10 Sunday
December 2023
2023 December 10
1445 Joumada I 27

പെരുന്നാളിന്റെ പൊരുളും പൊലിമയും – മുഹമ്മദ് ഹഫീസ്

മാറിത്താമസിച്ച മക്കളെല്ലാം തറവാട്ടിലേക്ക് ഒരുമിച്ചുകൂടുന്ന ആനന്ദമാണ് ഹജ്ജ്. പല ദിക്കിലേക്ക് മാറിപ്പാര്‍ത്തവരുടെ മക്കള്‍ കഅ്ബയുടെ തണലില്‍, ഹറമിന്റെ ചിറകിന്‍ചോട്ടില്‍, അറഫയുടെ ആദിമണ്ണില്‍ ഒത്തിണങ്ങുന്ന അസദൃശമായ ആത്മീയാഘോഷമാണ് ഹജ്ജ്. പ്രാര്‍ഥനയാല്‍ പുളകംകൊള്ളുന്ന ഹൃദയത്തിലാണ് ശാശ്വതമായ ആഘോഷം കൂടുകെട്ടുന്നതെന്ന് ഓരോ ആരാധനാവേളയും പറഞ്ഞുതരുന്നുണ്ട്. സംശയമോ ചോദ്യങ്ങളോ ഇല്ലാതെ രക്ഷിതാവിനെ അനുസരിക്കാനുള്ള പാഠശാലയാണ് ഹജ്ജ്. ചിലപ്പോള്‍ നടക്കാന്‍ പറയുന്നു, മറ്റു ചിലപ്പോള്‍ ചുറ്റിനടക്കാനും ശരീരമിളക്കി പതുക്കെ ഓടാനും കല്‍പ്പിക്കുന്നു. ഒരിടത്ത് രാപ്പാര്‍ക്കാനും മറ്റൊരിടത്ത് നമസ്‌കാരം ചേര്‍ത്ത് നിര്‍വഹിക്കാനും ഒരേ വസ്ത്രമണിയാനും ഒരേ മന്ത്രമുരുവിടാനും കല്ലെറിയാനും ബലി നല്‍കാനും മുടി മുറിക്കാനും കല്‍പ്പിക്കുന്നു. മനസ്സും ശരീരവും മെരുക്കിയെടുത്ത് ഓരോ ഹാജിയും ചോദ്യങ്ങളേതുമുയര്‍ത്താതെ അവയെല്ലാം നിര്‍വഹിക്കുന്നു. ചോദ്യങ്ങളുയര്‍ത്താതെ ദൈവകല്‍പ്പനകളെ സഫലമാക്കിയ മഹാനായൊരു പ്രവാചകന്റെയും കുടുംബത്തിന്റെയും ഓര്‍മകള്‍ പുളകംകൊള്ളിക്കുന്ന ഹജ്ജില്‍, കഠിനമായ കല്‍പ്പനകളെ പോലും ആഹ്ലാദത്തോടെ അനുഷ്ഠിക്കാന്‍ ഓരോ ഹാജിയും മത്സരിക്കുന്നു.
‘നിന്നെയും നീ നടക്കുന്ന വഴികളെയും ഞാന്‍ സ്‌നേഹിക്കുന്നു’ എന്ന് ബഷീറിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. സ്‌നേഹിക്കുന്ന വ്യക്തിയെ മാത്രമല്ല, അയാളോട് ബന്ധപ്പെട്ടതിനെയെല്ലാം നാം സ്‌നേഹിക്കുന്നുണ്ട്. തീവ്രസ്‌നേഹത്തിന്റെ അടയാളമാണത്. മക്കയോടുള്ള മുസ്‌ലിമിന്റെ ഇഷ്ടത്തിന് ഇങ്ങനെയൊരു പശ്ചാത്തലമുണ്ട്. സ്‌നേഹത്തിന്റെ മഹാസാഗരമായ തിരുനബിയോടുള്ള ഇഷ്ടമാണ് മക്കയോടുള്ള ഇഷ്ടം. റസൂല്‍ ജനിച്ച നാട്, വളര്‍ന്ന മണ്ണ്, പ്രവാചകത്വത്തിന്റെ പ്രഭ സ്വീകരിച്ച ദേശം, ആദര്‍ശത്തിന്റെ ആദിവിത്ത് പാകിയ മക്ക, ഓര്‍മകളിലെ പുളകമാണ്. എത്ര കണ്ടാലും കൊതിതീരാത്ത മണ്ണാണത്.
