടകമായി. മതപരമായ സ്പര്‍ധ മുമ്പെന്നെത്തേക്കാളുമേറെ രൂക്ഷമായി. അക്കാലത്തെ യൂറോപ്യന്‍ എഴുത്തുകാരിലും അതു പ്രതിഫലിച്ചു.
ഡാന്റെയുടെ ‘ദ ഡിവൈന്‍ കോമഡി’യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എഴുതിയ ജോണ്‍ മില്‍ട്ടന്റെ Paradise Lost, Paradise Regained തുടങ്ങിയ കവിതകളിലും കടുത്ത പ്രവാചക വിരോധം നിഴലിട്ടു നില്‍പ്പുണ്ട്. ‘അനുചരന്മാരുടെ പ്രതീക്ഷകളെ വ്യര്‍ഥമായി ഉത്തേജിപ്പിച്ച് അവരെക്കൊണ്ട് ആയുധങ്ങള്‍ കൈയിലെടുപ്പിച്ചു, മുഹമ്മദ്’ എന്നു പറയുന്ന ഡാന്റെ, പ്രവാചകനെ ‘നരകത്തിന്റെ ഒമ്പതാം അടിത്തട്ടി’ല്‍ കൊണ്ടുപോയി കിടത്താനും മെനക്കെടുന്നുണ്ട്.
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ക്ഷയത്തിനുശേഷം രചിക്കപ്പെട്ട ഡാനിയല്‍ ഡെഫോയുടെ നോവല്‍ ‘റോബിന്‍സണ്‍ ക്രൂസോ’യില്‍, പൗരസ്ത്യദേശങ്ങളെ, പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളെ, അഴിമതിയുടെ അരക്കില്ലമായി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്നുണ്ട്.
എഴുത്തുകാരനായ ജോസഫ് അഡിസന്റെ ‘സ്‌പെക്ടാറ്ററി’ന് ഇസ്‌ലാമിനെതിരെ ചളി വാരിയെറിയാനാണ് തിടുക്കം. സാമുവല്‍ ബട്‌ലറുടെ ‘ഹുദിറബ്‌സ്’ എന്ന കവിതയിലും നബിയോടും ഇസ്‌ലാമിനോടുമുള്ള വിദ്വേഷത്തിന്റെ വിഷം വിതറുന്നതു കാണാം. എഡ്മണ്ട് വാല്ലറുടെ Attacking and defeating the Turks എന്ന കവിതയില്‍, ‘മുസ്‌ലിം എന്ന ആജീവനാന്ത ശത്രുക്കളോടു പോരാടാനു’ള്ള ആഹ്വാനമുണ്ട്. ‘ചന്ദ്രക്കലയെ തള്ളിയിട്ട് കുരിശിനെ ഉയര്‍ത്തിക്കാട്ടാനുള്ള’ ആത്മധൈര്യം ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്നുമുണ്ട്, വാല്ലറുടെ കവിത. ജോണ്‍ ഹ്യൂഗസിന്റെ ‘സീജ് ഓഫ് ഡമാസ്‌കസ്’, ‘മുഹമ്മദ്-അല്‍ ദജ്ജാല്‍’ എന്നീ കൃതികള്‍ പകയുടെയും പക്ഷപാതിത്വത്തിന്റെയും പരിഛേദങ്ങളാണ്.
