പ്രതിസന്ധികളിലെ അത്താണി
ഡോ. ഇസ്മായില്‍ കരിയാട്
ഞാന്‍ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന കാലം ഐ എസ് എം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ശബാബിന്റെയും പുടവയുടേയും അച്ചടിക്കു പോലും പ്രയാസം നേരിട്ടു. ഈ സമയങ്ങളിലെല്ലാം സ്വന്തം കുടുംബത്തില്‍ നിന്ന് കടമെടുത്താണ് കുഞ്ഞിക്കോയ മാഷ് പ്രസിദ്ധീകരണങ്ങളെ മുന്നോട്ടു കൊണ്ടുപോയത്. ഒരു ചില്ലിക്കാശു പോലും നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള രേഖകള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രേഖകള്‍ പോലും മാഷുടെ ഫയലില്‍ സൂക്ഷിച്ചിട്ടുണ്ടാവും. ഭാരവാഹികള്‍ ശ്രദ്ധിക്കേണ്ട രേഖകള്‍ പോലും മാഷ് കൃത്യമായി സൂക്ഷിച്ചിരുന്നതായാണ് എന്റെ അനുഭവം.
2016-ല്‍ സംഘടന ഐക്യപ്പെടുന്ന ഘട്ടം വന്നപ്പോള്‍ വ്യക്തിപരമായി അദ്ദേഹം ഏറെ സന്തോഷിച്ചു. ഐക്യത്തിനു വേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്ന് അദ്ദേഹം ഐ എസ് എമ്മുകാരെ ഉപദേശിച്ചിരുന്നു. പല നിബന്ധനകളും സംഘടനയ്ക്കു ക്ഷീണമുണ്ടാക്കുന്നതാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഐ എസ് എം പലപ്പോഴും ഐക്യത്തോട് എതിരായിരുന്നു. എന്നാല്‍, നാം ഐക്യപ്പെട്ടില്ലെങ്കില്‍ നമുക്കിടയില്‍ അതൊരു ഭിന്നതയ്ക്ക് കാരണമായിത്തീരുമെന്ന ഉപദേശത്തോടെ ഐ എസ് എമ്മുകാരോട് ഐക്യത്തിനു പോകണം എന്നുപദേശിച്ചത് മാഷ് ആയിരുന്നു. പക്ഷേ, ആ ഐക്യം ചതിയാണ്, ആദര്‍ശപരമായി നമ്മെ പ്രതിസന്ധിയിലാക്കുന്നു എന്നു മനസ്സിലായപ്പോള്‍ തിരികെ പോരാന്‍ ആദ്യമായി രംഗത്തിറങ്ങിയതും ശാരീരികമായും സാമ്പത്തികമായും പിന്തുണ നല്കിയതും അദ്ദേഹം തന്നെയായിരുന്നു.
മര്‍കസുദ്ദഅ്‌വയോടു ചേര്‍ന്നുള്ള സ്ഥലവും കെട്ടിടവും വാങ്ങാന്‍ 40 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. പണം തികയാതെ ബുദ്ധിമുട്ടിയ സമയം. പിറ്റേന്ന് മാഷ് വന്നത് കുറച്ച് സ്വര്‍ണാഭരണങ്ങളുമായാണ്. ചോദിച്ചപ്പോള്‍ ഭാര്യയുടെ പക്കല്‍ ബാക്കിയുണ്ടായിരുന്ന സ്വര്‍ണമാണ് എന്നാണ് പറഞ്ഞത്. അതു വെച്ചാണ് അന്ന് ആ അഡ്വാന്‍സ് നല്കാനായത്. പ്രതിസന്ധിഘട്ടങ്ങളിലെ വലിയ തുണയായിരുന്നു അദ്ദേഹം.