9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

പ്രവാചകവചനങ്ങളെ ആദ്യമായി ക്രോഡീകരിച്ച പണ്ഡിതന്‍

നദീര്‍ കടവത്തൂര്‍


ഇസ്‌ലാമിക കര്‍മശാസ്ത്രരംഗത്തും ഹദീസ് ക്രോഡീകരണ മേഖലയിലും വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പണ്ഡിതനാണ് ഇമാം മാലികുബ്‌നു അനസ്(റ). മാലികുബ്‌നു അനസുബ്‌നു മാലികുബ്‌നു അബീ ആമിര്‍ ബിന്‍ അംറുബ്നുല്‍ ഹാരിസ് എന്നാണ് പൂര്‍ണ നാമം. പ്രധാനപ്പെട്ട നാല് മദ്ഹബുകളില്‍ ഒന്നായ മാലികീ മദ്ഹബ് ഇദ്ദേഹത്തിന്റെ കര്‍മശാസ്ത്ര നിര്‍ദേശങ്ങളെ അവലംബിച്ച് രൂപം കൊണ്ടതാണ്. പ്രവാചകന്റെ ഹദീസുകളെ ക്രോഡീകരിച്ച ആദ്യത്തെ ഗ്രന്ഥമായ ‘കിതാബുല്‍ മുവത്വ’ അദ്ദേഹത്തെ സംഭാവനകളില്‍ പ്രധാനപ്പെട്ടതാണ്. ഇമാം അബൂഹനീഫയുടെ ശിഷ്യനും ഇമാം ശാഫിഈയുടെ ഗുരുവുമായിരുന്നു ഇമാം മാലിക്. അഗാധമായ ജ്ഞാനവും പ്രവാചകന്റെ ഹദീസുകളെ മനഃപാഠമാക്കുന്നതിലും അതിന്റെ വിവിധ തലങ്ങളെക്കുറിച്ച അവഗാഹവുമാണ് ഇമാം മാലികിനെ പ്രശസ്തനാക്കിയത്.
ജനനം, പഠനം
പ്രവാചകന്റെ(സ) സഹായിയായിരുന്ന അനസുബ്‌നു മാലിക്(റ) മരണപ്പെട്ട ഹിജ്‌റ 93ലാണ് മദീനയില്‍ ഇമാം മാലിക് ജനിക്കുന്നത്. പിതാവ് അനസുബ്‌നു മാലികും മാതാവ് ആലിയ ബിന്‍ത് ശുറൈക് അല്‍അസദിയ്യയും ആയിരുന്നു. ഒരു യമനീ ഗോത്രത്തിലാണ് അദ്ദേഹത്തിന്റെ വംശപരമ്പര അവസാനിക്കുന്നത്. ഇമാമു ദാറുല്‍ ഹിജ്‌റ, മാലികുന്നജ്മ് എന്നീ പേരുകളിലൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടത്.
മദീനയില്‍ ജനിച്ചു വളര്‍ന്നതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും വൈജ്ഞാനിക ലോകത്തെ വിശാരദന്മാരായ ധാരാളം പണ്ഡിതരുടെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിക്കാനും ഹദീസുകള്‍ മനഃപാഠമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മദീനയിലെ പണ്ഡിതനായിരുന്ന ഇബ്‌നു ഹര്‍മുഷിനു കീഴില്‍ ഏഴു വര്‍ഷത്തോളം ശിഷ്യനായി കഴിഞ്ഞുകൂടി. കൂടാതെ നാഫിഅ് മൗലാ ഇബ്‌നു ഉമര്‍, ഇബ്‌നു ശിഹാബുസ്സുഹ്‌രീ, റബീഉര്‍റഅ്യ് എന്നിവരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി.
മദീനാ പള്ളിയിലെ
മുഫ്തി

