9 Sunday
May 2021
2021 May 9
1442 Ramadân 26

പെയ്‌തൊഴിഞ്ഞ പാട്ട് മിഅ്‌റാജ് രാവിലെ പാട്ട് – ഫൈസല്‍ എളേറ്റില്‍

ഹൃദയത്തില്‍ തത്തിക്കളിച്ച ഒരുപിടി നല്ല ഇശലുകള്‍ക്ക് ഇനിയൊരിക്കല്‍ കൂടി ശബ്ദം നല്കാന്‍ മൂസക്ക ഇല്ല. മുഴുവന്‍ മാപ്പിളപ്പാട്ട് ആസ്വാദകരുടെയും മനസ്സുകളില്‍ മൂസക്കയുടെ മെല്ലിച്ച രൂപം തെളിഞ്ഞു കിടപ്പുണ്ട്. മാപ്പിളപ്പാട്ടു ശാഖയില്‍ തനതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്തു എന്നതാണ് എരഞ്ഞോളി മൂസ എന്ന ഗായകനെ വ്യത്യസ്തനാക്കുന്നത്. പാരമ്പര്യമായി തുടര്‍ന്നു വന്നിരുന്ന ആലാപന ശൈലികളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ആലാപന ശൈലി. പഴയകാല ഗായകരുടെ ശൈലിയായിരുന്നില്ല പുതിയ ഗായകരുടേത്. ആ വ്യത്യാസത്തിനിടയിലും മൂസക്ക വ്യത്യസ്തതയുടെ ഇടം കണ്ടെത്തി. മാപ്പിളപ്പാട്ടിന്റെ യഥാര്‍ഥമായ അടിത്തറ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ശൈലിയല്ല പുതിയ ഗായകരുടേത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍, മൂസക്കയുടെയും വി എം കുട്ടിയുടെയും പീര്‍ മുഹമ്മദിന്റെയും എ വിയുടെയുമെല്ലാം കാലത്ത് വലിയ സംഗീത സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ചതുകൊണ്ടു തന്നെ അവര്‍ അവരുടേതായ വ്യക്തി കേന്ദ്രീകൃതമായ ഒരു ശൈലി ഉണ്ടാക്കിയെടുത്തു എന്നതാണവരുടെ പ്രത്യേകത.
മൂസക്കായെ ഏവരും നെഞ്ചേറ്റുകയായിരുന്നു. പ്രഗത്ഭരായ എഴുത്തുകാരുടെയൊക്കെ ഗാനങ്ങളാണ് കൂടുതലായി അദ്ദേഹം പാടാന്‍ ശ്രമിച്ചത് എന്നതുകൊണ്ടാണ് അദ്ദേഹത്തിന്ന് വലിയൊരു വിഭാഗം ആസ്വാദകരെ സ്വാധീനിക്കാന്‍ കഴിഞ്ഞത്. കെ രാഘവന്‍ മാഷെപ്പോലുള്ള ഒരു വലിയ പ്രതിഭയാണ് അദ്ദേഹത്തെ ഈ രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത്. തലശ്ശേരിയിലെ വളരെ പാവപ്പെട്ട കുടുംബത്തില്‍ പ്രാരാബ്ധങ്ങളോട് മല്ലിട്ട് ജീവിച്ച് മൂസക്കയെ കെ രാഘവന്‍ മാഷാണ് അദ്ദേഹത്തിലെ പ്രതിഭ കണ്ടെത്തി എരഞ്ഞോളി മൂസ എന്ന പേരിലേക്ക് പ്രതിഷ്ഠിച്ചത്.
