12 Thursday
December 2024
2024 December 12
1446 Joumada II 10

പൊലീസ് വകുപ്പിലെ മാഫിയാ ബന്ധം വെളിപ്പെടുന്നു

വി കെ ജാബിര്‍


കേരള പൊലീസിലെ ക്രിമിനല്‍വത്കരണവും ആര്‍ എസ് എസ് ചായ്വും സമീപകാലത്ത് നിരന്തരം ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന കാര്യങ്ങളാണ്. എല്‍ ഡി എഫ് പിന്തുണയുള്ള നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന്റെ വെളിപ്പെടുത്തല്‍ സമീപകാലത്തുണ്ടായ ആരോപണങ്ങളുടെ ആവര്‍ത്തനമോ സ്ഥിരീകരണമോ ആണ്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെതിരെ മുമ്പും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. അതു പലപ്പോഴു ഭരണകക്ഷിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നു എന്ന പേരിലായിരിക്കും ഉയര്‍ന്നിട്ടുണ്ടാവുക. എന്നാല്‍, ഇപ്പോള്‍ വന്ന ആരോപണങ്ങള്‍ അതീവ ഗൗരവ സ്വഭാവത്തിലുള്ളതും ക്രമസമാധാനത്തെ ബാധിക്കുന്നതും ഭരണ- രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നതുമാണ്. പൊലീസിലെ ഉന്നതര്‍ക്കെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍, ആരോപണങ്ങള്‍ ഭരണപക്ഷത്തിനോ ആഭ്യന്തര മന്ത്രിക്കോ ന്യായീകരിക്കാന്‍ കഴിയുന്നതാണോ? അവരുടെ രാഷ്ട്രീയ, സൈദ്ധാന്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ളതാണോ?
കേരള പൊലീസില്‍ ആര്‍ എസ് എസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തിപ്പെട്ടത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതലാണ്. പൊലീസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരെ വരുതിയിലാക്കുക എന്നത് ആര്‍ എസ് എസ് രാജ്യത്ത് സ്വീകരിച്ചുവരുന്ന നയമാണ്. സംഘ്പരിവാര്‍ താല്പര്യമുള്ള സവര്‍ണ ഉദ്യോഗസ്ഥരെയാണ് അതിനു പലപ്പോഴും ഉപയോഗപ്പെടുത്താറുള്ളത്. പക്ഷെ ഇവിടെ കാര്യങ്ങള്‍ക്കു കുറെക്കൂടി ഗൗരവ സ്വഭാവം ഉണ്ടാകുന്നുണ്ട്. ആര്‍ എസ് എസ് നേതാക്കളെ, സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍, വകുപ്പു മന്ത്രിയുമായി അടുപ്പമുള്ളയാള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുകയും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു എന്നാണ് ആരോപണങ്ങളില്‍ മുഖ്യം.
കേരള പൊലീസില്‍ ക്രമസമാധാന വകുപ്പ് രൂപീകരിക്കപ്പെട്ടത് നാലുവര്‍ഷം മുമ്പാണ്. 2022 ഒക്ടോബറിലാണ് എം ആര്‍ അജിത് കുമാര്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി അവരോധിക്കപ്പെടുന്നത്. അതിനു ശേഷം, അദ്ദേഹത്തിന്റെ സ്വാധീനഫലമായാണ് മികച്ച സൗകര്യങ്ങളോടെയുള്ള ഓഫീസ് തിരുവനന്തപുരത്ത് സ്ഥാപിതമാകുന്നത്.
പിന്നീട് അജിത് കുമാര്‍ ഭരണതലത്തിലും പൊലിസിലും കരുത്തനാവുകയായിരുന്നു. സി പി എം ഉള്‍പ്പെടെ ഇടതുപക്ഷം രാഷ്ട്രീയമായും സൈദ്ധാന്തികമായും നിശിതമായി എതിര്‍ക്കുന്നവരാണ് ബി ജെ പി ഉള്‍പ്പെടുന്ന ആര്‍ എസ് എസ് വിഭാഗം എന്നത് പരസ്യമായ സംഗതിയാണ്. ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകരുടെ എണ്ണം കഴിഞ്ഞ ദിവസവും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ എടുത്തു പറഞ്ഞിരുന്നു.
