28 Thursday
November 2024
2024 November 28
1446 Joumada I 26

പൊലീസ് നയം തിരുത്തണം


കേരള രാഷ്ട്രീയം ഏതാനും ദിവസങ്ങളായി കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഭരണ കക്ഷി എം എല്‍ എയായ പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ കേരളത്തെ സംബന്ധിച്ചേടത്തോളം പുതുമയുള്ള കാര്യങ്ങളല്ല. കാലങ്ങളായി പ്രതിപക്ഷവും സാമൂഹിക നിരീക്ഷകരും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്ന വസ്തുതകളാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു ഭരണപക്ഷ എം എല്‍ എ തന്നെ തുറന്നുപറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് സംഘപരിവാര്‍ അജണ്ടകള്‍ക്ക് കീഴ്‌പ്പെട്ടുവെന്നതാണ് മുഖ്യവിമര്‍ശനം. ഈ വിമര്‍ശനം ഏറെ കാലമായി ഇടതുപക്ഷത്തുള്ളവര്‍ തന്നെ ഉയര്‍ത്തുന്നുണ്ട്. സി പി ഐ പോലെയുള്ള ഘടക കക്ഷികള്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍ക്കാറിനെ അനുകൂലിക്കുന്നവര്‍ പോലും ആഭ്യന്തര വകുപ്പിന്റെ കാര്യത്തില്‍ ന്യായീകരിക്കാന്‍ നില്‍ക്കാറില്ല. എന്നാല്‍ സംഘപരിവാര്‍ ദാസ്യം മാത്രമല്ല, അധോലോകവും മാഫിയ പ്രവര്‍ത്തനങ്ങളും കൂടിയുണ്ട് എന്നതാണ് അനുഭവ സാക്ഷ്യങ്ങളായി ഇപ്പോള്‍ പുറത്ത് വരുന്നത്. കേരള രാഷ്ട്രീയത്തില്‍ പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ സുപ്രധാനമായ വിഷയങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഇത്തരം കേസുകള്‍ തെളിയിക്കപ്പെടാതെ പോകുമെന്നുമാണ് അന്‍വര്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. നീതിക്കും ന്യായത്തിനും വേണ്ടി സംസാരിക്കാന്‍ ആരും തയ്യാറാകില്ല.
പി വി അന്‍വര്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ അദ്ദേഹം തന്നെ പ്രതിയാക്കപ്പെടുന്ന സാഹചര്യമുണ്ടായി. അദ്ദേഹത്തിന്റെ മതവിശ്വാസം ചൂണ്ടിക്കാണിച്ച് വര്‍ഗീയ ചാപ്പയടിക്കുന്ന തിരക്കിലാണ് പിന്നീട് സൈബര്‍ വിമര്‍ശകരുണ്ടായത്. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൂടെ നിന്നവര്‍ പാര്‍ട്ടി കൈയ്യൊഴിഞ്ഞതോടെ ഹിംസാത്മക മുദ്രാവാക്യത്തിന്റെ വക്താക്കളായി മാറി. പാര്‍ട്ടിക്കെതിരെ നിന്നാല്‍ കയ്യും കാലും വെട്ടുമെന്നാണ് മുദ്രാവാക്യത്തിന്റെ രൂപത്തിലുള്ള പരസ്യഭീഷണി. ഇത് ഭീഷണി മാത്രമായി നില്‍ക്കില്ല, പ്രാവര്‍ത്തികമാക്കിയേക്കും എന്നത് കേരള രാഷ്ട്രീയ ചരിത്രമറിയുന്നവര്‍ക്കറിയാം. ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ രണ്ട് ചേരിയായി തിരിഞ്ഞ് ഇക്കാര്യത്തില്‍ പോര്‍വിളി നടത്തുന്നുവെന്നതാണ് സമകാലിക ചിത്രം. നിലമ്പൂരില്‍ അന്‍വറിനെതിരെ ചെങ്കോടി തൊട്ട് കളിക്കണ്ട എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളികളും പോസ്റ്ററുകളും ഉയര്‍ന്നു. തൊട്ടടുത്ത ദിവസം തന്നെ അന്‍വറിനെ അനുകൂലിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ രക്ഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിരത്തിലിറങ്ങി.
ഇടതുപക്ഷത്തിനും സര്‍ക്കാറിനും ഇത് ആത്മവിചിന്തനത്തിനുള്ള ഒരവസരമാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടിട്ടുള്ള വകുപ്പാണ് ആഭ്യന്തരം. പോലീസ് ഉദ്യോഗസ്ഥരും ഉപദേശകരും നല്‍കുന്ന വിവരങ്ങള്‍ മാത്രം മുഖവിലക്കെടുക്കുന്ന സമീപനമാണ് ആഭ്യന്തരമന്ത്രി സ്വീകരിക്കുന്നത്. പാര്‍ട്ടിക്കാരില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ പ്രതികരണങ്ങള്‍ സ്വീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും സാധിക്കുന്നില്ല. അലന്‍, ത്വാഹ കേസുകളെ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ഇതിന്റെ ക്ലാസിക് ഉദാഹരണമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ കുറിപ്പ് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ അവലംബം. അതുകൊണ്ട്, അവര്‍ വെറുതെ ചായ കുടിക്കാന്‍ പോയപ്പോള്‍ കേസെടുത്തതല്ല എന്ന പരിഹാസത്തോടെയാണ് വിമര്‍ശനങ്ങളെ നേരിട്ടത്. എന്നാല്‍ ആ കേസ് പിന്നീട് ഏത് ഗതിയിലാണ് സഞ്ചരിച്ചത് എന്ന് എല്ലാവര്‍ക്കുമറിയാം. അലനെ മാപ്പുസാക്ഷിയാക്കാനുള്ള തീവ്രയത്‌നത്തിലാണ് അന്വേഷണ സംഘമുണ്ടായിരുന്നത്. ഈ കേസില്‍ ഉള്‍പ്പെടെ, സി പി എമ്മിന്റെ രാഷ്ട്രീയ നിലപാടിന് വിരുദ്ധമായി നിരവധി യു എ പി എ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ഭരിക്കുന്ന പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി സര്‍ക്കാറിന് പെരുമാറേണ്ടുന്ന അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്ന് ഇപ്പോഴും വിശദീകരിക്കാന്‍ പാര്‍ട്ടിക്കോ മുഖ്യമന്ത്രിക്കോ സാധിക്കുന്നില്ല. കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഉള്‍പ്പെടെ സംഘപരിവാര്‍ പ്രതികളായ കേസുകളില്‍ യഥാവിധി അന്വേഷണമോ നിയമനടപടികളോ ഉണ്ടാവുന്നില്ല. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് പ്രകടമാണ്. കേരള സര്‍ക്കാറിനും സി പി എമ്മിനും മുമ്പാകെ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. 2016 മുതല്‍ തുടരുന്ന തെറ്റായ പൊലീസിംഗിന്റെ അനന്തര ഫലമാണ്. മലബാറിലെ വിശിഷ്യ മലപ്പുറത്തെ ഇടതുപക്ഷ പ്രവര്‍ത്തകരില്‍ ഒരു ചേരിതിരിവ് സൃഷ്ടിക്കാന്‍ ഈ വിവാദങ്ങള്‍ കാരണമായിട്ടുണ്ട്. അന്‍വറിനെതിരെ വര്‍ഗീയത ആരോപിച്ചത് കൊണ്ടോ കള്ളക്കടത്തുകാരനായി ചിത്രീകരിച്ചത് കൊണ്ടോ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധ്യമല്ല.

Back to Top