16ാം വയസ്സ് മുതല്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ മുഹദ്ദിസായും മുഫ്തിയായും ഇമാം മാലിക്(റ) സേവനം ആരംഭിച്ചു. ഫത്‌വകള്‍ നല്‍കാന്‍ താന്‍ യോഗ്യനാണെന്ന് മദീനയിലെ 70 പണ്ഡിതന്മാരെങ്കിലും സാക്ഷ്യപ്പെടുത്തുന്നതുവരെ താന്‍ ഫത്‌വ നല്‍കില്ല എന്ന് ഇമാം മാലിക് തീരുമാനമെടുത്തിരുന്നു. മതരംഗത്തെ ഇടപെടലുകളെ എത്ര ഗൗരവത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചത് എന്നതിന്റെ ഉദാഹരണമായി ഇത് മാത്രം മതി. വൈജ്ഞാനിക മേഖലയിലെ തിരക്കുകള്‍ക്കിടയില്‍ ഉപജീവനത്തിനായി കച്ചവടരംഗത്തും ചെറിയ തോതില്‍ ഇടപെട്ടു.
വിദ്യാര്‍ഥികള്‍ക്ക് പ്രവാചകന്റെ ഹദീസുകള്‍ പകര്‍ന്നും ഫത്‌വകള്‍ നല്‍കിയും ഇമാം മാലിക് മസ്ജിദുന്നബവിയില്‍ സജീവമായി. വൈജ്ഞാനിക സദസ്സിനും ചര്‍ച്ചകള്‍ക്കും വിധി പറയുന്നതിനുമെല്ലാം ഉമര്‍(റ) ഉപയോഗിച്ചിരുന്ന മദീനാ പള്ളിയിലെ അതേ സ്ഥലമാണ് ഇമാം മാലിക് തിരഞ്ഞെടുത്തത്.
ഹദീസുകള്‍ പഠിക്കുന്നതിലും മനഃപാഠമാക്കുന്നതിലുമൊക്കെ ഇമാം മാലിക് അഗ്രഗണ്യനായിരുന്നു. ഗുരുനാഥന്മാരായ ഇമാം സുഹ്‌രി, യഹ്‌യബ്‌നു സഈദില്‍ അന്‍സാരി തുടങ്ങിയവരില്‍ നിന്നൊക്കെ ശേഖരിച്ച ഒരു ലക്ഷത്തോളം ഹദീസുകള്‍ അദ്ദേഹം സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്തിവെച്ചിരുന്നു.
മസ്ജിദുന്നബവിയില്‍ നടന്നിരുന്ന അദ്ദേഹത്തിന്റെ പഠനസദസ്സ് ശാരീരികമായ അസുഖങ്ങള്‍ കൊണ്ട് പിന്നീട് വീട്ടിലേക്ക് മാറ്റി. ഗാംഭീര്യവും ശാന്തതയും ഗൗരവസ്വഭാവവുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വൈജ്ഞാനിക സദസ്സുകള്‍. ഗൗരവവും സൂക്ഷ്മതയും ശാന്തതയും അറിവ് അന്വേഷിക്കുന്നവര്‍ക്ക് നിര്‍ബന്ധമാണെന്ന് അദ്ദേഹം ശിഷ്യരോട് പറയാറുണ്ടായിരുന്നു.
പ്രവാചക വചനങ്ങള്‍ ശിഷ്യര്‍ക്ക് കൈമാറുന്നതിലും ഫത്‌വകള്‍ നല്‍കുന്നതിലുമെല്ലാം അദ്ദേഹം കണിശത പുലര്‍ത്തി. പ്രവാചകന്റെ വചനങ്ങള്‍ പഠിപ്പിച്ചുകൊടുക്കുമ്പോള്‍ അതിന് ഭംഗം സംഭവിക്കുന്നത് വെറുക്കുകയും ഒരു ഹദീസ് പൂര്‍ത്തിയാക്കാതെ മറ്റ് കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് ശിഷ്യന്മാരെ വിലക്കുകയും ചെയ്തു.
ഫത്‌വകള്‍ നല്‍കുന്നതിലും അദ്ദേഹം ഇതേ ശ്രദ്ധ വെച്ചുപുലര്‍ത്തി. തനിക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ അറിയില്ല എന്ന് തുറന്നു പറഞ്ഞു. ഒരിക്കല്‍ ഫത്‌വ തേടിക്കൊണ്ട് ഒരാള്‍ അദ്ദേഹത്തിനടുത്തെത്തി. ആറു മാസത്തെ യാത്രാദൂരം സഞ്ചരിച്ചാണ് അദ്ദേഹം മാലികിനടുത്തെത്തിയത്. പ്രശ്‌നം കേട്ടയുടെനെ ഇമാം മാലികിന്റെ മറുപടി എനിക്കറിയില്ല എന്നായിരുന്നു. ആഗതന്‍ ചോദിച്ചു: ‘പിന്നെ ആര്‍ക്ക് അറിയും?’, ‘അല്ലാഹുവിന്നറിയാം’- മാലിക് മറുപടി പറഞ്ഞു.
മദീനയിലെ വൈജ്ഞാനിക സദസ്സുകളിലൂടെ ആ നൂറ്റാണ്ടിലെ പ്രഗത്ഭരായ ധാരാളം പണ്ഡിതന്മാരുടെ ഗുരുസ്ഥാനം നേടിയെടുക്കാന്‍ മാലികിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പ്രഗത്ഭനാണ് ഇമാം ശാഫിഈ.

