22 Sunday
December 2024
2024 December 22
1446 Joumada II 20

പ്രവാചകന്‍ മാതൃകാ വ്യക്തിത്വമാകുന്നത് എങ്ങനെ?

കെ എം ജാബിര്‍


വാര്‍ത്താ മാധ്യമങ്ങളില്‍ അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ വാര്‍ത്തകള്‍ നിരീക്ഷിക്കുക. ജാതി മത ദേശ ഭാഷ വര്‍ഗ പ്രത്യയശാസ്ത്ര അധികാര ഭ്രാന്തുകളാല്‍ നയിക്കപ്പെടുന്ന കൊലകളും വിദ്രോഹ പ്രവര്‍ത്തനങ്ങളും പ്രധാന വാര്‍ത്തകളാണെന്നതില്‍ സംശയമില്ല. ഇവിടെയെല്ലാം ഒരു മര്‍ദക വിഭാഗം ഒരു ഭാഗത്തും അതിന് ഇരയാകുന്ന പീഡിത ദുര്‍ബല വിഭാഗം മറുഭാഗത്തും നാം കാണുന്നുണ്ട്. ഈ പ്രശ്‌നങ്ങളില്‍ ന്യായവും അന്യായവും ഏതു ഭാഗത്താണ് എന്ന് സ്വയം പരിശോധിക്കേണ്ടിവരുന്ന അവസ്ഥ നിക്ഷ്പക്ഷനായ ഒരു നിരീക്ഷകനുണ്ട്. ആ തീരുമാന പ്രക്രിയയെയാണ് നാം ധര്‍മവിചാരമായി കണക്കാക്കുന്നത്. ഏതൊരു പ്രശ്‌നത്തിന്റെയും ശരി തെറ്റുകളെക്കുറിച്ചോ ന്യായാന്യായങ്ങളെക്കുറിച്ചോ ഉള്ള ഗുണ ദോഷ വിചാരങ്ങളെയാണല്ലോ ധാര്‍മികത എന്നു നാം വിളിക്കാറുള്ളത്. ഇരകള്‍ക്ക് നീതിയും അവകാശങ്ങളുടെ പരിഗണനയും നിര്‍ഭയത്വവും സുരക്ഷയും സമാധാനവും നല്‍കുന്നതും അതേസമയം, മര്‍ദകരോട് അന്യായം കാണിക്കാത്തതും അവരര്‍ഹിക്കുന്നതു മാത്രം അനുഭവിക്കാന്‍ ഇടയാക്കുന്നതുമായ ഒരു മാതൃകാ നിയമസംഹിത ഉണ്ടോ? ആ നിയമസംഹിത പ്രയോഗവത്കരിച്ച മാതൃകാ ഭരണകര്‍ത്താവ് ഉണ്ടോ? പൗരന്‍മാരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണവും ജീവിത സമാധാനവും നല്‍കിയ ഭരണ സംവിധാനമുണ്ടോ?
ഇക്കാലത്തും സ്വതന്ത്രമായ അന്വേഷണവും പഠനവും വേണ്ട മേഖല ഇതാണ്. അനേകം ബുദ്ധിജീവികള്‍ അന്വേഷിച്ചതും പഠനം നടത്തിയതും ഖുര്‍ആനിനെയും മുഹമ്മദ് നബി(സ)യെയും കണ്ടുമുട്ടിയതും ഇസ്ലാമിക നിയമസംഹിതയെ (ധാര്‍മികതയെ) തിരിച്ചറിഞ്ഞതും ഈ പഠന വഴിയില്‍ വെച്ചാണ്. മുഹമ്മദ് നബി(സ)യില്‍ അവര്‍ തിരിച്ചറിഞ്ഞ മഹത്വം, അദ്ദേഹത്തിന്റെ വിശ്വസ്തത, സത്യസന്ധത, നീതിബോധം, സമത്വബോധം, ക്ഷമ, സഹനം, വിനയം, കാരുണ്യ സ്പര്‍ശം, ജീവിത വിശുദ്ധിയും സംസ്‌കാരവും, നേതൃപാടവം, ലോക ദര്‍ശനം ഇവയെല്ലാമാണ്. ഈ സ്വഭാവ-പെരുമാറ്റ വൈശിഷ്ട്യങ്ങളെല്ലാം അദ്ദേഹത്തിന് ലഭിക്കുന്നത് ഉന്നതമായ ഒരു മൂല്യബോധത്തില്‍ നിന്നാണ്. അതാകട്ടെ, ഉല്‍കൃഷ്ടമായ ഒരു നിയമ സംഹിതയില്‍നിന്നുമാണ്. നബി(സ)യെപ്പറ്റിയും ഖുര്‍ആനെപ്പറ്റിയും ഖുര്‍ആനില്‍ അല്ലാഹു സാക്ഷ്യപ്പെടുത്തിയ ചില വചനങ്ങള്‍ വായിക്കാം: ‘തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരോ, അവര്‍ക്ക് നാം വേദനയറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും.’ (17:9,10)
‘അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോയ്ക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.'(3:159).