അല്ലാഹുവിന്റെ ചിഹ്നങ്ങളോടുള്ള ആദരവ് ഭക്തിയുടെ അടയാളമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (22:32) പറയുന്നുണ്ട്. സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്‌നങ്ങളാണെന്നും (2:158) പറയുന്നു. അല്ലാഹുവിന്റെ ചിഹ്‌നങ്ങളെ അനാദരിക്കരുതെന്ന് (5:2) നിര്‍ദേശിക്കുകയും ചെയ്യുന്നു. സ്വഫയും മര്‍വയും ഉള്‍ക്കൊള്ളുന്ന മണ്ണ് ഇസ്‌ലാമിക ചരിത്രത്തിന്റെ വീറും വേരും ഏറ്റുവാങ്ങിയ മണ്ണാണ്. ജനസഹസ്രങ്ങള്‍ ജനിമൃതികൊണ്ട ഈ മണ്ണില്‍ ഓര്‍മകളുടെ ഒറ്റവസ്ത്രത്തില്‍ വിശ്വാസിവൃന്ദം വീണ്ടും ഒന്നിച്ചുകൂടുകയാണ്. തറവാട്ടില്‍ നിന്ന് മാറിത്താമസിച്ച മക്കള്‍, ആണ്ടറുതിയില്‍ ആനന്ദത്തോടെ ഒന്നിച്ചുചേരുംപോലെ മുസ്‌ലിം ലോകത്തിന്റെ പ്രതിനിധികള്‍ സംഗമിക്കുന്ന വേളയാണ് ഹജ്ജ്.
അനുസരണയാണ് ഹജ്ജിന്റെ സന്ദേശം. സ്വേച്ഛകള്‍ക്കുപരിയായി രക്ഷിതാവിന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കാനുള്ള പരിശീലനമാണത്. യുക്തി ചിന്തകള്‍ക്കോ സ്വതന്ത്ര തീരുമാനങ്ങള്‍ക്കോ ഹജ്ജില്‍ സ്ഥാനമില്ല. ചിലപ്പോള്‍ മക്കയില്‍, ചിലപ്പോള്‍ അറഫയില്‍, മുസ്ദലിഫയില്‍- ഒരിക്കല്‍ താമസം, മറ്റു ചിലപ്പോള്‍ പലായനം, തമ്പടിക്കല്‍, മിനയില്‍ താമസമില്ല, ഉടനെ അറഫയിലെത്തണം, രാത്രി അവിടെയല്ല, മുസ്ദലിഫയിലെത്തണം, അറഫയില്‍ മഗ്‌രിബ് പാടില്ല, മുസ്ദലിഫയില്‍ ഇശാക്കൊപ്പം നമസ്‌കരിക്കുക. എല്ലാം ഹാജി അനുസരിക്കുന്നു. വിധേയത്വത്തിന്റെ ഉന്നത ശീലമാണ് ഹജ്ജ് ശീലിപ്പിക്കുന്നത്.

ജീവിതത്തിന്റെ സര്‍വാംശങ്ങളും ഈ അനുസരണത്തോടെയാവുക എന്നതാണ് ഇസ്‌ലാമിക ജീവിതം. സ്വന്തം മോഹങ്ങളെ മെരുക്കാനും അല്ലാഹുവിന്റെ ഹിതത്തെ മാനിക്കാനുമുള്ള ശീലമാണ് മുസ്‌ലിമിന്റെ സംസ്‌കാരമാവേണ്ടത്. ഇങ്ങനെയൊരു ജീവിതത്തിന് ഉത്തമമായ ഒരുദാഹരണം അല്ലാഹു നല്‍കുകയും ചെയ്യുന്നു; ഇബ്‌റാഹീം നബി (അ)! അനുസരണ ബോധത്തിന്റെ അനിതരമായ മാതൃക തീര്‍ത്ത ഇബ്‌റാഹീം നബിയുടെയും പത്‌നിയുടെയും പുത്രന്റെയും മഹത്തായ ഓര്‍മകളാണ് ഹജ്ജ്.