രാഘവന്‍ മാഷൊക്കെ ചിട്ടപ്പെടുത്തിയ മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദമാകാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വലിയ ഭാഗ്യം. മൂസക്കയുടെ ഏറെ പ്രസിദ്ധമായ മിസ്‌റിലെ രാജന്‍ എന്ന ഗാനം രാഘവന്‍ മാഷുടെ ഈണമാണ്. വൈ എം എ ഖാലിദ്ക്കയെ പോലുള്ള പ്രതിഭകള്‍ ചിട്ടപ്പെടുത്തിയ സമാഇന്‍ കൂരിരുള്‍ക്കാട്ടില്‍ പോലുള്ള ഗാനമൊക്കെ അദ്ദേഹത്തിന്റെ പ്രതിഭയെ പുറത്തെടുത്ത ഗാനങ്ങളാണ്.
മൂസക്കയെ നന്നായി ഉപയോഗിക്കാനറിയാവുന്ന സംഗീത സംവിധായകര്‍ക്കൊക്കെ മനം നിറക്കുന്ന ശബ്ദമായി അദ്ദേഹം മാറി. എരഞ്ഞോളി മൂസ, ചാന്ദ് പാഷ, പി ടി അബ്ദുര്‍റഹ്മാന്‍ ത്രയങ്ങള്‍ ഇത്തരത്തില്‍ നിരവധി ഹിറ്റുകളാണ് സമ്മാനിച്ചത്. ചെമ്പകപ്പൂ തേനിതളധരം, മിഅ്‌റാജ് രാവിലെ കാറ്റേ, മൈലാഞ്ചിയരച്ചല്ലോ, ആകാശഭൂമിക്കധിപതിയായ തുടങ്ങിയ ഹിറ്റുകള്‍ ചാന്ദ്പാഷയുടെ സംഗീതമാണ്. മാപ്പിളപ്പാട്ടിന്റെ തനിമയാര്‍ന്ന സംഗീതത്തോട് നീതി പുലര്‍ത്തിക്കൊണ്ടു തന്നെ പുതിയ പരീക്ഷണങ്ങള്‍ മാപ്പിളപ്പാട്ടില്‍ കൊണ്ടു വരപ്പെട്ടിട്ടുണ്ട്. മൂസക്ക അത് പാടുന്നതോടെ രചയിതാവിന്റെയോ സംഗീത സംവിധായകന്റെയോ പാട്ട് എന്നതിനുമുപരിയായി മൂസക്കയുടെ പാട്ട് എന്ന രീതിയിലാണ് അവയെ ആളുകള്‍ പരിഗണിച്ചിരുന്നത്. അവിടെയാണ് മൂസക്കയുടെ പ്രസക്തി ഏറ്റവും വലിയ രീതിയില്‍ നമുക്ക് മനസ്സിലാക്കാനാവുക. മൂസക്ക നമുക്കിടയില്‍ താരമാകുന്നതും വേറൊരു തലത്തില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.
ഒരുപാടൊരുപാട് വേദികളില്‍ മാപ്പിളപ്പാട്ടിന്റെ ഈണവുമായി പാറിനടക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് അദ്ദേഹം. പ്രത്യേകിച്ചും പ്രവാസികള്‍ക്കിടയില്‍ ആയിരത്തിലധികം വേദികളില്‍ അദ്ദേഹം തന്റെ സംഗീതം കൊണ്ട് വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് പാട്ടിനോട് അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്മാര്‍ഥമായ സമീപനങ്ങളെയാണ്.