സി പി എമ്മിന്റെ പരമ്പരാഗത ശത്രുപക്ഷത്തു നില്‍ക്കുന്ന ആര്‍ എസ് എസ് നേതാക്കളുമായുള്ള ചങ്ങാത്തമാണ് ക്രമസമാധാന ചുമതലയുളള പൊലീസ് മേധാവിക്കു നേരെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണം. 2023 മെയ് 22ന് പാലക്കാട് നടന്ന ആര്‍ എസ് എസ് ഉന്നത തല യോഗത്തില്‍ എ ഡി ജി പി അജിത് കുമാര്‍ പങ്കെടുത്ത് അഭിവാദ്യമര്‍പ്പിച്ചുവെന്നാണ് അന്‍വര്‍ ഉയര്‍ത്തിയ ആരോപണം. ദത്താത്രേയ ഹൊസബളയുമായി കേരള പൊലീസ് എ ഡി ജി പി കൂടിക്കാഴ്ച നടത്തിയ വിവരം സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് അന്നു തന്നെ റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നു.
ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. ഔദ്യോഗിക വാഹനത്തിലുള്ള യാത്ര പൊലീസ് ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കും. അതു ഒഴിവാക്കാനാകുമല്ലോ യാത്ര സ്വകാര്യ വാഹനത്തിലാക്കിയത്. അതിനു ശേഷം ആര്‍ എസ് എസ് മേധാവി രാം മാധവുമായി കോവളത്തു വച്ചു 2023 ഡിസംബറില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നു. എട്ടു മാസം മുമ്പ് ഇതു സംബന്ധിച്ചും ഇന്റലിജന്‍സ് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ആര്‍ എസ് എസ് അനുകൂല മനോഭാവം സൃഷ്ടിച്ചെടുക്കുന്നതിന് നേതൃത്വം നല്‍കിയത് അജിത് കുമാറായിരുന്നുവെന്ന് കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, ആര്‍ എസ് എസ് നേതാവുമായി ചര്‍ച്ച നടത്തിയത് എന്താണ് എന്ന് വ്യക്തമാക്കണമെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരിക്കുന്നു. കേരള പൊലീസിലെ ആര്‍ എസ് എസ് സ്വാധീനത്തെ കുറിച്ച് സി പി ഐ ദേശീയ നേതാവ് ആനി രാജ നേരത്തെ തുറന്നടിച്ചിട്ടുണ്ട്. ഈ നടപടി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയും പോലെ ഏതെങ്കിലുമൊരു വ്യക്തി മറ്റേതെങ്കിലുമൊരാളെ കണ്ട, ലഘൂകരിച്ചു കാണാവുന്ന നിസ്സാര പ്രശ്നമല്ല ഇത്. ക്രമസമാധാനവും രാഷ്ട്രീയവുമായ മാനങ്ങള്‍ ഈ കൂടിക്കാഴ്ചയ്ക്കുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ദൈനം ദിനം മുഖ്യമന്ത്രി ബന്ധപ്പെടുന്ന, പൊലീസ് നീക്കങ്ങള്‍ നടത്താന്‍ കൂടിക്കാഴ്ച നടത്തുന്ന ഹൈ ലെവല്‍ പൊലീസ് ഉദ്യോഗസ്ഥനാണ് എ ഡി ജി പി.
പൊലീസിനകത്തെ സംഘവത്കരണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ മാധ്യമപ്രവര്‍ത്ത കെ കെ ഷാഹിന നിരവധി കാര്യങ്ങള്‍ അക്കമിട്ടു നിരത്തുകയുണ്ടായി. ബി ജെ പിയും ആര്‍എസ്എസും പ്രതികളായി വരുന്ന കേസുകളില്‍ തെളിവുകളുണ്ടായിട്ടും കേസെടുക്കുന്നില്ലെന്നതിന് നിരവധി സംഭവങ്ങള്‍ക്ക് സമീപകാലത്ത് കേരളം സാക്ഷിയായി. സംഘ്പരിവാര്‍ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വിദ്വേഷം കേരള പൊലീസ് നയങ്ങളെയും നടപടികളെയും സ്വാധീനിച്ചുവെന്ന് ബോധ്യമാകുന്ന നിരവധി സംഭവങ്ങളുണ്ടായി. ഇരട്ടനീതി ആരോപിക്കപ്പെടുന്ന നിരവധി വിഷയങ്ങള്‍ സമീപകാലത്തെ കേരള പൊലീസ് നടപടികളില്‍ ഉദാഹരിക്കാനുമുണ്ട്. കോടതികളിലെത്തിയ കേസില്‍ നടപടികളിലെ വീഴ്ചകളും അക്കൂട്ടത്തിലുണ്ട്.
ബി ജെ പി പ്രവര്‍ത്തകരും യുവമോര്‍ച്ചക്കാരും പ്രതികളായ നിരവധി സംഭവങ്ങളില്‍ കേസെടുക്കാത്ത സാഹചര്യം നിലനില്‍ക്കെ തന്നെ സര്‍ക്കാരിനെതിരെ സമരം നടത്തിയ മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ അറസ്റ്റു ചെയ്യുകയും കലാപശ്രമത്തിനു കേസെടുക്കുകയും ചെയ്തതും കേരളം കണ്ടു.
കളമശ്ശേരി സ്ഫോടനം മറ്റൊരു ഉദാഹരണം. സ്ഫോടനം നടന്നതിനു പിന്നാലെ പൊലീസ് ആദ്യം ചെയ്തത് ഉച്ചയോടെ പല സ്ഥലങ്ങളില്‍ നിന്നായി മൂന്നു മുസ്ലിം ചെറുപ്പക്കാരെ പിടികൂടുകയായിരുന്നു. കേസ് സംബന്ധിച്ച ഒരു സൂചനയും ലഭിക്കുന്നതിനു മുമ്പ് പൊലീസ് ചില മുന്‍ധാരണകളോടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഡോമിനിക് മാര്‍ട്ടിന്‍ ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ എന്തൊക്കെ പുകിലുകള്‍ സംഭവിക്കുമായിരുന്നു.

തൃശൂര്‍ നഷ്ടപ്പെട്ടത് എങ്ങനെ?
ബി ജെ പിയുടെ പാര്‍ലമെന്ററി താല്പര്യങ്ങള്‍ക്കു വേണ്ടി തൃശൂര്‍ പൂരം കലക്കിയതിനു പിന്നിലും എം ആര്‍ അജിത് കുമാര്‍ ആണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. ഭരണപക്ഷത്തുള്ള പ്രമുഖ എംഎല്‍എ ഉത്തരവാദിത്തത്തോടെയാണ് പ്രശ്നം ഉന്നയിച്ചത്. സേവാ ഭാരതിയുടെ ആംബുലന്‍സിലാണ് ആ സന്ദര്‍ഭത്തില്‍ സുരേഷ് ഗോപി സ്ഥലത്ത് എത്തിയത് എന്നതും ചില അവിഹിത കൂട്ടുകെട്ടുകള്‍, ഗൂഢാലോചനകള്‍ നടന്നിരിക്കുന്നു എന്ന സൂചന നല്‍കുന്നു. ആരോപണം നിഷേധിക്കുന്ന തെളിവുകളൊന്നും പുറത്തുവന്നിട്ടുമില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായി അന്വേഷണഭീതി നിലനില്‍ക്കെ തൃശൂര്‍ വിട്ടുകൊടുത്ത് കേസ് ഒഴിവാക്കുകയായിരുന്നു എന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തിയിരുന്നു. പൂരം അട്ടിമറി അന്വേഷിക്കണമെന്ന് തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ വെച്ചു നടന്ന ആര്‍ എസ് എസ് പഠനശിബിരത്തില്‍ കേരള പൊലീസിനുള്ളിലെ സംഘ്പരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതിനെ ഉദ്ധരിച്ച് കേരള പൊലീസിനുള്ളില്‍ ആര്‍ എസ് എസ് അനുഭാവികളുടെ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തിക്കുന്നതായി 2017 ആഗസ്തില്‍ കൈരളി ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് സേനയിലെ 27 ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചെന്നും തത്വമസി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചതായും ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു ചുമതലയെന്നും കൈരളി ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ പൊലീസ് തലപ്പത്തു നിന്ന് ഗൗരവമുള്ള നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.