വലിയ സാമ്പത്തിക ചെലവുള്ള കര്‍മമാണ് ഹജ്ജ്. ധാരാളം പണം ചെലവഴിച്ചതുകൊണ്ട് മാത്രം നിര്‍വഹിക്കാവുന്ന ഹജ്ജ് പക്ഷേ, സ്വീകാര്യയോഗ്യമാകണമെങ്കില്‍ സഹജീവികളോട് യാതൊരു വിധത്തിലും സംസ്‌കാരരഹിതമായി പെരുമാറാന്‍ പാടില്ലെന്നാണ് അല്ലാഹുവിന്റെ നിര്‍ദേശം. ”നിര്‍ണിത മാസങ്ങളില്‍ ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചവര്‍ ഹജ്ജ് വേളയില്‍ സ്ത്രീ സമ്പര്‍ക്കവും പാപവൃത്തികളും വാദവിവാദങ്ങളും ഒഴിവാക്കേണ്ടതാണ്” (2:197). അല്ലാഹുവുമായുള്ള ബന്ധം സ്വീകാര്യയോഗ്യമാകണമെങ്കില്‍ സമസൃഷ്ടികളോടുള്ള സഹവാസം നന്നായേ തീരൂവെന്നാണ് ഈ നിര്‍ദേശത്തിന്റെ ആകസാരം.
സമത്വത്തിന്റെ സാരസന്ദേശമാണ് ഹജ്ജ്. ഭരണാധികാരികള്‍ അതിരിട്ടു സൂക്ഷിക്കുന്ന എല്ലാ പരിധികളെയും മറികടന്ന് ദേശ-ഭാഷ-വര്‍ണ വ്യത്യാസങ്ങള്‍ അവഗണിച്ച് ഗര്‍വിന്റെ സര്‍വ അടയാളങ്ങളും അഴിച്ചെടുത്ത് ഒറ്റ വസ്ത്രത്തിന്റെ എളിമയില്‍ ഒന്നിച്ചുകൂടുന്ന അപൂര്‍വമായ മനുഷ്യസംലയനമാണ് ഹജ്ജ്. ഉച്ചരിക്കുന്ന ഭാഷപോലും ഒന്നാകുന്നു! ഒരേ മന്ത്രവും ഒരേ മുദ്രാവാക്യവും! ലക്ഷ്യവും അനുഷ്ഠാനങ്ങളുമൊന്ന്. എല്ലാ ഭിന്നതകള്‍ക്കുമുപരിയായി മാനവരാശിയെ ഒരേകകമായി പരിഗണിക്കുന്ന അത്യസാധാരണമായ അനുഷ്ഠാനമാണ് ഹജ്ജ്.
ഹജ്ജ് ഓര്‍മകളുടെ അനുഷ്ഠാനമാണ്. മൂന്ന് ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ ആവേശ സ്മരണയാണ് ഹജ്ജിന്റെ കാതല്‍. ഇബ്‌റാഹീം പ്രവാചകനും പത്‌നിയും പുത്രനും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളതാണെങ്കിലും ഓരോ ഹജ്ജും വീണ്ടും തുടിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഓര്‍മയാണത്. ചരിത്രത്തിന്റെ ഇങ്ങേ തലയ്ക്കലും ആദര്‍ശബോധത്തിന്റെ ഊര്‍ജപ്രവാഹമായി ജ്വലിക്കുന്ന ഓര്‍മയാണത്. ഇബ്‌റാഹീം നബി(അ) ഉന്നത കുടുംബത്തിലെ അംഗമായിരുന്നു. അമേലു വംശജന്‍. എന്നാല്‍ അവിടുത്തെ പത്‌നി ഹാജര്‍, അങ്ങനെയായിരുന്നില്ല. ഏത് കാലത്തെയും ഭൗതിക മാനദണ്ഡത്തില്‍ ഹാജറിന് മൂന്ന് പോരായ്മകളുണ്ടായിരുന്നു. ഒന്ന്, അവര്‍ കാപ്പിരിയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സാധുവിഭാഗമാണ് ഏത് കാലത്തും നീഗ്രോകള്‍. വര്‍ണവെറി സാമൂഹിക അലങ്കാരമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ് നമ്മുടേത്. മറ്റൊന്ന് ഹാജര്‍ അടിമയായിരുന്നു. യജമാനന്റെ അഭീഷ്ടങ്ങള്‍ക്കൊത്ത് ജീവിക്കേണ്ടവളാണ് അടിമ. സ്വന്തമായ തീരുമാനമോ ഇഷ്ടങ്ങളോ ഇല്ലാത്ത വെറുമൊരു ഉപകരണം! യജമാനന്റെ അധരചലനങ്ങള്‍ കാതോര്‍ത്ത് വിനീതവിധേയമാവുന്നവര്‍. മൂന്ന്, ഹാജര്‍ ഒരു സ്ത്രീയായിരുന്നു. എക്കാലത്തെയും അടിച്ചമര്‍ത്തപ്പെട്ട സാമൂഹിക വിഭാഗമാണ് സ്ത്രീകള്‍. അവകാശങ്ങള്‍ക്കു വേണ്ടി അധികാരിവര്‍ഗത്തോട് എന്നും കൈ നീട്ടേണ്ടവര്‍. കണ്ണീരുകൊണ്ട് പടുത്തുയര്‍ത്തിയ ജീവിതമാണ് ഓരോ സ്ത്രീയുടേതും. നോക്കൂ, കറുത്തവളായ, അടിമയായ, വെറുമൊരു സാധാരണ സ്ത്രീ കോടാനുകോടി വിശ്വാസികളുടെ ഹൃദയത്തിന്റെ പുളകമായിത്തീരുന്ന അനുഷ്ഠാനമാണ് ഹജ്ജ്. സാമൂഹിക സമത്വത്തിന്റെ പ്രഫുല്ലമായ സന്ദേശമാണിത്.
ഹജ്ജിന്റെ ചരിത്രം ഇതായിരുന്നില്ല. അലങ്കോലപ്പെട്ട അനുഷ്ഠാനമായിരുന്നു ജാഹിലിയ്യത്തിലെ ഹജ്ജ്. ഓരോ വര്‍ഷവും കൊണ്ടാടുന്ന ഉത്സവം മാത്രമായിരുന്നു അത്. ഓരോ ഗോത്രക്കാരും കിട്ടാവുന്നവരെയെല്ലാം കൂട്ടി, ഹജ്ജിനെത്തി താവളമൊരുക്കും. ഓരോ ഗോത്രത്തിലെയും കവികളും സ്തുതിപാഠകരും തങ്ങളുടെ ഗോത്രമഹിമയും വീരപരാക്രമത്തിന്റെ ചരിത്രങ്ങളും ഔദാര്യകഥകളും വര്‍ണിച്ചുപാടും. അഹങ്കാരപ്പെരുമയും ഗര്‍വും പറഞ്ഞും പാടിയും മത്സരിക്കും. അന്യരെ അവഹേളിച്ചും നൃശംസിച്ചും കവിതകള്‍ ചൊല്ലും. പിന്നീട് ദാനധര്‍മങ്ങളുടെ മത്സരമായിരിക്കും. ഓരോ ഗോത്രത്തലവന്മാരും തങ്ങളുടെ മഹത്വം സ്ഥാപിക്കാനായി കണക്കില്ലാത്ത ഭക്ഷണം ആവശ്യമൊട്ടുമില്ലാതെ പാകം ചെയ്തും ഒട്ടകങ്ങളെ അറുത്ത് വിതരണം ചെയ്തും മത്സരിക്കും. അറേബ്യയിലെങ്ങും തങ്ങളുടെ പേരും പെരുമയും വര്‍ധിപ്പിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം. ഇത്ര ഒട്ടകം അറുത്തു, ഇത്ര പേര്‍ക്ക് ഭക്ഷണം കൊടുത്തുവെന്ന് നാടെങ്ങും പ്രചരിപ്പിക്കും. അശ്ലീല ഗാനം, നൃത്തം, മദ്യപാനം, സ്ത്രീസമ്പര്‍ക്കം ഇതൊക്കെയായിരുന്നു ജാഹിലിയ്യത്തിലെ ഹജ്ജ്. നഗ്നരായിട്ടായിരുന്നു അവരുടെ ത്വവാഫ്. മാതാക്കള്‍ തങ്ങളെ പ്രസവിച്ച നേരത്തെ സ്ഥിതിയിലായിട്ടേ അല്ലാഹുവിന്റെ സന്നിധിയില്‍ പോവുകയുള്ളൂ എന്നതായിരുന്നു ന്യായം. കൈകൊട്ടും ചൂളംവിളിയും ശംഖുവിളിയുമായിരുന്നു ആരാധന. അല്ലാഹുവിന്റെ നാമം ഉയര്‍ത്തിയിരുന്നുവെങ്കിലും അതിങ്ങനെയായിരുന്നു: ”ഞാനിതാ ഹാജരായിരിക്കുന്നു; അല്ലാഹുവേ, ഞാനിതാ ഹാജരായിരിക്കുന്നു. നിനക്ക് നീ സ്വീകരിച്ച പങ്കുകാരനല്ലാതെ വേറെ പങ്കുകാരില്ല. ആ പങ്കുകാരന്റെയും അവന്റെ അധികാരത്തിലുള്ളതിന്റെയും ഉടമസ്ഥന്‍ നീ തന്നെയാണ്.”