ഹദീസ് ക്രോഡീകരണരംഗത്തേക്ക്
പ്രവാചകന്‍(സ) ജീവിച്ചിരിക്കുന്ന സമയത്തു തന്നെ ഖുര്‍ആന്‍ പൂര്‍ണമായി ലിഖിതരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു. അത് പിന്നീട് അബൂബക്‌റി(റ)ന്റെയും ഉമറി(റ)ന്റെയും കരങ്ങളാല്‍ കൂടുതല്‍ ഭദ്രമാക്കപ്പെടുകയും ചെയ്തു. എന്നാല്‍ പ്രവാചകന്റെ ഹദീസുകളുടെ വിഷയത്തില്‍ ഈ ഒരു ഇടപെടല്‍ ഉണ്ടായിരുന്നില്ല.
സഹാബികളുടെയും പിന്നീട് താബിഉകളുടെയും കാലം കഴിഞ്ഞതോടെ പ്രവാചകന്റെ പേരില്‍ കളവ് പ്രചരിക്കുന്നത് വലിയ തോതില്‍ വര്‍ധിച്ചു. പലരും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായും വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ചും ഫത്‌വകള്‍ പറയുകയും പലതും പ്രവാചകനിലേക്ക് ചേര്‍ക്കുകയും ചെയ്തു.
പ്രവാചക വചനങ്ങള്‍ മാത്രമായി സൂക്ഷ്മതയോടെ ക്രോഡീകരിക്കാന്‍ പല ഭരണാധികാരികളും ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല. ഇമാം മാലികിന്റെ കാലഘട്ടത്തില്‍ ഹദീസുകള്‍ ക്രോഡീകരിക്കേണ്ട ആവശ്യം വീണ്ടും വര്‍ധിച്ചു.
അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അബൂജഅ്ഫര്‍ അല്‍ മന്‍സൂര്‍ ഈ കര്‍ത്തവ്യം ഇമാം മാലികിനെ ഏല്‍പിച്ചുകൊണ്ട് പറഞ്ഞു: ”നിങ്ങള്‍ ഒരു ഗ്രന്ഥം രചിക്കുക. അത് അവലംബിക്കാന്‍ ജനങ്ങളെ ഞാന്‍ നിര്‍ബന്ധിക്കാം. നിങ്ങള്‍ ഈ വിജ്ഞാനത്തെ അവലംബിക്കാവുന്ന ഏക വിജ്ഞാനമാക്കുക.’ അപ്പോള്‍ മാലിക് അദ്ദേഹത്തോട് പറഞ്ഞു: ‘പ്രവാചകന്റെ സഹാബികള്‍ വ്യത്യസ്ത നാടുകളിലേക്ക് യാത്ര ചെയ്തു. അവരെല്ലാവരും അവരുടെ വീക്ഷണമനുസരിച്ചാണ് ഫത്‌വ നല്‍കിയത്.
മക്കാ നിവാസികള്‍ക്ക് ഒരു വീക്ഷണമുണ്ട്. മദീനാ നിവാസികള്‍ക്ക് വേറൊരു വീക്ഷണമുണ്ട്. അതുപോലെ ഇറാഖിലെ ആളുകള്‍ക്ക് അവരുടേതായ വീക്ഷണമുണ്ട്.’ അപ്പോള്‍ അബൂജഅ്ഫര്‍ പറഞ്ഞു: ‘ഇറാഖ് നിവാസികളില്‍ നിന്ന് ഒന്നും ഞാന്‍ സ്വീകരിക്കുന്നില്ല. യഥാര്‍ഥ വിജ്ഞാനം മദീനക്കാരുടേതാണ്. അതുകൊണ്ട് ആ വിജ്ഞാനം ജനങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ ശേഖരിക്കുക.’ അപ്പോള്‍ മാലിക് പറഞ്ഞു: ‘ഇറാഖുകാര്‍ നമ്മുടെ വിജ്ഞാനം കൊണ്ട് തൃപ്തിപ്പെടുകയില്ല.’ ഇതു കേട്ട അബൂജഅ്ഫര്‍ പറഞ്ഞു: ‘എന്നാല്‍ അവരെയെല്ലാം ഞാന്‍ വാളിന്നിരയാക്കും” (അല്‍മദാരിക്, പേജ് 30).