എ ഡി ജി പി അജിത് കുമാര്‍ നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എഡിജിപിയുടെ നിര്‍ദേശാനുസരണം എസ് പിയുടെ നേതൃത്വത്തില്‍ ഒരു സെല്ലിന് രൂപം നല്‍കി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നു എന്ന ആരോപണം ചെറിയ കാര്യമാണോ?
ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി കുപ്രസിദ്ധനായ ക്രിമിനല്‍ ആണെന്ന് നിയമസഭാംഗം ഉത്തരവാദിത്തത്തോടെ ആരോപിക്കുമ്പോഴും ഭരണനേതൃത്വം നിസ്സംഗമായ മൗനം തുടരുകയാണ്. റിദാന്‍ ബാസിലിന്റെ കൊലപാതകത്തില്‍ പങ്കുള്ളയാള്‍ എന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥന്‍, സ്വര്‍ണക്കള്ളക്കടത്തുകാരുമായി ബന്ധമുളളയാള്‍, എതിരാളികളെ കൊല്ലിക്കുന്നയാള്‍, അഴിമതിക്കാരന്‍ എന്നീ ആരോപണങ്ങളും പൊലീസ് മേധാവിക്കെതിരായി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തിനടുത്ത് പൊന്നിന്‍ വിലയുള്ള ഭൂമിയില്‍ അജിത് കുമാര്‍ സ്ഥലം സ്വന്തമാക്കി വലിയ വീടു വയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു.
എന്തുകൊണ്ട്
നടപടിയില്ല?

പ്രധാനമന്ത്രി വയനാട് ചൂരല്‍മല ദുരന്തഭൂമി സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കുമൊപ്പം കൂടെയുണ്ടായിരുന്നത് എ ഡി ജി പി അജിത് കുമാര്‍ ആയിരുന്നു. അതിനു മാത്രം പവര്‍ഫുള്‍ ആണ് ഭരണതലത്തില്‍ അജിത് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടാവണം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംസ്ഥാന പൊലീസ് മേധാവിയുടെ അതൃപ്തി ഉണ്ടായിട്ടും തല്‍സ്ഥാനത്ത് തുടരാന്‍ അജിത് കുമാറിനു സാധിക്കുന്നത്. അല്ലെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ച പോലെ, മുഖ്യമന്ത്രിയെ പിടിച്ചുലയ്ക്കാന്‍ പ്രാപ്തിയുള്ള എന്തെങ്കിലും പിടിവള്ളികള്‍ അജിത് കുമാറിന്റെ പക്കലുണ്ടോ. അജിത് കുമാറിനെതിരായ പല ആരോപണങ്ങളും ശരിയെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര മന്ത്രിയുടെ മേശപ്പുറത്ത് അതാതു സമയങ്ങളില്‍ എത്തുന്നുണ്ടെങ്കിലും ഒരു ചെറുവിരലനക്കം ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ പരാതി കൊടുത്തുവെന്ന് പി വി അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടോ എന്നു വ്യക്തമല്ല.
പൊലീസിലെ ക്രിമിനല്‍വത്കരണത്തെ കുറിച്ചും ആര്‍ എസ് എസ് താല്പര്യ സംരക്ഷണത്തെ കുറിച്ചും കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസിനെതിരായ ആരോപണങ്ങള്‍. സുജിത്ദാസ് എസ് പി ആയി സ്ഥാനമേറ്റ ഉടന്‍ മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ സ്വഭാവത്തില്‍ സവിശേഷമായ ചില മാറ്റങ്ങളുണ്ടായി. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടക്കുന്ന ജില്ലയായി മലപ്പുറത്തെ മാറ്റുകയായിരുന്നോ അജണ്ട? ആരുടെ പദ്ധതിയാണിത്?