ബലിയറുത്ത മൃഗങ്ങളുടെ രക്തം കഅ്ബയുടെ മതിലില്‍ പുരട്ടും, മാംസം കഅ്ബയുടെ കവാടത്തില്‍ വിതറും. അതൊക്കെ അല്ലാഹുവിന് നല്‍കുകയായിരുന്നു! ചിലര്‍ ഹജ്ജിന് പുറപ്പെട്ടാല്‍ മൗനവ്രതത്തിലാകും. ‘ഹജ്ജുന്‍ മുസ്മിത്തുന്‍’ (നിശ്ശബ്ദ ഹജ്ജ്) എന്നാണതിന് പേര്‍. ഇത്തരം അനര്‍ഥങ്ങളും അസംബന്ധങ്ങളുമായിരുന്നു അക്കാലത്ത് ഹജ്ജ്. ”ആ ഭവനത്തിന്റെ അടുക്കല്‍ അവര്‍ നടത്തുന്ന പ്രാര്‍ഥന ചൂളംവിളിയും കൈകൊട്ടുമല്ലാതെ മറ്റൊന്നുമായിരുന്നില്ല” എന്ന് ഖുര്‍ആന്‍ (8:35) പരാമര്‍ശിക്കുന്നുണ്ട്. ആദര്‍ശത്തിന്റെ ആദിവിശുദ്ധിയിലേക്ക് അറേബ്യന്‍ സമൂഹത്തെ നയിച്ച പ്രവാചകന്‍(സ) ഹജ്ജിന്റെ അര്‍ഥവും അനുഷ്ഠാനവും ശുദ്ധീകരിച്ചു. ”അല്ലാഹു നിങ്ങളോട് നിര്‍ദേശിച്ച ക്രമത്തില്‍ അവനെ സ്മരിക്കുക. ഇതിനു മുമ്പാകട്ടെ നിങ്ങള്‍ തീരെ വഴിപിഴച്ചവരായിരുന്നു.” (2:198)
ഹജ്ജ് ഉണര്‍ത്തുന്ന സാമൂഹിക സമത്വത്തിന്റെ ഉദ്‌ഘോഷമാണ് പെരുന്നാളും. സ്വാര്‍ഥതയുടെ ചെകിളകളില്‍ നിന്ന് സാമൂഹികബോധത്തിന്റെ ചിറകുകളിലേക്ക് ഉയര്‍ത്തുന്ന ആഘോഷമാണിത്. ഈദ്ഗാഹിന്റെ സന്ദേശമിതാണ്. മുസ്‌ലിം സമൂഹത്തിലെ സര്‍വരും ഒന്നിച്ചുചേര്‍ന്ന് ആനന്ദം പങ്കുവെക്കുന്ന സന്ദര്‍ഭമാണത്. സ്വാര്‍ഥനിഷ്ഠമായ ജീവിതശീലങ്ങള്‍ വര്‍ധിച്ച സന്ദര്‍ഭമാണിത്. അവനവനിലേക്ക് ചുരുങ്ങി, സ്വാര്‍ഥതയുടെ കെട്ടുവെള്ളത്തില്‍ മലിനമാവുകയാണ് പലരും. ഇസ്‌ലാം സമ്പൂര്‍ണമായും നിരാകരിക്കുന്ന കാര്യമാണിത്.