പതിനെട്ടാം നൂറ്റാണ്ടില്‍ ഡോ. ജോണ്‍സണ്‍ രചിച്ച Irene എന്ന നാടകത്തില്‍, മുഹമ്മദും അനുയായികളും സ്ത്രീകളെ ആദരിക്കുന്നില്ലെന്നും അവര്‍ക്ക് സ്വര്‍ഗപ്രവേശനം നിഷേധിച്ചുവെന്നും ആക്ഷേപിക്കുന്നു. ഫ്രാന്‍സിസ് ജെന്റില്‍മാന്റെ Sultan or love and fame എന്ന നാടകത്തില്‍, മുസ്ലിംകള്‍ ‘സംസം’ വെള്ളം തൊട്ട് സത്യം ചെയ്യുന്നവരാണെന്ന പരാമര്‍ശമുണ്ട്. അദൃശ്യമായ സ്വര്‍ഗമുണ്ടെന്ന് അനുചരന്മാരെ പറഞ്ഞുപറ്റിക്കാന്‍ പ്രവാചകന്‍ പാടുപെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
1800കള്‍ക്കു ശേഷം
1800കള്‍ക്കു ശേഷമാണ് ഇംഗ്ലീഷ് സാഹിത്യം മറ്റു ഭാഷകളുമായി കാര്യമായി ആശയവിനിമയം നടത്തുന്നത്. പൗരസ്ത്യ നാടുകളിലേക്കുള്ള യാത്രകള്‍ അതിനു സഹായിച്ചിട്ടുണ്ട്. പിന്നീടുള്ള ഇംഗ്ലീഷ് നോവലുകളിലും കവിതകളിലും അതു പ്രതിഫലിക്കുന്നുണ്ട്.
വില്ല്യം വേഡ്‌സ്‌വര്‍ത്ത് ‘സെലസ്റ്റിയല്‍’ എന്ന കൃതിയില്‍ മുഹമ്മദ് നബിയെ ഏകാധിപതിയും സ്വേച്ഛാധിപതിയുമായി മുദ്രകുത്തുന്നു. അന്ത്യനാളില്‍ നബിയുടെ ഖബറില്‍ നിന്നാണ് മുസ്ലിംകള്‍ മോക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തട്ടിവിടുന്നു. മുസ്ലിംകളുടെ കൈകളില്‍ നിന്ന് ജറുസലേം കിങ് റിച്ചാര്‍ഡ് മോചിപ്പിക്കുന്നതും അദ്ദേഹം രചനയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. സാമുവല്‍ കോളിറിഡ്ജിന്റെ ‘മുഹമ്മദ്’ അവകാശപ്പെടുന്നത് പ്രവാചകന്‍ യുദ്ധക്കൊതിയനാണെന്നാണ്. അനീതിയും പാപവും അസമത്വവും വാണിരുന്ന കാലമായിരുന്നു മുഹമ്മദിന്റേതെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം.
റൊമാന്റിക് യുഗത്തില്‍ (1800-1830), മഷി മുഴുവന്‍ പ്രവാചകനെതിരെ ചെലവഴിച്ച ഇംഗ്ലീഷ് എഴുത്തുകാരനാണ് റോബര്‍ട്ട് സൂത്തി. പ്രവാചകനെതിരെ ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഖദീജയുടെ മരണശേഷം ഖുറൈശികളില്‍ നിന്നു രക്ഷപ്പെടുന്ന പ്രവാചകനെയും അബൂബക്കറിനെയും അവതരിപ്പിച്ച് അദ്ദേഹം സ്വയം തൃപ്തിയടയുന്നുണ്ട്.
Roderic: The Last of the Visigoths King എന്ന കവിതയിലെ വരികള്‍ ഇങ്ങനെ പോകുന്നു: ‘By its miraculous power the body tomb, And holds at Madina, in the air…..’ മദീനയില്‍ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന മുഹമ്മദിന്റെ ശവകുടീരത്തെയും അവിടേക്ക് എല്ലാ ദിക്കുകളില്‍ നിന്നും വാര്‍ത്തകളുമായി പറന്നുവരുന്ന മാലാഖമാരെയും കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് പരിഹസിക്കാന്‍ മുതിരുകയാണ് സൂത്തി.
ലോഡ് ബൈറന്റെ ‘The child Harold pilgrimage’ല്‍ പ്രവാചകനെ കൗശലക്കാരനും കുതന്ത്രജ്ഞനുമായി അവമതിക്കാന്‍ പാടുപെടുന്നതു കാണാം.
