10 Tuesday
December 2024
2024 December 10
1446 Joumada II 8

പ്രതിസന്ധികളില്‍ തളരാത്ത പണ്ഡിതന്‍

ഹാറൂന്‍ കക്കാട്‌


കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അതുല്യ സംഭാവനകളര്‍പ്പിച്ച പണ്ഡിതനായിരുന്നു പി സൈദ് മൗലവി. വള്ളുവനാട് താലൂക്കിലെ എടത്തനാട്ടുകര പൂക്കാടഞ്ചേരി മഹല്ലില്‍ പൂച്ചേങ്ങല്‍ അഹ്മദിന്റെയും തത്തംപള്ളിയാലില്‍ ഉണ്ണിപ്പാത്തുട്ടിയുടെയും മകനായി 1913 ഡിസംബര്‍ 5നാണ് മൗലവിയുടെ ജനനം. സൈദ് മൗലവിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് ഏറനാട്, വള്ളുവനാട് മേഖലകളില്‍ മലബാര്‍ സമരം കത്തിപ്പടര്‍ന്നത്. ബ്രിട്ടീഷ് പട്ടാളത്തിന്റെ തേര്‍വാഴ്ചകള്‍ അതിരൂക്ഷമായ കാലം. മുസ്‌ലിം വീടുകളില്‍ കയറി നിരവധി പേരെ സൈന്യം ആക്രമിച്ചു. വിവിധ ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ മൗലവിയുടെ പിതാവും മൂത്ത ജ്യേഷ്ഠനും സഹോദരീ ഭര്‍ത്താവും ഉള്‍പ്പെട്ടു. വീട് അഗ്‌നിക്ക് ഇരയാക്കിയതിനാല്‍ പിന്നീട് ചെറിയൊരു കുടില്‍ കെട്ടിയായിരുന്നു മൗലവിയുടെ കുടുംബം താമസിച്ചത്.
പിതാവും സഹോദരനും ജയിലില്‍ അടയ്ക്കപ്പെട്ടതോടെ നാട്ടിലെ ഇരുപതോളം വീടുകളില്‍ അവര്‍ നടത്തിയിരുന്ന കുടിയോത്തിനും മാലമൗലിദുകള്‍ക്കും നേതൃത്വം നല്‍കാന്‍ കമ്മിറ്റി നിയോഗിച്ചത് സൈദ് മൗലവിയെയും സഹോദരന്‍ ഉണ്ണീനെയും ആയിരുന്നു. അക്കാലത്ത് അന്ധവിശ്വാസങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന എടത്തനാട്ടുകരയില്‍ പള്ളിയോടനുബന്ധിച്ചുള്ള ഖബര്‍സ്ഥാനില്‍ ഖത്തപ്പുരകളില്‍ രണ്ടുപേരും ഓത്തുജോലി ചെയ്തു. ജ്യേഷ്ഠന്‍ സെയ്താലു വെട്ടത്തൂരില്‍ നടത്തിയിരുന്ന ഓത്തുപള്ളിയിലായിരുന്നു സൈദ് മൗലവിയുടെ പ്രാഥമിക വിദ്യാഭ്യാസം. പില്‍ക്കാലത്ത് വാഴക്കാട് ദാറുല്‍ഉലൂമില്‍ മൗലവി ഉപരിപഠനം നടത്തിയിരുന്നു.
വിശ്രമമില്ലാത്ത ജീവിതത്തില്‍ സ്വയം പഠിച്ച കൈത്തൊഴിലുകള്‍ ചെയ്താണ് മൗലവി കുടുംബം പുലര്‍ത്തിയിരുന്നത്. പപ്പടം ഉണ്ടാക്കിയും കുട നന്നാക്കിയും വസ്ത്രങ്ങള്‍ തുന്നിയും പലഹാരങ്ങള്‍ വില്‍പന നടത്തിയും അദ്ദേഹം അന്നത്തിന് വക കണ്ടെത്തി. ബുക്ക് ബൈന്റിംഗ്, ഓല കൊണ്ടുള്ള സുപ്ര നിര്‍മാണം, കൊട്ട മെടയല്‍, ബീഡി തെറുപ്പ്, മോട്ടോര്‍ പമ്പ്‌സെറ്റ് നന്നാക്കല്‍ തുടങ്ങി മിക്ക ജോലികളും മൗലവി ഉപജീവനമാര്‍ഗമായി ചെയ്തിരുന്നു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് ഇതിന്റെ സാരഥികളായ എടവണ്ണ അലവി മൗലവി, തൃപ്പനച്ചി മുഹമ്മദ് മൗലവി എന്നിവര്‍ എടത്തനാട്ടുകരയില്‍ എത്തിയിരുന്നു. ഇവര്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടികളില്‍ സൈദ് മൗലവിയും പങ്കെടുത്തു. ഇത് മൗലവിയില്‍ നവോത്ഥാന ചിന്തയ്ക്ക് തിരികൊളുത്തി. പിന്നീട് പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ എടത്തനാട്ടുകരയില്‍ തുടങ്ങിയ ദര്‍സില്‍ അദ്ദേഹം വിദ്യാര്‍ഥിയായി ചേര്‍ന്നു. ഇരുവരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ കൃത്യമായ സംവാദങ്ങള്‍ നടന്നു. ഗുരുനാഥന്റെ കൃത്യമായ വിശദീകരണങ്ങള്‍ ശിഷ്യനില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കി. പിന്നീട് മൗലവി ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ശക്തനായ അമരക്കാരനും ഉജ്ജ്വല പ്രഭാഷകനുമായി മാറി.