രഹസ്യമായ ദൈവികബന്ധം സ്ഥാപിക്കുന്ന ആരാധനകള്‍പോലും പരസ്യമായും കൂട്ടമായും നിര്‍വഹിക്കാനാണ് ഇസ്‌ലാം കല്പിക്കുന്നത്. ഭൗതിക വിഭവങ്ങളുടെ കനവ്യത്യാസങ്ങളുടെ പേരില്‍ ഒരാളും മറ്റൊരാളില്‍ നിന്ന് അകലാന്‍ പാടില്ലെന്നാണ് നിര്‍ദേശം. മാത്രമല്ല, ഉള്ളവന്‍ ഇല്ലാത്തവനോട് അടുക്കാനും ആത്മബന്ധുവാകാനുമുള്ള മാര്‍ഗങ്ങള്‍ക്ക് മതം വഴി കാണിക്കുകയും ചെയ്തു. എന്നാല്‍ ദരിദ്രന് ധനികനോട് യാതൊരു വിധ വിധേയത്വവും അവശേഷിപ്പിച്ചതുമില്ല. വിട്ടുവീഴ്ചയില്ലാത്ത ആരാധനാകര്‍മമായ നമസ്‌കാരത്തിന്റെ വിശദാംശങ്ങള്‍ നല്‍കാത്ത വിശുദ്ധ ഖുര്‍ആനില്‍ സകാത്തിന്റെ അവകാശികളെ കൃത്യമായി വിശദീകരിച്ചു. ഏറ്റവും വലിയ പാപമായ ശിര്‍ക്ക് ചെയ്താല്‍ ഭൗതികലോകത്ത് യാതൊരു ശിക്ഷയുമില്ല.
എന്നാല്‍ അന്യന് ആപത്ത് വരുത്തിയാല്‍ ശിക്ഷയുണ്ട്! അഥവാ, മനുഷ്യന് വിലകല്‍പിച്ച മതമാണ് അല്ലാഹുവിന്റെ മതം. ആ മനുഷ്യന്‍ ആരാവട്ടെ, എവിടെയാകട്ടെ അവന്റെ അവകാശങ്ങളെ പരിഗണിക്കുന്നു, അവനു ലഭിക്കേണ്ടത് കൃത്യമായി വീതിക്കുന്നു.
പെരുന്നാള്‍ പെരുമയും പൊലിമയുമുള്ള നാളാണ്. അതിരുകള്‍ ഭേദിക്കാതെ എത്ര ആമോദിക്കാം എന്നതാണ് പെരുന്നാളില്‍ തെളിയേണ്ടത്. മനോമോഹങ്ങളെ നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. അത്തരമൊരു മോഹത്തിന്റെ സാഫല്യവേളയാണ് പെരുന്നാള്‍. തക്ബീറുകൊണ്ട് അലംകൃതമാകുന്ന ആഘോഷം. ഉച്ചത്തില്‍ മുഴക്കുന്ന തക്ബീറിന്റെ സാരവും സന്ദേശവും ഉള്ളിലേക്ക് ഉണര്‍ത്തുകയാണ് വേണ്ടത്. ആര്‍ത്തിയും ധൂര്‍ത്തും ജീവിതശീലങ്ങളായി മാറിയ പുതിയ കാലത്ത്, മനസ്സംഘര്‍ഷങ്ങള്‍ പെരുകിയ നമ്മുടെ കാലത്ത്, ”രണ്ട് സംഘങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ നിര്‍ഭയത്വമുള്ളത്” (6:81) എന്ന ഇബ്‌റാഹീം നബി(അ)യുടെ ചോദ്യമാണ് മുഴങ്ങേണ്ടത്. കമ്പോളവും പരസ്യങ്ങളും മനസ്സിനെ മെരുക്കുകയാണ്. നമുക്ക് യജമാനന്മാര്‍ വര്‍ധിച്ചിരിക്കുന്നു. ഒരേയൊരു യജമാനന്റെ ഇഷ്ടങ്ങള്‍ക്ക് സ്വയം സന്നദ്ധനാകാനുള്ള പാഠമാണ് ഇബ്‌റാഹീം നബിയുടെ ജീവിതം. എന്ത് ലഭിക്കുമെന്നോ എന്തൊക്കെ നഷ്ടപ്പെടുമെന്നോ ചിന്തിച്ച് പിന്മാറാനല്ല, നേട്ട നഷ്ടങ്ങളെ വിലമതിക്കാതെ സര്‍വലോക രക്ഷിതാവിന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു (2:131) എന്ന് ഉച്ചത്തിലുയര്‍ത്താനുള്ള സന്ദര്‍ഭമാകട്ടെ, നമ്മുടെ പെരുന്നാള്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x