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ പൊലീസിനെ ഉപയോഗിച്ചു നടത്തുന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ പകര്‍പ്പാണ് ഇവിടെയും ആവര്‍ത്തിക്കാന്‍ ശ്രമമുണ്ടായത്. നിരവധി ഗൂഢാലോചനാ കേസുകളാണ് പൊടുന്നനെ ഉയര്‍ന്നുവന്നത്. മലപ്പുറത്തിനെതിരായ വികാരം സംഘി ട്വിറ്റര്‍ ഹാന്റിലുകളില്‍ ഇടക്കിടെ ഉയര്‍ന്നുവരുന്ന ഒന്നാണ് എന്നത് ഇതോടു ചേര്‍ത്തു വായിക്കുമ്പോള്‍, ആഭ്യന്തരത്തില്‍ ചിലത് ചീഞ്ഞു നാറുന്നുണ്ട്. മരം മുറി കേസ് സംബന്ധിച്ചും മയക്കുമരുന്നു വിരുദ്ധ സ്‌കോഡിന്റെ പ്രവര്‍ത്തനത്തിലും നിരവധി ആരോപണങ്ങളുയര്‍ന്നു. നിരവധി പരാതികള്‍ ഇദ്ദേഹത്തിനെതിരെ വിജിലന്‍സില്‍ എത്തിയിരുന്നു. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസ് ഐ പി എസ് അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍, പൊലീസ് സേനയുടെ ധാര്‍മികതയെയും നൈതികതയെയും ചോദ്യം ചെയ്യുന്ന, അപനമാനകരമായ വസ്തുതകളത്രെ.

സ്വതന്ത്രമായ
അന്വേഷണം വേണം

സ്വര്‍ണക്കടത്തും പിടികൂടുന്ന സ്വര്‍ണം വെട്ടിക്കുന്നതുമുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ പോലീസിനെതിരെ ഉണ്ടായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വസജ്ജരായ കസ്റ്റംസ് വിഭാഗത്തിന് കണ്ടെത്താത്ത സ്വര്‍ണമാണ് പുറത്തുവെച്ച് പൊലീസ് വിദഗ്ധമായി പിടികൂടുന്നത്. കണ്ടെത്തുന്ന സ്വര്‍ണത്തിന്റെ കണക്കെത്ര, റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സ്വര്‍ണത്തിന്റെ കണക്കെത്ര. പൊരുത്തക്കേടുകള്‍ നിരവധിയാണ്. മന്ത്രി വി അബ്ദുറഹ്മാനും നേരത്തെ പൊലീസ് നടപടികളെ പൊലീസ് സമ്മേളന വേദിയില്‍ വിമര്‍ശിച്ചിരുന്നു. അനാവശ്യമായി കേസെടുക്കുന്നുവെന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ആരോപണം. നിരവധി ആരോപണങ്ങളും പരാതികളും നിലനില്‍ക്കെയാണ് സുജിത് ദാസിനെ മലപ്പുറം എസ് പിയായി നിയമിക്കുന്നതും ഒരേ ജില്ലയില്‍ മൂന്നര വര്‍ഷം പൊലീസ് മേധാവിയായി തുടരാന്‍ അനുവദിക്കുന്നതും. പൊലീസ് സേനയിലെ അപൂര്‍വ നടപടികളാണിതെല്ലാം. താമിര്‍ ജിഫ്രിയെ ഇടിച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ജനരോഷത്തിനു പിന്നാലെയാണ് അദ്ദേഹത്തെ താല്‍ക്കാലികമായി മാറ്റുന്നത്. എ ഡി ജി പിക്കെതിരെ ഡി ജി പി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കീഴുദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. സംഘത്തില്‍ നിന്നു മാറ്റണമെന്ന് രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നുവെന്നാണ് ഡി ജി പി നല്‍കിയ മറുപടി. ഉത്തരവാദപ്പെട്ട സ്ഥാനത്തു തുടരവേ എ ഡി ജി പിക്കെതിരായ അന്വേഷണം ഫലപ്രദമായി നടക്കുമെന്നു കരുതാനാകുമോ. സ്വതന്ത്ര അന്വേഷണം നടത്താനുള്ള ബാധ്യത ആഭ്യന്തര വകുപ്പിനെ നയിക്കുന്ന മുഖ്യമന്ത്രിക്കില്ലേ.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മറ്റു പല ഘട്ടങ്ങളിലും പുറത്തുവന്നതാണെങ്കിലും ഭരണപക്ഷത്തുള്ള എം എല്‍ എ വെളിപ്പെടുത്തി എന്നതാണ് ആരോപണങ്ങളെ കൂടുതല്‍ പ്രസക്തമാക്കുന്നത്. ചില വ്യക്തമായ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരിക്കുന്നു. പറഞ്ഞതൊക്കെയും വസ്തുതകള്‍ക്കു നിരക്കുന്നതുമാണ്. അന്‍വര്‍ പുറമേക്ക് എന്തുപറഞ്ഞാലും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുന ചെന്നു തറയ്ക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ആത്യന്തികമായി മുഖ്യമന്ത്രി പിണറായി വിജയനും നേരെ തന്നെയാണ്. അദ്ദേഹത്തിനു കീഴിലുള്ള വകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍വപ്രമാണിമാരായി വാഴുന്നുണ്ടെങ്കില്‍ അത് ആരുടെ കഴിവുകേടാണ്?