അല്‍മുവത്വ
പിറക്കുന്നു

അബൂജഅ്ഫറിന്റെ നിര്‍ദേശപ്രകാരം പ്രവാചകന്റെ റിപോര്‍ട്ടുകള്‍ മാലിക് ക്രോഡീകരിക്കാന്‍ ആരംഭിച്ചു. ഹിജ്‌റ 148ല്‍ ആരംഭിച്ച പ്രയത്‌നം 11 വര്‍ഷത്തെ കഠിനാധ്വാനത്തിനും പരിശോധനയ്ക്കുമെല്ലാം ശേഷം ഹിജ്‌റ 159ല്‍ അദ്ദേഹം പൂര്‍ത്തീകരിച്ചു. 1760 ഹദീസുകളാണ് മുവത്വയില്‍ ക്രോഡീകരിച്ചത്. ഈ എണ്ണത്തിന്റെ വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
ശേഷം ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളുടെയോ സ്വിഹാഹുസ്സ്വിത്തയുടെയോ പോലെ സമ്പൂര്‍ണ ഹദീസ് സമാഹാര രൂപമല്ല മുവത്വയില്‍ ഇമാം മാലിക് അവലംബിച്ചത്. മറിച്ച് പ്രവാചകന്റെ ഹദീസുകള്‍ക്കൊപ്പം തന്നെ കര്‍മശാസ്ത്രം ധാരാളം ഉള്‍ക്കൊള്ളിച്ച ശൈലിയാണ് അദ്ദേഹം പിന്തുടര്‍ന്നത്, പ്രത്യേകിച്ച് മദീനയിലെ കര്‍മശാസ്ത്രം. കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ പറയുന്ന സ്ഥലത്ത് അതിനു പിന്‍ബലമേകുന്ന ഹദീസുകള്‍ അദ്ദേഹം ഉദ്ധരിക്കും. മദീനയിലെ പണ്ഡിതന്മാരും മദീനാ നിവാസികളും എങ്ങനെയാണ് അതിനെ ഉള്‍ക്കൊണ്ടതെന്നും വിശദീകരിക്കും. അതിനു പുറമെ റിപ്പോര്‍ട്ട് സ്വീകരിച്ചവരുടെ അഭിപ്രായങ്ങളും അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ ഇമാം മാലികിന് കൃത്യമായ രീതിശാസ്ത്രമുണ്ടായിരുന്നു. റിപ്പോര്‍ട്ടുകളുടെ സത്യത, റിപ്പോര്‍ട്ടര്‍മാരുടെ സ്വഭാവം, അടിസ്ഥാന പ്രമാണമായ ഖുര്‍ആനുമായുള്ള യോജിപ്പ് തുടങ്ങി കര്‍ക്കശമായ പരിശോധനാ മാനദണ്ഡങ്ങള്‍ അദ്ദേഹം സ്വീകരിക്കുകയും അതിനനുസരിച്ച് സ്വീകാര്യമാണെന്ന് മനസ്സിലാക്കിയവ മാത്രം അദ്ദേഹം മുവത്വയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഹിജ്‌റ വര്‍ഷം 179 റബീഉല്‍ അവ്വല്‍ മാസത്തിലാണ് മാലിക് മരണപ്പെട്ടത്. 84 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x