വിഖ്യാത കവി ഷെല്ലിയുടെ ‘Revolt of Islam’ എന്ന കവിതയ്ക്ക് പ്രവാചകനെയും മുസ്ലിംകളെയും ക്രിസ്തീയതയുടെ ബദ്ധവൈരികളായിക്കാണാനാണ് ഇഷ്ടം. ‘Karmath: an Arabian tale’ എന്ന രചന, ഖുര്‍ആനിനെ നബിയുടെ ആവിഷ്‌കാരമായി കാണുകയും അതൊരിക്കലും ദിവ്യബോധനമല്ലെന്നു തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ യുഗത്തില്‍ (1830- 1880), ബെഞ്ചമിന്‍ ഡിസ്രായേലി തൂലികയിലൂടെ മുസ്ലിം-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്നി പടര്‍ത്തി. ആല്‍ഫ്രഡ് ലോഡ് ടെന്നിസണ്‍ എഴുതിയ ‘Recollections of the Arabian Nights’ എന്ന കവിതയില്‍, മദ്യത്തിന്റെയും മദിരാക്ഷിയുടെയും പിടിയിലമര്‍ന്ന പ്രവാചകവൃന്ദത്തെയാണ് ചിത്രീകരിക്കുന്നത്. ‘The Fall of Jarusalem’ എന്ന പുസ്തകത്തില്‍ പുണ്യദേവാലയത്തിന്റെ പവിത്രത മുസ്ലിംകള്‍ കളഞ്ഞുകുളിച്ചെന്ന് അധിക്ഷേപിക്കുന്നുണ്ട്. മാത്യു ആര്‍നോള്‍ഡിന്റെ ‘ദി ഡിവൈനിറ്റി’ എന്ന കവിതയും പ്രവാചകനെ നുണയനാക്കുന്നുണ്ട്. ക്രിസ്ത്യന്‍ ദേവാലയങ്ങളെയും പുരോഹിതന്മാരെയും പരിഹസിക്കുന്നവനാണ് മുഹമ്മദെന്നും എഴുതുന്നു.

പ്രവാചകനെ
പ്രശംസിക്കുന്നു

സ്‌കോട്ടിഷ് തത്ത്വചിന്തകനും ചരിത്രകാരനുമായ തോമസ് കാര്‍ലൈല്‍ തന്റെ ‘ഓണ്‍ ഹീറോസ്, ഹീറോ-വര്‍ഷിപ്പ്, ദി ഹീറോയിക് ഇന്‍ ഹിസ്റ്ററി’ (1841) എന്ന രചനയില്‍ മുഹമ്മദ് നബിയെക്കുറിച്ച് നിഷ്പക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്നുണ്ട് എന്നത് വിസ്മരിക്കാവതല്ല. ‘പ്രവാചകന്‍ എന്ന നായകന്‍’ എന്ന തലക്കെട്ടിലുള്ള പ്രഭാഷണങ്ങളില്‍ കാര്‍ലൈല്‍ നബിയെ മുക്തകണ്ഠം പ്രശംസിക്കുന്നു. വീരനും ധീരനുമാണദ്ദേഹം. ആത്മാര്‍ഥതയുള്ള ആ വ്യക്തിത്വം ചരിത്രത്തില്‍ ആഴത്തിലുള്ള മുദ്രകള്‍ പതിപ്പിച്ചുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അക്കാലത്ത് യൂറോപ്പില്‍ നിലനിന്നിരുന്ന നിഷേധാത്മക ധാരണകളെ പുച്ഛിച്ചുതള്ളുന്നുമുണ്ട്, അദ്ദേഹം.
മുഹമ്മദ് ഒരു വഞ്ചകനാണെന്നും ഇസ്‌ലാം വാളുകൊണ്ടുമാത്രമാണ് പ്രചരിച്ചതെന്നുമുള്ള സമകാലിക എഴുത്തുകാരുടെ ജല്പനങ്ങളെ അദ്ദേഹം കണക്കിനു പരിഹസിച്ചുവിടുന്നുണ്ട്. ‘വാളെടുക്കാന്‍ പ്രരംഭത്തില്‍ മുഹമ്മദിന്റെ കൂടെ എത്ര പേരുണ്ടായിരുന്നു? എന്നിട്ടും എന്തേ മഹാസഞ്ചയം ഇസ്‌ലാമിനു പിറകെപ്പോയി?’ എന്നു തുടങ്ങിയ കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ അദ്ദേഹം തൊടുത്തുവിടുന്നുണ്ട്.