നേരത്തേ താന്‍ അനാചാരങ്ങള്‍ ചെയ്തിരുന്ന വീടുകളിലെല്ലാം ചെന്ന് സൈദ് മൗലവി യഥാര്‍ഥ മതത്തിന്റെ ആശയങ്ങള്‍ ബോധ്യപ്പെടുത്തി. എന്നാല്‍ ‘പുത്തന്‍വാദി’ എന്ന് ആക്ഷേപിച്ച് എല്ലാവരും മൗലവിയെ വേദനിപ്പിക്കുകയായിരുന്നു. പിതാവും ജ്യേഷ്ഠനും 1927ല്‍ ജയില്‍മോചിതരായി നാട്ടിലെത്തി. സൈദ് മൗലവിയുടെ നവോത്ഥാനപാതയും പ്രവര്‍ത്തനങ്ങളും നേരിട്ടറിഞ്ഞ അവര്‍ അദ്ദേഹവുമായി ആദര്‍ശകാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ പിന്മാറാന്‍ മൗലവി കൂട്ടാക്കിയില്ല. അവസാനം വീട്ടില്‍ നിന്നു മൗലവി ബഹിഷ്‌കൃതനാവുകയായിരുന്നു.
1939 ജനുവരിയില്‍ സൈദ് മൗലവി ആന്തമാന്‍ ദ്വീപിലേക്ക് പോയി. അവിടെ ചാലിശ്ശേരി മൊയ്തുണ്ണി സാഹിബിന്റെ സഹകരണത്തോടെ മൗലവി നടത്തിയ 15 ദിവസത്തെ പ്രഭാഷണത്തിന് വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചു. 1963ല്‍ മൗലവി രണ്ടാമതും ആന്തമാനില്‍ എത്തി. ഈ യാത്രയില്‍ കെ കെ എം ജമാലുദ്ദീന്‍ മൗലവിയും കൂടെയുണ്ടായിരുന്നു. ദ്വീപില്‍ വിവിധ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും നേതൃത്വം നല്‍കി. വളവന്നൂര്‍ അന്‍സാറുല്ലാ സംഘത്തിന്റെ അറബിക് കോളജില്‍ അധ്യാപകനായും വിവിധ പള്ളികളില്‍ ഖതീബായും മൗലവി സേവനമനുഷ്ഠിച്ചു. 1951ല്‍ രണ്ടത്താണി മസ്ജിദ് റഹ്മാന്‍ സ്ഥാപിതമായപ്പോള്‍ ഖതീബായി നിയമിതനായത് മൗലവിയുടെ ജീവിതത്തില്‍ പുതിയ നാഴികക്കല്ലായി. പിന്നീട് നാലു പതിറ്റാണ്ട് കാലത്തോളം മരണം വരെ രണ്ടത്താണിയായിരുന്നു മൗലവിയുടെ തട്ടകം.