‘നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവന്‍ നിന്റെ ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യം ഉള്ളവനല്ലാതെ അതില്‍ നിന്നുള്ള അനുഗ്രഹം നല്‍കപ്പെടുകയും ഇല്ല.’ (41:34,35)
‘നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്; അതായത് അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.’ (33:21). ‘തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തില്‍ ആകുന്നു.'(68:4). ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്പര്യം ഉള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനും ആണ് അദ്ദേഹം.’ (9:128)
ധര്‍മവിചാരം
ഹ്രസ്വമായ ഒരു ധര്‍മവിചാര വിശകലനത്തിലേക്കു വരാം. ജാതി- മത- ദേശ- ഭാഷ- വര്‍ഗ – പ്രത്യയശാസ്ത്ര- അധികാര ഭ്രാന്തുകളാല്‍ നയിക്കപ്പെടുന്ന കൊലകളെ സംബന്ധിച്ചും വിദ്രോഹ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. ഒന്നിനോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ കടുത്ത പക്ഷപാതിത്വമായി അതിരുകടക്കുകയും നീതി-ന്യായ വിചാരങ്ങള്‍ മനസ്സില്‍ നിന്ന് പുറന്തള്ളപ്പെടുകയും എതിരഭിപ്രായക്കാരനെ നിഗ്രഹിക്കപ്പെടേണ്ട ശത്രുവായി മാത്രം കാണുകയും ആ ശത്രുവിനോട് വിട്ടുവീഴ്ചയില്ലാത്തതും അക്രമാസക്തമായതുമായ മനോഭാവം കൈവരുകയും ചെയ്യുന്ന ആ മാനസിക വിശേഷമാണ് ജാതി ഭ്രാന്തിന്റെയും മതഭ്രാന്തിന്റെയും ദേശീയതാ ഭ്രാന്തിന്റെയും ഭാഷാഭ്രാന്തിന്റെയും ഒക്കെ പിന്നിലുള്ളത്.
ഒന്നുകൂടി വിശദമാക്കിയാല്‍, ജാതിയോടുള്ള സ്‌നേഹബഹുമാനങ്ങള്‍ കടുത്ത പക്ഷപാതിത്വമായി അതിരുകടന്ന്, നീതിയും ന്യായവും പുറന്തള്ളപ്പെടുകയും വിട്ടുവീഴ്ചയില്ലാത്ത അക്രമാസക്തമായ പ്രവര്‍ത്തന സ്വഭാവം കൈവരിക്കുകയും ചെയ്യുമ്പോള്‍ അത് ജാതി ഭ്രാന്തായി മാറും. ഇതേപോലെ, മതത്തോട് പക്ഷപാതിത്വം അതിരുകവിയുകയും ന്യായവും നീതിയും പരിഗണിക്കപ്പെടാത്ത, വിട്ടുവീഴ്ചയില്ലാത്തതും അക്രമാസക്തമായതുമായ പ്രവര്‍ത്തനസ്വഭാവം കൈവരിക്കുകയും ചെയ്യുമ്പോള്‍ അതു മതഭ്രാന്തായി മാറും. വര്‍ഗീയതയും ഫാഷിസവുമെല്ലാം ഇപ്പറഞ്ഞ ഭ്രാന്തമായ പക്ഷപാതിത്വങ്ങളാണ്.
അതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ജാതി ഭ്രാന്തന്‍ ഒരിക്കലും താന്‍ ജാതി ഭ്രാന്തനാണെന്ന് സമ്മതിക്കുകയില്ല; മതഭ്രാന്തന്‍ ഒരിക്കലും താന്‍ മതഭ്രാന്തനാണെന്ന് സമ്മതിക്കുകയില്ല; വര്‍ഗീയ വാദിയും ദേശീയതാ ഭ്രാന്തനും ഭാഷാഭ്രാന്തനും അധികാര ഭ്രാന്തനും അവരുടെ ഭ്രാന്തമായ മനോഭാവങ്ങളും അതിന്റെ പ്രതിഫലന പരാക്രമങ്ങളും ഒരിക്കലും തങ്ങളിലുള്ളതായും തെറ്റായിപ്പോയെന്നും സമ്മതിച്ചു തരികയില്ല. അവര്‍ സമ്മതിച്ചില്ലെങ്കിലും അവരുടെ ഭ്രാന്ത് (വികൃതാദര്‍ശം) ഭ്രാന്തല്ലാതാവുകയില്ല.
ഇതേ മതഭ്രാന്തന്മാരെത്തന്നെയാണ്, വര്‍ത്തമാനകാലത്തെ ഇസ്രായേലിന്റെ ഭരണാധികാരികളില്‍ നാം കാണുന്നത്. (ഇത്തരം തീവ്ര ചിന്താഗതിക്കാരെ അനുകൂലിക്കാത്ത, മിതവാദികളെ തിരിച്ചറിയാനും നമുക്ക് കഴിയുന്നുണ്ട്.) മതഭ്രാന്തന്‍മാരെ കണ്ടെത്താന്‍ അന്വേഷിച്ചലയേണ്ട കാര്യമൊന്നുമില്ല. കഴിഞ്ഞ പത്തെണ്‍പതു വര്‍ഷങ്ങളായി, സയണിസ രൂപീകരണം, പിന്നീട് രാഷ്ട്ര രൂപീകരണം മുതലങ്ങോട്ട്, ഇസ്രയേല്‍ ഫലസ്തീനികളോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകള്‍ മാത്രം മതി അതു ബോധ്യമാവാന്‍.
സിവിലിയന്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന നിവാസ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, നീണ്ട വര്‍ഷങ്ങള്‍ കൊണ്ടു പടുത്തുയര്‍ത്തിയ ടൗണ്‍ഷിപ്പുകള്‍…… എല്ലാം തകര്‍ത്തു തരിപ്പണമാക്കപ്പെട്ടു!
എന്തിനേറെ പറയുന്നു, അഭയാര്‍ഥി ടെന്റുകള്‍ പോലും ബോംബുകള്‍ വര്‍ഷിപ്പിക്കപ്പെടാതെ വിട്ടില്ല! പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും വധിക്കപ്പെട്ടു! മരിച്ചതിന് തുല്യമായി, ഗുരുതരമായ വൈകല്യങ്ങള്‍ക്കിരയായി ജീവന്‍ പോകാതെ വേദനകള്‍ സഹിച്ചു കഴിയുന്ന അനേകം മനുഷ്യ ജന്‍മങ്ങള്‍! ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു, തലചായ്ക്കാന്‍ പോലും ഇടമില്ലാതെ, അടിസ്ഥാനാവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാനാകാതെ ഒറ്റപ്പെട്ടു ഭീതിതരായിക്കഴിയുന്ന അഭയാര്‍ഥി ലക്ഷങ്ങള്‍! ഇന്ന് ലോകത്ത് ഇതിനുസമാനമായ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന മറ്റൊരു സമൂഹമുണ്ടാവില്ല, ഫലസ്തീനികളുടേതു പോലെ!.