ഒരുപാട് പ്രതിഭകളെ രംഗത്തേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ഉത്സാഹിച്ചിട്ടുണ്ട്. തന്റെ പാട്ടിലൂടെ തന്റെ ശബ്ദവും ശൈലിയും ജനങ്ങള്‍ക്ക് പ്രിയങ്കരമായതോടൊപ്പം ആരുമറിയാതെ പോകുമായിരുന്ന ഒട്ടേറെ രചയിതാക്കളായ പ്രതിഭകളെ രംഗത്ത് കൊണ്ടു വരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒ ആബു മാഷെപ്പോലുള്ള പ്രശസ്തരുടെ പാട്ടുകള്‍ക്കൊപ്പം തന്നെ ഹസ്സന്‍ ഹസീന, ബി ടി കുഞ്ഞ് തുടങ്ങിയ പ്രതിഭകളുടെ രചനകള്‍ക്കും ശബ്ദം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പി ടി അബ്ദുര്‍റഹ്മാനെപ്പോലുള്ള പ്രശസ്തരുടെ പാട്ടുകള്‍ എം കുഞ്ഞിമൂസക്ക ചിട്ടപ്പെടുത്തി എരഞ്ഞോളി മൂസ പാടുമ്പോള്‍ അത് വേറൊരു തലത്തിലേക്ക് ഉയരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുമ്പോഴാണ് പലപ്പോഴും പ്രതിഭകള്‍ കാലാതീതമായി ഓര്‍മിക്കപ്പെടുക. അത്തരത്തില്‍ മൂസക്കയെ കാലാതീതമായി ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലി തന്നെ മതിയാകും.
കേവലം ഒരു മാപ്പിളപ്പാട്ട് ഗായകന്‍ എന്നതിനുമപ്പുറം സ്ഥിരമായി പാടാനും ഗൗരവകരമായ രചനകള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും ശ്രദ്ധിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. വളരെ അപൂര്‍വമായേ അദ്ദേഹം തമാശപ്പാട്ടുകള്‍ പോലുള്ളവ പാടിയിട്ടുള്ളൂ എന്ന് നമുക്ക് കാണാന്‍ സാധിക്കും. അതിനപ്പുറം ഗാനങ്ങള്‍ ജനങ്ങളോട് സംവദിക്കുന്ന ഗൗരവമായ ഒരു കാര്യമാണെന്ന് മനസ്സിലാക്കുകയും അതിനൊത്ത് ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു അദ്ദേഹം.
അതുകൊണ്ടു തന്നെ ഒ ആബു, പി ടി അബ്ദുര്‍റഹ്മാന്‍, കെ ടി മുഹമ്മദ് തിരൂരങ്ങാടി, ടി കെ കുട്ട്യാലി, ഹസന്‍ ഹസീന, എസ് വി ഉസ്മാന്‍, പ്രേം സൂറത്ത്, കാനേഷ് പൂനൂര്‍, ഒ എം കരുവാരക്കുണ്ട് തുടങ്ങിയ പ്രഗത്ഭരായ ആളുകളുടെയൊക്കെ വരികള്‍ ആലപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. രാഘവന്‍ മാഷും ചാന്ദ് പാഷയും, ലിയാക്കത്തും, കുഞ്ഞിമൂസക്കയുമെല്ലാം അദ്ദേഹത്തിന് ഈണം നല്‍കി.
ആകാശവാണി എന്ന തട്ടകത്തിലൂടെ വളര്‍ന്ന് മാപ്പിളപ്പാട്ട് ഗ്രാമഫോണ്‍ റിക്കോര്‍ഡുകള്‍, സ്‌റ്റേജ് ഷോകള്‍ എന്നിവയുമെല്ലാം പിന്നിട്ട് പതിനാലാം രാവ് എന്ന സിനിമയില്‍ വരെ അദ്ദേഹത്തിന് പാടാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറയോടും പഴയ തലമുറയോടും മാപ്പിളപ്പാട്ടു വഴി സംവദിക്കാനും ആസ്വാദകര്‍ക്കിടയില്‍ ജീവിക്കാനും ഭാഗ്യം സിദ്ധിച്ച ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു വളര്‍ന്നു വന്ന ഒരാളല്ല മൂസക്ക എന്നാലോചിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. അനേകം സംഗീത കോളേജുകള്‍ ഉണ്ടായിരുന്ന നാട്ടില്‍ അതിലൂടെയൊക്കെ പഠിച്ചു വളര്‍ന്നവരേക്കാള്‍ ഉന്നതങ്ങളിലേക്ക് സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു ആസ്വാദക സമൂഹത്തെയും സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
തനതായ അറബി മലയാളം ഗാനങ്ങള്‍ അധികമൊന്നും അദ്ദേഹം പാടിയിട്ടില്ലെങ്കിലും ആശയമില്ലാത്ത, മാപ്പിളപ്പാട്ടിന്റെ മഹത്വത്തെ ചോര്‍ത്തിക്കളയുന്ന പാട്ടുകളും അദ്ദേഹം പാടിയിട്ടില്ല. അവയ്ക്ക് രണ്ടിനുമിടയില്‍ ജനങ്ങളോട് സംവദിക്കുന്ന ഗാനങ്ങളാണ് അദ്ദേഹത്തിന്റെ കണ്ഠത്തിലൂടെ നാം ആസ്വദിച്ചത്. അത് അദ്ദേഹത്തിന്റെ നിലപാടിന്റെ ഭാഗമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.
