പ്രവാചകനും കുട്ടികളും അബ്ദുല്‍ ഹഫീദ്
‘നിങ്ങളില്‍ കുട്ടികളുള്ളവര്‍ അവരുടെ മുമ്പില്‍ കുട്ടിയാവട്ടെ’ എന്നത് കേവലമൊരു ഹദീസ് മാത്രമല്ല; കുട്ടികളുടെ ഇഷ്ടതോഴനായ നബി(സ) ജീവിച്ചു കാണിച്ചു തന്ന മാതൃക കൂടിയായിരുന്നു. അബൂ ഉമൈര്‍ ഒരു കുഞ്ഞു കുട്ടിയായിരുന്നു. ഉമൈര്‍ ഒരു കുഞ്ഞു പക്ഷിയെ വളര്‍ത്തിയിരുന്നു.അതിനെ തീറ്റിക്കലും അതുമായി കളിക്കലുമൊക്കെയായിരുന്നു ഉമൈറിന്റ വിനോദം. ഉമൈറിനെ കാണുമ്പോഴൊക്കെ ‘എന്തൊക്കെയാണ് കുഞ്ഞുമോനെ നിന്റെ പക്ഷിയുടെ വിശേഷങ്ങള്‍?’ എന്നാണ് പ്രവാചകന്‍ അവനോട് ആദ്യം ചോദിച്ചിരുന്നത്; കാരണം ഉമൈറിന് ആ പക്ഷിയുടെ കാര്യങ്ങള്‍ പറയാന്‍ വല്ലാത്ത ഇഷ്ടമായിരുന്നു. അത് കേള്‍ക്കാന്‍ അവന്റെ ചങ്ങാതിയായ പ്രവാചകനും. ഒരിക്കല്‍ അവന്റെ കുഞ്ഞുപക്ഷി മരിച്ചു പോയതും അതറിഞ്ഞു നബി അവന്റെ അരികിലേക്ക് ഓടിയെത്തിയതും അവനെ ഏറെനേരം ആശ്വസിപ്പിച്ചതും ചരിത്രങ്ങളാണ്. മറ്റൊരിക്കല്‍ ഖുതുബക്കിടയില്‍ പേരക്കുട്ടികളുടെ കളി കണ്ട് ഖുതുബനിര്‍ത്തി അവരെ ലാളിച്ചതും,വീട്ടില്‍ അവരുമൊത്ത് ആനകളിച്ചതും ഇതേ സ്‌നേഹനിധിയായ മുത്തശ്ശനാണ്.
…അബൂഹുറയ്‌റ(റ) നിവേദനം: അദ്ദേഹം പറഞ്ഞു: ‘റസൂല്‍ ഒരിക്കല്‍ അലിയുടെ മകന്‍ ഹസന്‍(റ)നെ ചുംബിച്ചു. അപ്പോള്‍ പ്രവാചകന്റെ അടുക്കല്‍ അഖ്‌റഅ്ബ്‌നു ഹാബിസുത്തമീമി (റ) ഇരിപ്പുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരില്‍ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല. അപ്പോള്‍ പ്രവാചകന്‍ അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവില്‍ നിന്നും കാരുണ്യം ലഭിക്കുകയില്ല. പ്രവാചക പുത്രി സൈനബ് (റ) ന്റെ മകളായിരുന്നു ഉമാമ. നാല് വയസ്സുള്ള കുസൃതിക്കുട്ടി, നമസ്‌ക്കരിക്കാന്‍ പോകുമ്പോഴൊക്കെ അദ്ദേഹം ഉമാമയേയും കൂടെക്കൂട്ടല്‍ പതിവായിരുന്നു. നമസ്‌ക്കാരത്തിന് ശേഷം ഉമാമയുടെ കളികള്‍ കണ്ട് അവളെ വാരിയെടുക്കും പിന്നീടുള്ള നിസ്‌ക്കാരം അവളേയും തോളിലിട്ടാണ്.
ഒരു യുദ്ധത്തില്‍ ശത്രുപക്ഷത്തുള്ളവരുടെ കുഞ്ഞുമക്കള്‍ മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത് ഈ പ്രവാചകനായിരുന്നു. കുട്ടികളുടെ കൂടെ ഓട്ടമത്സരം നടത്തുകയും ഒന്നാമത് എത്തുന്ന കുട്ടിയെ വാരിപ്പുണരുകയും ചെയ്തിരുന്നു അദ്ദേഹം. കു ഞ്ഞുമക്കളെ അകറ്റി നിര്‍ത്താതെ അ വരെ സ്‌നേഹിക്കുവാനും അവര്‍ക്ക് മു ത്തം കൊടുക്കുവാനും അവരൊന്നിച്ച് കളിക്കുവാനും പഠിപ്പിച്ച കുട്ടികളുടെ പ്രവാചകന്‍. അദ്ദേഹത്തില്‍ നമുക്ക് വലിയ മാതൃകയുണ്ട്.