7 Saturday
March 2026
2026 March 7
1447 Ramadân 18

പ്രമാണങ്ങള്‍ക്കു ഊന്നല്‍ നല്കുന്നതാണ്  മുസ്‌ലിം നവോത്ഥാനം: ജാബിര്‍ അമാനി

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച അക്കാദമിക്ക് സെമിനാറില്‍ ‘പരിഷ്‌കരണം: പരിണാമവും പ്രതിസന്ധിയും’ സെഷനില്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ പ്രഭാഷണം നടത്തുന്നു.
ദോഹ: പ്രമാണങ്ങള്‍ക്കും ചരിത്രങ്ങള്‍ക്കും ഇജ്തിഹാദിനും ഊന്നല്‍ നല്കുന്നതായിരിക്കണം മുസ്‌ലിം നവോത്ഥാനമെന്ന് ഡോ. ജാബിര്‍ അമാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അക്കാദമിക്ക് സെമിനാറില്‍ ‘നവോത്ഥാന നിര്‍മ്മിതിയുടെ കേരളീയ പരിപ്രേക്ഷ്യം: സങ്കല്‍പ്പങ്ങള്‍, സാധ്യതകള്‍’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതാത് കാലഘട്ടത്തിലെ മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ജ്ഞാനോദയമാകണം നവോത്ഥാനം. കാലാനുസൃതമായ പരിഷ്‌കരണവും കാലബന്ധിതമായി നിര്‍വ്വഹിക്കപ്പെടേണ്ടതുമാണ് ഇസ്‌ലാമിക നവോത്ഥാനം. ഇബ്‌നു ഖല്‍ദൂനിനെയും ഇബ്‌നു സീനയെയും ഇമാം റാസിയെയും പോലുള്ള വിജ്ഞാന സ്രോതസ്സുകളുടെ കാര്‍ബണ്‍ കോപ്പിയായിരുന്നു പില്‍ക്കാല യൂറോപ്യന്‍ ജ്ഞാനോദങ്ങളെന്ന് നിഷ്പക്ഷ ചരിത്രവായനകളില്‍ നമുക്കു കാണാന്‍ കഴിയും. കേരളീയ നവോത്ഥാനത്തിലെ പാശ്ചാത്യ സ്വാധീനം കുറവാണെന്നും അവയുടെ തുടക്കം മാലിക് ബ്ന്‍ ദീനാറില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പരിഷ്‌കരണം: പരിണാമവും പ്രതിസന്ധിയും’ സെഷനില്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ പ്രഭാഷണം നടത്തി. കേരളത്തില്‍ മതനവീകരണവും സാമൂഹ്യ പരിഷ്‌കരണവും ഒരുപോലെ നടന്നതാണ് മുസ്‌ലിം നവോത്ഥാനത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. ഇടുങ്ങിയ സാമുദായിക ചിന്താഗതി നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. മുസ്‌ലിം ഐക്യസംഘം സ്ഥാപിച്ച വിദ്യാലയങ്ങള്‍ പൊതു വിദ്യാലയങ്ങളായിരുന്നു. കര്‍ഷകരുള്‍പ്പെടെ സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നേടിയിരുന്നു. പില്‍ക്കാലത്ത് ഉടലെടുത്ത ദൈവശാസ്ത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ നവോത്ഥാന സംരംഭങ്ങളില്‍ ഇടംപിടിച്ചത് ഇത്തരം പ്രസ്ഥാനങ്ങളെ പുറകോട്ടടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സെഷനുകളില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി, ജന.സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, അബ്ദുല്‍ഹക്കീം മദനി എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ശ്രീനാഥ് പറവൂര്‍, ശഫീഖ് ഹുദവി, അബ്ദുര്‍റഊഫ് കൊണ്ടോട്ടി, നസീര്‍ പാനൂര്‍, അബ്ദുല്ലത്തീഫ് നല്ലളം, മുനീര്‍ മാട്ടൂല്‍, മുജീബ് കുനിയില്‍, അശ്‌റഫ് മാടിയേരി, ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി, അഡ്വ. മായിന്‍, ദില്‍ബ മിദ്‌ലാജ്, അസ്‌ലം മാഹി, ഇ എം എം ബശീര്‍, അബ്ദുല്‍ ജലീല്‍ മദനി, നൗഷാദ് പയ്യോളി, അഫീഫ ശമീം, ജസീല നാസിര്‍, സിറാജ് മദനി, റിയാസ് വാണിമേല്‍ പങ്കെടുത്തു.
Back to Top