പിതൃതുല്യനായ ഗുരുനാഥന്‍
എന്‍ എം അബ്ദുല്‍ ജലീല്‍
പിതൃതുല്യനായ കാരണവരായിരുന്നു കുഞ്ഞിക്കോയ മാസ്റ്റര്‍. 2000 മുല്‍ 2012 വരെ സംസ്ഥാന ട്രഷററും ജനറല്‍ സെക്രട്ടറിയുമായി ഐ എസ് എമ്മില്‍ പ്രവര്‍ത്തിച്ച കാലത്ത് ഞങ്ങള്‍ക്ക് അത്താണിയായിരുന്നു മാഷ്. ദൗര്‍ഭാഗ്യകരമായ സംഘടനാ പിളര്‍പ്പിന്റെ കാലയളവില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നു, പ്രത്യേകിച്ചും സാമ്പത്തിക മേഖലയില്‍. അത്തരം ഘട്ടങ്ങളില്‍ മാഷ് പറയുന്ന ഒരു മറുപടിയുണ്ട്: ‘ഞാന്‍ ഇവിടെയുണ്ട്, നിങ്ങള്‍ ധൈര്യമായി പോയ്‌ക്കോളൂ. അത്യാവശ്യമെങ്കില്‍ ഞാന്‍ വിളിക്കാം’. ഈ വാക്കുകള്‍ നല്‍കിയിരുന്ന ഊര്‍ജം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.
ഭാരവാഹിയായിരുന്ന കാലം മിക്കവാറും എല്ലാ ദിവസങ്ങളിലും മാഷെ വിളിക്കുമായിരുന്നു. ഒരിക്കല്‍ പോലും സംസാരിച്ച് മുഷിയേണ്ടി വന്നിട്ടില്ല. മാഷുടെ കൂടെ നടത്തിയ യാത്രകള്‍ അവിസ്മരണീയമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ഒന്നിച്ച് ഉംറ യാത്ര നടത്തിയിരുന്നു. യാത്രയുടെ അവലോകനത്തില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഇങ്ങനെ ഒരു മനുഷ്യനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ചെറിയ നീരസം പോലും കാണിക്കാതെ മുഴുവന്‍ സഹയാത്രികരുടേയും സ്‌നേഹവും ആദരവും നേടാന്‍ കഴിയുക മാഷുടെ സ്വഭാവ മഹിമ തന്നെയാണ്.’
വലിയ സമ്പന്നനല്ലെങ്കിലും ഉദാരമായി ചെലവഴിക്കുന്ന വ്യക്തിയായിരുന്നു മാഷ്. സംഘടനാ സംരംഭങ്ങളായാലും പള്ളികള്‍, മദ്‌റസകള്‍, മറ്റു സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സമ്മേളനങ്ങള്‍, വ്യക്തിഗത ആവശ്യങ്ങള്‍ക്കു പോലും ഭേദപ്പെട്ട ഒരു വിഹിതം മാഷ് ആദ്യമേ നല്‍കുമായിരുന്നു. മര്‍കസുദ്ദഅ്‌വയില്‍ ചോദിച്ചു വന്ന ഒരാളെയും മാഷ് നിരാശപ്പെടുത്തിയിരുന്നില്ല. കടബാധ്യത പെരുകി പ്രവാസം അവസാനിപ്പിക്കേണ്ടി വന്ന ഒരു സഹോദരന്‍, വായ്പ ആവശ്യപ്പെട്ട് മാഷെ സമീപിച്ചപ്പോള്‍, വലിയൊരു സംഖ്യ കൊടുക്കുകയും തിരിച്ച് തരാന്‍ കഴിയുന്ന കാലം മറ്റൊരാളെ പരിഗണിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. മര്‍കസുദ്ദഅ്‌വയില്‍ മാഷുടെ സമകാലികരായ മുഴുവന്‍ ജീവനക്കാരും ഭാരവാഹികളും ആ ദയാവായ്പ് അനുഭവിച്ചറിഞ്ഞവരാണ്.