ഭരണത്തെ തിരുത്താനുള്ള കെല്പ് സമീപകാലത്തായി സി പി എമ്മിനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നഷ്ടപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പു ഫലത്തെ തുടര്‍ന്നെങ്കിലും പൊതുജനങ്ങള്‍ക്കു മനസ്സിലാകുന്നു. നേരത്തെ ഭരണത്തിന്റെ പോരായ്മകളെ പാര്‍ട്ടി തിരുത്തിയിരുന്നു. മുഖ്യമന്ത്രിയെ തിരുത്താനുള്ള, ആഭ്യന്തരവകുപ്പിന്റെ നടപടികള്‍ ചോദ്യം ചെയ്യാന്‍ ശേഷിയുള്ള ആരും പാര്‍ട്ടിയില്‍ നിന്ന് വരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ പല വിവാദ നടപടികള്‍ക്കും ശേഷം ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റികളില്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു വരികയോ തിരുത്തല്‍ നടപടികള്‍ നിര്‍ദേശിക്കപ്പെടുകയോ ചെയ്യുന്നത് ഇപ്പോള്‍ കാണുന്നില്ല. പാര്‍ട്ടിക്കുള്ളിലും പലരും തിരുത്ത് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മണി കെട്ടാനുള്ള പാങ്ങ് തല്‍ക്കാലം ഇല്ലെന്നു മാത്രം. ഈ സാഹചര്യത്തിലാണ് സി പി എം അംഗം അല്ലാത്ത, മണ്ഡലത്തില്‍ വ്യക്തിപരമായ അടിത്തറയുള്ള, സി പി എം തെരഞ്ഞെടുപ്പു പിന്തുണ പ്രതീക്ഷിക്കുന്ന ന്യൂനപക്ഷ സമുദായക്കാരനായ അന്‍വര്‍ ചവര്‍പ്പുള്ള ചില കാര്യങ്ങള്‍ ഉന്നയിച്ചത്.
പാര്‍ട്ടി ഭരണത്തിനെതിരെ നിലപാടെടുത്തിട്ടു പോലും അന്‍വറിനെതിരായി ഇടതു പ്രൊഫൈലുകളില്‍ നിന്ന് കടുത്ത ആക്രമണം ഉണ്ടാകാത്തത് എന്തുകൊണ്ടാകും. പാര്‍ട്ടി സെക്രട്ടറിയും ഇടതു കണ്‍വീനറും അന്‍വറിന്റെ ആരോപണങ്ങളെ തള്ളിയിട്ടില്ലെന്നതും നോട്ടു ചെയ്യേണ്ട പോയിന്റാണ്. ഉന്നയിച്ച രീതി ശരിയായില്ല എന്നാണ് അവര്‍ പറഞ്ഞത്. ബി ജെ പി, ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി പി എമ്മുകാരുടെ കണക്ക് പാര്‍ട്ടി സെക്രട്ടറി നിരത്തിയെങ്കില്‍, പുതിയ കാലത്ത് ആര്‍ എസ് എസ് താല്പര്യങ്ങള്‍ക്കു വേണ്ടി പൊലീസ് പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ആഭ്യന്തരവകുപ്പിന്റെ ഈ പോക്ക് അവര്‍ക്കൊന്നും തൃപ്തികരമെല്ലെന്നാണ് മനസ്സിലാക്കേണ്ടത്.
