30 Saturday
November 2024
2024 November 30
1446 Joumada I 28

പൊലീസ്- സംഘപരിവാര്‍ കൂട്ടുകെട്ട് സര്‍ക്കാര്‍ നടപടി വേണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: സംസ്ഥാനത്ത് പൊലീസും സംഘപരിവാറും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തെക്കുറിച്ച ആരോപണങ്ങള്‍ രാഷ്ട്രീയമായി കാണാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പൊലീസും സംഘപരിവാറും തമ്മിലുള്ള കൂട്ടുകെട്ട് സംസ്ഥാനത്തെ മുസ്‌ലിം സമുദായത്തിനുണ്ടാക്കിയിട്ടുള്ള അരക്ഷിതാവസ്ഥ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്.
മുസ്‌ലിം സമുദായത്തോട് കേരള പൊലീസിലെ ഒരു വിഭാഗം തുടര്‍ന്നു വരുന്ന കടുത്ത വിവേചനപരമായ നിലപാട് നിഷേധിക്കുക സാധ്യമല്ല. മലപ്പുറം ജില്ലയെയും അവിടുത്തെ ജനങ്ങളെയും ക്രിമിനല്‍ പശ്ചാത്തലമാക്കി ചിത്രീകരിക്കാന്‍ പൊലീസിലെ ഒരു വിഭാഗം ബോധപൂര്‍വം ശ്രമിച്ചത് സുതരാം വ്യക്തമാണ്. മലപ്പുറത്തെ കള്ളക്കടത്തിന്റെയും സ്വര്‍ണക്കടത്തിന്റെയും കേന്ദ്രമായി ചാപ്പ കുത്തുന്നതില്‍ ഭരണകൂടത്തിന്റെ പിന്തുണ സംശയിക്കുന്നവരെ കുറ്റപ്പെടുത്താവതല്ല.
സംസ്ഥാനത്തെ മുസ്‌ലിംകളടക്കമുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന്‍ ബാധ്യതപ്പെട്ട പൊലീസ് വേട്ടക്കാരോടൊപ്പം കൂട്ടുകൂടുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കും. സര്‍ക്കാറിനെയും പൊലീസിനെയും തിരുത്താന്‍ ബാധ്യതപ്പെട്ട പ്രതിപക്ഷ കക്ഷികള്‍ പൊലീസ് സംഘ്പരിവാര്‍ കൂട്ടുകെട്ടിനെതിരെ കുറ്റകരമായ മൗനമവലംബിക്കുന്നത് അംഗീകരിക്കാവതല്ല. നീതിയുക്തമായ ക്രമസമാധാന പാലനം സാധ്യമാക്കാന്‍ സമാനമനസ്‌കരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, അബ്ദുല്‍ജബ്ബാര്‍ മംഗലത്തെയ്യില്‍, എഞ്ചി. സൈതലവി, എം എം ബഷീര്‍ മദനി, എം അഹമ്മദ്കുട്ടി മദനി, ബി പി എ ഗഫൂര്‍, കെ എം ഹമീദലി, കെ പി അബ്ദുറഹ്‌മാന്‍, കെ എം കുഞ്ഞമ്മദ് മദനി, എം കെ മൂസ, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, സലീം കരുനാഗപ്പള്ളി, കെ എ സുബൈര്‍, പി അബ്ദുസ്സലാം, ഫൈസല്‍ നന്മണ്ട, അഡ്വ. മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഇസ്മായില്‍ കരിയാട്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, സി ടി ആയിഷ, ഫഹീം പുളിക്കല്‍, മറിയക്കുട്ടി സുല്ലമിയ്യ, ഫാത്തിമ ഹിബ പ്രസംഗിച്ചു.

Back to Top