ഒരു ജനവിഭാഗം മറ്റൊരു വിഭാഗത്തോട് ചെയ്തു കൊണ്ടിരിക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് എന്ത് ന്യായീകരണമാണുള്ളത്? ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ലോക നീതിയുടെ പേരില്‍ ഉണ്ടാക്കപ്പെട്ട ചില രാഷ്ട്രീയ സമിതികളും ഈ വംശീയ ഉന്‍മൂലന ക്രിയകളെ അപലപിച്ചുവെന്നതൊഴിച്ചാല്‍, മറ്റൊന്നും ഇവിടെ സംഭവിച്ചില്ല എന്നത് ലോകം ഇപ്പോഴും മതഭീകരതയുടെ ഭീഷണാവസ്ഥയില്‍ തന്നെയാണെന്ന് കാണിക്കുന്നു! അഹങ്കാരിയായ മനുഷ്യന്റെ മനോവൈകൃത ചിന്തകളെ അവന്റെ സ്രഷ്ടാവിന് നന്നായറിയാം. ഖുര്‍ആന്റെ അവതീര്‍ണ കാലത്തെ ജൂത- ക്രൈസ്തവ വിഭാഗത്തിലെ, നീതിബോധം നശിച്ച, അഹംഭാവികളായ ചില പക്ഷപാതികളെ ഖുര്‍ആന്‍ വിമര്‍ശിച്ചതും അവരുടെ മനസ്സിലിരിപ്പ് വെളിച്ചത്തു കൊണ്ടുവന്നതും കാണുക. ‘ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പ്പിച്ചാലും അത് നിനക്കു തിരിച്ചു നല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ മറ്റൊരു തരക്കാരുണ്ട്. അവരെ നീ ഒരു ദീനാര്‍ വിശ്വസിച്ചേല്‍പ്പിച്ചാല്‍ പോലും നിരന്തരം ചോദിച്ചുകൊണ്ട് നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചു തരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറ്റം ഉണ്ടാകില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്. അവര്‍ അല്ലാഹുവിന്റെ പേരില്‍ അറിഞ്ഞുകൊണ്ട് കള്ളം പറയുകയാകുന്നു.'(3:75)
നബിയെയും നബിയില്‍ വിശ്വസിച്ച അറബികളെയും വഞ്ചിക്കുകയും അപഹരിക്കുകയും ചെയ്താല്‍ ദൈവത്തിന്റെ അടുക്കല്‍ തങ്ങള്‍ക്ക് കുറ്റവും ശിക്ഷയുമൊന്നും ഉണ്ടാവില്ല എന്ന വിചാരം എത്രമാത്രം കടുത്ത വര്‍ഗീയതയാണ്! ഇതാണ്, ഇതു തന്നെയാണ് പക്ഷപാതിത്വ ഭ്രാന്ത്. ഇതുതന്നെയാണ് ഇസ്രായേലധികാരികളുടെയും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വര്‍ഗീയ ഫാഷിസ്റ്റുകളുടെയും സിരകളിലോടുന്നവിഷം.

ഒരാള്‍ ഒരാളോട് അയാളുടെ പേരെന്താണെന്ന് ചോദിക്കുന്നു; അയാള്‍ മുസ്ലിം പേര് ഉത്തരമായി പറയുന്നു. മുസ്ലിമാണെന്ന് മനസ്സിലാകുന്നതോടെ, ചോദ്യകര്‍ത്താവ് വെടിയുതിര്‍ത്ത് അയാളെ കൊല്ലുന്നു. ഈ രോഗത്തിന്റെ പേരെന്താണ്? ഒരാള്‍ ഒരു താടിക്കാരനെ കാണുന്നു, അയാളെ അടിച്ചു കൊല്ലുന്നു. പിന്നീട് താടിക്കാരന്‍ മുസ്ലിം അല്ല എന്ന് ഘാതകന്‍ തിരിച്ചറിയുന്നു; കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവിനോട് ഘാതകന്‍ ക്ഷമാപണം നടത്തുന്നു. ‘മുസ്ലിം ആണെന്ന് കരുതി കൊന്നു പോയതാണത്രെ’. ഈ രോഗത്തിന്റെ പേരെന്താണ്?
ഒരു മുസ്ലിം നാമധാരി. അതേസമയം, ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലാത്ത ജീവിതം. അയാള്‍ ഒരു പട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മീഡിയകളില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ഭര്‍ത്സിച്ച് ചിലര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു! ഈ രോഗത്തിന്റെ പേരെന്താണ്? ഇപ്പോള്‍ കേരളത്തില്‍ സജീവമായ ചര്‍ച്ചകള്‍ നടക്കുന്നതും നിയമപാലകരിലെ ചിലരുടെ കടുത്ത വര്‍ഗീയതയെക്കുറിച്ചു തന്നെയാണ്.
നമ്മുടെ കാലത്ത്, നമ്മുടെ നാട്ടിലും മനുഷ്യ സമാധാനത്തിന് മഹാഭീഷണിയായിത്തീരുന്ന വര്‍ഗീയതയെ കൈവെടിയാന്‍ ലോകത്തോട്, പ്രത്യേകിച്ച് വിശ്വാസി സമൂഹത്തോട് മുന്നറിയിപ്പു നല്‍കുന്ന വേദഗ്രന്ഥം ഏറ്റവും ഋജുവായ പാതയിലേക്കാണ് ക്ഷണിക്കുന്നത്. കാലോചിതമായ നിയമങ്ങളിലേക്കാണത് വിരല്‍ ചൂണ്ടുന്നത്.

Back to Top