മുസ്ലിമായ, പാര്‍ട്ടി വിപ്പു ബാധകമല്ലാത്ത, മലപ്പുറത്തുകാരനായ, മണ്ഡലത്തില്‍ പിന്തുണയുള്ള ഒരാള്‍ തന്നെ ഭരണത്തെ തിരുത്താന്‍ ഇറങ്ങിയെങ്കില്‍ പാര്‍ട്ടിയുടെ ഏതൊക്കെയോ കോണുകളില്‍ നിന്നു അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നുണ്ടാകണം. പി ശശിയുടെ രാഷ്ട്രീയ വളര്‍ച്ച ഭയക്കുന്നവരും അന്‍വറിനെ മനസ്സാ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. സുതാര്യമല്ലാത്ത, പുറത്തു വന്നാല്‍ കേരളം അത്ഭുതപ്പെടുന്ന പല പിന്നാമ്പുറ കഥകളും സോഴ്സുകളും പലരുടെയും പക്കലുണ്ടാവാം. മടിയില്‍ കനമുള്ളതുകൊണ്ടു തന്നെ അന്‍വറിനെ പോലുള്ള ഒരാള്‍ക്കെതിരെ പ്രത്യക്ഷ നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍, വയനാട് ദുരന്തത്തെ തുടര്‍ന്ന് ദുരന്തത്തിന്റെ വ്യാപ്തിയും നഷ്ടത്തിന്റെ കണക്കും ശേഖരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഒരു മണിക്കൂര്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്തായിരുന്നു ആ കൂടിക്കാഴ്ചയില്‍ സംഭവിച്ചത്?
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ പദ്ധതികള്‍ക്കായി വലിയൊരു പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രം ഇത്ര തുകയുടെ പാക്കേജ്, സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായി സന്ദര്‍ശത്തിനു ശേഷം മുഖ്യമന്ത്രിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടില്ല. അപ്പോള്‍ ആ യാത്ര അതിനു വേണ്ടി മാത്രമായിരുന്നില്ല? കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹം ഭയക്കുന്നുണ്ടോ. സംശയങ്ങള്‍ക്കു ബലം വയ്ക്കുകയാണ്.
കേരളം കണ്ട ഏറ്റവും നിസ്സഹായനായ, അല്ലെങ്കില്‍ ചിറകുകള്‍ വരിഞ്ഞുമുറുക്കപ്പെട്ട ആഭ്യന്തര മന്ത്രിയാണ് ഇപ്പോള്‍ കേരള പൊലീസിനെ നിയന്ത്രിക്കുന്നത് എന്നാണ് അവസാനം എത്താവുന്ന കണ്‍ക്ലൂഷന്‍ എന്നു തോന്നുന്നു. ഏറ്റവും കൂടുതല്‍ ആരോപണമുയര്‍ന്ന ആഭ്യന്തര വകുപ്പിനെ ശുദ്ധീകരിച്ച് മുഖം രക്ഷിക്കാനുള്ള അവസരമാണ് ഒരുപക്ഷെ മുഖ്യമന്ത്രിക്കു വീണു കിട്ടിയിരിക്കുന്നത്. ഭരണതലത്തില്‍ മുഖം രക്ഷിക്കാനുള്ള നടപടികളെങ്കിലും എടുക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയാത്ത തരത്തില്‍ ഗുരുതരമായപ്രശ്നങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്നത്. പല വിഷങ്ങളിലും പഞ്ചുള്ള പ്രതികരണം നടത്തി ചങ്കുറപ്പു പ്രകടിപ്പിക്കാറുള്ള മുഖ്യമന്ത്രി ഈ വിഷയത്തില്‍ എത്രകാലം മൗനം തുടരും.
മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായും രാഷ്ട്രീയ ദല്ലാളുമായും കൂടിക്കാഴ്ച നടത്തിയെന്ന അപരാധത്തിന്റെ പേരില്‍ ഇ പി ജയരാജനെന്ന പ്രമുഖ നേതാവിനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയിട്ടു പോലും അജിത് കുമാറിനെ എ ഡി ജി പി സ്ഥാനത്തു നിന്ന് മാറ്റാത്തത് എന്തുകൊണ്ട് എന്ന ചോദ്യം കേരള രാഷ്ട്രീയ അന്തരീക്ഷത്തില്‍ കിടന്നു പുളയുന്നുണ്ട്.

Back to Top