ഇത്രയും സുപ്രധാനവും ശാശ്വതവുമായ സ്വാധീനം ചരിത്രത്തില്‍ ചെലുത്താന്‍ ഒരു കപടപ്രവാചകനും സാധ്യമല്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ‘സദുദ്ദേശ്യത്തോടെ, സമാധാനപരമായി പ്രബോധനം നടത്തുന്ന മഹാമനീഷിയെ ചുറ്റിപ്പറ്റിയുള്ള നുണക്കഥകള്‍ നമുക്കുതന്നെ അപമാനമാണ്’-കാര്‍ലൈല്‍ അഭിപ്രായപ്പെടുന്നു. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ലൈലിന്റെ വീക്ഷണങ്ങള്‍ അക്കാലത്തെ പാശ്ചാത്യ പക്ഷപാതിത്വം നിറഞ്ഞ ആഖ്യാനങ്ങളില്‍ നിന്ന് വേറിട്ട് അടയാളപ്പെടുത്തി.
1800 തൊട്ട് 1950 വരെയുള്ള മോഡേണ്‍ ഏജില്‍ യൂറോപ്പിന്റെ ചരിത്രത്തിലെന്നല്ല, ലോകചരിത്രത്തിലും അഭൂതപൂര്‍വമായ മാറ്റങ്ങളുണ്ടായി. കോളനിയലിസം, കമ്മ്യൂണിസ്റ്റ് വിപ്ലവം, വ്യാവസായിക വിപ്ലവം, സാങ്കേതിക വിദ്യാഭ്യാസ വളര്‍ച്ച, പലസ്തീനില്‍ ഇസ്രായേലിന്റെ മാതൃരാജ്യം കണ്ടെത്തല്‍ അങ്ങനെ പലതും. ലോകത്തെ മുച്ചൂടും നശിപ്പിച്ച രണ്ടു ലോകമഹായുദ്ധളുമുണ്ടായി. ഈ കാലഘട്ടത്തില്‍ മുസ്ലിം പ്രകോപനങ്ങള്‍ നിറഞ്ഞ ഇംഗ്ലീഷ് സാഹിത്യരചനകള്‍ കുറഞ്ഞുവന്നു. എന്നിരുന്നാലും, സഞ്ചാര സാഹിത്യങ്ങളിലും ചരിത്രരചനകളിലും പ്രവാചകനെയും മുസ്ലിംകളെയും അനുസ്യൂതം വേട്ടയാടിക്കൊണ്ടിരുന്നുവെന്നതും നേരാണ്.
റൂഡിയാഡ് കിപ്ലിങ് രചിച്ച ‘The Ballad of East and West’ എന്ന പുസ്തകത്തില്‍ അഫ്ഘാനിസ്താനിലെ സ്വേച്ഛാധിപത്യത്തെയും മതതീവ്രതയെയും കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. കിപ്ലിങ്ങിന്റെ മറ്റൊരു പുസ്തകമായ ‘അല്ലാഹുവിന്റെ കണ്ണി’ല്‍, ജ്യോതിശ്ശാസ്ത്ര രംഗത്തെ അദ്വിതീയ മുസ്ലിം സംഭാവനയായ ‘ആസ്‌ട്രോലാബ്’ എന്ന ഉപകരണത്തെ വിലകുറച്ചുകാണുന്നുണ്ട്. (ആധുനിക കാലത്ത് പക്ഷേ, ഡേവിഡ് എ. കിങ്ങെന്ന ശാസ്ത്രഗവേഷകനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ ‘ഇന്‍ സിംഗ്രണി വിത്ത് ദ ഹെവന്‍സ്’ എന്ന വിഖ്യാത ബൃഹദ്ഗ്രന്ഥത്തില്‍ (വാള്യം 1: Call of the Muezzin-2004, hm-fyw 2: Instruments of Mass Calculation-2013) ആസ്‌ട്രോലാബ് അടക്കമുള്ള മുസ്ലിം ശാസ്ത്രസംഭാവനകളെ വാനോളം വാഴ്ത്തുന്നുണ്ട് എന്നത് വേറെക്കാര്യം!)
പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ച് സത്യങ്ങള്‍ പറയാന്‍ ആര്‍ജവം കാട്ടിയ കവിയാണ് യീറ്റ്‌സ്. ‘ദ ഗിഫ്റ്റ് ഓഫ് ഹാറൂണ്‍ അല്‍റഷീദ്’ എന്ന കവിതയില്‍ മുസ്ലിം ഖലീഫയുടെ കുലീനത എടുത്തുകാട്ടുന്നു. ‘Suleiman to the Queen of Sheba’ എന്ന കവിതയില്‍ സുലൈമാന്‍ നബിയുടെയും ബല്‍ഖീസ് രാജ്ഞിയുടെയും കഥ ചേതോഹരമായി ആവിഷ്‌കരിക്കുന്നുണ്ട്. ജെയിംസ് ഇലോറി ഫ്‌ളക്കറിന്റെ ‘ഡമാസ്‌കസ് ഗേറ്റി’ല്‍, പൗരസ്ത്യകവാടം പൈശാചികതയിലേക്കുള്ളതും പാശ്ചാത്യകവാടം പുണ്യത്തിലേക്കുള്ളതുമായി വിധിയെഴുതുന്നതു കാണാം.
ബ്രിട്ടീഷ്-ഇന്ത്യന്‍ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയുടെ പ്രവാചകനെ നിന്ദിച്ചുള്ള ‘The Satanic Verses'(1988) ലോകത്ത് വിവാദങ്ങള്‍ക്കു തിരികൊളുത്തി. മാജിക്കല്‍ റിയലിസത്തിന്റെ ചുവടുപിടിച്ചുകൊണ്ടായിരുന്നു അദ്ദേഹം രചന നിര്‍വഹിച്ചത്. സാഹിത്യമൂല്യത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍ ശരാശരിയില്‍ താഴെയുള്ള സൃഷ്ടിയാണിതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, അക്കാലത്തെ ‘ബെസ്റ്റ് സെല്ലറാ’യി എന്നതും യാഥാര്‍ഥ്യമാണ്.
ആധുനിക ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒട്ടേറെ നല്ല പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറ് പ്രമുഖരില്‍ പ്രഥമ സ്ഥാനീയനായി പ്രവാചകന്‍ മുഹമ്മദിനെ പ്രതിഷ്ഠിച്ചുകൊണ്ട് എഴുതിയ അമേരിക്കന്‍ ആസ്‌ട്രോ ഫിസിക്‌സിസ്റ്റും എഴുത്തുകാരനുമായ മൈക്കേല്‍ എച്ച്. ഹാര്‍ട്ടിന്റെ ‘The Hundred: A Ranking of the Most Influential Persons in History’ (1978), പാകിസ്താന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈദ് ഹുസൈന്റെ ‘The House of Islam: A Global History’ (2018), സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജനിച്ച ഈജിപ്തുകാരനായ താരിഖ് റമദാന്റെ ‘Islam: The Essentials’ (2017), തുര്‍ക്കിഷ്-ഫ്രഞ്ച് സോഷ്യോളജിസ്റ്റായ നിലുഫര്‍ ഗോലെയുടെ ‘Islam in Europe: Public Spaces and Civic Networks’ (2015), ബ്രിട്ടീഷ് ചരിത്രകാരനായ പീറ്റര്‍ ഫ്രാങ്കോപാന്റെ ‘The first Crusade: The Call of the East’ (2012), കാരന്‍ ആംസ്‌ട്രോങ്ങിന്റെ ‘Mohammed: A Prophet for our time’ (2006), താരിഖ് റമദാന്റെ ‘In the Footsteps of the Prophet’ (2007), ബ്രിട്ടീഷ് എഴുത്തുകാരന്‍ ആദില്‍ സലാഹിയുടെ ‘Muhammed: Man and Prophet’ (1995), ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോണ്‍ ഗ്ലബിന്റെ ‘The Life and Times of Muhammad’ (1970), ബ്രിട്ടീഷ് പണ്ഡിതനും സൂഫി സഹയാത്രികനുമായ മാര്‍ട്ടിന്‍ ലിങ്‌വിന്റെ ‘Muhammed: His Life based on the earliest sources’ (1983) എന്നിവ ശ്രദ്ധേയമായ രചനകളില്‍ ചിലതു മാത്രം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x