മതപ്രബോധന മേഖലയില്‍ നിരവധി ത്യാഗങ്ങള്‍ ഏറ്റുവാങ്ങിയ പണ്ഡിതനാണ് സൈദ് മൗലവി. 1963ല്‍ പൊന്നാനിയില്‍ മൗലവിക്കു നേരെ വധശ്രമമുണ്ടായി. പ്രസംഗം തുടങ്ങി അധികസമയം ആകുന്നതിനു മുമ്പേ സദസ്സില്‍ നിന്ന് ഒരാള്‍ പടക്കമാല കത്തിച്ച് മൗലവിയുടെ കഴുത്തിലേക്ക് എറിഞ്ഞു. സംഘാടകരില്‍ ഒരാള്‍ നിമിഷനേരം കൊണ്ട് പടക്കമാല തട്ടിമാറ്റിയതിനാല്‍ മൗലവി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ വിളക്കുകള്‍ അടിച്ചുതകര്‍ക്കുകയും ഉച്ചഭാഷിണിയും അനുബന്ധ സാമഗ്രികളും നശിപ്പിക്കുകയും ചെയ്തു. അവര്‍ സൈദ് മൗലവിയെ കൂരിരുട്ടില്‍ അഴുക്കുചാലിലേക്ക് തള്ളിയിട്ടു. മൗലവിയെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ തലയ്ക്ക് അടിയേറ്റ ഹംസ എന്ന വ്യക്തി ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ടു. മൗലവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാട്ടുകാര്‍ വിഷമിക്കുമെന്ന കാരണം പറഞ്ഞ് അദ്ദേഹം പ്രസ്തുത രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി. വാഹനത്തില്‍ കയറിയ അദ്ദേഹത്തിനു നേരെ വീണ്ടും കൈയേറ്റശ്രമങ്ങള്‍ ഉണ്ടായി. മൗലവിയുടെ മുഖത്തേക്ക് അക്രമികള്‍ കാര്‍ക്കിച്ചുതുപ്പി. ഇവര്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പ്രമുഖ രാഷ്ട്രീയ നേതാവും മന്ത്രിയുമായിരുന്ന ഇ കെ ഇമ്പിച്ചിബാവ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി ആവശ്യപ്പെട്ടിട്ടും മൗലവി തയ്യാറായില്ല. പ്രവാചകന്മാര്‍ നേരിട്ട ത്യാഗങ്ങളും കഷ്ടപ്പാടുകളും അനുസ്മരിച്ചുകൊണ്ട് ക്ഷമ അവലംബിക്കാനായിരുന്നു മൗലവിയുടെ ഉറച്ച തീരുമാനം.
മലപ്പുറം ജില്ലയിലെ കുഴിപ്പുറത്തുവെച്ചും മൗലവി ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയായി. പ്രസംഗം അലങ്കോലപ്പെടുത്തിയ യാഥാസ്ഥിതികര്‍ മൗലവിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന സ്റ്റേജിന്റെ പിന്നിലേക്കു കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. ഈ അക്രമികള്‍ക്കെതിരെയും കേസ് കൊടുക്കാന്‍ മൗലവി തയ്യാറായില്ല. ‘എന്നെ മര്‍ദിച്ചത് ആരൊക്കെയാണെന്ന് ഞാന്‍ കണ്ടിട്ടില്ല. എനിക്ക് കളവു പറയാന്‍ കഴിയില്ല’ എന്നായിരുന്നു മൗലവിയുടെ പ്രതികരണം.
തിരക്കേറിയ പ്രബോധന-പ്രഭാഷണ പരിപാടികള്‍ക്കിടയിലും എഴുതാന്‍ മൗലവി സമയം കണ്ടെത്തി. ‘ഇസ്‌ലാമിലെ ഇത്തിക്കണ്ണികള്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് മൗലവി. കേരളത്തില്‍ പ്രചാരത്തിലുള്ള പത്തോളം മൗലീദുകളിലെയും നാലു മാലകളിലെയും അബദ്ധങ്ങളും വൈരുദ്ധ്യങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആധുനിക മൗലിദ് എന്ന പേരിലുള്ള മൗലവിയുടെ രചനയും ശ്രദ്ധേയമാണ്. രണ്ടത്താണിയില്‍ നടന്ന സുന്നി-മുജാഹിദ് വാദപ്രതിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു രചിച്ചത്. സുന്നി പണ്ഡിതരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതാണ് ഈ രചന. നിമിഷകവിയായിരുന്ന മൗലവി സുഹൃത്തുക്കള്‍ക്കെല്ലാം കത്തുപാട്ടുകള്‍ എഴുതി അയക്കാറുണ്ടായിരുന്നു. 1990 ആഗസ്ത് 20ന് രാത്രി 11.10ന് 77ാം വയസ്സില്‍ നിര്യാതനായി. രണ്ടത്താണി മസ്ജിദ് റഹ്മാനി ഖബര്‍സ്ഥാനില്‍ ഭൗതികശരീരം സംസ്‌കരിച്ചു.

Back to Top