പ്രകൃതിദുരന്തം നടന്നിടത്ത് വിഷവിത്ത് എറിയുന്നവരുടെ കേരളം
ഹസ്‌ന റീം ബിന്‍ത് അബൂനിഹാദ്, വാഴക്കാട്
പ്രവചനങ്ങള്‍ക്ക് അതീതമായി നീങ്ങുകയാണ് ഇന്ത്യ. പരസ്പര സാഹോദര്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതാകണം നമ്മുടെ രാഷ്ട്രം. എന്നാല്‍ സാഹോദര്യത്തിന്റെ അടിക്കല്ലു പിളര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഇന്നു സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്. രാജ്യം നടുങ്ങിയ പ്രകൃതിദുരന്തം നടന്ന വയനാട്ടില്‍, കണ്‍മുന്നില്‍ ജീവനുകള്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുമ്പോള്‍ ഒരുകൂട്ടം മനുഷ്യരുടെ അശ്ലീല പോസ്റ്റുകള്‍ നാം കണ്ടതാണ്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ മനസ്സില്‍ മുളപ്പിച്ച ഒരുകൂട്ടം പടച്ചുവിടുന്ന ക്രൂരതകള്‍ക്കു മുമ്പില്‍ ഒരടി പോലും പതറാതെ നെഞ്ചും വിരിച്ച് മുന്നേറുന്ന ഓരോ ഇന്ത്യന്‍ പൗരനും ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് വര്‍ഗീയവാദികള്‍ക്ക് ഉണ്ടായേ തീരൂ. ഒട്ടും സ്‌നേഹത്തിന്റെ കണ്ണികള്‍ അയഞ്ഞുകൊടുക്കാന്‍ നാം അനുവദിച്ചുകൂടാ.
തന്റെ സഹോദരനു നേരെ വന്നടുക്കുന്ന ആപത്തുകളെ നെഞ്ചുവിരിച്ച് എതിരിടാന്‍ ഒന്നിക്കുന്ന മനസ്സ് നമ്മിലുണ്ട് എന്നതാണ് വലിയ പ്രത്യാശ. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. അതേസമയം, മതേതരത്വത്തിന്റെ പാശ്ചാത്യ സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായുള്ള മതേതര സങ്കല്‍പങ്ങളുള്ള രാജ്യമാണ് നമ്മുടേതെങ്കിലും, ഇന്നത്തെ വാര്‍ത്തകളില്‍ നിറയുന്ന ഇന്ത്യ വ്യത്യസ്തമാണ്.
ഇതാണോ നമ്മുടെ പൂര്‍വികര്‍ സ്വപ്‌നം കണ്ട ഇന്ത്യ? ഓരോ വര്‍ഷങ്ങളിലെയും ആഗസ്ത് മാസത്തിലെ 15ന് മാറിമറിയുന്ന പകലുകളിലെ ദേശീയ പതാകയ്ക്ക് താഴെ മാത്രം നിന്ന് ചൊല്ലിപ്പിരിയേണ്ട ഒന്നാണോ ഇന്ത്യയുടെ മതസൗഹാര്‍ദം? മതങ്ങള്‍ക്കപ്പുറവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ദേശഭക്തി നമ്മുടെ മനസ്സുകളില്‍ കൂടിക്കലര്‍ന്നിട്ടുണ്ടെന്നു നാം നമ്മെ ഉണര്‍ത്തേണ്ടതുണ്ട്. ഇന്ത്യക്കാരനെന്ന നിലയില്‍ ഭരണഘടനയുടെ പകര്‍പ്പവകാശങ്ങളില്‍ നിരുത്സാഹപ്പെടുന്ന എന്തെങ്കിലും കണ്ടാല്‍ എഴുത്തിലൂടെയോ ചിന്തകളിലൂടെയോ അത് ഏകീകരിപ്പിക്കണം. എന്നാല്‍ അത് വര്‍ഗീയ ചാപ്പയടിയാക്കി മാറ്റരുത്. അയല്‍ സംസ്ഥാനങ്ങളില്‍ ഇക്കഴിഞ്ഞ കാലത്ത് പര്‍ദയിട്ട് വന്നതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടിവന്ന ‘ഗര്‍ജന’ങ്ങള്‍ നാം മാധ്യമങ്ങളിലൂടെ കണ്ടതല്ലേ? എത്രത്തോളം ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ നമുക്ക് പ്രതികരിക്കാന്‍ കഴിഞ്ഞു?
ഓരോ ദേശസ്‌നേഹിയുടെയും സിരകളിലൂടെ ഒഴുകുന്ന ദേശസ്‌നേഹത്തിന്റെ അടയാളമായി ഇന്ത്യയെന്ന രാജ്യത്തെ ഓരോ ജനതയും ഉയിര്‍ത്തെഴുന്നേല്‍പിക്കണം. ഓരോ മതത്തിന്റെയും സൗഹാര്‍ദ ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ സ്വാതന്ത്ര്യം ഉള്ളതുപോലെത്തന്നെ നമുക്കും ഇന്ത്യയെന്ന ഈ ജനനിയുടെ സംരക്ഷണവലയത്തില്‍ ഒതുങ്ങി ജീവിക്കാനുള്ള അധികാരവും അവകാശവുമുണ്ട്. ഈ പ്രബുദ്ധ ഇന്ത്യയില്‍ വിളക്കുമരങ്ങളായി ഓരോ പൗരന്റെയും ചരിത്രവും ജീവിതവും നാളെയുടെ പുതുകാല ചക്രവാളത്തില്‍ സന്ദേശമായി പിറവിയെടുക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാന്‍ സാധിക്കട്ടെ.