ഗായകന്‍ എന്നതിലുപരിയായി നല്ല ഒരു മനുഷ്യന്‍ എന്ന രീതിയിലും അദ്ദേഹത്തെ നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. അവശ കലാകാരന്മാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അവയിലിടപെട്ട് പരിഹാരങ്ങള്‍ക്കായി പരിശ്രമിക്കുകയും ചെയ്ത മൂസക്കയെ പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തോടിടപെട്ടവരുടെയെല്ലാമുള്ളില്‍ സ്‌നേഹത്തിന്റെ നനവ് പകര്‍ന്നിട്ടാണ് അദ്ദേഹം വിടവാങ്ങിയത്. മൂസക്ക എന്ന മാപ്പിളപ്പാട്ട് ഗായകന്‍ എത്രത്തോളം മലയാളിയുടെ മനസുകളില്‍ ഇടം നേടിയിരുന്നു എന്നതിനുള്ള വലിയ തെളിവാണ് അദ്ദേഹത്തിന് അന്ത്യ യാത്ര നല്കാന്‍ അവിടെയെത്തിയവര്‍.
തീക്ഷ്ണമായ അനുഭവ യാഥാര്‍ഥ്യങ്ങളെ തൊട്ടറിഞ്ഞ, സാധാരണക്കാരുടെ കൂടെ ജീവിച്ച സാധാരണക്കാരനായിരുന്നു മൂസക്ക. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലെ പരിപാടികളില്‍ പോലും ഹോട്ടലുകള്‍ക്ക് വേണ്ടി അലയാതെ സാധാരണക്കാര്‍ക്കൊപ്പം കഴിച്ചു കൂട്ടാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്.
മൂസ എരഞ്ഞോളി എന്ന ഗായകന്റെ വിയോഗം മാപ്പിളപ്പാട്ട് ഗാന ശാഖയ്ക്ക് വലിയ വിടവാണ് സൃഷ്ടിക്കുന്നത്. സ്‌നേഹത്തിന്റെയും കരുതലിന്റെയും സാമീപ്യമായിരുന്ന മൂസക്ക ഇനിയില്ല എന്ന യാഥാര്‍ഥ്യത്തെ എങ്ങനെയാണുള്‍ക്കൊള്ളുക എന്നറിയില്ല. മൂസക്ക പോയി. പക്ഷേ, അദ്ദേഹം പാടിത്തീര്‍ത്ത ഗാനങ്ങള്‍ നമ്മുടെയൊക്കെയുള്ളില്‍ അദ്ദേഹത്തെ ഇനിയും ജീവിപ്പിക്കും. മരണമെന്ന യാഥാര്‍ഥ്യത്തെ അദ്ദേഹം തന്നെ പാടി വെച്ചിട്ടുണ്ടല്ലോ
കെട്ടുകള്‍ മൂന്നും കെട്ടി
കട്ടിലില്‍ നിന്നെയും ഏറ്റി
ഒരു ദിനമുണ്ടൊരു യാത്ര
തീരെ മടക്കമില്ലാത്ത യാത്ര
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x